16 September Tuesday

ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട്‌ കോൺഗ്രസിലെ മതേതരവാദികൾ ചെറുക്കണം; ആർഎസ്‌എസ്‌ രാഷ്‌ട്രീയത്തിന്‌ നൽകുന്ന നേട്ടം കരുതുന്നതിലും അധികം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

തിരുവനന്തപുരം > ജമാ അത്തെ ഇസ്ലാമി എന്ന മതമൌലികവാദി സംഘടനയുമായി തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കാനുള്ള യു ഡി എഫ് തീരുമാനം കോൺഗ്രസിലെ മതേതരവാദികൾ ചെറുക്കണം എന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബി. കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് പുതിയൊരു പതനം ആയിരിക്കും ജമാ അത്തെ ഇസ്ലാമിയോ ആർ എസ് എസോ അവർ നടത്തുന്ന രാഷ്ട്രീയ പാർടികളോ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളിൽ വരുന്നത്. ജമാ അത്ത് മുന്നണി വരുന്ന തെരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് കുറച്ചു വോട്ട് കൂടുതൽ കിട്ടുമായിരിക്കാം. പക്ഷേ, ഈ മുന്നണി ആർ എസ് എസ് രാഷ്ട്രീയത്തിനു നല്കുന്ന നേട്ടം ഇപ്പോൾ കോൺഗ്രസിലെ മതേതരവാദികൾ കരുതുന്നതിലും അധികമായിരിക്കും. വിവിധ വർഗീയതകളുമായി ഒത്തുതീർപ്പുണ്ടാക്കുന്ന രണ്ടു വലതുപക്ഷ കക്ഷികൾക്കു കേരള രാഷ്ട്രീയത്തിൽ ഇടമുണ്ടാവില്ല. കോൺഗ്രസ് ചെയ്യുന്ന തെറ്റായ ചുവട് കോൺഗ്രസിൻറെ തന്നെ നാശത്തിലായിരിക്കും അവസാനിക്കുന്നത്.

ജമാ അത്തെ ഇസ്ലാമി അമീറിനെ സന്ദർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുന്നണി ചർച്ച നടത്തിയ കാര്യം ജമാ അത്ത് നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമാ അത്തിൻറെ സഹായത്താലാണ് ജയിച്ചതെന്ന് വടകര എം പി കെ മുരളീധരനും സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ആർ എസ് എസുമായും മുസ്ലിം മതമൌലികവാദ സംഘടനകളുമായും കോൺഗ്രസ് എന്നും തെരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഉണ്ടാക്കാൻ പോകുന്ന ഈ തെരഞ്ഞെടുപ്പു മുന്നണി അവയെ ഔപചാരികമാക്കുകയാണ്.

1959 ലെ വിമോചനസമരമാണ് കേരളരാഷ്ട്രീയത്തെ ഒരു വമ്പൻ പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തിയത്. തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തുക എന്ന സാധ്യത കേരളത്തിലെ വലതുപക്ഷത്തിനു സഹിക്കാവുന്നതിലുമേറെയായിരുന്നു. കോൺഗ്രസിൻറെ നേതൃത്വത്തിലുണ്ടായിരുന്ന ബൂർഷ്വാ രാഷ്ട്രീയം അതിൻറെ എല്ലാ ജനാധിപത്യ ആടയാഭരണങ്ങളും വലിച്ചറിഞ്ഞ് സർവ ജാതി-മത ശക്തികളെയും വിളിച്ചുകൂട്ടി അട്ടിമറി സമരത്തിനിറങ്ങി. അന്നുണ്ടാക്കിയ ജാതി മത മുന്നണിയാണ് കേരള രാഷ്ട്രീയത്തെ മത – ജാതി ഗ്രൂപ്പുകളുടെ വിളനിലമാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം എന്ന ഭയമാണ് ഇപ്പോൾ ജമാ അത്തുമായി മുന്നണിയും ആർ എസ് എസുമായി ധാരണയുമുണ്ടാക്കാൻ യു ഡി എഫിനെ പ്രേരിപ്പിക്കുന്നത് - ബേബി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top