19 April Friday

കുമ്മനം രാജശേഖരന്റെ സൗമ്യത കപടം; ചരിത്രം വര്‍ഗീയധ്രുവീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2015

തീവ്രഹിന്ദുത്വമുഖമുള്ളയാള്‍ പ്രസിഡന്റാകണമെന്ന തീരുമാനമാണ് കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ അമിത്ഷാ നടപ്പിലാക്കിയത്. സൗമ്യ ഭാഷിയായും ആറന്മുള വിമാനതാവള വിരുദ്ധ നായകനായും അറിയപ്പെടുന്ന കുമ്മനം പഴയകാല തീവ്രനിലപാടുകള്‍ക്കുമുകളിലണിഞ്ഞിരിക്കുന്ന കവചംമാത്രമാണത്. നിലയ്ക്കല്‍ സമരത്തിലും ബാബ്റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട നാളുകളിലും കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ നാല് ദശാബ്ദ കാലമായി കേരളത്തില്‍ വര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധവെറിയും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനാകുന്നത് ഗൌരവത്തില്‍ തന്നെ കാണേണ്ടതാണെന്ന് പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ കെ എന്‍ ഗണേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

"കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനാകുന്നത് ഗൗരവത്തില്‍ തന്നെ കാണേണ്ടതാണ്. ഹിന്ദു മുന്നണിയുടെ സ്രഷ്ടാവും വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനുമായിരുന്ന കുമ്മനം കഴിഞ്ഞ നാല് ദശാബ്ദ കാലമായി കേരളത്തില്‍ വര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധവെറിയും പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. 1981–2 ല്‍

കോളിളക്കം സൃഷ്ടിച്ച നിലക്കല്‍ പ്രശ്നത്തിലും പിന്നീടു രാമജന്മഭൂമിയുടെ ഭാഗമായി നടന്ന ഗംഗാജലയാത്രയിലും മസ്ജിദ് തകര്‍ക്കുംപോഴും തകര്‍ത്തത്തിനു ശേഷവും ഉണ്ടായ വര്‍ഗീയധ്രുവീകരണത്തിലും മുഖ്യപങ്ക് വഹിച്ച ആളാണു കുമ്മനം. കുമ്മനത്തിന്റെ അധ്യക്ഷസ്ഥാനവും പി പി മുകുന്ദനെ പോലുള്ളവരുടെ തിരിച്ചുവരവും തീവ്രഹിന്ദുത്വത്തിന്റെ മേല്‍കോയ്മയുടെ സ്ഥാപനത്തെ സൂചിപ്പിക്കുന്നു. അതിനോടൊപ്പം ക്ഷേത്രപരിസരത്തുനിന്നു വരെ ന്യൂനപക്ഷങ്ങളെ പുരത്തക്കേണ്ടതാണ്ടെന്ന മോഹന്‍ ഭാഗവത്തിന്റെ ആര്‍എസ്എസ്
പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശവും കൂട്ടിവായിക്കണം. കൃത്യമായ വര്‍ഗീയധ്രുവീകരണത്തിലേക്കു നയിക്കാന്‍ സാധ്യതയുള്ള അത്തരത്തിലുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ ത്രാണിയുള്ള ആളാണു കുമ്മനം.

ഇതിനോടൊപ്പം കാണേണ്ട മറ്റൊരുകാര്യമാണു ചെന്നിത്തലയുടെ കത്ത്. കത്ത് ചെന്നിത്തല നിഷേധിച്ചിട്ടുണ്ട്. എങ്കിലും ഉത്തരാധുനിക ഭാഷയില്‍പറഞ്ഞാല്‍ ഉത്തരവാദിയില്ലെങ്കില്‍ പോലും ഇത്തരത്തിലുള്ള കത്തിനു പൊതുമണ്ഡലത്തില്‍ സ്ഥാനമുണ്ടാകാം. തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച കോണ്ഗ്രസ്സിന്റെ അകത്തു ചലനങ്ങളുണ്ടാക്കുന്നു എന്നാണു ഈ കത്ത് സൂചിപ്പിക്കുന്നത്. ഹിന്ദുക്കളുടെ പിന്തുണയില്ലാതെ അടുത്ത തെരഞ്ഞെടുപ്പു ജയിക്കാന്‍ കഴിയുകയില്ല എന്ന സന്ദേശം ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ വലതുപക്ഷത്തേക്കു കൂടുത്തല്‍ ചായുന്നു എന്നാകാം. അപ്പോള്‍ ഹിന്ദുത്വം വിഭാവനം ചെയ്യുന്നതുപോലുള്ള ധ്രുവീകരണം നടക്കാന്‍ എളുപ്പമായി. കമ്മ്യൂണിസ്റ്റ്കാരെ പിടിക്കാന്‍ ഭാഗവതസത്രവും മറ്റും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കുമ്മനം പഴയ അയ്യപ്പസേവാസംഘത്തിന്റെ ആളുമാണ്. അയ്യപ്പന്‍ ഒരു തൊഴിലാളിവര്‍ഗദൈവവും കൂടിയാണല്ലോ.''


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top