24 April Wednesday

നരനായാട്ടുകളുടെ ചരിത്രം ഉള്ളവര്‍ നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ മൃതശരീരം മറയാക്കുന്നു: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2016

ആത്മാര്‍ത്ഥതയൊട്ടുമില്ലാതെ മാര്‍ക്സിസ്റ്റ് വിരോധം പ്രചരിപ്പിക്കാന്‍ രണ്ട് മാവോയിസ്റ്റുകളുടെ മൃതശരീരം മറയാക്കുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ നടത്തിയ നരനായാട്ടുകള്‍ മറക്കരുതെന്ന് എം ബി രാജേഷ് എംപി. വിമര്‍ശനമെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്യുന്ന നിലയിലേക്ക് തരംതാണിരിക്കുകയാണ് തൃത്താല എംഎല്‍എ വി ടി ബലറാം. വര്‍ഗ്ഗീസിന്റെയും രാജന്റെയും കൊലകളുടെ ചോരക്കറ പുരണ്ട കൈകൊണ്ടു തന്നെ നിലമ്പൂരിലെ മാവോയിസ്റ്റുകള്‍ക്കായി പോസ്റ്റിടുന്നത്ര അശ്ളീലം വേറെയില്ല. ഇവരോടൊക്കെ മാപ്പ് ചോദിക്കാനും എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപംതാഴെ:

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്നിട്ട് ദിവസങ്ങള്‍ പലതു കഴിഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു. ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കപ്പെടുന്നു. പോലീസ് നടത്തുന്ന കൊലപാതകത്തെക്കുറിച്ച് ചോദ്യങ്ങളും സംശയങ്ങളും ഉയരുക സ്വാഭാവികം. ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് പോലീസ് ഭാഷ്യം എവിടെയാണെങ്കിലും ആര്‍ക്കും തൊണ്ട തൊടാതെ വിഴുങ്ങാനാവില്ല എന്ന അനുഭവം ചരിത്രത്തിലും വര്‍ത്തമാന കാലത്തും ധാരാളമുള്ളതുകൊണ്ട് ചോദ്യങ്ങളൊന്നും അവഗണിക്കാനുമാവില്ല. പൊതുവില്‍ ഭരണകൂടങ്ങള്‍ പൊലീസ് ഭാഷ്യം പൂര്‍ണ്ണമായി സ്വീകരിക്കുകയും പൊലീസ് നടപടിയെ ന്യായീകരിക്കുകയുമാണ് ചെയ്യാറുള്ളത്. മധ്യപ്രദേശിലെ ഏറ്റവും ഒടുവിലത്തെ ഏറ്റുമുട്ടല്‍ കൊലയെ അവിടുത്തെ മുഖ്യമന്ത്രിയും കൂട്ടരും നിര്‍ലജ്ജം ന്യായീകരിച്ചത് ഓര്‍ക്കുക. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിച്ചില്ല എന്നതും മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു എന്നതും ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം പ്രതികരിക്കാം എന്ന് കരുതലോടെ പറഞ്ഞ മുഖ്യമന്ത്രി, അന്നത്തെ ഒരു ചടങ്ങില്‍ പോലീസിലെ ന്യുനപക്ഷമെങ്കിലും, ക്രിമിനല്‍ സ്വഭാവം വച്ചു പുലര്‍ത്തുന്നവര്‍ക്കെതിരെ അതു തുടരാന്‍ അനുവദിക്കില്ല എന്ന് താക്കീത് നല്‍കിയതും യാദൃച്ഛികമെന്നു കരുതാനാവില്ല. പോലീസ് പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മുഴുവന്‍ അടിയില്‍ ഒപ്പിട്ടു കൊടുക്കുന്ന സര്‍ക്കാരുകളില്‍ നിന്ന് കേരളത്തിലെ സര്‍ക്കാര്‍ വ്യത്യസ്തമാണ് എന്ന സന്ദേശം തന്നെയാണിത് നല്‍കുന്നത്. നിലമ്പൂര്‍ സംഭവത്തിന്റെ അന്വേഷണം യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരട്ടെ. പോലീസ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമാനുസൃത നടപപടിയുണ്ടാവട്ടെ.

ഇനി ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു വരാം. ആത്മാര്‍ത്ഥമായും സദുദ്ദേശത്തോടെയും ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു കൂട്ടരുണ്ട്. എന്നാല്‍, തികഞ്ഞ കാപട്യത്തോടെ, ആത്മാര്‍ത്ഥതയൊട്ടുമില്ലാതെ മാര്‍ക്‌സിസ്റ്റ് വിരോധം പ്രചരിപ്പിക്കാന്‍ രണ്ട് മാവോയിസ്റ്റുകളുടെ മൃതശരീരം മറയാക്കുന്നവരുണ്ട്. പുരോഗമനനാട്യക്കാരനായ ഒരു കോണ്‍ഗ്രസ്സ് എം.എല്‍.എ മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുന്നിടം വരം തരംതാണിരിക്കുന്നു. വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടി എപ്പോഴും താണതരം വിദ്യകള്‍ ലജ്ജയില്ലാതെ പ്രയോഗിക്കുന്ന ഈ കാപട്യക്കാരന്‍ പി.ചിദംബരം എന്ന കോണ്‍ഗ്രസ്സ് ആഭ്യന്തരമന്ത്രി 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി' ന്റെ പേരില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ആസൂത്രിതമായി നടപ്പാക്കിയപ്പോള്‍ ഏത് മാളത്തിലായിരുന്നു? പ്രമുഖ മാവോയിസ്റ്റ് നേതാവ് ആസാദിനെ അറസ്റ്റ് ചെയ്ത ശേഷം കാട്ടില്‍ കൊണ്ടുപോയി വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച ചിദംബരത്തിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തില്ലല്ലോ. കശ്മീര്‍ മുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ പ്രത്യേക സൈനികാധികാര നിയമ(AFSPA)ത്തിന്റെ മറവില്‍ നൂറുകണക്കിന് സ്ത്രീ പുരുഷന്‍മാരെ ഏറ്റുമുട്ടലിലൂടെ കൊന്നൊടുക്കിയതിന് കാര്‍മ്മികത്വം വഹിച്ചവരുടെ ഇളമുറക്കാരനായ ഈ കോണ്ഗ്രസ് എം.എല്‍.എ കാപട്യത്തിന്റെ ആള്‍രൂപം തന്നെ. വര്‍ഗ്ഗീസിന്റെയും രാജന്റെയും കൊലകളുടെ ചോരക്കറ പുരണ്ട കൈകൊണ്ടു തന്നെ നിലമ്പൂരിലെ മാവോയിസ്റ്റുകള്‍ക്കായി പോസ്റ്റിടുന്നതിനേക്കാള്‍ വലിയ അശ്ലീലം എന്തുണ്ട്? ആദ്യം ഇതിനൊക്കെ മാപ്പ് ചോദിക്കൂ നിങ്ങള്‍..

ഏറ്റുമുട്ടല്‍ കൊലകള്‍ ഒരു കലയാക്കി വളര്‍ത്തി നിരപരാധികളുടെ ചോരയിലും മൃതശരീരങ്ങളിലും ചവിട്ടി ദില്ലി സിംഹാസനമേറിയ മോഡിഷാമാരുടെ പിന്‍മുറക്കാരും യുവകോണ്‍ഗ്രസ് കാപട്യക്കാരനൊപ്പം ആക്രോശിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലം അടുത്തൊന്നും കണ്ടിട്ടില്ല. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലേക്ക് സംഘര്‍ഷദിനങ്ങളില്‍ ഒരിക്കല്‍ യാത്ര ചെയ്തത് ഓര്‍ക്കുന്നു. മാവോയിസ്റ്റുകള്‍ മൈന്‍ വിരിച്ച വഴികളിലൂടെ മൈന്‍ പരിശോധന സംഘത്തിന്റെ വാഹനത്തിനു പിന്നിലാണ് അന്ന് ഞങ്ങളുടെ യുവജനസംഘം സഞ്ചരിച്ചത്. വഴിനീളെ മാവോയിസ്റ്റ് ബങ്കറുകള്‍. കെട്ടിടങ്ങളിലും മരങ്ങളിലും വെടിയുണ്ടയേറ്റ പാടുകള്‍. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ രക്തസാക്ഷികളായ സി.പി.എം. പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതും ഓര്‍ക്കുന്നു. അതിനും മുമ്പ് അടിയന്തിരാവസ്ഥയില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ (തൃത്താലക്കാരന് അറിയുമോ എന്തോ..?)അര്‍ദ്ധഫാസിസ്റ്റ് ഭീകര വാഴ്ചയില്‍ പോലീസും നക്‌സലൈറ്റുകളും ചേര്‍ന്ന് കൊന്നുതള്ളിയ രണ്ടായിരത്തോളം രക്തസാക്ഷികളേയും (അടിയന്തിരാവസ്ഥ നടപ്പാക്കിയവര്‍ക്കും അതിനെ ലജ്ജയില്ലാതെ പിന്തുണച്ചവര്‍ക്കും ഈ നീതിബോധം അന്നുണ്ടായില്ല, കാരണം വേട്ടയാടപ്പെട്ടത് സി.പി.എം. ആയിരുന്നു.)ഓര്‍ക്കുന്നു. ഇപ്പോള്‍ പൊടുന്നനെ നീതിമാന്‍മാരായിത്തീര്‍ന്നവരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുഓര്‍മ്മകളുണ്ടായിരിക്കണം.

മുതലക്കണ്ണീരൊഴുക്കുന്ന ആത്മവഞ്ചകരുടെ കാപട്യത്തെ നിര്‍ദ്ദയം വിമര്‍ശിക്കുമ്പോഴും നിലമ്പൂരില്‍ സംഭവിച്ചതിന്റെ നേര് പുറത്തു വരണമെന്നതില്‍ സംശയമേതുമില്ല. മജിസ്റ്റീരിയല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ. നീതിബോധമുള്ള എല്ലാവരും അതാഗ്രഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top