29 March Friday

സ്‌കൂൾ അടച്ചുപൂട്ടും, പെൻഷൻ നിർത്തും: ഹസ്സന്റെ പ്രസ്‌താവനയ്ക്ക്‌ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ പൂരം

വെബ് ഡെസ്‌ക്‌Updated: Sunday Dec 13, 2020

തിരുവനന്തപുരം> അഞ്ചുലക്ഷം പേർക്ക്‌ വീട്‌ നൽകുന്ന ലൈഫ്‌  ഭവനപദ്ധതിയടക്കം നിർത്തലാക്കുമെന്ന യുഡിഎഫ്‌ കൺവീനർ എം എം ഹസ്സന്റെ പ്രസ്‌താവനയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ വർഷം. ഭവനപദ്ധതി മാത്രമല്ല, സ്‌കൂളും ആശുപത്രിയുമെല്ലാം അടച്ചുപൂട്ടുമെന്ന പ്രഖ്യാപനവും നടത്താമെന്ന വിമർശനമാണ്‌ ഉയരുന്നത്‌.

ലൈഫ്‌ പദ്ധതിയിലൂടെ രണ്ടരലക്ഷം പേർ ഇപ്പോൾ വീടുകളിൽ കഴിയുകയാണ്‌. പദ്ധതി നിർത്തി വീട്ടിൽ കഴിയുന്നവരെ അടിച്ചിറക്കും. പിന്നാലെ കെപിസിസിയുടെ 1000 വീട്‌ മാതൃകയിൽ വാഗ്‌ദാനം നൽകും. ഹൈടെക് സ്‌കൂളുകൾ പൂട്ടി, എല്ലാ കുട്ടികളെയും സ്വകാര്യ സ്‌കൂളുകളിലേക്ക്‌ ആനയിക്കും. മികച്ച റോഡുകളും പാലങ്ങളും പാലാരിവട്ടം മോഡലിൽ ഉടച്ചുവാർക്കും. ആശുപത്രികളിലെ സൗജന്യ സേവനം മതിയാക്കി, സ്വകാര്യവൽക്കരിക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും ഹസ്സന്‌ നടത്താമായിരുന്നുവെന്ന്‌ ട്രോളർമാർ പറയുന്നു.

റേഷൻ കടകളിൽ ആൾപ്പെരുമാറ്റം കുറയ്‌ക്കും. ക്ഷേമ പെൻഷൻ 525 ആക്കി ഒന്നരവർഷം കുടിശ്ശികയാക്കും. ഈ കുടിശ്ശികത്തുക, ജസമ്പർക്ക പരിപാടിയിലൂടെ ആൾക്കാരെ പൊരിവെയിലത്ത്‌ ക്യൂ നിർത്തി വിതരണം ചെയ്യും... തുടങ്ങിയ പ്രഖ്യാപനങ്ങളും ലൈഫ്‌ മിഷൻ നിർത്തലാക്കുന്നതിനു പിന്നാലെ ഉണ്ടാകുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രോളർമാർ പ്രതികരിച്ചു.


ഞങ്ങളെപ്പോലത്തെ പാവങ്ങളെ ദ്രോഹിക്കരുത്


‘‘കടലിൽ പണീല്ലാത്തോണ്ട്‌ ജീവിക്കാൻ എടങ്ങേറാണ്‌. ആറ്‌ കൊല്ലായി വാടകപ്പെരേലാണ്‌. വീടുണ്ടാക്കാനുള്ള പൈസ കൈയിലില്ല. ലൈഫിൽ ഭൂമിയും വീടും ലഭിക്കാനുള്ള അർഹതാ പട്ടികയിലുള്ളതാണ്‌ പ്രതീക്ഷ. അത്‌ ഇല്ലാണ്ടാക്കൂന്നാണ്‌ കോൺഗ്രസ്‌ നേതാക്കന്മാര്‌ പറയണത്‌. ഞങ്ങളെപ്പോലത്തെ പാവങ്ങളെ ദ്രോഹിക്കരുത്‌. കോൺഗ്രസ് നേതാക്കൾ സ്വന്തം കഞ്ഞിയിലാണ് മണ്ണ് കോരിയിടുന്നത്‌.’’  
                                                                           
                                                                                                                                                                                                                                                                  തയ്യിൽപറമ്പിൽ സുഹറാബി (താനൂർ -മലപ്പുറം)

വെറുക്കും, യുഡിഎഫിനെ

‘‘ചേച്ചീന്റെ വീട്ടിലാ ഇതുവരെ കഴിഞ്ഞത്. ലൈഫിൽ വീടനുവദിച്ചെന്ന് കേട്ടപ്പം  സന്തോഷായിരുന്നു. എൽഡിഎഫ് സർക്കാറിനെ മറക്കൂല. യുഡിഎഫുകാര് പറയുന്നത് ഇതില്ലാണ്ടാക്കുന്നാ. പാവങ്ങൾക്ക് അന്തിയുറങ്ങാനിടം നൽകുന്നത്‌ തകർക്കുന്ന യുഡിഎഫിനെ ജനം വെറുക്കും. നാല് ലക്ഷം രൂപയാ എനിക്ക് അനുവദിച്ചത്.  ആദ്യ ഗഡു രണ്ട് ലക്ഷം കിട്ടി. . ആകെയുള്ള മൂന്ന് സെന്റ്‌ ഭൂമിയിലാണ് വീട് നിർമിക്കുന്നത്.’’
                                                                                                                                                                                                                                                                     കൊറട്ടാം വീട്ടിൽ ദേവി (ഉള്ള്യേരി)


പ്രതീക്ഷ ലൈഫിൽമാത്രം

‘‘എട്ടുവർഷായി  വാടകവീട്ടിലാണ്‌ ജീവിതം. സ്വന്തമായി വീട്‌ വേണമെന്ന ആഗ്രഹം എത്രകാലമായി കൊണ്ടുനടക്കുന്നു. മുമ്പ് എനിക്ക്‌ ‌ഒരു ചെറിയ ജോലിയുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. ലൈഫ്‌മിഷൻ ലിസ്‌റ്റിൽ വന്നപ്പോഴുണ്ടായ സന്തോഷം എത്രയാണെന്ന്‌ പറയാനാവില്ല. തമാശയായിപോലും ലൈഫ്‌മിഷൻ പദ്ധതി ഇല്ലാതാവുമെന്ന്‌ ആരെങ്കിലും പറയുന്നത്‌ കേട്ടുനിൽക്കാനാവില്ല. ഞാനും മകളുമടങ്ങുന്ന കുടുംബത്തിന്റെ  ഭാവിയെക്കുറിച്ച്‌ ആലോചിക്കുമ്പോൾ  മനസിൽതെളിയുന്നത്‌  കിട്ടുമെന്ന്‌ പ്രതീക്ഷിക്കുന്ന ആ വീടിന്റെ ചിത്രമാണ്‌’’.                        
                                                                                                                                                                                                                                                                            കെ പുഷ്‌പവല്ലി( പെരളശേരി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top