16 August Tuesday

ഇടതു നിരീക്ഷകരും കമ്യൂണിസ്റ്റ് പാർടികളും ...അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽUpdated: Monday Jun 15, 2020

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

ക്രിയാത്മകമായ വിമർശനങ്ങൾ ആവശ്യപ്പെട്ട് സ്വീകരിച്ച് സ്വയം തിരുത്തിയും നവീകരിച്ചും മുന്നോട്ടു പോവുന്ന സ്വഭാവമാണ് കമ്യൂണിസ്റ്റ് പാർടികൾക്കുള്ളത്. കമ്യൂണിസ്റ്റ് പാർടികൾ പാർടി കോൺഗ്രസ് എന്ന പേരിൽ ബഹുതലസമ്മേളനങ്ങൾ നടത്തുന്നത് കേവലം ആഘോഷങ്ങൾക്ക് വേണ്ടിയല്ല. ആന്തരികമായ വിമർശനത്തെ അഭിമുഖീകരിക്കാനാണ്. സംഘടനാ സംവിധാനത്തിനകത്ത് വിമർശനം മാത്രമല്ല സ്വയംവിമർശനം എന്ന അത്യന്തം ജനാധിപത്യപരമായ ഒരു രീതി കൂടി പുലർത്തിക്കൊണ്ടാണ് ആ കമ്യൂണിസ്റ്റ് പാർടികൾ നിലനിൽക്കുന്നത്. ഓരോ മൂന്നു വർഷങ്ങൾ കൂടുമ്പോഴും പാർടി തങ്ങളുടെ പുതിയ നയവും പരിപാടിയും ബഹുജനസമക്ഷം അവതരിപ്പിച്ച് സംവാദങ്ങൾ നടത്തി വിമർശനങ്ങൾ സ്വീകരിക്കുന്നു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടികളുടെ ഒരു പ്രാധാന ദൗർഭാഗ്യം അതിന് അർഹരായ വിമർശകർ ഒരിക്കലും ഉണ്ടായിട്ടില്ല എന്നതാണ്. സ്വന്തമായി ഒരു ദർശനമോ നിലപാടോ, തങ്ങൾ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങളോടുള്ള ആത്മാർത്ഥതയോ ഇല്ലാത്തവരുടെ വിമർശനം ഒട്ടും ക്രിയാത്മകമായിരിക്കില്ല. സ്ഥായിയായ നിലപാടുകൾ ഉള്ളവരിൽത്തന്നെ അങ്ങേയറ്റം പ്രതിലോമകാരികളായവരുടെ വിമർശനവും ഫലശൂന്യമാണ്. ഒരു വർഗ്ഗീയഭീകരവാദി കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചിട്ട് ആർക്ക് എന്തുകാര്യം?

അതേസമയം കമ്യൂണിസ്റ്റിതര ജനാധിപത്യപക്ഷത്തും വിശാലമായ ഇടതുപക്ഷത്തും നിൽക്കുന്ന നിരവധി വ്യക്തികളും സംഘങ്ങളുമുണ്ട്. പിന്നെ യഥാർത്ഥ മതവിശ്വാസികൾ, മതേതരമായ ആത്മീയ നിലപാടു പുലർത്തുന്നവർ, പല മേഖലകളിലുമുള്ള വിദഗ്ദർ, മൗലീക പ്രതിഭകൾ; ഇവരുടെയെല്ലാം നിരീക്ഷണവും വിമർശനവും കമ്യൂണിസ്റ്റ് പാർടികളെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്.

എന്നാൽ ഇന്ന് കേരളത്തിൽ "ഇടതുനിരീക്ഷകർ" എന്നവകാശപ്പെട്ട് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വരുന്നവർ ഇക്കൂട്ടത്തിൽ പെടുന്നുണ്ടോ? അവരിൽ ഏതാണ്ട് തൊണ്ണൂറു ശതമാനം പേരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് പ്രത്യകിച്ച് സിപിഐഎമ്മിൽ നിന്ന് ഓരോരോ സംഘടനാ പ്രശ്നങ്ങൾ മൂലം തെറ്റിപ്പിരിഞ്ഞവരാണ്. പാർലിമെൻററി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാർടിയിൽ നിന്ന് പലരും പല കാലങ്ങളിൽ പുറത്താകും. ആശയപരമായ ഭിന്നതമൂലം പുറത്തു പോകുന്നവരിൽനിന്നു വ്യത്യസ്തമായി വലിയ പകയും പ്രതികാരവുമാണ് ഇവർ പുലർത്തുക. തങ്ങൾ വിട്ടുപോന്ന പാർടിയെ പരമാവധി ദ്രോഹിക്കാൻ കഴിയുന്ന ഏതു ചേരിയിലും പ്ലാറ്റ്ഫോമിലും മാറി മാറി നിൽക്കാൻ ഇവർക്ക് ഒരു മടിയും ഉണ്ടാകില്ല.

ഏതാനും വർഷങ്ങൾക്ക് മുമ്പ് സിപിഐ.എമ്മിൽ ഉണ്ടായ അഭ്യന്തരപ്രശ്നം ഒരു നിലക്കും ആശയപരമായിരുന്നില്ല. അവരിൽ ആരെങ്കിലും ആ പാർടിയുടെ നയത്തേയോ പരിപാടിയേയോ അന്നു വിമർശിച്ചതായി എനിക്ക് ഓർക്കാനാവുന്നില്ല. (ഒഞ്ചിയത്തെ പഞ്ചായത്ത് പ്രസിഡണ്ട് തർക്കം പോലെ ചില പൊട്ടുപൊടി സംഗതികൾ ഓർമ്മയുണ്ട്.) അന്ന് പാർട്ടിവിട്ടവരോ പുറത്തായവരോ ആയ ആളുകൾ രാഷ്ട്രീയവിമർശനം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ അത് ഇടതുപക്ഷത്തുനിന്നുള്ള വിമർശനമായി പരിഗണിച്ചാൽ നമ്മൾ അബദ്ധത്തിൽ ചെന്നുപെടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top