22 September Friday

ഇരുപത്‌ രൂപയുടെ പൊതിച്ചോറിൽ സന്തോഷം കണ്ടെത്തുന്ന ആയിരങ്ങളാണ് വീണ്ടും വീണ്ടും ആ ഭക്ഷണശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവർത്തികമാക്കുന്ന ഒരു സർക്കാരിന്റെ  വെൽഫെയർ സ്‌കീമാണ് ജനകീയ ഹോട്ടൽ എന്ന ആശയം. അവിടെയാണ് കോർപ്പറേറ്റ് സ്ഥാപനത്തിലെ സുഖ ശീതളിമയിൽ ഉണ്ടുറങ്ങി കഴിയുന്നവർ ക്യാമറയും തൂക്കിയിറങ്ങി ജനകീയ ഹോട്ടലിലെ ഊണിൽ കറികൾ കുറവാണെന്നും തോരനിൽ കടുക് വറുത്തില്ലെന്നും സ്റ്റോറി ചെയ്യുന്നത്. ശ്രീകാന്ത്‌ പി കെ എഴുതുന്നു.

കോഴിക്കോട് അമ്മ ഹോട്ടൽ അഥവാ അമ്മ മെസ് ഹൗസ് വളരെ പ്രസിദ്ധമാണല്ലോ.അവിടെ നിന്ന് ചോറും, പച്ചക്കറിയും മീൻ കറിയും,തോരനും,അച്ചാറും,പപ്പടവും അടങ്ങുന്ന ഊണും കൂട്ടത്തിൽ ഒരു പൊരിച്ച മീനും വാങ്ങിയാൽ ഇന്ന് നിങ്ങൾ 260 രൂപ കൊടുക്കണം.അയക്കൂറ, ആവോലി, സ്രാവ് തുടങ്ങിയ വില കൂടിയ ഒന്നോ രണ്ടോ മീനുകൾ മാത്രം ലഭിക്കുന്ന ആ അമ്മ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുക എന്നത് പല ഭക്ഷണ പ്രേമികളുടേയും പ്രധാന ആഗ്രഹത്തിൽ പെട്ടതാണ്.

മലയാളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ഒട്ടുമിക്ക മുൻ നിര ചാനലുകളും,ഏതാണ്ട് എല്ലാ ഫൂഡ് വ്ലോഗേഴ്‌സും അമ്മ ഹോട്ടലിൽ നിന്ന് കുക്കറി പ്രോഗ്രാമോ സന്ദർശനമോ ഒക്കെയായി ഭക്ഷണം കഴിക്കാനായി എപ്പിസോഡ് കവർ ചെയ്ത് കാണും.ഇന്നേ വരെ ഒരാൾ പോലും ഒരു കിലോ അയക്കൂറയുടെ വിലയും ഹോട്ടലിൽ വറുത്ത മീൻ കഷണത്തിന്റെ വിലയുമായി തരതമ്യം ചെയ്യുകയോ, ഈ ചോറും മീൻ ചാറും തോരനും അച്ചാറും മീൻ കഷണത്തിനും കൂടി 240-270 രൂപയൊക്കെ ആകുമോ എന്നൊന്നും പരിഭവം പറഞ്ഞു കാണില്ല.മീൻ വറുക്കുമ്പോളുള്ള മസാലയും എണ്ണയും രുചിയുമൊക്കെ മാത്രം വർണ്ണനയിൽ വരികയും അമ്മയും അംബികയും അങ്ങനെ അര ഡസൻ മെസ് ഹൗസുകൾ സർവ്വ സ്വീകാര്യമാകുകയും ചെയ്‌തു‌‌.

മീനിന് കിലോയ്ക്ക് ഇരുപത് രൂപ കൂടുമ്പോൾ കഷണത്തിന് 10 രൂപ കൂട്ടുകയും എന്നാൽ മീൻ വില കുറയുമ്പോൾ ഒരു രൂപ പോലും വില കുറയാതെ നിൽക്കുകയും ചെയ്യുന്ന ഇത്തരം ഭക്ഷണ ശാലകളിൽ നിന്ന് വില 260-ൽ നിന്ന് മുന്നൂറോ മുന്നൂറ്റി അമ്പതോ ആയാലും പരിഭവമേതുമില്ലാതെ ഭക്ഷണം കഴിച്ചു കൈ തോർത്തി ഏമ്പക്കം വിട്ട് ഇറങ്ങുന്നവരാണ് ഭൂരിഭാഗവും. ഇതേ കോഴിക്കോട് ഞാൻ താമസിക്കുന്ന വീടിന് അമ്പത് മീറ്റർ ദൂരെയാണ് കുടുംബശ്രീ യുടെ 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ.ഉച്ചക്ക് 12 മണിക്ക് മുന്നേ തന്നെ ഊണ് വാങ്ങാൻ ആൾക്കാർ തിരക്കി തുടങ്ങും ഒന്നര-രണ്ട് മണിക്ക് മുന്നേ മുഴുവൻ പൊതിച്ചോറുകളും തീരും.അടുത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറി തൊഴിലാളികൾ, പാർസൽ കടയിലെ ലോഡിങ് തൊഴിലാളികൾ,ലോട്ടറി കച്ചവടക്കാർ,ബീച്ചിലെ പെട്ടിക്കട-ഉന്തുവണ്ടി കച്ചവടക്കാർ മുതൽ പത്തും പന്ത്രണ്ടും ആയിരം രൂപയ്ക്ക് പൊരി വെയിലത്ത്‌ നാടു മുഴുവൻ ഓടേണ്ടി വരുന്ന സ്വകാര്യ കമ്പനികളുടെ മാർക്കറ്റിങ്-സെയിൽസ് എക്സിക്യൂട്ടീവ്സ് വരെ ഈ ജനകീയ ഹോട്ടലിൽ നിന്ന് 20 രൂപയ്ക്ക് ഊണ് വാങ്ങാൻ ക്യു നിൽക്കുന്നുണ്ടാകും.

ദിവസം 500 രൂപയുണ്ടാക്കാൻ പകലന്തിയോളം പണിയെടുക്കുന്ന ഈ തൊഴിലാളി മനുഷ്യർക്ക് ഒരു ഇടത്തരം റെസ്റ്ററന്റിലെ അറുപത് രൂപ ഊണ് തന്നെ അധിക ബാധ്യതയാണ്.അമ്മയിൽ നിന്ന് ഇരുനൂറ്റി അറുപത്  രൂപയ്ക്ക് ഒരുനേരത്തെ ചോറും മീനും നമ്മൾ കഴിക്കുന്ന കാശിന് രണ്ടാഴ്ച്ച ഉച്ചഭക്ഷണം കഴിക്കുന്നവർ.അത്തരം പതിനായിരക്കണക്കിന് അതി സാധാരണ മനുഷ്യർക്കുള്ള ആശ്വാസമാണ് സർക്കാരിന്റെ ഈ ജനകീയ ഹോട്ടലുകൾ.കുടുംബശ്രീ എന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വയം സഹായ സംഘത്തിന്റെ നൂറുകണക്കിന് വനിതകളുടെ പ്രയത്നം കൂടിയാണ് ഇത്തരം ജനകീയ ഹോട്ടൽ സംരംഭം.

സർക്കാരിന്റെ ഈ സംരംഭത്തിന്റെ പേര് 'വിശപ്പ് രഹിത കേരളമെന്നാണ്' അല്ലാതെ മൃഷ്ടാന ഭോജന കേരളമെന്നല്ല.20 രൂപ കൊടുത്തു ആ പൊതിച്ചോറ് വാങ്ങാൻ നിൽക്കുന്ന ഒന്നൊഴിയാത്ത മനുഷ്യർക്ക് നല്ല ധാരണയുണ്ട് ആ പൊതിക്കുള്ളിൽ എത്ര തരം വിഭവങ്ങളുണ്ടെന്നും എത്രയെണ്ണം കറികൾ കാണുമെന്നും.ആ ചോറിൽ,ആ കറികളിൽ സന്തോഷം കണ്ടെത്തുന്ന വിശപ്പ് മാറ്റുന്ന ആയിരങ്ങളാണ് വീണ്ടും വീണ്ടും ആ ഭക്ഷണ ശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നതും. വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവർത്തികമാക്കുന്ന ഒരു സർക്കാരിന്റെ  വെൽഫെയർ സ്‌കീമാണ് ജനകീയ ഹോട്ടൽ എന്ന ആശയം. കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണായും ഭക്ഷ്യ കിറ്റായും നമ്മുടെ വീടുകളിലും വീട്ടു പടിക്കലും എത്തിയതും ഏത് അവസ്ഥയിലും ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു  മാനവിക  സമീപനം പുലർത്തുന്ന ഒരു സർക്കാരിന്റെ ഈ നിർബന്ധമാണ്.

അവിടെയാണ് കോർപ്പറേറ്റ് സ്ഥാപനത്തിലെ സുഖ ശീതളിമയിൽ ഉണ്ടുറങ്ങി കഴിയുന്നവർ ക്യാമറയും തൂക്കിയിറങ്ങി ജനകീയ ഹോട്ടലിലെ ഊണിൽ കറികൾ കുറവാണെന്നും തോരനിൽ കടുക് വറുത്തില്ലെന്നും സ്റ്റോറി ചെയ്യുന്നത്. 20 രൂപക്കല്ല സൗജന്യമായി കൊടുക്കുന്ന ഭക്ഷണമായാൽ പോലും ആ ആഹാരം വൃത്തി ഹീനമാണെങ്കിൽ,നിലവാരമില്ലെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടണം.ഇതതല്ല സർക്കാരിന്റെ ഭക്ഷ്യ കിറ്റിലെ പായസ കിറ്റിൽ അണ്ടി പരിപ്പിന്റെ കൂടെ മുന്തിരിങ്ങയില്ല എന്ന് റിപ്പോർട്ട് ചെയ്‌ത അതേ കുബുദ്ധി. ഇവിടെ നിന്നൊക്കെ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന എലീറ്റ് കുത്തിക്കഴപ്പ്. കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്രയും അന്ധനായ കമ്യൂണിസ്റ്റ് വിരോധിയാണ്  കണ്ടത്തിൽ മാമൻ മാപ്പിള.കമ്യൂണിസ്റ്റ് സർക്കാർ പലവട്ടം അധികാരത്തിൽ വന്നു. അയാളുടെ മൂന്നാം തലമുറക്ക് പക്ഷേ ആത്മഹത്യ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ഇതുപോലെ വിഷം പരത്തി സായൂജ്യമടയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top