18 April Thursday

‘‘നോവൽ പിൻവലിക്കേണ്ടി വന്നത്‌ കേരളത്തിന്‌ അപമാനം’’‐ എഴുത്തുകാരൻ എസ്‌ ഹരീഷിന്‌ പിന്തുണയുമായി എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

കൊച്ചി > എഴുത്തുകാരൻ എസ്‌ ഹരീഷിനു നേരെ സംഘപരിവാർ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. സംഘപരിവാർ സമ്മർദ്ദത്തിന്‌ വഴങ്ങി മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന ‘മീശ’ എന്ന നോവൽ എഴുത്തുകാരന്‌ പിൻവലിക്കേണ്ടി വന്നത്‌ കേരളത്തിന്‌ അപമാനമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

എം എ ബേബിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം :

എഴുത്തുകാരൻ എസ് ഹരീഷിനു നേരെ സംഘപരിവാർ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവൽ പിൻവലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്. ഹരീഷിൻറെ നോവലിൽ ഒരു കഥാപാത്രം പറയുന്ന സംഭാഷണം അപമാനകരമാണ് എന്ന് ആരോപിച്ചാണ് എഴുത്തുകാരനു നേരെ ആക്രമണം ഉണ്ടായത്. ഈ നോവലിലെ പരാമർശങ്ങൾ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ പിൻവലിച്ച് മാപ്പു പറയണമെന്നാണ് മാതൃഭൂമി പത്രാധിപർക്കയച്ച കത്തിൽ യോഗക്ഷേമ സഭയുടെ പേരിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ എഴുത്തുകാരനെതിരായ നീക്കത്തിൽ യോഗക്ഷേമസഭയെ ഒരു ഉപകരണമായി ഹിന്ദുത്വവർഗീയവാദികൾ ഉപയോഗിക്കുകയാണെന്നത് വ്യക്തമാണ്. ഇന്ന് തൃപ്പൂണിത്തുറയിൽ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഹിന്ദു ഐക്യ വേദി എന്ന ആർ എസ് എസ് സംഘടനയാണ്. യോഗക്ഷേമസഭ എന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള, വിടി ഭട്ടതിരിപ്പാടിൻറെയും ഇഎംഎസിൻറെയും സംഘടനെയെ മുൻനിറുത്തി കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്താനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഇതിന് നിന്നുകൊടുക്കരുതെന്ന് യോഗക്ഷേമസഭയുടെ നേതൃത്വത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനും സ്വതന്ത്ര ചിന്തക്കും തീകൊളുത്തിയ സംഘടനയാണ് സഭ.

എഴുത്തുകാരനു നേരെ ഉണ്ടായ അക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുണ്ടായ ശ്രമത്തെയും തുടർന്നാണ് ഈ നോവൽ പ്രസിദ്ധീകരണം നിറുത്തുന്നതെന്ന് എഴുത്തുകാരൻ പറഞ്ഞതായാണ് വാർത്ത. പെരുമാൾ മുരുകനു നേരെ തമിഴ്നാട്ടിൽ ചില ജാതി സംഘടനകളെ മുൻനിറുത്തി ആർ എസ് എസ് നടത്തിയ ആക്രമണത്തെത്തുടർന്ന് മുരുകൻ എഴുത്തു നിറുത്തിയതിന് സമാനമായ സാഹചര്യമാണിത്. പക്ഷേ, ഇതു കേരളമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയർത്താൻ ഇവിടെ ആർക്കും ആവില്ലെന്നും ആർ എസ് എസിനെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവൽ പ്രസിദ്ധീകരണം തുടരണമെന്നും അഭ്യർത്ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top