26 April Friday

'ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ; സ്‌പ‌ര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ': എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 27, 2018

മാധ്യമപ്രവര്‍ത്തക ഷാനിപ്രഭാകറിനെയും തന്നെയും ചേര്‍ത്ത് നടത്തിയ അപവാദപ്രചരണത്തിനെതിരെ എം സ്വരാജ് എംഎല്‍എ. പ്രതികരണം വേണ്ടെന്ന് കരുതിയ വിഷയത്തില്‍ സ്‌ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ മറുപടി നല്‍കുകയാണെന്ന് സ്വരാജ് പറയുന്നു. പലവിഷയങ്ങളിലെ വിയോജിപ്പുകള്‍ക്കിടയിലും വര്‍ഷങ്ങളായി ഉലയാത്ത സൗഹൃദബന്ധം സൂക്ഷിക്കുന്നവരാണ് തങ്ങള്‍. ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെയെന്നും ഈ സൗഹൃദത്തെ സ്‌പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ലെന്നും സ്വരാജ് ഫേസ്‌‌‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്.

ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ?

ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകയുമാവുന്നതിന് മുമ്പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവര്‍ത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങള്‍ .

ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങള്‍ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്‌ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോള്‍ സൂചിപ്പിക്കുന്നുവെന്നു മാത്രം.

സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്‌സ്‌‌‌‌‌‌പോക്കണും സംഘഅനുകൂല ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കുമൊപ്പം കോണ്‍ഗ്രസ് അനുകൂലികളും ഇരുവര്‍ക്കുമെതിരെ അപവാദ പ്രചരണം നടത്തിയിരുന്നു. പ്രചരണത്തിന് ഉപയോഗിച്ച ഈ ലിങ്കുകളും പോസ്റ്റുകളും സഹിതം ഷാനി ഡിജിപിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ഷാനിയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഡിജിപി ഷാനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്‌ത്രീ എന്ന രീതിയില്‍ തന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്‌തു‌തനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top