21 September Thursday
കക്കൂസില്ലാത്ത വീടുകള്‍ 82ശതമാനമാണ് അമേഠിയില്‍

ദുരിതം പേറുന്ന അമേഠിയും രാഹുല്‍ കാണേണ്ട വയനാടന്‍ വികസന മാതൃകയും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം ഒരു ഇന്‍ഡസ്ട്രിയല്‍ ആന്റ് എഡ്യുക്കേഷണല്‍ ഹബ് ഉണ്ടാക്കുമെന്നതായിരുന്നു. എന്നാല്‍ അത്തരം പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം നേടാനോ ജോലി ചെയ്യാനോ തക്കതായ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ സ്വന്തം മണ്ഡലത്തില്‍ എത്ര പേര്‍ക്കുണ്ട് എന്ന് അദ്ദേഹത്തിനറിയില്ല എന്നതാണ് വാസ്തവം.രാഹുല്‍ ഗാന്ധി മാത്രമല്ല, അദ്ദേഹത്തിന്റെ വലിയച്ഛനും, അച്ഛനും, അമ്മയുമുള്‍പ്പെടെ കാലാകാലങ്ങളായി ആ കുടുംബം സ്വന്തം സ്വത്ത് പോലെ കൈവശം വച്ചിരിക്കുന്ന ഒരു മണ്ഡലമാണിതെന്ന് ഓര്‍ക്കണം;  കെ ഷഫീഖ് സല്‍മാന്‍ എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്‌


ബി പി എല്‍ കുടുംബങ്ങള്‍ - 4,07,000
സാക്ഷരത - 64%
മെഡിക്കല്‍ കോളേജ് - 0
എഞ്ചിനീയറിങ്ങ് കോളേജ് - 0
കക്കൂസ് ഇല്ലാത്ത വീടുകള്‍ - 82.6%
കുളിമുറിയില്ലാത്ത വീടുകള്‍ 55.6%
അകത്ത് അടുക്കളയില്ലാത്ത വീടുകള്‍-51.8%...

രാഹുല്‍ ഗാന്ധി 2004 മുതല്‍ എംപിയായിട്ടുള്ള അമേഠി മണ്ഡലത്തിന്റെ അവസ്ഥയാണ് ഇത്. രാഹുല്‍ ഗാന്ധി മാത്രമല്ല, അദ്ദേഹത്തിന്റെ വലിയച്ഛനും, അച്ഛനും, അമ്മയുമുള്‍പ്പെടെ കാലാകാലങ്ങളായി ആ കുടുംബം സ്വന്തം സ്വത്ത് പോലെ കൈവശം വച്ചിരിക്കുന്ന ഒരു മണ്ഡലമാണിതെന്ന് ഓര്‍ക്കണം.

കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം ഒരു ഇന്‍ഡസ്ട്രിയല്‍ ആന്റ് എഡ്യുക്കേഷണല്‍ ഹബ് ഉണ്ടാക്കുമെന്നതായിരുന്നു. എന്നാല്‍ അത്തരം പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം നേടാനോ ജോലി ചെയ്യാനോ തക്കതായ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ സ്വന്തം മണ്ഡലത്തില്‍ എത്ര പേര്‍ക്കുണ്ട് എന്ന് അദ്ദേഹത്തിനറിയില്ല എന്നതാണ് വാസ്തവം. ഇതാണ് വലതുപക്ഷ വികസന കാഴ്ചപ്പാടിന്റെ പ്രതിസന്ധി.

അതിന് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്നു മനസിലാക്കാനോ, അവയെ പരിഗണിക്കാനോ, അവ പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല, താല്‍പര്യമില്ല. വന്‍കിട വികസനത്തിന്റെ പുകമറ സൃഷ്ടിച്ച്, അതിന്റെ ഗുണഫലങ്ങള്‍ ഇറ്റിയിറങ്ങിക്കിട്ടാന്‍ പോലും ത്രാണിയില്ലാത്ത മനുഷ്യരെ പറ്റിക്കാന്‍ മാത്രമേ അതിനു സാധിക്കൂ.

ഈ ജനവിരുദ്ധ വികസനത്തിന്റെ എതിര്‍വശത്ത് ജനങ്ങളെ മുന്‍നിര്‍ത്തി ജനങ്ങള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന ജനകീയ വികസനത്തിന്റെ മാതൃക വേറെയുണ്ട്. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ അമേഠിയെ സിംഗപ്പൂരിനു തുല്യമാക്കുമെന്ന് ബഡായി പറഞ്ഞ് അവിടത്തുകാരെ പറ്റിക്കുന്ന രാഹുല്‍ ഗാന്ധി കേട്ടു പഠിക്കേണ്ട ഒന്നാണ്, നിങ്ങള്‍ മത്സരിക്കാന്‍ പോകുന്ന വയനാട്ടില്‍ നടക്കുന്ന കാര്യ്ം.

ഈയടുത്ത് നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ (രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആ ആശുപത്രി തന്നെ) പോയ സമയത്ത് അവിടെ ഈ ചിത്രത്തില്‍ കാണിച്ച ഒരു ചെറിയ കെട്ടിടത്തിന്റെ പണി നടക്കുന്നു. എന്താണ് കാര്യമെന്നു തിരക്കിയപ്പോള്‍ കൂടെയുള്ള മെഡിക്കല്‍ ഓഫീസര്‍ സുഹൃത്ത് ആദ്യം പറഞ്ഞത് ഒരു കഥയാണ്.

അദ്ദേഹം മെഡിക്കല്‍ ഓഫീസറായി വയനാട് ചാര്‍ജെടുത്ത സമയത്താണ് സംഭവം നടക്കുന്നത്. ഒരു ദിവസം ഗര്‍ഭിണിയായ ഒരു യുവതിയെ നിര്‍ബന്ധപൂര്‍വം ജെപിഎച്എന്‍ നഴ്‌സുമാര്‍ പ്രസവത്തിനായി അദ്ദേഹം ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെത്തിക്കുന്നു. നല്ല മെഡിക്കല്‍ അറ്റന്‍ഷന്‍ വേണ്ട അവസ്ഥയിലാണ് ആ യുവതി. എന്നിട്ടും അവര്‍ ഹോസ്പിറ്റലില്‍ പ്രവേശിക്കാന്‍ തീരെ താല്‍പര്യം കാണിക്കുന്നില്ല.


ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ആദിവാസികള്‍ക്കിടയിലെ കൂടിയ ശിശുമരണ നിരക്ക് കുറച്ചേ പറ്റൂ. അവര്‍ക്ക് ഏറ്റവും മികച്ച ശുശ്രൂഷ നല്‍കുക എന്നതാണവരുടെ കര്‍ത്തവ്യം. എന്നാല്‍ ആദിവാസികള്‍ പലപ്പോഴും ഹോസ്പിറ്റലുകളിലേയ്ക്ക് വരാന്‍ വിമുഖത കാണിക്കുന്നു. അവരുടെ പരിചിതമായ കുടിലും ഊരും വിട്ട്, പരമ്പരാഗതമായ ചികിത്സാ രീതികള്‍ ഒഴിവാക്കി വരുന്നതിനു വിമുഖതയാണ്. എന്നാല്‍ അത്തരം അശാസ്ത്രീയ ചികിത്സാരീതികള്‍ക്കും സൗകര്യക്കുറവുകള്‍ക്കും അവരെ വിട്ടുകൊടുക്കുക എന്നത് ഉത്തരവാദിത്വബോധമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുമില്ല.

അങ്ങനെ ആ യുവതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് അവളുടെ പ്രസവം നടക്കുകയും ചെയ്യുന്നു. പക്ഷേ, അപരിചിതമായ സാഹചര്യം അവളെ പരിഭ്രാന്തയാക്കുകയുണ്ടായി. ആ അനുഭവം അവളെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേയ്ക്ക് നയിക്കുന്ന അവസ്ഥയിലെത്തുകയും തുടര്‍ ചികിത്സയിലൂടെ അതു ഭേദമാവുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ വയനാടിലെ പൊതു ആരോഗ്യസംവിധാനം നിരന്തരം നേരിടുന്ന വലിയ വെല്ലുവിളികളാണ്.

വയനാട്ടിലെ പൊതുആരോഗ്യ സംവിധാനങ്ങള്‍ക്കു മുന്‍പിലുള്ള ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്ന് അവിടത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യസൗഖ്യം ഉറപ്പു വരുത്തുക എന്നതാണ്. നിതാന്തമായ പരിശ്രമങ്ങള്‍ അതിനുവേണ്ടി ഉണ്ടാകാറുണ്ട്. പുതിയ സ്‌കീമുകള്‍, സഹായങ്ങള്‍, പദ്ധതികള്‍ ഒക്കെ നടപ്പിലാക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. എന്നാല്‍ അതിനൊക്കെ തടസം സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നു പൊതുസമൂഹത്തിനു ആദിവാസി സമൂഹത്തിനും ഇടയില്‍ നില നില്‍ക്കുന്ന സാംസ്‌കാരികമായ വിടവാണ്.


 ആധുനികതയെ അവര്‍ക്ക് ഉള്‍ക്കൊള്ളാനോ ആധുനികതയ്ക്ക് അവരെ ശരിയായ രീതിയില്‍ മനസിലാക്കാനോ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പലപ്പോളും അവരുടെ ഈ പ്രശ്‌നം മനസിലാക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് നടന്നു വന്നിരുന്നത് എന്നത് യാഥാര്‍ഥ്യമാണ്. അതിനൊരുദാഹരണമാണ് ഞാന്‍ മേല്‍ വിവരിച്ച സംഭവം.

അതുകൊണ്ട് ഒറ്റയടിയ്ക്ക് അടിച്ചേല്‍പിക്കുകയല്ല, പകരം പതുക്കെ അവരുടെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റങ്ങള്‍ വരുത്തി ഈ വിടവടയ്ക്കുകയാണ് വേണ്ടത്. ഈ ഒരു യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ അവിടെ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്ന മനോഹരമായ പദ്ധതിയായ 'ആന്റിനാറ്റല്‍ ട്രൈബല്‍ ഹോം' ആണ് ഈ കെട്ടിടം. പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെടുന്ന ആദിവാസി യുവതികള്‍ക്കും കുടുംബത്തിനും താമസിക്കാനായി ഹോസ്പിറ്റലിനോട് ചേര്‍ന്നു പ്രത്യേകം കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നു.

 ബെഡ് റൂം, ടോയ്‌ലറ്റ്, സിറ്റൗട്ട്, കോമണ്‍ ഏരിയ ഒക്കെ ഉള്‍പ്പെടുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു താമസസ്ഥലമായിരിക്കും ഇത്. അവര്‍ക്ക് അവിടെ കുടുംബത്തോടൊപ്പം കഴിയാനും ഹോസ്പിറ്റലിലെ ചികിത്സാ സൗകര്യങ്ങള്‍ നേടുവാനും സാധിക്കും. അപരിചിതത്വത്തിന്റെ ആശങ്കകള്‍ ഇതുമൂലം അവരെ അലട്ടില്ല.നിലവില്‍ വയനാട് ഏഴ് ആന്റി നാറ്റല്‍ ട്രൈബല്‍ ഹോമുകളുടെ നിര്‍മാണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ബത്തേരി, വൈത്തിരി താലൂക്ക് ഹോസ്പിറ്റലുകളില്‍ രണ്ടു വീതവും, നൂല്‍പുഴ, വാഴവറ്റ, അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഓരോന്നു വീതവുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

 ഇതില്‍ നൂല്‍പ്പുഴയും വാഴവറ്റയും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയവയാണ്. പദ്ധതിയുടെ ആദ്യഘട്ട ചിലവ് 53 ലക്ഷം രൂപയാണ്. ഇതൊരു വലിയ ചുവടുവയ്പാണ്. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുങ്ങുകയാണ്. മാറ്റി നിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിയ്ക്കുകയാണ്. അവരെ അവരായി ഉള്‍ക്കൊള്ളുകയാണ്.

അമേഠിയിലെ പാവങ്ങള്‍ക്കിത് കേട്ടാല്‍ ഒരു വിചിത്ര കഥ പോലെ തോന്നിയേക്കാം. എന്തിന്, രാഹുല്‍ ഗാന്ധിയ്ക്കു പോലും. (കേരളത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാത്തതു കൊണ്ടാണല്ലോ ഇവിടെ വന്ന് സ്‌ക്കൂളുകളുണ്ടോ കേരളത്തില്‍ എന്നു ചോദിച്ചത്! വരുന്നത് എവിടെ നിന്നാണെന്നു കൂടെ ഓര്‍ക്കണം.) ഇങ്ങനെയും ഒരു സര്‍ക്കാരോ? വോട്ടുബാങ്കെന്നതിനപ്പുറം സാധാരണ മനുഷ്യരെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരായി പരിഗണിക്കുന്ന, വി ഐ പിയായി കണക്കാക്കുന്ന സര്‍ക്കാരോ എന്ന് മൂക്കത്തുവിരല്‍ വച്ചു അദ്ഭുതം കൂറിയേക്കാം.

വികസനത്തിന്റെ ഇടതുകാഴ്ചപ്പാടാണിത്.വികസനത്തിന്റെ മാനവിക നിലപാടാണിത്.എന്നാല്‍ ഇന്നും വികസനം വരണമെങ്കില്‍ കോണ്‍ഗ്രസ് വരണം എന്നത് നമ്മുടെ, പ്രത്യേകിച്ചും ഇവിടത്തെ മധ്യവര്‍ഗത്തിന്റെ, ബോധത്തില്‍ എങ്ങനെയൊക്കെയോ അടിയുറ(പ്പി)ച്ചു പോയ ഒരു (അന്ധ)വിശ്വാസമാണ്. വസ്തുതാപരമായ ഏതെങ്കിലും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അതുണ്ടായത്. പകരം, വികസനത്തെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട വലതുപക്ഷ വീക്ഷണമാണ് അതിനകത്ത് പ്രവര്‍ത്തിക്കുന്നത്.

ഉദാരവല്‍ക്കരണത്തിന്റെ ആദ്യ നാളുകളില്‍ അതു കൂടുതല്‍ കരുത്തുനേടുകയുണ്ടായി ഗാന്ധിയും നെഹ്രുവും ഭഗത് സിങ്ങുമൊക്കെ ലീഡര്‍മാരായിരുന്ന നാട്ടില്‍, ലീഡര്‍ എന്ന പേരില്‍ നാരായണ മൂര്‍ത്തിയും, നിലേക്കനിയും, ടാറ്റയും, അസിം പ്രെംജിയും എന്തിന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വരെ അറിയപ്പെടാന്‍ തുടങ്ങി. ഒരു കാലഘട്ടത്തിന്റെ ബോധത്തെ നയിക്കുന്നത് ഇവരായി മാറി. എന്നാല്‍ കോടീശ്വരന്മാര്‍ ഒരു വശത്തു പെരുകിയപ്പോള്‍ അതിന്റെ അനേകായിരം മടങ്ങായി ദരിദ്രന്മാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്.


കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. തൊഴിലില്ലായ്മ പെരുകുന്നു, സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നു, അസമത്വം വാനോളമുയരുന്നു...സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവന്റെ ജീവിതം കൂടുതല്‍ കൂടുതല്‍ മോശവും അരക്ഷിതവുമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നമ്മള്‍ കരുതുന്നത് വികസനം വരണമെങ്കില്‍ കോണ്‍ഗ്രസ് പോലുള്ള വലതുപക്ഷ സംഘടനകള്‍ വരണമെന്നാണ്. എന്നാല്‍ ഈ വൈരുദ്ധ്യങ്ങള്‍ മുന്‍പില്‍ മലര്‍ക്കെ, നീണ്ടു നിവര്‍ന്നു കിടക്കുമ്പോളും 'ആരുടെ വികസനം?' എന്നൊരു ചോദ്യം ഉയര്‍ത്താനാകാത്ത വിധം വികസനത്തിന്റെ മുതലാളിത്ത സങ്കല്‍പം നമ്മെ അടിമുടി ചൂഴ്ന്നു നില്‍ക്കുകയാണ്.

അതുകൊണ്ട്, അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി വയനാട് വരുമ്പോള്‍ അദ്ദേഹം ഈ ഇടപെടലുകള്‍ കണ്ടു പഠിക്കുമെന്ന് പ്രത്യാശിക്കുന്നു. കോര്‍പ്പറേറ്റ് വികസനമല്ല, സാധാരണ മനുഷ്യരുടെ ഉന്നമനമാണ് വായ്ത്താരിക്കപ്പുറം എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹവും ഇച്ഛാശക്തിയും നിങ്ങള്‍ക്കുണ്ടെങ്കില്‍ കേരളത്തിന്റെ ഇടതുപക്ഷ വികസന മാതൃകകളേക്കാള്‍ മെച്ചപ്പെട്ടതൊന്നും ഇന്ത്യയില്‍ മറ്റെവിടെയും നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. ഇത്രയും കാലം പറഞ്ഞു പറ്റിച്ച അമേഠിയിലെ പാവപ്പെട്ട മനുഷ്യര്‍ക്കെങ്കിലും അതുപകാരപ്പെടട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top