29 March Friday

'കൊച്ചിന്‍ ഹനീഫയും ഒരു കൊടി കത്തിക്കലും'...എം എം ലോറന്‍സിന്റെ ഓര്‍മ

വെബ് ഡെസ്‌ക്‌Updated: Thursday Dec 27, 2018

എം എം ലോറന്‍സ്

എം എം ലോറന്‍സ്

കൊച്ചി > നടന്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ്. കൊച്ചിയില്‍ നടന്ന ചുമട്ടുതൊഴിലാളി സമരവുമായി ബന്ധപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.
 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചുമട്ടുതൊഴിലാളി സമരവും കൊച്ചിന്‍ ഹനീഫയും.
--------------------------------------------------
1970ല്‍ ആണ് സിഐടിയു രൂപീകരിച്ചത്. സിഐടിയു രൂപീകൃതമാകുന്നതിന് മുന്‍പ് (വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. പാര്‍ടി രണ്ടാകുന്നതിനു മുന്‍പ് ആണെന്നാണ് ഓര്‍മ) ചുമട്ടുതൊഴിലാളികളെ എറണാകുളത്ത് സംഘടിപ്പിക്കുന്നത് ഞാനും കെ എ പുഷ്‌പാകരന്‍ തുടങ്ങിയവര്‍ പ്രധാനമായും മുന്‍കൈ എടുത്താണ്. ഞാന്‍ പ്രസിഡന്റും പുഷ്‌പാകരന്‍ സെക്രട്ടറിയുമായി ഒരു യൂണിയന്‍ രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ചുമട്ടുതൊഴിലാളി സംഘടന എറണാകുളത്തുണ്ടാക്കിയ ആ യൂണിയന്‍ ആയിരുന്നു. ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും അതിന് മുമ്പ് ചുമട്ടുതൊഴിലാളി സംഘടന ഉണ്ടായിരുന്നോ എന്ന് അറിയില്ല.

സംഘടന അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. പലവിധത്തിലുള്ള ചരക്കുകള്‍ ആണ് ചുമട്ടു തൊഴിലാളികള്‍ കൈകാര്യം ചെയ്തിരുന്നത്. കടകളുമായി ബന്ധപ്പെട്ട് സ്ഥിരമായി ജോലി ചെയ്യുന്ന  ചുമട്ടുതൊഴിലാളികളും അല്ലാത്ത വിഭാഗം തൊഴിലാളികളും ഉണ്ടായിരുന്നു. സ്ഥിരം ഒരേ കടകളുമായി ബന്ധപ്പെട്ട് ചെയ്യുന്നവരുടെ ജോലിയില്‍ മറ്റുള്ളവര്‍ വന്ന് കൈയ്യടക്കാന്‍ യൂണിയന്‍ അനുവദിച്ചിരുന്നില്ല.

ഇതിനിടയ്ക്ക് സംഘടന ശക്തി പ്രാപിച്ച സ്ഥിതിയില്‍, വിവിധതരം പണികള്‍ക്ക് (വിവിധതരം ഉല്‍പന്നങ്ങളുടെ പൊതുസ്വഭാവം അനുസരിച്ചു സബ് കമ്മിറ്റികളും ഉണ്ടാക്കിയിരുന്നു. ഉദ: ഇരുമ്പിന്റെ ജോലി ചെയ്യുന്നവരുടെ സ്ഥിതിയല്ല തുണിക്കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്, അതേ സ്ഥിതിയല്ല പലചരക്ക് കടകളില്‍ ചുമട് ജോലി ചെയ്യുന്നവര്‍ക്ക്. ഈ വ്യത്യാസം അനുസരിച്ച് ആയിരുന്നു സബ് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടത് ) വ്യത്യസ്ത തോതില്‍ കൂലി വര്‍ധനവിനുള്ള ആവശ്യം യൂണിയന്‍ ഉന്നയിച്ചു. ഈ ആവശ്യം അംഗീകരിക്കാന്‍ കട ഉടമകള്‍ തയ്യാറായില്ല. കൂടിയാലോചനകള്‍ പരാജയപ്പെട്ടു. അതിനെത്തുടര്‍ന്ന് പണിമുടക്കുവാന്‍ തീരുമാനം എടുത്തു. പ്രസ്താവനയും അടിച്ചിറക്കി. പണിമുടക്കിന്റെ മുന്നോടിയായി യൂണിയന്റെ ചെങ്കൊടി കടകളുടെ മുന്‍പാകെ ഉയര്‍ത്തി.

ഈ സമയത്ത് ജ്യു സ്ട്രീറ്റും മാര്‍ക്കറ്റ് റോഡും ചേരുന്ന മാര്‍ക്കറ്റ് റോഡ് ജംങ്ഷനിലെ കടകളുടെ മുന്‍പിലും കൊടി കുത്തിയിരുന്നു. അതില്‍ ഒരു കട നടത്തിയിരുന്നത് പിന്നീട് വലിയ സിനിമാ നടന്‍ ആയി തീര്‍ന്ന കൊച്ചിന്‍ ഹനീഫയും അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ടവരും ആയിരുന്നു. അന്ന് ഹനീഫ നടനല്ല. ചില നാടകത്തിലും മറ്റും അഭിനയിച്ചിട്ടുണ്ട് എന്നാണ് കേട്ടത്. സ്ഥിരമായി ജിംനേഷ്യത്തില്‍ പോകുന്ന ആള്‍ ആയിരുന്നു. ചില ആളുകള്‍ ഹനീഫയെ ഒരു ഗുണ്ടയായിട്ടും കണക്കാക്കിയിരുന്നു. തന്റെ കടയുടെ മുന്നില്‍ കൊടി കുത്തിയത് ഹനീഫയെ രോഷം കൊള്ളിച്ചു.

ഞാന്‍ അന്ന് തോട്ടെക്കാട്ടു റോഡിലെ ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഒരു രാത്രിയില്‍ ഏതാണ്ട് പത്തു മണിയോടെ പടിക്കല്‍ ആരോ മുട്ടി. ആരാണ് എന്ന് ചോദിച്ചപ്പോള്‍ 'ഞാനാണ്' എന്ന് വളരെ ഭവ്യതയോടെ മുട്ടിയ ആള്‍ പ്രതികരിച്ചു. തുറന്നു വരാന്‍ പറഞ്ഞപ്പോള്‍ 'പട്ടിയുണ്ടോ' എന്ന് ചോദിച്ചു. പട്ടിയെ ഞാന്‍ പൂട്ടിയേക്കാം എന്ന് പറഞ്ഞു പുറത്തിറങ്ങി പട്ടിയെ പൂട്ടിയപ്പോള്‍ എന്നെ കാണാന്‍ വന്നയാള്‍ മുറ്റത്തു വീടിന്റെ വാതില്‍ക്കല്‍ വന്നു. അയാള്‍ ധരിച്ചിരുന്നത് ഖദര്‍ വസ്ത്രം ആയിരുന്നു. 'ഒരു സങ്കടം പറയാന്‍ വന്നതാണ്' അയാള്‍ തുടര്‍ന്നു, 'എന്റെ അനന്തരവന്‍ ഒരു അബദ്ധം കാണിച്ചു. ഹനീഫ എന്നാണ് അവന്റെ പേര്. ചുമട്ടുതൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് എന്റെ കടയുടെ മുന്നില്‍ സ്ഥാപിച്ച പാര്‍ടി കൊടിയെടുത്തു അവന്‍ കത്തിച്ചു.'
' പാര്‍ടി കൊടിയല്ല യൂണിയന്‍ കൊടി ആണത്' എന്ന് ഞാന്‍ അയാളെ തിരുത്തി.
'കൊടി കത്തിച്ചതിന്റെ പേരില്‍ അവനെ കൊല്ലുമെന്നാണ് തൊഴിലാളികളുടെ തീരുമാനം..ഞാന്‍ അവനെ മദ്രാസിലേക്കോ മറ്റോ അയച്ചോളാം..' എന്ന് വന്നയാള്‍ പറഞ്ഞു.
(ചെങ്കൊടിയെ വളരെ പരിപാവനമായ ഒന്നായാണ് തൊഴിലാളികള്‍ കണക്കാക്കിയിരുന്നത്.)
' കൊടി കത്തിച്ചത് അങ്ങേയറ്റം തെറ്റായി പോയി, എങ്കിലും ഞാന്‍ അയാളെ രക്ഷിച്ചോളാം' എന്ന് ഞാന്‍ പറഞ്ഞു.

അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, മടിയില്‍ വെച്ചിരുന്ന കടലാസില്‍ പൊതിഞ്ഞ കനമുള്ള ഒരു പൊതിയെടുത്തു എന്റെ നേരെ നീട്ടി. 'എന്താ അത്, പണം ആയിരിക്കും അല്ലെ' എന്ന് ഞാന്‍ ചോദിച്ചു. 'അതേ, കുറച്ചു കാശാണ്' എന്ന് അയാള്‍ പറഞ്ഞു.
'പണം കൈയില്‍ വെച്ചുകൊള്ളു, ഞങ്ങള്‍ പണത്തിന് വേണ്ടിയല്ല തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. നിങ്ങള്‍ക്ക് അത് അറിയില്ല. അതുകൊണ്ട് ഞാനത് ക്ഷമിക്കുകയാണ്.' പണം വാങ്ങാതെ ഞാന്‍ അയാളോട് പറഞ്ഞു.

'നിങ്ങള്‍ പൊയ്‌ക്കോളൂ, ഞാന്‍ വേണ്ടത് ചെയ്‌തോളാം' എന്നും ഞാന്‍ പറഞ്ഞു.
അയാള്‍ പോയി.

ഹനീഫയെ ആരും ആക്രമിച്ചില്ല.
ഹനീഫ അങ്ങനെ മദ്രാസിലേക് പോയി. കുറെ കാലം കഴിഞ്ഞു മദ്രാസില്‍ നിന്നും വലിയ നടനായാണ് ഹനീഫ തിരിച്ചു വന്നത്.

പണിമുടക്ക് വിജയിച്ചു. കൂലി വര്‍ധനവ് അംഗീകരിച്ചു. (അത് സംബന്ധിച്ച് മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതാം)

വന്നയാളുടെ പേര് ബാവ എന്നാണ്. ബാവ ഹനീഫയുടെ മാമ ആയിരുന്നു (അമ്മാവന്‍). ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു ബാവയും ബാവയുടെ മൂത്ത സഹോദരനും. ജ്യൂ സ്ട്രീറ്റിലെ 'കൊച്ചുണ്ണി ബ്രദേര്‍സ്' കടയുടെ പ്രധാന നടത്തിപ്പുകാരന്‍ ബാവയുടെ അടുത്ത ബന്ധുവായ എ കെ കൊച്ചുണ്ണി ആയിരുന്നു. അന്ന് മുസ്ലിം ലീഗിന്റെ എറണാകുളം സെക്രട്ടറിയാണ് എ കെ കൊച്ചുണ്ണി.

ഈ സംഭവത്തിന് ശേഷം ബാവ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ഉറച്ച അനുഭാവി ആയി മാറി.
പിന്നീട് എല്ലാ വര്‍ഷവും ബാവയുടെ വീട്ടില്‍ പെരുന്നാളിന് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി പാര്‍ടി അനുഭവികളായ കച്ചവടക്കാരെയും എന്റെ കുടുംബാംഗങ്ങളെയും ക്ഷണിക്കും. പെരുന്നാളിന് ഭക്ഷണം വിളമ്പാന്‍ ഹനീഫ വരുമായിരുന്നു.
ഹനീഫ മരിച്ചപ്പോള്‍ ബാവയുടെ അനുമതിയോടെ അനുശോചന സമ്മേളനത്തില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞിരുന്നു.

ഇത്തവണ പെരുന്നാള്‍ പരിപാടി വേണ്ടെന്ന് വെച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു തുക കൊടുക്കാന്‍ ആണ് ബാവയുടെ തീരുമാനം. അത് കേട്ടപ്പോള്‍ 'വളരെ നന്നായി, സന്തോഷം ആയി' എന്ന് ഞാന്‍ ബാവയോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top