18 April Thursday

ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ കെ എം ഷാജിയ്ക്കു മാത്രമേ കഴിയൂ; ആഗോള ദുരന്തമായി ഒരു മനുഷ്യൻ - എം സ്വരാജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 16, 2020

എം സ്വരാജ്‌ എംഎൽഎയുടെ കുറിപ്പ്‌:

ആഗോള ദുരന്തമായി ഒരു മനുഷ്യൻ ....

മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് . ഈ കുറിപ്പെഴുതുമ്പോൾ 1,37,666മനുഷ്യർ കോവിഡ്- 19 ബാധിച്ചു മരിച്ചു കഴിഞ്ഞു. നമ്മെപ്പോലെ ആരോഗ്യത്തോടെ ജീവിച്ചിരുന്നവരാണവർ. നമ്മുടെ സഹോദരങ്ങളാണവർ. അവരുടെ കുഴിമാടങ്ങളിലെ നനവു മാറാത്ത മണ്ണിൽ ചവുട്ടി നിന്നാണ് അതിജീവിയ്ക്കാനായി നമ്മളൊരുമിച്ചിപ്പോൾ പൊരുതുന്നത്. ഇവിടെ മനുഷ്യനും വൈറസും തമ്മിലാണ് യുദ്ധം. മറ്റൊന്നും പ്രസക്തമല്ല. ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ ബഹു. കെ.എം. ഷാജിയ്ക്കു മാത്രമേ കഴിയൂ .

അന്ധമായ സി പി ഐ (എം) വിരോധവും അന്ധമായ പിണറായി വിരോധവും അദ്ദേഹത്തിൻ്റെ സമനില തെറ്റിച്ചിരിയ്ക്കുന്നു. ഇപ്പോഴാവട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. വാഷിങ്ങ്ടൺ പോസ്റ്റും , ബ്രിട്ടനിലെ ട്രിബ്യൂണും നമ്മുടെ ദേശീയ - സംസ്ഥാന മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു. കേരളത്തിനു വേണ്ടിയാണ് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. വിജയിക്കുന്നത് കേരളമാണ്. ഓരോ മലയാളിയ്ക്കുമിത് അഭിമാന നിമിഷമാണ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയർത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോൾ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിൻ്റെ ജൽപനങ്ങൾ ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നു.

കേസുകളുടെ നടത്തിപ്പിന് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് ചിലവഴിയ്ക്കാൻ പോകുന്നുവെന്ന ദുരാരോപണമുയർത്തിയിട്ട് ബഹു. എം എൽ എ യിപ്പോൾ നിസഹായനായി പിച്ചും പേയും പറഞ്ഞ് കിടന്നുരുളുകയാണ് . മനസിന് വൈറസ് ബാധിച്ചതിനാൽ വീണിടത്തു നിന്ന് ഇനിയുമെഴുന്നേൽക്കാതെ ഉരുളുന്ന സ്ഥിതിയ്ക്ക് ഏത് കേസ് നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ചെലവഴിച്ചതെന്ന് ന്യായീകരണ ഭീരുക്കളെങ്കിലും പറയണം .

അതെ, ആയിരം വട്ടം ആവർത്തിച്ചു ചോദിയ്ക്കുന്നു . കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിലെ കൃത്യമായ സൂചന ദുരിതാശ്വാസ നിധിയിലെ പണം കൊലപാതക കേസുകളുടെ നടത്തിപ്പിന് ചിലവഴിയ്ക്കാൻ പോകുന്നുവെന്നാണ്. ഏത് കൊലപാതക കേസിൻ്റെ നടത്തിപ്പിനാണ് ദുരിതാശ്വാസ നിധിയിലെ പണം ചെവഴിച്ചത്.??????????

ചികിത്സാ സഹായവും ജനപ്രതിനിധികളുടെയും മറ്റും മരണാനന്തര ചിലവുകളും സഹായങ്ങളും നൽകിയതിനെയൊക്കെ വിമർശിയ്ക്കണമെങ്കിൽ മനുഷ്യത്വം കൈമോശം വന്നവർക്കേ പറ്റൂ. അതാണ് മനസിൻ്റെ വൈകൃതം . ദുരിതാശ്വാസ നിധിയല്ലെങ്കിലും സർക്കാർ പണമല്ലേ ?ജനങ്ങളുടെ പണമല്ലേ ? നിങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണോ ? എന്നൊക്കെയാണ് ആക്രോശം.

വാർത്താ സമ്മേളനത്തിൽ അടുത്തിരുന്ന ലീഗ് നേതാവിൻ്റെ പിതാവ് മരണമടഞ്ഞപ്പോൾ മകനായ ഇപ്പോഴെത്തെ നേതാവ് വിദ്യാർത്ഥിയായിരുന്നു. സകല വിദ്യാഭ്യാസ ചെലവിനും പുറമെ മാസം തോറും പോക്കറ്റ് മണിയും കുടുംബത്തിന് ആജീവനാന്ത പെൻഷനും അന്നത്തെ സർക്കാർ കൊടുത്തത് ആരുടെ വീട്ടിൽ നിന്നെടുത്ത പണമാണെന്ന് ഇടതു പക്ഷത്തുനിന്നാരും ചോദിയ്ക്കാത്തത് ഞങ്ങളുടെ രാഷ്ട്രീയ മര്യാദകൊണ്ടു മാത്രണെന്ന് ഓർക്കേണ്ടവർ ഓർത്താൽ നല്ലത്.

ഇനി കേസ് നടത്തിപ്പ്. UDF സർക്കാരിൻ്റെ കാലത്ത് സർക്കാരിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കാനും , വിധികൾ തിരുത്താനും സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഹൈക്കോടതിയിൽ കേസു നടത്തിയപ്പോഴും ചെലവ് വഹിച്ചത് ആരുടെ വീട്ടിലെ പണമെടുത്താണ് ? ഓരോ കേസും ഏതൊക്കെയായിരുന്നെന്ന് ഓർമയില്ലേ ? ഓർമിപ്പിയ്ക്കണോ?.

നാടിൻ്റെ സ്വത്തു മുഴുവൻ മത്സരബുദ്ധിയോടെ കട്ടു തിന്ന തസ്കര സംഘത്തിലെ ഒരംഗം കണക്കു ചോദിയ്ക്കാനിറങ്ങിയിരിക്കുന്നു. ഈ കണക്കു ചോദ്യം കേട്ട് പാലാരിവട്ടം പാലം കുലുങ്ങിച്ചിരിയ്ക്കുന്നുണ്ടാവും. കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിയ്ക്കുന്നത് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ്. അതേതു ഗവൺമെൻറായാലും അങ്ങനെ തന്നെയാണ്. " വീട്ടിൽ നിന്നെടുത്ത " പണം കൊണ്ടാരും ഭരണം നടത്തിയിട്ടില്ല . സി എച്ച് മുഖ്യമന്ത്രിയായ രണ്ടു മാസവും അങ്ങനെ തന്നെയായിരുന്നു.

തൻ്റെ മനസിൻ്റെ വൈകൃതം കൊണ്ട് ആർക്കും കണ്ണീരു കുടിയ്ക്കേണ്ടി വന്നിട്ടില്ലത്രെ .....!. ആരും കൊല്ലപ്പെട്ടിട്ടില്ലത്രേ ...!. ചരിത്രം ഹറാമായ , ഓർമ നഷ്ടപ്പെട്ട ന്യായീകരണ ഭീരുക്കളോട് പറഞ്ഞാൽ ഏശിയേക്കും. പക്ഷേ ചരിത്രബോധം ജീവവായുവായ, മറവിരോഗം ബാധിയ്ക്കാത്ത കേരളത്തോടു വേണ്ട. രാമന്തളിയിലെ ഒ.കെ. കുഞ്ഞിക്കണ്ണൻ്റെയും , പെരിന്തൽമണ്ണയിലെ സുബ്രഹ്മണ്യൻ്റെയും , നിലമ്പൂരിലെ പൗലോസിൻ്റെയും , ചാവക്കാട്ടെ വത്സലൻ്റെയും , വയനാട്ടിലെ കുട്ടിപ്പയുടേയും, താമരശേരിയിലെ ജോബി ആൻഡ്രൂസിൻ്റെയും , നാദാപുരത്തെ സജീവൻ്റെയും , ഷിബിൻ്റെയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഞങ്ങളുടെ ഉശിരന്മാരായ സഖാക്കളെ കൊന്നുതിന്ന നരഭോജി രാഷ്ട്രീയത്തിൻ്റെ ചോരക്കറ മായാത്ത പല്ലു കാണിച്ചു കൊണ്ട് മനസിൻ്റെ നൈർമല്യത്തെക്കുറിച്ച് മൈതാന പ്രസംഗം നടത്തരുത്. എല്ലാ ജീവനും മൂല്യമുള്ളതാണെന്നു ചിന്തിയ്ക്കാൻ ഈ ജന്മത്തിൽ ശ്രീ.കെ.എം.ഷാജിയ്ക്ക് കഴിയുമോ ?.

ഓഖിയെ ജയിച്ച , നിപയെ ജയിച്ച, പ്രളയത്തെ പൊരുതിത്തോൽപ്പിച്ച, ഐക്യകേരളം കൊറോണയെയും കെ.എം ഷാജിയെയും അതിജീവിയ്ക്കുമെന്നതിൽ സംശയമില്ല.
കേരളത്തെ വൈറസിനു വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കാൻ രാപ്പകൽ അദ്ധ്വാനിയ്ക്കുന്ന മുഖ്യമന്ത്രിയോടൊരഭ്യർത്ഥന: ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും. ഈ വൈറസൊന്നും അദ്ദേഹത്തെ ബാധിയ്ക്കുകയുമില്ല. കേരളം വേഗത്തിൽ രക്ഷപ്പെടട്ടെ.

എം. സ്വരാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top