30 November Thursday

ലൈഫ്‌ മിഷനിൽ കണ്ടത്‌ ഭവനനിര്‍മാണത്തിലെ കേരളാ മോഡല്‍...ആരതി ഗംഗ പ്രതാപ്‌ എഴുതുന്നു

ആരതി ഗംഗ പ്രതാപ്‌Updated: Tuesday Mar 3, 2020

ആരതി ഗംഗ പ്രതാപ്‌

ആരതി ഗംഗ പ്രതാപ്‌

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ്‌ സ്‌റ്റഡീസിൽ ഗവേഷകയായ ആരതി ഗംഗ പ്രതാപ്‌ എഴുതുന്നു

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ക്രെഡിറ്റ്‌ ആര്‍ക്കാണെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ക്രെഡിറ്റ്‌ ആര്‍ക്ക് വേണമെങ്കിലും എടുക്കാം എന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇത്തരം ഒരു പദ്ധതി നടപ്പാക്കിയതിന്‍റെ കൈയടി പൂര്‍ണമായും ഈ സംസഥാന സര്‍ക്കാരിനുള്ളതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജീവ് ആവാസ് യോജന(RAY) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയെ പറ്റിയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. നഗരങ്ങളിലെ ചേരി നിര്‍മാര്‍ജനം ലക്‌ഷ്യം വെച്ച രാജീവ്‌ ആവാസ് യോജന പിന്നീട് പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍(PMAY) ലയിക്കുകയായിരുന്നു. ഒരു കേന്ദ്രാവിഷ്കൃത പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിട്ട് കണ്ടതാണ്. പലപ്പോഴും ജനപ്രതിനിധികള്‍ പറഞ്ഞു കൊണ്ടേ ഇരുന്നത് ഈ പദ്ധതികള്‍ (കേന്ദ്രാവിഷ്കൃത) പദ്ധതികള്‍ ‘നോര്‍ത്ത് ഇന്ത്യന്‍ മോഡല്‍’ ആണ്, അത് നമ്മുടെ നാട്ടില്‍ പ്രായോഗികമല്ല എന്നാണ്. എന്താണ് ഈ ‘നോര്‍ത്ത് ഇന്ത്യന്‍ മോഡല്‍’? എന്താണ് ഭവനനിര്‍മാണത്തിലെ കേരളാ മോഡല്‍?

ഇതില്‍ ഒന്നാമതായി എടുത്ത് പറയേണ്ടത് മുറികളുടെ എണ്ണമാണ്. ഒരച്ഛനും അമ്മയും കുഞ്ഞുങ്ങളും ഉള്ള ഒരു കുടുംബത്തിന്‍റെ സ്വപ്നം രണ്ട് കിടപ്പ് മുറിയുള്ള ഒരു വീടാണ്. ഈ സ്വപ്‌നങ്ങള്‍ വെറുതെ ഉണ്ടാകുന്നതല്ല. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ ഭാഗമായി വളരുന്നതാണ്. ഒരു കേന്ദ്രാവിഷ്കൃത പദ്ധതി അതുപോലെ തന്നെ കേരളത്തില്‍ നടപ്പാക്കിയാല്‍ ഒരിക്കലും ഒരു രണ്ടു കിടപ്പ്മുറിയുള്ള വീട് പണിയാന്‍ ആവില്ല. ഒന്നാമത് കേന്ദ്രത്തില്‍ നിന്നുള്ള മാര്‍ഗരേഖകള്‍ തയാറാക്കിയിരിക്കുന്നത് ഒറ്റ കിടപ്പുമുറി എന്ന ആശയത്തിലാണ്. രണ്ടാമത്, നിര്‍മാണ ചെലവിന്‍റെ ഉയര്‍ന്ന പരിധി നിശ്ചയികുന്നതും ഈ അടിസ്ഥാനത്തിലാണ്. കേരളത്തിലെ നിര്‍മാണചെലവ് കൂടുതലാണ്, അതിനാല്‍ തന്നെ കേന്ദ്രം അമ്പതൊ അറുപതോ ശതമാനം ചെലവ് വഹിച്ചാലും രണ്ടു കിടപ്പുമുറിയുള്ള ഒരു വീട് ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ കേരളത്തില്‍ പണിയാന്‍ പറ്റില്ല.

രാജീവ്‌ ആവാസ് യോജനയില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഒറ്റ കിടപ്പ് മുറിയെ ഉള്ളൂ, എന്നാല്‍ ഇതേ സമയം സംസ്ഥാന സര്‍കാര്‍ നിര്‍മിച്ച വീടുകള്‍ രണ്ട് മുറികള്‍ ഉണ്ട്. വിഴിഞ്ഞത്ത് രാജീവ്‌ ആവാസ് യോജന നടപ്പാക്കിയ കടലോര മേഖലയില്‍ സര്‍വ്വേ ചെയ്തപ്പോള്‍ അവര്‍ ചോദിച്ചു കൊണ്ടേയിരുന്നത് ഞങ്ങള്‍ക്ക് എന്ത് കൊണ്ട് മുട്ടത്തുറയില്‍ കൊടുത്തതുപോലെ രണ്ട് കിടപ്പ് മുറി തന്നില്ല എന്നാണ്. അവരുടെ കണ്ണില്‍ എല്ലാം സര്‍ക്കാര്‍ തരുന്നത് തന്നെ, പിന്നെ എന്തിന് വിവേചനം എന്നതാണ്. ഇത്തരം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റാതെ അതേപടി നടപ്പാക്കുമ്പോള്‍ പഴി കേള്‍ക്കേണ്ടി വരുന്നത് പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സംസഥാനസര്‍ക്കാരോ ആണ്. കാരണം അവരാണ് പദ്ധതി നടപ്പാക്കുന്നവര്‍, ജനങ്ങളോട് അടുത്ത് ഇടപഴകുന്നവര്‍. PMAY ലൈഫ് മിഷനില്‍ ചേര്‍ത്ത് കേരള സര്‍ക്കാര്‍ ഇത്തരം പഴിയില്‍ നിന്ന് രക്ഷനെടുന്നതിനോടൊപ്പം കേന്ദ്രം നിശ്ചയിvvച്ചതിനേക്കാള്‍ ഒരു പടി കൂടി മുകളിലേക്ക് നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുക കൂടിയാണ് ചെയ്തത്.

രണ്ടാമതായി എടുത്തു പറയേണ്ടത് ഗുണഭോക്തൃ വിഹിതം ആണ്. തികച്ചും നിയോലിബറലായ ഒരു ആശയം ആണ് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുണഭോക്തൃ വിഹിതം ഏര്‍പ്പെടുത്തുന്നത്, പ്രത്യേകിച്ച് പാവപെട്ടവരില്‍ നിന്നും മറ്റ് അധസ്ഥിത വിഭാഗങ്ങളില്‍ നിന്നും. ഇന്ത്യയിലെ മാറിവന്ന സാമ്പത്തിക നയങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മുടെ ഭവന നയങ്ങളും മാറിയിട്ടുള്ളത്. സ്വതന്ത്ര് ഇന്ത്യയില്‍, ആദ്യ പഞ്ചവത്സര പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്ത ഒരു മേഖലയാണ് ഭവനനിര്‍മാണം. അന്ന് അതൊരു അവകാശമായാണ് കണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഒരോ കാലഘട്ടത്തിലും അതിലെ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ ചോര്‍ന്ന് ഇന്ത്യയുടെ ഭവന നിര്‍മാണ നയം തികച്ചും നിയോലിബറല്‍ കാഴ്ചപാടിന് അടിമപ്പെടുകയാണ് ഉണ്ടായത്. അതിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയമാണ് ഈ ഗുണഭോക്തൃ വിഹിതം. JNNURM മുതലായ പദ്ധതികള്‍ വരുന്നതോടെ പലപ്പോഴും, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍, ഭവന നിര്‍മാണം എന്നത് പാവപ്പെട്ടവരുടെ കൈയിലുള്ള (മതിയായ രേഖകള്‍ ഇല്ലാത്ത), അവര്‍ പതിറ്റാണ്ടുകളായി ജീവിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലേക്ക് ‘പുനരധിവസിപ്പിക്കാനും’ ആ ഭൂമി മറ്റു സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌ ഭീമന്മാര്‍ക്കും മറ്റും കൈമാറാനുമുള്ള എളുപ്പമാര്‍ഗമായി മാറിയിരിക്കുന്നു.

പറഞ്ഞ് വന്നത് ഗുണഭോക്തൃ വിഹിതത്തെ കുറിച്ചാണ്. രാജീവ്‌ ആവാസ് യോജനയില്‍ പത്ത് ശതമാനം തുക ഗുണഭോക്തൃ വിഹിതം ആയിരുന്നു. അമ്പതിനായിരത്തിന് അടുത്ത് വരുന്ന തുക. മദ്ധ്യവര്‍ഗക്കാര്‍ക്ക് ഒരു പക്ഷെ മനസിലാക്കാവുന്നതിനും വളരെ അപ്പുറത്താണ് ഈ അമ്പതിനയിരത്തിന്‍റെ മൂല്യമെന്ന് മനസിലാക്കിയത് വിഴിഞ്ഞത്ത് ഫീല്‍ഡ് വര്‍ക്ക്‌ തുടങ്ങിയപ്പോഴാണ്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ കൊള്ള പലിശയ്ക്ക് പണം വാങ്ങിയും ഉള്ള സ്വര്‍ണമോ മറ്റു ചെറിയ സമ്പാദ്യങ്ങളോ പെറുക്കി കൂട്ടിയുമാണ് ആ തുക ഉണ്ടാക്കിയത്. എന്നിട്ടും സമയത്തിന് കാശ് സംഘടിപ്പിക്കാന്‍ കഴിയാതെ വീട് കിട്ടാന്‍ ഒരുപാട് വൈകിയവര്‍. വീട് കിട്ടി കഴിഞ്ഞ് അതിനെടുത്ത കടം വീട്ടാന്‍ നിവര്‍ത്തി ഇല്ലാത്തവര്‍. വിഴിഞ്ഞത്തു മതിപ്പുറം മേഖലയില്‍ സ്ത്രീകള്‍ തൊഴില്‍ എടുക്കുന്നതിനോട് കടുത്ത സാമൂഹിക വിലക്കാണ്. അത് ഒരു അപമാനമായാണ് സ്ത്രീകള്‍ ഉള്‍പടെയുള്ളവര്‍ കണക്കാക്കുന്നത്. വിധവകളായ സ്ത്രീകളാണ് ഇതുകൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത്. സര്‍ക്കാര്‍ തരുന്ന റേഷന്‍, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം ഒക്കെയുള്ളത് കൊണ്ട് ജീവിച്ച് പോകുന്നവര്‍. അതുപോലെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലെടുക്കാന്‍ സാധിക്കാത്ത പുരുഷന്മാര്‍. ഇവര്‍ക്കെല്ലാം ഈ അമ്പതിനായിരം കൂട്ടിയാല്‍ കൂടാത്ത തുകയാണ്. മിക്ക കേന്ദ്രാവിഷ്കൃത പദ്ധതിയിലും ഗുണഭോക്തൃ വിഹിതം ഒരു നിബന്ധനയാണ്. ലൈഫ് മിഷനില്‍ ഉള്‍പെടുത്തി പണിയുന്ന വീടുകള്‍ക്ക് ഇങ്ങനെ ഒരു നിബന്ധനയില്ല. ഇങ്ങനെയാണ് പാവങ്ങളുടെ കയ്യില്‍ നിന്നും ഉള്ളതുകൂടി പിടിച്ച്‌ പറിക്കുന്ന നിയോലിബറല്‍ ഭവന നയങ്ങള്‍ക്ക് ലൈഫ് മിഷന്‍ ഒരു സോഷ്യലിസ്റ്റ്‌ ബദലാകുന്നത്.

അതുപോലെ തന്നെയാണ് ഭവന പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ ഉണ്ടാകുന്ന കാലതാമസം. സാധാരണ ഭവനപദ്ധതികള്‍ പല കാരണങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഒരുപാട് വൈകാറുണ്ട്. പൂര്‍ത്തീകരണം എത്രമാത്രം വൈകുന്നുവോ അത്രമാത്രം കഷ്ട്ടപ്പാടും കൂടും. അതും നിങ്ങള്‍ താമസിച്ചിരുന്ന വീട്, അത് എത്ര ചെറുതായാലും, പൊളിച്ചു മാറ്റി തല്‍സ്ഥാനത്ത് മറ്റൊരെണ്ണം പണിയേണ്ടി വരുമ്പോള്‍. നിങ്ങള്‍ക്കു ഒന്നുകില്‍ അതിലും ചെറിയ ഒരു താത്കാലിക ഭവനത്തിലേക്ക് മാറേണ്ടി വരും, അല്ലെങ്കില്‍ ബന്ധുക്കളെ ആശ്രയിക്കേണ്ടി വരും, വാടകയ്ക്കോ മറ്റോ മാറേണ്ടി വന്നാല്‍ അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വേറെയും. രണ്ടു ലക്ഷത്തില്‍ പരം വീടുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റുക എന്നത് ഒരു വലിയ ഭരണനേട്ടം തന്നെയാണ്. എന്നാല്‍ അതില്‍ കാണാതെ പോകരുതാത്തത് ഈ വിജയത്തിലെ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാണ്. കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവ് കൂടിയാണ് ഈ പദ്ധതി ഇത്ര നല്ല രീതിയില്‍ മുന്നോട്ട് പോകുവാന്‍ കാരണം. ഇങ്ങനെ ഉള്ള ഒരു തദ്ദേശ സ്വയഭരണ സംവിധാനം ഇവിടെ ഉണ്ടാവാന്‍ കാരണം കഴിഞ്ഞുപോയ ഇടതുപക്ഷ സര്‍ക്കാരുകളുടെ ഇച്ചാശക്തി കൊണ്ടാണെന്നതും ഓര്‍മയിലിരിക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top