23 April Tuesday

മൂന്നാം ലോക കേരള സഭ ഏറെ പ്രസക്‌തം; പ്രവാസി കുടിയിറക്കം ചർച്ചയാകണം...സാം പൈനുംമൂട്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ലോക കേരള സഭയുടെ സെക്രട്ടറിയറ്റ്‌ ഓഫീസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന മൂന്നാമത്‌ ലോക കേരളസഭ കോവിഡാനന്തര  കാലഘട്ടത്തിലെ പ്രവാസി കുടിയിറക്കം ചർച്ചചെയ്യണമെന്ന്‌ ദീർഘകാലം പ്രവാസിയും കുവൈറ്റിൽ മാധ്യമപ്രവർത്തകനുമായിരുന്ന സാം പൈനുംമൂട്‌. കേരള സംസ്ഥാനം പ്രവാസി തൊഴിലാളികളുടെ കുടിയിറക്കം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് മൂന്നാം ലോക കേരള സഭയിൽ സംവാദമാക്കണം. പ്രവാസികളോട് കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്ന നിഷേധാത്മകമായ നിലപാട് വിമർശന വിധേയമാക്കണം. മടങ്ങി വന്ന തൊഴിലാളികളുടെ വൈദഗ്ധ്യവും ക്രയശേഷിയും രാജ്യത്തിൻ്റെ വികസനത്തിന്ഉപയോഗിക്കാൻ കഴിയണമെന്നും ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.
 
പോസ്‌റ്റ്‌ ചുവടെ 

ലോക കേരളസഭ ലോകത്താകെയുള്ള കേരളീയരുടെ പൊതു ജനാധിപത്യ വേദിയാകുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രവാസ ലോകത്ത് കഴിയുന്ന മലയാളികളോടുള്ള കരുതലിൻ്റെ മികച്ച ഉദാഹരണമാണിത്.ലോക കേരളസഭയുടെ മൂന്നാം സമ്മേളനം 2022 ജൂൺ 17 , 18 തീയതികളിൽ തിരുവനന്തപുരത്ത് ചേരുകയാണ്. 2018ൽ നടന്ന ഒന്നാംലോക കേരളസഭയിലും 2020ൽ നടന്ന രണ്ടാം ലോക കേരളസഭയും കേരളത്തിൻ്റെ വികസന ചരിത്രത്തിന് പാഠഭേദങ്ങൾ നൽകി.ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽനിന്ന് സമ്മേളനത്തിന് എത്തിയ പ്രവാസികളുടെ സാന്നിദ്ധ്യം കൊണ്ടും അർത്ഥവത്തായ സംവാദങ്ങളും ലോക കേരളസഭയുടെ ഇരു സമ്മേളനങ്ങളും ശ്രദ്ധേയമായിരുന്നു.

 
ഒന്നാം സഭയുടെ തീരുമാനപ്രകാരം 2019 ൽ ദുബായിൽ നടന്ന പശ്ചിമേഷ്യൻ സമ്മേളനവും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു !
മൂന്നാം ലോക കേരള സഭയിൽ , അതിൻ്റെ കടമകൾ , തുടർ പ്രവർത്തനങ്ങൾ , സമ്മേളന നടപടി ക്രമങ്ങൾ എന്നിവ കൃത്യമായി നിർവ്വചിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. ലോക കേരളസഭയുടെ നിലവിലെ നിയമം അനുസരിച്ച് സഭയുടെ മൂന്നിലൊന്നു പ്രതിനിധികൾ ഒഴിഞ്ഞു പോകണം. പുതിയ പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടാകണം. അതിനായി ലോക കേരളസഭയുടെ സെക്രട്ടേറിയറ്റ് എടുത്ത നടപടിക്രമങ്ങൾ സ്വാഗതാർഹമാണ്.
തികച്ചും ജനാധിപത്യ രീതിയിൽ LKS അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
 
ലോക കേരള സഭ അംഗമായാൽ എന്തു സംഭാവന കേരള സംസ്ഥാനത്തിനും പ്രവാസ സമൂഹത്തിനും നൽകും എന്ന സെക്രട്ടേറിയറ്റിൻ്റെ അന്വേഷണവും ശ്രദ്ധേയമാണ്. മൂന്നാം ലോക കേരളസഭയിൽ കോവിഡാനന്തര കാലത്തെ ഗൾഫ് കുടിയിറക്കവും അതിനെ തുടർന്നുണ്ടായിട്ടുള്ള
കേരളത്തിലെ പ്രത്യാഘാതങ്ങളും സഭയിൽ പ്രധാന അജണ്ടയാകണം. ജി. സി. സി. രാജ്യങ്ങളിൽ നിന്നു മാത്രം നാൽപതു ലക്ഷത്തിലധികം ഇന്ത്യക്കാർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി.അതിൽ പതിനഞ്ച് ലക്ഷം മലയാളികൾ കേരളത്തിലെത്തിയതായി " നോർക്ക " യുടെ
ഒരു റിപ്പോർട്ടും ശരിവെക്കുന്നു. ഏറ്റവും ചുരുങ്ങിയത് ഗൾഫ് പ്രവാസ ജീവിതം തുടരുന്ന മലയാളികളുടെ എണ്ണം ഏകദേശം നാൽപതുലക്ഷം വരും. ജനസംഖ്യയുടെ അനുപാതമായി നോക്കുമ്പോൾ ലോകത്തു തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതൽ പ്രവാസ സാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ പ്രധാനമാണ് ഇന്നും കേരളം ! കേരളത്തിൽ വസ്തുതകളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന സർക്കാർ സംവിധാനം പ്രതീക്ഷകൾക്ക് വക നൽകുന്നു.
കേരളം ഇന്ത്യൻ സംസ്ഥാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്നതിൻ്റെ ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് കൂടിയേറ്റവും അതിൽ നിന്നുമുള്ള വരുമാനവുമാണ്.
 
കേരളത്തിൻ്റെ ഇത്തരത്തിലുള്ള സവിശേഷമായ വികസനത്തിന് ഭൂപരിഷ്കരണം വഹിച്ച പങ്ക് വലുതാണ്.ആരോഗ്യം , വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇത്തരം പരിഷ്കാരങ്ങളിലൂടെ നേടിയ നേട്ടങ്ങൾ ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനതയെ സൃഷ്ടിക്കുന്നതിന് സഹായകരമായി.
പ്രവാസ ലോകത്തെ തൊഴിൽ മേഖലയിൽ മലയാളികളെ എത്തിക്കുന്നതിൽ ഇതു നിർണായകമായി. എന്നാൽ പ്രവാസത്തിൻ്റെ ഫലമായി കേരളം നേടിയ നേട്ടങ്ങൾ സംസ്ഥാനത്തിൻ്റെ വികസന ചർച്ചകളിലും വികസന പദ്ധതികളിലും ഇടം നേടിയത് ലോക കേരളസഭയുടെ വേദികൾക്ക് പുതിയ മാനം നൽകി. "അകം - പുറം " മലയാളികളുടെ സംയുക്ത വേദിയാകുന്നു ലോക കേരളസഭ !ഈ സാഹചര്യത്തിൽ മൂന്നാം ലോക കേരളസഭാ
സമ്മേളനം ഏറെ പ്രസക്തമാകുന്നു.
 
കോവിഡാനന്തരം ശക്തമായ ഗൾഫ് കുടിയിറക്കത്തിന് നിരവധി കാരണങ്ങളുണ്ട്.
1. പ്രധാന കാരണം ഗൾഫ് രാജ്യങ്ങളിൽ ശക്തമാകുന്ന സ്വദേശിവൽക്കരണമാണ്.
2. കർശനമാക്കുന്ന സ്വദേശി നിയമങ്ങൾ പ്രവാസി സൗഹൃദമല്ല.
3. കോവിഡ് കാരണം നിരവധി ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടി.
4. കിട്ടിക്കൊണ്ടിതന്ന വേതനത്തിലെ കുറവും മറ്റ് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതിതും കുടിയിറക്കത്തിന് ആക്കം കൂട്ടി.
5. അവധിക്ക് നാട്ടിൽ വന്ന നിരവധി പ്രവാസി തൊഴിലാളികൾ താമസ രേഖ കാലഹരണപ്പെട്ടതിനാൽ മാതൃരാജ്യത്ത് കുടിങ്ങിയതും തൊഴിൽ നഷ്ടപ്പെടാൻ കാരണമായി.
6. ചില ഗൾഫ് രാജ്യങ്ങൾ 60 വയസ്സിനു ശേഷം പ്രവാസികളുടെ താമസ രേഖ പുതുക്കാത്തതും തൊഴിലാളികൾക്ക് ആഘാതമായി.
7. ക്രൂഡ് ഓയിൽ വിലയുടെ തകർച്ച ഗൾഫ് വികസനത്തിൽ മാന്ദ്യം വരുത്തി.
8. പുതിയ നിർമ്മാണ പദ്ധതികൾ മേഖലയിൽ കുറഞ്ഞതും തൊഴിൽ മേഖലയെ തളർത്തി.
9. ഇന്ത്യ ഒഴിച്ചുള്ള ഇതര മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ലഭ്യമാകുന്നതും നമ്മുടെ സാധ്യതകൾ ഇല്ലാതാക്കി.
10. നീണ്ട പ്രവാസത്തിനു ശേഷം കോവിഡാനന്തര കാലത്ത് ബന്ധുമിത്രാതികളോടൊപ്പം മാതൃരാജ്യത്ത് ശിഷ്ടജീവിതമെന്ന് ചിന്തിച്ച് മടങ്ങിയവരുമുണ്ട്.
 
കേരള സംസ്ഥാനം പ്രവാസി തൊഴിലാളികളുടെ കുടിയിറക്കം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് മൂന്നാം ലോക കേരള സഭയിൽ സംവാദമാക്കണം. പ്രവാസികളോട് കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്ന നിഷേധാത്മകമായ നിലപാട് വിമർശന വിധേയമാക്കണം.
മടങ്ങി വന്ന തൊഴിലാളികളുടെ വൈദഗ്ധ്യവും ക്രയശേഷിയും രാജ്യത്തിൻ്റെ വികസനത്തിന്ഉപയോഗിക്കാൻ കഴിയണം.
ഗൾഫ് കുടിയേറ്റ തൊഴിലാളികൾ നാലു പതിറ്റാണ്ടിലധികം അവിടെ ഉപജീവനം നടത്തിയാലും താൽക്കാലിക കുടിയേറ്റക്കാർ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ പണി എടുക്കുന്നവർ ! അവകാശ വാദങ്ങൾ ഉന്നയിക്കുവാനോ എന്തിനധികം അർഹതക്കുള്ള അംഗീകാരം ചോദിച്ചു വാങ്ങാനാ ഗൾഫിൽ നില നിൽക്കുന്ന നിയമങ്ങൾക്ക് പരിമിതിയുണ്ട്.
 
ഈ തൊഴിൽ ഉടമ്പടി വിഷയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഗൾഫ് രാജ്യങ്ങളുമായി ശീതസമരം പതിറ്റാണ്ടുകളായി തുടരുകയാണ്. ഈ സന്നിഗ്ധഘട്ടത്തിൽ " ഒരു സമഗ്ര കുടിയേറ്റ നിയമം " അനിവാര്യമായി തീരുന്നു. മൂന്നാം ലോക കേരളസഭ മുൻഗണനാക്രമത്തിൽ ചർച്ച ചെയ്യണ്ട ഒരു വിഷയമാണിത്. ഗൾഫിൽ നിന്നും കുടിയിറക്കം പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം ഇന്ത്യക്കാർ മടങ്ങിയെത്തിയത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്.
 
ഗൾഫ് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭ ഉടമ്പടിയിൽ ഇന്ത്യയോ ഇന്ത്യക്കാർ കുടിയേറുന്ന ഗൾഫ് രാജ്യങ്ങളോ ഒപ്പുവെച്ചിട്ടില്ല. വിദേശ തൊഴിൽശക്തിയെ നിരുത്സാഹപ്പെടുത്തുന്ന തൊഴിൽ നിയമങ്ങളാണ് ഗൾഫിൽ നിലനിൽക്കുന്നത്.
താൽക്കാലിക കുടിയേറ്റക്കാർ എന്ന വിഭാഗത്തിലാണ് പ്രവാസികളുടെ സ്ഥാനം !
 
 പതിറ്റാണ്ടുകൾ പണിയെടുത്തിട്ടും കോവിഡ് പ്രതിസന്ധിയുടെ പേരിൽ അർഹമായ അവകാശങ്ങളും ശമ്പള കുടിശ്ശികയും ലഭിക്കാതെ മാതൃരാജ്യത്തേക്കു മടങ്ങിയ നിരവധി പ്രവാസികളുടെ അനുഭവം ഈ ലേഖകന് നേരിട്ടറിയാം.നിരാലംബരും നിരാശ്രയരുമായ ഗൾഫ് പ്രവാസി തൊഴിലാളികളുടെ പ്രതിനിധികൾക്ക് അവരുടെ സങ്കടങ്ങളും ആവലാതികളും പറയാനുള്ള വേദിയായി മാറട്ടെ മൂന്നാം ലോക കേരളസഭ.
 
പ്രവാസികളും മടങ്ങി എത്തിയവരും ഏറെപ്രതീക്ഷയോടെയാണ് മൂന്നാം ലോക കേരളസഭ സമ്മളനത്തെ ശ്രദ്ധിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top