25 April Thursday

അതെ,ജനാധിപത്യത്തിന്റെ പേരിൽ നമുക്കൊന്നിക്കാം..!

ജയ്‌ക്ക് സി തോമസ്‌Updated: Tuesday Jun 13, 2017

കേരളത്തിന്റെ അന്താരാഷ്‌ട്ര ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഏറ്റെടുത്തതിനെപ്പറ്റി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്  ജയ്‌ക്ക് സി തോമസ്‌ എഴുതുന്നു ..

'എനിക്ക് മാപ്പു തരുക. ഞാനൊരു ചക്രവര്‍ത്തിയാകാന്‍ ആഗ്രഹിക്കുന്ന ആളല്ല. എല്ലാവരേിൌയും സഹായിക്കണമെന്നുണ്ട്. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരും ആകട്ടെ, എല്ലാവരും പരസ്പരം സഹായിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സന്തോഷമാണ് എല്ലാവരുടയും ജീവിതത്തിനു പ്രചോദനം ആകേണ്ടതും, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്പരം വെറുക്കുവാനോ ദ്രോഹിക്കുവാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്ക്കും ഇടം ഉണ്ടാകണം. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതതന്ത്രവും ആണ്, പക്ഷേ നമുക്ക് വഴി നഷ്ടം ആയിരിക്കുന്നു, അതു കൊണ്ട് ജനാധിപത്യത്തിന്റെ പേരില്‍ നമുക്ക് ഒരുമിക്കാം..!'

'ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍' ല്‍ ചാര്‍ളി ചാപ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ക്ഷുരകനായ ജൂത തടവുകാരന്റെ വേഷം മാറി സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെ സ്ഥാനത്തു നിന്നുകൊണ്ട് നടത്തുന്ന പ്രസംഗത്തില്‍ നിന്നുള്ള വാക്കുകളാണ്.

കേരളത്തിന്റെ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. അത്ഭുതങ്ങള്‍ക്കു ഇടമില്ലാത്തവിധം ജെ.എന്‍.യു വും,രോഹിത് വെമൂലയും,കാശ്മീരും പ്രമേയമാക്കിയ മൂന്നു ചിത്രങ്ങള്‍ക്ക് സംഘപരിവാര്‍ ഭരണം നിരോധനം ഏര്‍പ്പെടുത്തുകയാണ് .എന്നാല്‍ കേരളത്തിന്റെ മുഴുവന്‍ കലാലയങ്ങളിലും ,വിലക്കിയ ചിത്രങ്ങള്‍ എസ്എഫ്ഐ പ്രദര്‍ശിപ്പിക്കുകയാണ് .

നിങ്ങള്‍ക്ക് എന്നോട് യോജിക്കാനും,വിയോജിക്കാനും അവകാശമുണ്ട് പക്ഷെ എന്നോട് വിയോജിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മരണം വരെയും പോരാടുമെന്നുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ എക്കാലത്തെയും മികച്ച പ്രഖ്യാപനം ആര്‍എസ്എസ് വാഴ്ച കാലത്തു സാധൂകരിക്കപ്പെടുന്നതിനു എസ്എഫ്ഐ സമര നേതൃത്വമാവുകയാണ്.

"ദി അണ്‍ബൈറയബിള്‍ ബീയിങ് ഓഫ് ലൈറ്റ്നെസ്'' എന്ന പി.എന്‍.രാമചന്ദ്രന്റെ ഹ്രസ്വചിത്രം പക്ഷെ നിഷ്കരുണം എസ്.എഫ്.ഐ.വിരുദ്ധമായ നിലാപടുകളാല്‍ കൂടി സമൃദ്ധമാണ്.പക്ഷെ ഞങ്ങള്‍ പി.എന്‍.രാമചന്ദ്രനെയെയോ,അദ്ദേഹത്തിന്റെ കലാസൃഷ്ടിയെയോ മാറ്റി നിര്‍ത്തുന്നില്ല,ഞങ്ങള്‍ക്ക് എതിരെ കൂടി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശസംരക്ഷണത്തിനു കൂടി വേണ്ടി കേരളത്തിന്റെ കലാലയങ്ങള്‍ ഇന്ന് സമരമിറങ്ങുകകയാണ്. ഇനിയും ഇനിയും ബഹുസ്വരതകളാല്‍ സമ്പന്നമാവേണ്ട നമ്മുടെ ജനാധിപത്യ സമരയെടുകളുടെ മറ്റൊരു ചരിത്രഘട്ടം.

ചാപ്ലിന്റെ 'ജനാധിപത്യത്തിനായി നമ്മുക്കൊന്നിക്കാം' എന്ന കരുത്തുറ്റ പ്രഖ്യാപനം അത്തരുണത്തില്‍ ചരിത്രപരമായ യാഥാര്‍ഥ്യമാക്കുന്നതിനു നേതൃത്വമാവുന്ന വിദ്യാര്‍ഥിശക്തിയില്‍ എസ്.എഫ്.ഐ പക്ഷെ രണ്ടാമതല്ല ഒന്നാമത് തന്നെയാണ്.

നാസി കാലത്തെ ഫാസിസ്റ്റു വാഴ്ചയെ വിമര്‍ശിക്കുന്നതിനു ചാര്‍ളി ചാപ്ലിന്‍ വിദഗ്ധമായി തയ്യാറാക്കിയ സിനിമയായിരുന്നു 'ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍'. റൊമാനിയാ എന്ന സാങ്കല്പിക രാജ്യത്തെ സ്വേച്ഛാധിപതിയായ അഡ്‌നോയിഡ് ഹിങ്കലിന്റെയും ജൂതര്‍ മാത്രം താമസിക്കുന്ന ഒരു പ്രവിശ്യയില്‍ കട നടത്തുന്ന ക്ഷുരകന്റെയും ഇരട്ട വേഷങ്ങളാണ് ചാപ്ലിന്‍ ഇതില്‍ അഭിനയിച്ചത്. ചാപ്ലിന്‍ അവതരിപ്പിച്ചവയില്‍ സഹതാപാര്‍ഹമല്ലാത്ത ഏക കഥാപാത്രവും ഏകാധിപതിയായ ഹിങ്കലിന്റേതായിരുന്നു. ക്ഷുകരകനായ ചാപ്ലിന്റെ കഥാപാത്രത്തെ ജൂത തടവുകാരനായി പിന്നീട് അറസ്റ്റ് ചെയ്തത് തടവറയില്‍ ആക്കുന്നുമുണ്ട് ചിത്രത്തില്‍, എന്നാല്‍ തടവ് ചാടുന്ന ക്ഷുരകനായ ചാപ്ലിനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയുകയും അയാളെ പ്രസിഡന്റ് ആയി തെറ്റിദ്ധരിച്ചു പ്രസംഗ വേദിയിലേക്ക് ആനയിക്കുകയും മറ്റൊരു വശത്തു പ്രസിഡന്റായ ചാപ്ലിനെ തടവ് ചാടിയ ക്ഷുരകനായി തെറ്റിദ്ധരിച്ചു അറസ്റ്റ് ചെയ്യുകയും ചെയുന്നു. പ്രസിഡന്റ് ആയ ഹിന്‍ഗിള്‍ന്റെ സ്ഥാനത്തെത്തിയ ക്ഷുരകന്‍ സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ പ്രചാരണ മന്ത്രിയായ ഗാര്‍ബീഷിന്റെയും അമിതാധികാര പ്രവണതകള്‍ക്ക് പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി വരാനുള്ളത് എന്ന പ്രവചനപരമായ ആഹ്വാനമാണ് പ്രസംഗത്തിലൂടെ നടത്തുന്നത്.

ജനാധിപത്യത്തിന്റെ പേരില്‍ നമുക്ക് ഒരുമിക്കാം, എന്ന ഐതിഹാസികമായ പ്രഖ്യാപനം നാസി കാലഘട്ടത്തില്‍ നടത്തിയ ചാപ്ലിനെ പില്‍ക്കാലത്തു മക്കാര്‍ത്തിയന്‍ കമ്മ്യൂണിസ്റ്റ് വേട്ടയുടെ കാലത്തു തിരികെ വരാനാവാത്ത വിധം അമേരിക്കയില്‍ നിന്നു നാട് കടത്തിയത് രാഷ്ട്രീയധ്വനി കൊണ്ട് പ്രസക്തവും പ്രബലവുമായ ഈ പ്രസംഗത്തിന്റെ ഭാഗമായിട്ടായിരുന്നു.

ജനാധിപത്യത്തെ സംബന്ധിച്ച് വായിച്ചറിഞ്ഞ ഏറ്റവും കരുത്താര്‍ന്ന നിര്‍വചനം വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള ഒരു മനുഷ്യന്റെ അവകാശമാണ് അത് എന്നതായിരുന്നു. അക്ഷരങ്ങളിലെങ്കിലും ഏറ്റവും വലിപ്പമേറിയ ജനാധിപത്യ രാജ്യം ഇന്ന് നിര്‍ദയമായൊരു കറുത്ത ഹാസ്യമായി മാറുന്ന കാലമാണ്. ഈ കാലഘട്ടത്തെ ഏറ്റവും കൃത്യതയോടെ അടയാളം ചെയ്ത എൃീിഹേശില മാസികയുടെ തലക്കെട്ട് സംഘപരിവാര്‍ കാലത്തെ ഇന്ത്യ എന്ന അര്‍ഥം വരുന്ന വലിപ്പമാര്‍ന്ന അക്ഷരങ്ങളുടേതായിരുന്നു. ജനാധിപത്യം രാജ്യവാഴ്ചയ്ക്കു വഴി മാറുന്ന കാലമാണ് പ്രധാനമന്ത്രി രാജാധിപനു അനുരൂപമാവുന്ന കാലം. വിയോജിപ്പുകള്‍ ജനാധിപത്യമെന്ന അവകാശം മരിച്ചിട്ടില്ല എന്ന് പക്ഷേ രാജ്യത്തു പ്രഖ്യാപിച്ചത് സ്വാഭിമാനം വിദ്യാര്‍ത്ഥികളായിരുന്നു.

മത വര്‍ഗീയത ഫണം വിടര്‍ത്തുന്ന നാളുകളില്‍, നെഹ്‌റുവിന്റെ സ്മരണ തലയുയര്‍ത്തുന്ന രാജ്യ തലസ്ഥാനത്തെ ജെ.എന്‍.യു, പ്രതിരോധത്തിന്റെ മഹാനിര തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ മതനിരപേക്ഷതയുടെ മിനാരങ്ങളില്‍ സംഘപരിവാരം കലാപകൊടി നാട്ടുന്നതിനു എത്രയോ മുന്‍പ് നിരീശ്വരവാദിയയായ ആ കോണ്‍ഗ്രസുകാരന്‍ പ്രധാനമന്ത്രി ആര്‍ജവത്തോടെ പറഞ്ഞത് മറന്നുകൂട. ശിവന്റെ രൂപത്തോടു സാമ്യമുള്ള ശിലയുടെ സാന്നിധ്യം ബാബരിയില്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന്, ശിവന്റെ സ്ഥാനം സരയൂവില്‍ ആണെന്നും അത് സരയൂയില്‍ കൊണ്ടുപോയി ഒഴുക്കൂ എന്ന്‍  മറുപടി പറഞ്ഞ, പണയം വെക്കാത്ത മതനിരപേക്ഷതയുടെ കലര്‍പ്പില്ലാത്ത പ്രതീകത്തിന്റെ ഓര്‍മ്മ നിറയുന്ന ജെ.എന്‍.യു., ചരിത്രപരമായ സ്മരണകളോട് നീതി പുലര്‍ത്തി  ഇന്നും കലഹിച്ചു കൊണ്ടേയിരിക്കുകയാണ്.

ഫെബ്രുവരി 9നു ശേഷം എസ്.എഫ്.ഐ യും ഐസയും സംയുക്തമായി അധികാരത്തില്‍ വന്ന സെപ്‌റ്റംബറിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് വരെയുള്ള രണോല്‍സുകമായ സമരദിനങ്ങളാണ് കാത്ത ലൂക്കോസിന്റെ 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്'ല്‍ പ്രമേയമാവുന്നത്.

സംഘപരിവാര്‍ കാലത്തെ ഇന്ത്യയില്‍ വിയോജിപ്പുകളുടെ സമര മാനിഫെസ്റ്റോവായിരുന്നു രോഹിത് വെമൂലയും അവന്റെ അവസാന വാക്കുകളും. ഗവേഷക വിദ്യാര്‍ത്ഥി ജീവിതങ്ങളുടെ നെരിപ്പോടുകള്‍ മുതല്‍ ഇന്ത്യയുടെ പരശ്ശതം മനുഷ്യ ജന്മങ്ങളില്‍, ജനിച്ച ജാതിയും നിറവും കൊണ്ട് പാര്‍ശ്വ വത്കരിക്കപ്പെട്ടവരായി തീരേണ്ടവന്നവരുടെ പറയപെടാതെ പോയ വാക്കുകളും,അര്‍ഹിക്കുംവിധം തിരിച്ചറിയപ്പെടാതെ പോയ കണ്ണീരും വിഹ്വലതകളും ഒക്കെ ഇഴ വിടര്‍ത്തിയ രോഹിതിന്റെ മരണകുറിപ്പ് സമകാലീന ഇന്ത്യനവസ്ഥയുടെ മറ്റൊരു പരിച്ഛേദമായിരുന്നു.

ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയും രോഹിതും ആയിരുന്നു, പി എന്‍ രാമചന്ദ്രന്റെ ''ദി അണ്‍ബൈറയബിള്‍ ബീയിങ് ഓഫ് ലൈറ്റ്നെസി'ല്‍ ' പ്രമേയമാവുന്നതെങ്കിലും യാഥാര്‍ഥ്യവുമായി തരിമ്പും ബന്ധമില്ലാത്തതാണ് എസ്.എഫ്.ഐയുടെ നിലപാട് തറകളുടെ നേര്‍ക്ക് നടത്തുന്ന വിധിതീര്‍പ്പുകള്‍ എന്ന് പറയാതെ വയ്യ.

കാശ്മീര്‍ സംഘര്‍ഷഭരിതമായ ഒരു സംസ്ഥാനത്തിന്റെ പേര് മാത്രമല്ലാതായിരിക്കുന്നു സ്വത്വം നഷ്ടപെട്ട മനുഷ്യ ജീവിതങ്ങളുടെ അതിജീവന ശ്രമങ്ങളുടെ പേര് കൂടിയായി അത് മാറിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ കാശ്മീരിയും,മുസ്ലിമും ആവുന്നത് ലളിത യുക്തിയിലെങ്കിലും കുറ്റകരമായയൊന്നായി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന നാളുകളില്‍ 'സമരമുഖരിതമായ കാശ്മീര്‍' ഇനിയും മരിക്കാന്‍ തയ്യാറല്ലാത്ത നിലപാടുകളുടെ പ്രഖ്യാപനം കൂടിയാണ്. എന്‍.സി ഫസലിന്റെയും,ഷോണ്‍ സെബാസ്‌റ്റൈന്റെയും ''ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍ '' പറയുന്നത് കശ്മീരിന്റെ സംഘര്ഷമനസ്സിന്റെ കഥ കൂടിയാണ്.

വിയോജിപ്പുകളും,വൈവിധ്യങ്ങളും മരിച്ചിട്ടില്ലായെന്ന്‍ സംഘപരിവാര്‍ കാലത്തും സമരസപ്പെടാതെ തലയുയര്‍ത്തിയ സമരശരികളുടെ ചരിത്രനാമങ്ങളില്‍ നിശ്‌ചയമായും ജെ.എന്‍.യു ഉണ്ട്,രോഹിത് വെമൂലയുണ്ട്,ഹൈദ്രബാദ് സെന്‍ട്രല്‍ സര്‍വകലാശാലയുണ്ട്, കശ്മീരും പിന്മടക്കമില്ലാതെ പൊരുതുന്ന കേരളവും ഉണ്ട്.

നിരോധനങ്ങള്‍ നിയമമാകുന്ന കാലത്തു നിയമലംഘനങ്ങള്‍ അതിശക്തവും,ഐതിഹാസികവുമായ സമരമുറ കൂടിയാവുകയാണ്.കേരളത്തിന്റെ കലാലയങ്ങള്‍ ഒരുമിച്ചു ഇന്ന് അഭംഗുരം ആര്‍ത്തുവിളിക്കുന്നുണ്ട് നിരോധിക്കപ്പെട്ട ആ പേരുകള്‍ ചേര്‍ത്തും പേര്‍ത്തും പിടിച്ചുകൊണ്ടു,വിലക്കപ്പെട്ട കനി ഭക്ഷിച്ച മനുഷ്യ ചരിത്രത്തിന്റെ നിഷേധ മനസ്സിനെ തെല്ലും കൈ വിടാതെ പ്രഖ്യാപിക്കുന്നത്

'നിരോധനങ്ങളുടേതല്ല വൈവിധ്യങ്ങളുടേതാണ് ഇന്ത്യ 'എന്ന് തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top