21 June Friday

പ്രവാസികളുടെ ഭക്ഷണത്തിന്റെ കണക്കുകൂട്ടിയല്ലോ, തിരിച്ചൊന്ന് ചോദിക്കട്ടേ.. പ്രവാസികള്‍ക്കായി എത്രയാണ് നിങ്ങളുടെ സര്‍ക്കാര്‍ നീക്കിവെച്ച തുക; വി ടി ബല്‍റാമിന് മറുപടി

ദീപക് പച്ചUpdated: Friday Feb 21, 2020

പ്രവാസികളെയും ലോക കേരളസഭയെയും അവഹേളിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടി. ദീപക് പച്ച എഴുതുന്നു.

ദീപക് പച്ച

ദീപക് പച്ച

ശ്രീ വി.ടി ബല്‍റാം എംഎല്‍എയ്‌ക്ക് ഒരു തുറന്ന കത്ത്,

ബഹുമാനപ്പെട്ട സര്‍,

അങ്ങയ്ക്ക് സുഖം എന്ന് കരുതുന്നു. നേരിട്ട് പരിചയം ഇല്ലെങ്കിലും നേരത്തെ കിസാന്‍ ലോങ്ങ് മാര്‍ച്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി നമ്മള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ആ പരിചയത്തിന്റെ പുറത്ത് കൂടിയാണ് ഈ കത്ത്.

ലോക കേരളസഭയുമായി ബന്ധപെട്ടു പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ ഭാഗമായി ' തീറ്റ പണ്ടാര സഭ ' എന്ന് പ്രവാസി പ്രതിനിധികളെ അധിക്ഷേപിക്കുന്ന അങ്ങയുടെ ഒരു പോസ്റ്റ് കവിഞ്ഞ ദിവസം കണ്ടിരുന്നു.വരുന്ന ഞായറാഴ്ച മുംബൈയില്‍ ഒരു പരിപാടിയുമായി ബന്ധപെട്ടു താങ്കള്‍ വരുമ്പോള്‍ നേരില്‍ ഇക്കാര്യം പറയാം എന്നാണ് കരുതിയത്. ഞാനും താങ്കളും ഒരു ഭാഗത്ത് നിന്ന് പൊതു ശത്രുവിനെതിരെ സമര പ്രഖ്യാപനം നടത്തുന്ന ആ വേളയില്‍ ചെറിയ ഈ വിയോജിപ്പ് രേഖപ്പെടുത്തുന്നതില്‍ ഇത്തിരി ഔചിത്യ കുറവുണ്ട് എന്ന് തോന്നിയതിനാലാണ് മുന്‍കൂട്ടി ഈ കുറിപ്പ്

പ്രവാസി പ്രതിനിധികള്‍ക്ക് ഭക്ഷണത്തിനായി ഒരു നേരം രണ്ടായിരം രൂപയോളം ചിലവാക്കി എന്നാണു അങ്ങയ്ക്കും അങ്ങയുടെ പാര്‍ട്ടിക്കും വലിയ അനീതിയായി തോന്നുന്നത്. അക്കാര്യം വാസ്തവമാണെങ്കില്‍ തന്നെ അതൊരു അനീതിയാണെന്ന് അങ്ങയ്ക്ക് തോന്നുന്നത് നാലഞ്ചു പതിറ്റാണ്ടുകളായി പ്രവാസി സമൂഹത്തോട് കേരളാ ഭരണകൂടവും സമൂഹവും കാണിക്കുന്ന അനീതിയുടെ അളവ് അറിയാത്തത് കൊണ്ട് മാത്രമാണ്. ആ അനീതി തിരിച്ചറിഞ്ഞു പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭ രൂപീകരിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. തുടക്കമെന്ന നിലയിലും നമുക്ക് എന്നല്ല ലോകത്തിന് തന്നെ അധികം പരിചയമില്ലാത്ത പുതിയ ഒരാശയമെന്ന നിലയില്‍ അതിന്റെ പ്രയോഗത്തില്‍ പരിമിതികള്‍ ഉണ്ട് എന്നത് വാസ്തവമാണ്. പക്ഷേ അത് പരിഹരിക്കാന്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടുന്നതിനു പകരം പ്രവാസികളെ ആകെ ആക്ഷേപിക്കുന്ന തരത്തില്‍ അങ്ങയെ പോലെ ഒരു സാമാജികന്‍ തരംതാഴുന്നത് ദൗര്‍ഭാഗ്യകരമാണ്.

താങ്കളടക്കം കേരളത്തിന്റെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മൂന്ന് നേരം നന്നായി ഉണ്ട് ഉറങ്ങുന്നതില്‍ വലിയൊരു പങ്ക് കേരളത്തില്‍ നിന്ന് പുറത്തു പോയി പണിയെടുക്കുന്ന പ്രവാസികളുടെ സംഭാവനയുടെ ഫലമാണ് എന്ന് താങ്കള്‍ക്ക് അറിവില്ലാത്ത കാര്യമല്ലലോ. ഞങ്ങളുടെ പ്രതിനിധികള്‍ തിന്നതിന്റെ കണക്കുകള്‍ നിങ്ങള്‍ പറഞ്ഞത് കൊണ്ട് മാത്രം ചില കണക്കുകള്‍ ഞങ്ങളും പറയാം.

പ്രവാസികള്‍ കേരള സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവനകള്‍ മുഖ്യമായും
1. നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് പണമയക്കുക വഴി
2. കേരളത്തില്‍ ഗൃഹനിര്‍മ്മാണത്തിനും മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കുമായി തങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക വഴി
3. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്കും സാംസ്‌കാരിക ഉല്പന്നങ്ങള്‍ക്കുമായുള്ള വലിയൊരു കമ്പോളമാവുക വഴി
4. തൊഴിലന്വേഷികളായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്കും / ചെറുപ്പക്കാരികള്‍ക്കും താമസ സൗകര്യവും തൊഴിലവസങ്ങള്‍ക്കായുള്ള മറ്റു സഹായങ്ങളും ചെയ്യുക വഴി.

ഇതില്‍ നേരിട്ടല്ലാതെയുള്ള സംഭാവനകള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെ കേരളത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 36 % പ്രവാസി സമൂഹത്തില്‍ നിന്നുള്ളതാണെന്നാണ് CDS ന്റെ മൈഗ്രെഷന്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് പ്രവാസികളില്‍ നിന്നും കേരളത്തിലേക്കുള്ള സംഭാവനകള്‍ നിലച്ചു പോയാല്‍ കേരള സമ്പത് ഘടന ഇന്ന് കാണുന്നതിന്റെ മൂന്നില്‍ രണ്ടായി ചുരുങ്ങും എന്ന് സാരം.

പ്രവാസികള്‍ കൊടുക്കുന്നതും പ്രവാസികള്‍ക്ക് കേരളം തിരിച്ചു നല്കുന്നതിലെയും ഈ നീതി കേട് മനസ്സിലാക്കിയാണ് 1996 ല്‍ പ്രവാസി ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ഉണ്ടാക്കിയത്. പക്ഷെ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അര്‍ഹിക്കുന്ന പരിഗണന ഉണ്ടായിട്ടില്ല.

പ്രവാസികള്‍ക്കായി ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ തുക മാറ്റി വച്ച ബഡ്ജറ്റാണല്ലോ കടന്നു പോയത്. ഈ വര്‍ഷം 90 കോടി പ്രവാസി ക്ഷേമത്തിനായി മാറ്റി വച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിനു വരുന്നതിനു തൊട്ടു മുന്‍പായി 2015-16 വര്‍ഷം ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അനുവദിച്ച തുക എത്രയായിരുന്നു എന്ന് അങ്ങേയ്ക്ക് അറിയുമോ ? 23.34 കോടി രൂപ. അതായത് നോര്‍ക്ക രൂപീകരിച്ചു 20 വര്‍ഷം കൊണ്ട് പടിപടിയായി ഉയര്‍ത്തി കൊണ്ടുവന്നു 23 കൊടിയിലെത്തിയ തുകയുടെ രണ്ടിരട്ടി തുകയാണ് ഈ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് പ്രവാസി ക്ഷേമത്തിനായി മാറ്റി വച്ചത്. ഈ പ്രവാസി ക്ഷേമ പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ലോക കേരള സഭയും ഉണ്ടായത്.

'തീറ്റ പണ്ടാര' ങ്ങളായ പ്രവാസികള്‍ ഒരു നേരം രണ്ടായിരം രൂപയുടെ ഭക്ഷണം കഴിച്ചു എന്ന് പ്രതിപക്ഷം കണക്കു കൂട്ടി പറഞ്ഞല്ലോ.. കല്യാണത്തിന് വീട്ടിലേക്ക് വിരുന്നുകാര്‍ വരുമ്പോള്‍ നമ്മള്‍ നിത്യേന കഴിക്കുന്ന ഭക്ഷണം അല്ല അവര്‍ക്ക് കൊടുക്കുക. ഏറ്റവും നല്ല ഭക്ഷണം കൊടുക്കും. അതൊരു മര്യാദയാണ് സര്‍ . അതിനെ അങ്ങനെയൊരു മര്യദയായി കണ്ടാല്‍ മതി. പ്രവാസി വ്യവസായി യൂസഫലി സാര്‍ പറഞ്ഞത് പോലെ ഞങ്ങളാരും തിന്നാനായി അങ്ങോട്ട് വന്നവരല്ല.

ഞങ്ങളുടെ പ്രതിനിധികള്‍ക്ക് ഭക്ഷണതിനു വേണ്ടി ചിലവാക്കിയ തുക അങ്ങ് കണക്ക് കൂട്ടി പറഞ്ഞുവല്ലോ. തിരിച്ചൊരു ചോദ്യം ഞങ്ങള്‍ ചോദിക്കട്ടെ, കേരളം ജിഡിപി യുടെ 36 % സംഭാവന നല്‍കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വാര്‍ഷിക ബഡ്ജറ്റ് തുകയുടെ എത്ര ശതമാനമാണ് മാറ്റി വയ്ക്കുന്നത് എന്ന് താങ്കള്‍ക്ക് അറിയുമോ ? . താങ്കളുടെ സര്‍ക്കാര്‍ ഭരിച്ച കാലത്തെ ഏറ്റവും കൂടിയ 23.34 കോടി വകയിരുത്തിയ 15-16 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് 27686 കോടി രൂപയായിരുന്നു. 27000 കോടിയുടെ എത്ര ശതമാനമാണ് 23 കോടി എന്ന് താങ്കള്‍ തന്നെ കണക്ക് കൂട്ടിക്കോളൂ.

നാണിക്കേണ്ടത് പ്രവാസികളല്ല. ഞങ്ങളുടെ വിയര്‍പ്പിന്റെ പങ്കു പറ്റി പതിറ്റാണ്ടുകളായി മെച്ചപ്പെട്ട ജീവിതം പടുത്തുയര്‍ത്തിയിട്ടും അര്‍ഹിക്കുന്ന പരിഗണന നല്‍കാത്ത കേരള സമൂഹമാണ്. ആ നീതികേടിനു പരിഹാരം കാണാനാണ് ഈ സര്‍ക്കാര്‍ ലോക കേരള സഭ സ്ഥാപിച്ചത്. പരാധീനതകള്‍ ഉണ്ടെകിലും ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടെന്ന നിലയില്‍ ഞങ്ങള്‍ പ്രവാസികള്‍ അതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. താങ്കളെ പോലുള്ളവര്‍ രാഷ്ട്രീയ വിരോധം വച്ച് അതിനു തുരങ്കം വയ്ക്കാന്‍ ശ്രമിക്കരുത്. താങ്കളെ പോലുള്ള യുവ സാമാജികരില്‍ നിന്നും അതല്ല ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികളെ അധിക്ഷേപിക്കുമാര്‍ പറഞ്ഞത് പിഴവായിപ്പോയെന്നു തോന്നുന്നെകില്‍ തിരുത്താം. അതുകൊണ്ട് താങ്കള്‍ക്ക് നഷ്ടമൊന്നും ഉണ്ടാകില്ല.

അങ്ങ് വരുന്ന പരിപാടിയില്‍ രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം ഞാനും അങ്ങും ഒരേ ചേരിയിലാണ്. എത്താന്‍ കഴിഞ്ഞാല്‍ കാണാം.പരിപാടിക്ക് എല്ലാ വിധ ആശംസകളും.

സ്‌നേഹപൂര്‍വ്വം
ദീപക് പച്ച
മുംബൈ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top