20 April Saturday

അന്ധവിശ്വാസങ്ങളിലും മതഭ്രാന്തന്മാരുടെ പ്രചരണങ്ങളിലും കുടുങ്ങരുത്; രക്ഷിതാക്കളോട് എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

കൊച്ചി > എം ആര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് എല്ലാ രക്ഷിതാക്കളും നല്‍കണമെന്ന് എം എ ബേബി. വലിയൊരു യജ്ഞത്തിലാണ് കേരളം. അന്ധവിശ്വാസങ്ങളിലും മതഭ്രാന്തരുടെയും ശാസ്‌‌‌‌ത്രവിരുദ്ധരുടെയും പ്രചാരണങ്ങളിലും ആധുനിക കേരളത്തിലെ ജനങ്ങള്‍ കുടുങ്ങരുതെന്നും അദ്ദേഹം ഫേസ്‌‌‌‌‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മീസില്‍സ് റൂബെല്ലാ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി എല്ലാ കുട്ടികളിലും ഉണ്ടാക്കാനുള്ള വലിയൊരു യജ്ഞത്തിലാണ് കേരളം. ലക്ഷ്യമിട്ടതിന്റെ എണ്പത് ശതമാനത്തിലേറെ കുട്ടികളും ഇതിനുള്ള കുത്തിവയ്പ് എടുത്തും കഴിഞ്ഞു.

കേരളത്തിന്റെ ആധുനിക പാരമ്പര്യമനുസരിച്ച് ഇത്തരമൊരു ശ്രമം അനായാസേനെ വിജയിക്കേണ്ടതാണ്. എന്നാല്‍ ഒരു വിഭാഗം വര്‍ഗീയവാദികളും മതഭ്രാന്തന്മാരും ശാസ്‌‌ത്രവിരുദ്ധരും ചേര്‍ന്ന് നടത്തുന്ന പ്രചാരണങ്ങളാല്‍ ചില ജില്ലകളില്‍ ഈ യജ്ഞം വേണ്ടത്ര വിജയിച്ചിട്ടില്ല. അവിടങ്ങളിലും ജനങ്ങളിലെ തെറ്റിദ്ധാരണകള്‍ മാറ്റി നീട്ടിയ തിയതിക്കുള്ളില്‍ തന്നെ ഈ യജ്ഞം വിജയത്തിലെത്തിക്കാന്‍ കഴിയും.

എല്ലാ കുട്ടികള്‍ക്കും ഈ കുത്തിവയ്പ് നല്കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അന്ധവിശ്വാസങ്ങളിലും മതഭ്രാന്തരുടെയും ശാസ്ത്രവിരുദ്ധരുടെയും പ്രചാരണങ്ങളിലും ആധുനിക കേരളത്തിലെ ജനങ്ങള്‍ കുടുങ്ങരുത്. നിങ്ങളുടെ കുട്ടികള്‍ രോഗങ്ങളാല്‍ കഷ്ടപ്പെടാതെ ജീവിക്കാനുള്ള ഈ മഹദ്ശ്രമത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ടികളും ഇക്കാര്യത്തില്‍ മുന്നോട്ടിറങ്ങണം.

ആധുനിക ശാസ്ത്രവും ആധുനിക വൈദ്യശാസ്ത്രവും വിമര്‍ശനാതീതമോ തെറ്റു പറ്റാത്തതോ അല്ല. അവയ്‌ക്കെതിരായ വിമര്‍ശനങ്ങളും തിരുത്തലുകളും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ളത് കൂടുതലും പുരോഗമനവാദികളായ ശാസ്ത്രജ്ഞരും വൈദ്യശാസ്ത്രജ്ഞരുമാണ്. അങ്ങനെയാണ് ശാസ്ത്രവും വൈദ്യശാസ്ത്രവും പുരോഗമിച്ചിട്ടുള്ളതും.

മാര്‍ക്‌സിസ്റ്റുകളായ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ വലിയ സംഭാവന ചെയ്തു. പക്ഷേ, അന്ധവിശ്വാസങ്ങളെ താലോലിക്കാന്‍ ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും എതിര്‍ക്കുന്നത് അതു പോലല്ല. ശാസ്ത്രവിമര്‍ശനം അന്ധവിശ്വാസത്തില്‍ ഊന്നി നിന്ന് ചെയ്യുന്ന ഒരു കാര്യമല്ല. ശാസ്ത്രവിമര്‍ശനത്തെ കൊഞ്ഞനം കുത്തലാണ് ഈ ഈ അന്ധവിശ്വാസികള്‍ നടത്തുന്നത്.

വൈദ്യശാസ്ത്രത്തിന്റെ നിരങ്കുശമായ കമ്പോള വല്ക്കരണത്തിന്റെ പ്രശ്‌നവും ഉണ്ട്. പക്ഷേ, അതിനെ നേരിടുന്നതും അന്ധവിശ്വാസങ്ങളിലേക്കും അസത്യ പ്രചാരണങ്ങളിലേക്കും പോയിക്കൊണ്ടല്ല.

ജീവിതശൈലി രോഗങ്ങളുടെ ഈ കാലത്ത് ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വ്യായാമം ചെയ്യുന്നതും ആധുനിക വൈദ്യശാസ്ത്രം തന്നെ ശുപാര്‍ശ ചെയ്യുന്നതാണ്. ശ്രീ ജേക്കബ് വടക്കന്‍ചേരി നിര്‍ദേശിച്ച ഭക്ഷണശൈലി ചില മാറ്റങ്ങളോടെ ഞാന്‍ പാലിച്ചു വരുന്നു. അത് എനിക്ക് വളരെ തൃപ്‌തികരമായ ഫലമുണ്ടാക്കി എന്നു പറയാതിരുന്നാല്‍ അസത്യമാവും. പക്ഷേ, ജേക്കബ് വടക്കന്‍ചേരിയുടെ വാക്‌സിന്‍ വിരുദ്ധ, ആധുനിക വൈദ്യശാസ്ത്രവിരുദ്ധ വിമര്‍ശനങ്ങളോടുള്ള എന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്. അതില്‍ മാറ്റമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top