19 April Friday

'തട്ടിപ്പുകാരന്റെയടുത്ത് കണ്ണും, തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ ന്യായീകരിച്ചോളൂ, പക്ഷേ മോര്‍ഫിങ് കുറ്റമാണ്'; വ്യാജപ്രചരണത്തിനെതിരെ സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Friday Oct 1, 2021

കൊച്ചി > പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം സ്വരാജ് നില്‍ക്കുന്നുവെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ച് യുഡിഎഫ് അണികള്‍. 2016ല്‍ മമ്മൂട്ടിക്കൊപ്പം സ്വരാജ് നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്വരാജ് പറഞ്ഞു. മോന്‍സണുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധം ചര്‍ച്ചയായതോടെയാണ് സിപിഐ എം നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അണികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

'ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക? തട്ടിപ്പുകാരന്റെ വീട്ടില്‍ സ്ഥിരം കയറിയിറങ്ങി കണ്ണും, തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക. പക്ഷേ ഇത്തരം മോര്‍ഫിങ്ങ് കലാപരിപാടികളും,  ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.' സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും ലീഗ്, യുഡിഎഫ് അണികള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ചലച്ചിത്രതാരം ബൈജുവിനൊപ്പം ശിവന്‍കുട്ടി നില്‍ക്കുന്ന ചിത്രമാണ് മോന്‍സണിനൊപ്പം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ശിവന്‍കുട്ടി തന്നെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടു. വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിവന്‍കുട്ടിയും അറിയിച്ചു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

തരംതാഴ്ന്ന പ്രചാരവേലകള്‍ തിരിച്ചറിയുക..
ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഉദയംപേരൂരില്‍ എത്തിയ ശ്രീ. മമ്മൂട്ടിയെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്ത് തട്ടിപ്പു കേസിലെ പ്രതിയ്‌ക്കൊപ്പമാക്കി പ്രചരിപ്പിയ്ക്കുന്നത്.
ഇത്തരം ഹീന മനസുള്ളവരാണ് നമ്മുടെ മറുപക്ഷത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന വസ്തുത ദുഃഖകരമാണ്. ഇവരോടൊക്കെ എങ്ങനെയാണ് സംവദിയ്ക്കുക ?
ബഹു.വിദ്യാഭ്യാസ മന്ത്രി സ.വി.ശിവന്‍കുട്ടി ചലച്ചിത്ര താരം ശ്രീ. ബൈജുവിനൊപ്പം നില്‍ക്കുന്ന ചിത്രവും ഇത്തരത്തില്‍ തല മാറ്റി പ്രചരിപ്പിച്ചതായി കണ്ടു.
തട്ടിപ്പുകാരന്റെ വീട്ടില്‍  സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളുക.
പക്ഷേ ഇത്തരം മോര്‍ഫിങ്ങ് കലാപരിപാടികളും ,  ഇതൊക്കെ ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമ നടപടി സ്വീകരിയ്ക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top