27 April Saturday

"എല്ലാത്തിനും വഴിയൊരുക്കിയ രാജീവ് ഗാന്ധിയേയും, മൂകസാക്ഷിയായിരുന്ന നരസിംഹറാവുവിനേയും ഓർക്കാതിരുന്നാൽ അനീതിയാകും': എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

"കാശി മഥുര ബാക്കി ഹേ " എന്ന മുദ്രാവാക്യം കോൺഗ്രസും ലീഗും ജമാഅത്തുമൊക്കെ മാത്രമായിരിക്കും കേൾക്കാത്തത്. അവർ അത്രമേൽ 'നിഷ്‌കളങ്കരാണല്ലോ '. കാശി, മഥുര പള്ളികൾക്കായി അവകാശമുന്നയിച്ച് ചിലർ കോടതിയിൽ ഹരജി കൊടുത്തതായി ഒരു കൊച്ചു വാർത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. വരും കാലത്തേക്കുള്ള വേറൊരു മഹാദുരന്തത്തിൻ്റെ വിഷവിത്തുപോലൊരു ചെറിയ വാർത്ത. എം ബി രാജേഷിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

വിധി തകർത്തു. ബാബ്റി മസ്ജിദ് തകർന്നു.പക്ഷേ തികച്ചും ആകസ്മികമായി .ഒട്ടും അത്ഭുതമില്ല. ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന, തലക്ക് വെളിവുള്ള ആർക്കാണ് അത്ഭുതമുണ്ടാവുക? മറിച്ചൊരു വിധിയുണ്ടായിരുന്നെങ്കിലോ? സൂര്യൻ പടിഞ്ഞാറുദിച്ചെങ്കിലോ? കാക്ക മലർന്നു പറന്നെങ്കിലോ?.

അദ്വാനി മസ്ജിദ് തകർക്കാൻ ഗൂഡാലോചന നടത്തിയെന്ന് ലിബർഹാൻ കമ്മീഷൻ. പക്ഷേ സി.ബി.ഐക്ക് കോടതിയിൽ ഹാജരാക്കാൻ മതിയായ തെളിവുണ്ടായില്ല. കോടതി കണ്ടെത്തിയത് അദ്വാനി ആൾക്കൂട്ടത്തെ തടയാൻ ശ്രമിച്ചുവെന്ന്.രാജ്യത്താകെ രഥയാത്ര നടത്തി, ഇഷ്ടികയുമായി, പതിനായിരക്കണക്കിന് ആളുകളെ അല്ല കർസേവകരെ അയോദ്ധ്യയിൽ എത്തിക്കാൻ അദ്വാനി നേതൃത്വം കൊടുത്തത് അവിടം വരെ എത്തിച്ച ശേഷം അവരെ തടയാനായിരുന്നുവത്രേ. പാവം പക്ഷേ വിജയിച്ചില്ല.സത്യത്തിലാരും ഇതുവരെ തിരിച്ചറിഞ്ഞില്ല അദ്വാനിയുടെ സദുദ്ദേശ്യം.കോടതിക്ക് നന്ദി.

സുപ്രീം കോടതി പറഞ്ഞു. പള്ളി പൊളിച്ചത് നിയമ വിരുദ്ധ നടപടി തന്നെ. ഇന്ന് സിബിഐ കോടതി കണ്ടെത്തിയത് അത് ചെയ്തത് സാമൂഹിക വിരുദ്ധരെന്നത്രേ. അതാരാണ്? കർസേവകർക്കും അവരുടെ നേതാക്കൾക്കും കോടതി കണ്ടെത്തിയ പര്യായ പദമാണോ അത്? പൊളിച്ചവർ ആ ദിവസം - ഡിസംബർ 6-വിജയദിനമായി പതിറ്റാണ്ടുകളായി ആഘോഷിക്കുന്നവരല്ലേ? ആ 'വിജയ 'ത്തിൻ്റെ പേരിൽ അധികാരത്തിൽ എത്തിയവരല്ലേ? സാമൂഹിക വിരുദ്ധത അധികാരാരോഹണം നടത്തിയ ഒരു സമൂഹത്തിൽ നീതി രാഹിത്യമായിരിക്കും നാട്ടുനടപ്പ്.

മുത്തഛനിട്ട താഴ് തുറന്നു കൊടുക്കുകയും ശിലാന്യാസം അനുവദിക്കുകയും ചെയ്ത് എല്ലാറ്റിനും വഴിയൊരുക്കിയ രാജീവ് ഗാന്ധിയേയും പിന്നീട് പള്ളി പൊളിച്ചടുക്കുമ്പോൾ മഹാമുനിയെപ്പോലെ നിസ്സംഗനും മൂകസാക്ഷിയുമായിരുന്ന നരസിംഹറാവുവിനേയും ഇപ്പോൾ ഓർക്കാതിരുന്നാൽ അവരുടെ സ്മരണയോടുള്ള അനീതിയായിരിക്കും. ഓഗസ്റ്റ് 5 ന് പൊളിച്ച സ്ഥലത്ത് നിർമ്മാണത്തിൻ്റെ ശിലയിടലിന് വിളിച്ചില്ലെന്ന പ്രിയങ്കയുടെ പരിഭവം എങ്ങിനെ മറക്കും? ഓഗസ്റ്റ് 5 ന് ഞാൻ കുടി പങ്കെടുത്ത ടിവി ചർച്ചയിൽ " ഇനി എല്ലാം ശുഭമാകും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് " എന്ന കോൺഗ്രസ് സുഹൃത്തിൻ്റെ 'ശുദ്ധഗതി' എങ്ങിനെ അവഗണിക്കും?

"കാശി മഥുര ബാക്കി ഹേ " എന്ന മുദ്രാവാക്യം കോൺഗ്രസും ലീഗും ജമാഅത്തുമൊക്കെ മാത്രമായിരിക്കും കേൾക്കാത്തത്. അവർ അത്രമേൽ 'നിഷ്‌കളങ്കരാണല്ലോ '. കാശി, മഥുര പള്ളികൾക്കായി അവകാശമുന്നയിച്ച് ചിലർ കോടതിയിൽ ഹരജി കൊടുത്തതായി ഒരു കൊച്ചു വാർത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. വരും കാലത്തേക്കുള്ള വേറൊരു മഹാദുരന്തത്തിൻ്റെ വിഷവിത്തുപോലൊരു ചെറിയ വാർത്ത.അയോദ്ധ്യയുടെ കാര്യത്തിൽ ആദ്യം 'നീതി' നടപ്പാക്കിയ ശേഷം പിന്നീട് ' ശരിവെച്ചു' കിട്ടാൻ കോടതിയിൽ പോവുകയായിരുന്നു. ഇനി അതു വേണ്ടി വരില്ല. കോടതി മുഖേന തന്നെ 'നീതി ' നടത്തിക്കിട്ടും എന്ന പ്രതീക്ഷ അവർക്ക് ഉണ്ടായിട്ടുണ്ടാവും. ഗാന്ധി വധം മുതൽ ശബരിമല വരെയുള്ള വിധികളാൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാതായ ഒരു കൂട്ടർക്ക് അതുണ്ടാക്കി കൊടുക്കാൻ ചില സമീപ കാല വിധികളിലൂടെ കോടതികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു. ചില്ലറ നേട്ടമല്ലല്ലോ.

എല്ലാം ശുഭപര്യവസായിയായ സ്ഥിതിക്ക് ആഘോഷ ത്തിനിടയിൽ ആ ഒരാൾ വിസ്മരിക്കപ്പെടില്ലായിരിക്കും. സുപ്രീം കോടതി ചീഫ് ഒന്നും അല്ലാത്തതിനാൽ രാജ്യസഭയൊന്നും ഇല്ലെങ്കിലും ഒരു എം.എൽ.സിയെങ്കിലുമായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് കരുതാം.

വാൽക്കഷണം: പള്ളി പൊളിച്ചതിൻ്റെ തെളിവുകണ്ടെത്താൻ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി തീർക്കുമായിരിക്കും സി.ബി.ഐ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top