24 March Friday

ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രതിഷേധ ഭോജനങ്ങള്‍ ഇനിയുമുണ്ടാവണം; ദളിതരെ അകറ്റിനിര്‍ത്തുന്നവര്‍ക്കെതിരെ എം ബി രാജേഷിന്റെ പ്രതികരണം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2017

ജാതി വെറിക്കെതിരായ പോരാട്ടത്തിന് അപ്രതിരോധ്യമായ ഊര്‍ജം പകര്‍ന്ന പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം കേരളം ആഘോഷിക്കുന്ന വേളയില്‍ ജാതിയുടെ പേരില്‍ യുപിയിലും കര്‍ണ്ണാടകയിലും ജനവിഭാഗങ്ങളെ അപമാനിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ദളിതരോട് സോപ്പും ഷാമ്പുവും ഉപയോഗിച്ച് കുളിച്ച് സെന്റ് പൂശി എത്താനാവശ്യപ്പെടുന്നവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ തയാറാകാത്തവരുമാണ് ചുറ്റുമുള്ളതെന്ന് എം ബി രാജേഷ് എംപി ചൂണ്ടിക്കാട്ടുന്നു.

എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

'കാന്താ തൂകുന്നു തൂമണം ഇതെങ്ങുനിന്ന്
മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല..
കിം കിം കിം കിം കിം കിം കിം.....'

അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയിൽ ജഗന്നാഥൻ അവിസ്മരണീയമാക്കിയ ഒരു രംഗത്തിൽ നിന്നുള്ള വരികളാണിത്. കഴിഞ്ഞ ദിവസം പ്രത്യേകം സെന്റ് പൂശി സുഗന്ധ ലോലുപരാക്കി തന്റെ മുന്നിലെത്തിച്ച ദളിതരെ നോക്കി യു.പി. മുഖ്യമന്ത്രി യോഗി ഇങ്ങനെ പാടിയോ എന്നുറപ്പില്ല. പക്ഷേ ഒന്നുറപ്പായി. സവർണ്ണതാക്കൂർ സമൂദായക്കാരനായ യോഗിയുടെ മുമ്പിൽ ദളിതരെ കൊണ്ടുവരും മുമ്പ് സോപ്പുപയോഗിച്ച് ശുദ്ധിവരുത്തിക്കുകയും ദളിതന്റെ വിയർപ്പു ഗന്ധമകറ്റാൻ സെന്റ് പൂശിക്കുകയും ചെയ്തുവെന്ന കാര്യം. കുമാരനാശാൻ പണ്ടെഴുതി 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ.....'യു.പി.യിൽ യോഗി ഇതിനിപ്പോൾ 'ഗന്ധംകൊണ്ടുപോലും സഹിക്കവയ്യാത്തോരശുദ്ധർ' എന്ന ഒരനുബന്ധം കൂടി തന്റെ പ്രവൃത്തിയിലൂടെ ചേർത്തിരിക്കുന്നു.

ഇതിനു മുമ്പത്തെ ഊഴം കർണ്ണാടകയിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എം.പി.യുമായ യെദ്യൂരപ്പയുടേതായിരുന്നു. ദളിതനായ ബി.ജെ.പി. പ്രവർത്തകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ഹോട്ടലിൽ നിന്ന് പ്രത്യേക ഭക്ഷണം വരുത്തി കഴിച്ച് തങ്ങളെ അപമാനിക്കുകയും ചെയ്തു എന്ന് പുറത്തു പറഞ്ഞത് ബി.ജെ.പി.പ്രവർത്തകൻ തന്നെയായിരുന്നു. 'ഊട്ടിയുറപ്പിക്കുക' എന്നൊരു പ്രസിദ്ധമായ പ്രയോഗം തന്നെയുണ്ടല്ലോ. ഒന്നിച്ചിരുന്ന് ഉണ്ണാൻ പോലും കഴിയാത്തവർ ഏത് ഹിന്ദുവിന്റെ ഐക്യത്തെക്കുറിച്ചാണ് പറയുന്നത്?

പന്തിഭോജനത്തിന്റെ നൂറാം വർഷത്തിലാണ് ഇതൊക്കെ ഇപ്പോഴും ഇന്ത്യയിൽ സംഭവിക്കുന്നതെന്നോർക്കുക. നൂറുവർഷം മുമ്പ് ഇതേ ദിവസമായിരുന്നു സഹോദരൻ അയ്യപ്പൻ പുലയരായ രണ്ടു പേർക്കൊപ്പം ജാതിമേധാവികളെ വെല്ലുവിളിച്ച് ചെറായിയിൽ പന്തിഭോജന വിപ്ലവം നടത്തിയത്. അതിന്റെ പേരിൽ സമുദായഭ്രഷ്ട് നേരിട്ട അദ്ദേഹത്തിന് പരിഹാസ സൂചകമായി പുലയനയ്യപ്പനെന്ന വിളിപ്പേരും കിട്ടി. പാവപ്പെട്ട ദളിതന്റെയും ന്യൂനപക്ഷത്തിന്റെയും ഭക്ഷണമായ ബീഫിനു വേണ്ടി വാദിച്ചതിന് 'പോത്ത്' വിശേഷണം സംഘികൾ എനിക്ക് ചാർത്തിത്തരുമ്പോൾ 100 വർഷം മുമ്പത്തെ പുലയനയപ്പൻ വിളി ഓർമ്മ വരുന്നു. വർഷം 100 കഴിഞ്ഞെങ്കിലും മനോഭാവത്തിനു മാത്രമല്ല അധിക്ഷേപ രീതികൾക്കും മാറ്റമില്ല.

ഇന്ന് ദളിതന്റെയും പാവപ്പെട്ടവന്റെയും ഭക്ഷണമായ (അവരുടെ മുഖ്യ പ്രോട്ടീൻ സ്രോതസ്സായി കണക്കാക്കപ്പെടുന്നത്) ബീഫിനും മാംസഭക്ഷണത്തിനും എതിരായ കയ്യേറ്റം എന്നതിനുമപ്പുറം ജാതീയവും വർഗ്ഗീയവുമായ ദ്വിമുഖ കടന്നാക്രമണത്തിന്റെ പുതിയഘട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞ ഇന്നത്തെ ഇന്ത്യയിൽ പ്രതിഷേധം ബീഫ് ഫെസ്റ്റിവലിനും അപ്പുറം വളരണം. ബീഫ് ഫെസ്റ്റിവലിൽ നിന്ന് മിശ്രഭോജനപന്തിഭോജന മേളകളിലേക്ക് രാജ്യം മുഴുവൻ പ്രതിഷേധം വളരണം. ആ പ്രതിഷേധ ഭോജനങ്ങൾ പതിതരുടെ ഐക്യം 'ഊട്ടിയുറപ്പിക്കട്ടെ'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top