16 April Tuesday

"അമ്മയുടെ വേർപാടിന് ശേഷം ഇങ്ങനെയൊരു അമ്മയെ കണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു'; കൊച്ചി മേയർ എം അനിൽകുമാറിന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

പലപ്പോഴും രാത്രിയാവുമ്പോൾ ക്ഷീണിച്ചു തളർന്നു വരുന്ന ഞങ്ങൾക്ക് ഭക്ഷണം തരിക എന്നത് ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്ന് വന്നിട്ടുള്ള ആളുകളോട് ഏറ്റവും ഭംഗിയായി പെരുമാറണം , അവർക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ ചിന്ത മാത്രമെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. എം അനിൽകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഇന്ന് എനിക്ക് വേണ്ടപ്പെട്ട രണ്ടുപേർ സകുടുംബം എന്നെ കാണാൻ വന്നു. കഴിഞ്ഞ UDF ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ, രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു. #DYFI സംഘടനയിൽ നിന്ന് ഞങ്ങൾ ഒഴിഞ്ഞ സമയത്താണ് ഈ തിരഞ്ഞെടുപ്പുകൾ നടന്നത്.അതുകൊണ്ടുതന്നെ സംസ്ഥാന അടിസ്ഥാനത്തിൽ ഉള്ള കുറച്ചു പേരെ പ്രാസംഗികരായി ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടി നിയോഗിക്കുകയുണ്ടായി. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ ചെന്നപ്പോൾ അവിടെ മനോഹരൻ എന്ന ഒരു സഖാവിന്റെ വീട്ടിലാണ് താമസിച്ചത്. മനോഹരൻ ചേട്ടനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകളിലായാണ് ഞങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. കേരളത്തിലെ മികച്ച പ്രാസംഗികരിൽ ഒരാളായ സ.പ്രേംനാഥ് (കോഴിക്കോട്) , Adv റെജി സഖറിയ, കെ അനിൽകുമാർ , Adv ഷാനവാസ് (കോട്ടയം) പിന്നെ ഞാനും.

അങ്ങനെയാണ് ഞങ്ങൾ അവിടെ താമസിച്ചത്. എല്ലാ ദിവസവും രാവിലെ വിവിധ സ്ഥലങ്ങളിലെല്ലാം പോയി പ്രസംഗിക്കുക, രാത്രിയിൽ തിരിച്ചു വരിക. സ. AN ഷംസീറും ഞാനും ഒരു വാഹനത്തിലായിരുന്നു പ്രസംഗിക്കാൻ പോവുന്നത്. ഷംസീർ താമസിച്ചത് മറ്റൊരു സ്ഥലത്തായിരുന്നു. മിക്കവാറും ഞങ്ങൾക്ക് കേൾവിക്കാർ ആരും ഉണ്ടാവാറില്ല .സ E P ജയരാജനായിരുന്നു ഞങ്ങളെ നിയന്ത്രിച്ചിരുന്നത്. പലപ്പോഴും ഈ വഴികളിൽ എല്ലാം പോയ്ക്കൊണ്ടിരുന്ന സ. തോമസ് ഐസക് ഇടയ്ക്കൊക്കെ എന്നെ വിളിച്ച് കളിയാക്കാറുണ്ട് , "അനിലിന്റെ പ്രസംഗം കേൾക്കാൻ പോസ്റ്റ് മാത്രമെയുള്ളു " എന്ന് പറഞ്ഞ് . പലപ്പോഴും രാത്രിയാവുമ്പോൾ ക്ഷീണിച്ചു തളർന്നു വരുന്ന ഞങ്ങൾക്ക് ഭക്ഷണം തരിക എന്നത് ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്ന് വന്നിട്ടുള്ള ആളുകളോട് ഏറ്റവും ഭംഗിയായി പെരുമാറണം , അവർക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ ചിന്ത മാത്രമെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചയാൾ എന്റെ പെറ്റമ്മ തന്നെയാണ്. അതിനു മുൻപുള്ള പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് എന്റെ അമ്മ എന്നെ വേർപിരിഞ്ഞത്. ഇപ്പോഴും ആ വേദന അണയാത്ത കനൽ പോലെ ഹൃദയത്തിൽ നീറുന്നുണ്ട്. അമ്മയുടെ വേർപാടിന് ശേഷം അധികം താമസിയാതെ ഇങ്ങനെയൊരു അമ്മയെ കണ്ടത് എനിക്ക് വലിയ ആശ്വാസമായിരുന്നു. അമ്മയ്ക്ക് ആണും പെണ്ണുമായി ഞാൻ ഒരു മകനായതു കൊണ്ട് തന്നെ ഒരു പാട് സ്നേഹിച്ചും ലാളിച്ചുമാണ് വളർത്തിയത്. ഒരിക്കൽ കളഞ്ഞു പോയി എന്ന കാരണത്താൽ ഗുരുവായൂരപ്പന് നേർന്നു കിട്ടിയ ആളാണ് ഞാൻ എന്നാണ് അമ്മയുടെ വിശ്വാസം. ഗുരുവായൂരിൽ തൊഴാൻ പോവുമ്പോളെല്ലാം നിർന്നിമേഷയായി അമ്മ കയ്യിലുള്ള സ്വർണ്ണ വളകൾ ഓരോന്നോരോന്നായി ഊരി എറിയുന്നത് ഞാൻ ഇപ്പഴും ഓർക്കുന്നു. അങ്ങനെ ഒരിക്കൽ കയ്യിൽ ഒരു വളമാത്രം അവശേഷിക്കെ അച്ഛനോടു ഞാൻ ഇത് വളരെ വിഷമത്തോടെ പറഞ്ഞു. അങ്ങനെ ക്ഷേത്രത്തിൽ പോവാത്ത, ഈശ്വരവിശ്വാസിയല്ലാത്ത അച്ഛൻ ചുണ്ടിൽ എരിയുന്ന സിഗരറ്റ് പുക ഊതി വിട്ട് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത് , " അത് അമ്മയുടെ ഇഷ്ടം .നിനക്ക് വിഷമം ഉണ്ടെങ്കിൽ നീ പറഞ്ഞോളു " . ഞാൻ അത്ഭുതപ്പെട്ടു പോയി. അവിടുന്നാണ് , ഈശ്വരവിശ്വാസികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ആദ്യത്തെ പാഠം എനിക്ക് ലഭിച്ചത്. പക്ഷെ പിന്നീട് ഞാൻ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു പറഞ്ഞു , ഇനി കയ്യിലുള്ള ആ ഒരു വള ഊരി കൊടുക്കരുത് എന്ന്. പിന്നീട് അമ്മ ഗുരുവായൂരമ്പലത്തിൽ പോകാതിരിക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരുപാട് കാലം കഴിഞ്ഞ്, മുതിർന്നപ്പോൾ അമ്മ മരിക്കുന്നതിന് കുറച്ച് മുൻപ് ഞാൻ , ഗുരുവായൂരമ്പലത്തിൽ അമ്മയെ കൊണ്ടുപോയി തൊഴീക്കുകയുണ്ടായി. ഏതായാലും എന്നെ ഒക്കത്ത് വച്ചും , അഷ്ടചൂർണ്ണം നൽകിയും , തല്ലാതെ, പിച്ചാതെ, ചീത്ത പറയാതെ വളർത്തി കൊണ്ടുവന്ന അമ്മയുടെ നഷ്ടത്തിന്റെ ഓർമ്മയ്ക്കിടയിലാണ് ഈ പാർട്ടി കുടുംബത്തിൽ ഞാൻ താമസിച്ചത്. ഒരു ചെറിയ കട്ടിലാണ് ആ മുറിയിൽ ഉണ്ടായിരുന്നത്. ആ കട്ടിൽ പലപ്പോഴും സ. പ്രേംനാഥ് എനിക്കായി വിരിച്ചിടുമായിരുന്നു. മുറി വൃത്തിയാക്കുന്നതും അടിച്ചു വാരുന്നതുമെല്ലാം പ്രേംനാഥിന്റെ ജോലിയായിരുന്നു. താൻ ഉടുക്കുന്ന കാവി മുണ്ട് തന്നെ നിലത്ത് വിരിച്ചായിരുന്നു പ്രേംനാഥിന്റെ കിടപ്പ് , റെജി സഖറിയയും , ഷാനവാസും , അനിൽ കുമാറും ഒരു പായിൽ ഇടിച്ച് കിടക്കും. ഞാൻ കട്ടിലിലും . ഇങ്ങനെയായിരുന്നു ലാളിച്ചു വളർത്തിയ കുടുംബത്തിൽ നിന്ന് വന്ന എനിക്ക് കമ്യൂണിസ്റ്റ് പാർട്ടിയിലെ സഖാക്കൾ നൽകിയ പരിഗണന. ഈ പരിഗണന ആവോളം ലഭിച്ച ഒരു പാർട്ടി പ്രവർത്തകനാണ് എന്ന ബോധ്യം എനിക്കിപ്പഴും ഉണ്ട് . ഏതായാലും ആ ഉപതിരഞ്ഞെടുപ്പിൽ നമ്മൾ പരാജയപ്പെട്ടു. അവിടന്ന് തിരിച്ചു വന്നിട്ടും ചേട്ടനും ചേച്ചിയുമായുള്ള സ്നേഹ ബന്ധം തുടർന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തിയതിന് പിന്നിൽ ,പാർട്ടിയെ ജീവനേക്കാൾ അധികം സ്നേഹിച്ച ഒരുപാടുപേരുടെ ത്യാഗവും സ്നേഹവും കരുതലും ഉണ്ട് . നമ്മൾ കേട്ടിട്ടില്ലെ, EMS നേയും AKG യേയും, കൃഷ്ണപ്പിള്ളയേയും, അച്ചുതമേനോനേയും ഒക്കെ ഒളിവിൽ പാർപ്പിച്ച കർഷക തൊഴിലാളി കുടുംബങ്ങളെ കുറിച്ച് .. ഇന്ന് പാർട്ടിക്ക് അതിനെക്കാൾ കൂടുതൽ സൗകര്യങ്ങളുണ്ട് , നോക്കാൻ അനുഭാവികളും ഉണ്ട്. പക്ഷെ ആ സ്നേഹത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

അച്ഛനാണ് എന്നിലെ കമ്മ്യൂണിസ്റ്റ്കാരനെ ഊട്ടിയുറപ്പിച്ചത്. അച്ഛന് ഏറ്റവും വേണ്ടപ്പെട്ട ഗോവിന്ദൻ മൂപ്പൻ എന്ന ഒരു തൊഴിലാളിയുണ്ടായിരുന്നു ഞങ്ങളുടെ പുതുക്കല വട്ടത്ത് . അദ്ദേഹം ഞങ്ങളുടെ തന്നെ കുടുംബത്തിലെ ഒരു വല്യച്ഛന്റെ ട്രങ്ക് ഉണ്ടാക്കുന്ന കമ്പനിയിൽ ട്രേഡ് യൂണിയൻ ഉണ്ടാക്കിയ ആളാണ്. ഗോവിന്ദൻ മൂപ്പൻ ധാരാളം വായിക്കുമായിരുന്നു. വായിക്കുന്ന ഗോവിന്ദൻ മൂപ്പനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് കമ്യൂണിസ്റ്റ്കാരനായ തൊഴിലാളിയെ . യൂണിയനുണ്ടാക്കിയ ഗോവിന്ദൻ മൂപ്പന് പിന്നീട് ഒരുപാട് തിരിച്ചടിയുണ്ടായി , ട്രങ്ക് ഉണ്ടാക്കുന്ന കമ്പനിയിൽ നിന്ന് അദ്ദേഹം പുറത്ത് പോയി. ഈ തിരിച്ചടികൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹം, ഭാര്യ, മകൻ എന്നിവർ അടങ്ങുന്ന കുടുംബത്തിന് വളരെ ദുരിതപൂർണ്ണമായ ദിനങ്ങൾ അനുഭവിക്കേണ്ടി വന്നു. അച്ഛൻ അന്ന് എല്ലാ ഞായറാഴ്ചയും ഗോവിന്ദൻ മൂപ്പനെ കാണാൻ പോകുന്നത് എനിക്കിന്നും ഓർമയുണ്ട്. സത്യത്തിൽ അന്നത്തെ ഞങ്ങളുടെ ചുറ്റുപാടിൽ ഇങ്ങനെ ഒരാളെ പോയി കാണുന്ന രംഗം വീട്ടിൽ സംങ്കൽപ്പിക്കാൻ പറ്റുന്നതല്ലായിരുന്നു. പക്ഷെ അച്ഛൻ സ്ഥിരമായി എന്നോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് , "എടാ പാർട്ടിയെ വളർത്തിയ ഇത്തരം പാവപ്പെട്ട മനുഷ്യരെ ഒരിക്കലും മറക്കരുത് , പ്രത്യേകിച്ച് വായിക്കുന്ന ഒരു തൊഴിലാളിയെ " , ഈ ഓർമ്മ ഇപ്പോഴും ഞാൻ കൊണ്ടു നടക്കുന്നു.

സ. അച്ചുത മേനോന്റെ ഡയറിക്കുറിപ്പിൽ അദ്ദേഹത്തെ ജീവനു തുല്യം സ്നേഹിച്ച് സംരക്ഷിച്ച നാരായണൻ എന്ന കമ്യൂണിസ്റ്റുകാരൻ രോഗാവലംബനായി ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ട് പോക്കറ്റിലുള്ള 10 രൂപ കൈകളിൽ കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ നിന്ന് ഉരുകി ഒലിച്ച കണ്ണുനീരിനെ കുറിച്ച് എഴുതിയിട്ടുണ്ട്. സാധാരണ ഒന്നും മിണ്ടാത്ത അച്ചുത മേനോൻ എഴുതിയിരിക്കുന്നു. " കൂടുതൽ കൊടുക്കേണ്ടതായിരുന്നു. , എന്തു ചെയ്യാം എന്റെ പോക്കറ്റിൽ ആ 10 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു. " ഒരു കമ്യൂണിസ്റ്റ്കാരനായ മുഖ്യമന്ത്രിക്ക് മാത്രമെ അങ്ങനെ എഴുതാൻ കഴിയൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏതായാലും ഇത്തരം ഓർമ്മ നമ്മുടെ പഴയ കാലഘട്ടത്തെ കുറിച്ച് ഉണ്ടാവണം. നമ്മളെ ഏറെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്ത ആളുകളെ നമ്മൾ എത്ര ഉയർന്ന പദവിയിൽ എത്തിയാലും ആ ഓർമ്മകൾ നമ്മുടെ മനസ്സിൽ നിന്ന് പോകാൻ പാടില്ല എന്ന് വിശ്വസിക്കുന്നത് എന്റെ ഈ അനുഭവങ്ങളിൽ നിന്നാണ്. അച്ഛൻ പറഞ്ഞിരുന്ന മറ്റൊരു കാര്യവും ഞാൻ ഓർക്കുന്നു. "നീ നിന്റെ അമ്മയെ പോലെ മനസ്സിൽ കാരുണ്യവും ദയയും മാത്രം കൊണ്ടു നടന്നാൽ കമ്മ്യൂണിസ്റ്റാവാൻ കഴിയില്ല. ആരെടാ എന്ന് ചോദിക്കുമ്പോൾ എന്തെടാ എന്ന് തിരിച്ച് ചോദിക്കാൻ കഴിയണം. തെറ്റിനെ ചൂണ്ടി എതിർക്കാൻ കഴിയണം " പാർട്ടിയുടെ നേതാവായ V G ഭാസ്കരൻ നായർ പണ്ട് ആലുവയിലെ കോടതി വളപ്പിൽ വച്ച് ഒരു DYSP യെ അടിച്ചത് അച്ഛൻ പറഞ്ഞു തന്നത് എനിക്ക് ഓർമയുണ്ട് . AKG യുടെ ആത്മകഥയിൽ പറയുന്ന പോലെ ധിക്കാരികളായ , പൊതുജനത്തെ ചൂഷണം ചെയ്യുന്ന പോലീസ് കാരോട് അതു തന്നെ ചെയ്യണം.

ഒരു പാട് വാചാലമായിപ്പോയി. ഇന്ന് മനോഹരൻ ചേട്ടനും ചേച്ചിയും, മക്കളും പേരക്കുട്ടികളും സകുടുബം എന്നെ കാണാൻ വന്നത് എനിക്ക് ഒരു പാട് സന്തോഷം നൽകി. ഇന്നത്തെ ദിവസം ഇത്രയും മതി ഒരു പാട് നാൾ പ്രവർത്തിക്കാനുള്ള ഊർജ്ജം ആ സന്ദർശനം എനിക്ക് നൽകി. മനോഹരൻ ചേട്ടനും , ചേച്ചിക്കും കുടുംബത്തിനും , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അവർ കാണിക്കുന്ന ആത്മാർത്ഥതയ്ക്കും എന്റെ BIG SALUTE


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top