21 March Tuesday

കോണ്‍ഗ്രസ് നേതാക്കള്‍ കാല് മാറിയാണ് ഹിന്ദുത്വ വാദികള്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ സൗകര്യം സൃഷ്ടിച്ചു കൊടുത്തത്... കെ ടി കുഞ്ഞിക്കണ്ണന്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 14, 2022

ബിജെപി അധികാരം കയ്യാളുന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കാല് മാറിയാണ് ഹിന്ദുത്വ വാദികള്‍ക്ക് സര്‍ക്കാറുണ്ടാക്കാനും ഭരണതുടര്‍ച്ച ഉണ്ടാക്കാനും സൗകര്യം സൃഷ്ടിച്ചു കൊടുത്തത്- കെടി കുഞ്ഞുക്കണ്ണന്‍

കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇന്ത്യയുടെ തന്നെ തകര്‍ച്ചയാണെന്നൊക്കെയുള്ള ലളിതോക്തികളിലൂടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്കും ഹിന്ദുത്വവാദികളുടെ വളര്‍ച്ചക്കും കാരണമായ സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും അതില്‍ കോണ്‍ഗ്രസിനുള്ള അപരാധപൂര്‍ണ്ണമായ പങ്കില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള കൗശലം പയറ്റി നോക്കുകയാണ്. കോര്‍പ്പറേറ്റ് ഹിന്ദുത്വവാദത്തിന്റെ വാമനാവതരങ്ങളായ ഇത്തരം അല്പബുദ്ധികള്‍ നെഹറുവിയന്‍ നയങ്ങളെയും മതനിരപേക്ഷതയെയും എല്ലാ കാലത്തും  എതിര്‍ത്തു പോന്ന കോണ്‍ഗ്രസിലെ കടുത്ത ഇടതുപക്ഷവിരുദ്ധതയെ പിന്‍പറ്റുന്നവരാണ്.ഗോവിന്ദ് വല്ലഭായ് പന്തു മുതല്‍ നരസിംഹറാവു വരെയുള്ളവരുടെ പരമ്പരയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രിയം പഠിച്ചവരാണിവര്‍.നെഹറുയിസത്തില്‍ നിന്നല്ല മന്‍മോഹണോമിക്‌സില്‍ നിന്നാണവര്‍ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും പഠിച്ചത്.

കോണ്‍ഗ്രസ് തുടങ്ങി വെച്ച നിയോലിബറല്‍ നയങ്ങളും സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടക്ക് സൗകര്യമൊരുക്കി കൊടുത്ത മൃദുഹിന്ദുത്വസമീപനങ്ങളുമാണ് തീവ്രവലതുപക്ഷത്തിന്റെ കൈകളിലേക്ക് ദേശീയാധികാരം എത്തിച്ചതെന്ന സമകാലീന ചരിത്രയാഥാര്‍ത്ഥ്യത്തെ കുറിച്ച് ഈ വാമനബുദ്ധികള്‍ അജ്ഞത സൃഷ്ടിക്കുകയാണ്. കോര്‍പ്പറേറ്റ് മൂലധന താല്പര്യങ്ങളിലും കടുത്ത മുസ്ലിം വിരുദ്ധതയിലുമധിഷ്ഠിതമായ ഹിന്ദുത്വരാഷ്ട്രീയത്തെ എല്ലാ കാലത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം താലോലിച്ചു പോന്നിരുന്നു. ബിജെപി അധികാരം കയ്യാളുന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ കാല് മാറിയാണ് ഹിന്ദുത്വ വാദികള്‍ക്ക് സര്‍ക്കാറുണ്ടാക്കാനും ഭരണതുടര്‍ച്ച ഉണ്ടാക്കാനും സൗകര്യം സൃഷ്ടിച്ചു കൊടുത്തത്. യോഗിയുടെ വലംകൈയായി യുപിയിലെ പി സി സി അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണയെ പോലുള്ളവര്‍ മാറിയതോടെയാണല്ലോ ഹിന്ദുത്വ വാദികള്‍ യു പിയില്‍ ഉത്സാഹഭരിതരായത്.

ഇപ്പോള്‍ യോഗിക്ക് ഭരണതുടര്‍ച്ച ഉണ്ടായത് സമാജ്വാദിപാര്‍ടിക്ക് ജയിച്ചു കയറാനാവുമായിരുന്ന മിക്ക സീറ്റുകളിലും മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിച്ചു കളഞ്ഞ കോണ്‍ഗ്രസ്, ബി എസ് പി, എ ഐ എം എ ഐ സ്ഥാനാര്‍ത്ഥികളുടെ സാന്ന്യ ധ്യം കൊണ്ടായിരുന്നല്ലോ. ബി ജെ പി ജയിച്ച 86 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ത്ഥികള്‍ തോറ്റത് 2000 ല്‍ താഴെ വോട്ടുകള്‍ക്കാണ്.ഇതില്‍ 21 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് ബി ജെ പി നേരിയ ഭൂരിപക്ഷത്തിന് ജയിപ്പിച്ചത്.27 സീറ്റുകളില്‍ ബി എസ് പിയും 7 സീറ്റുകളില്‍ ഒവൈസിയും. കോണ്‍ഗ്രസിന്റെ കേരളത്തിലെ സഖ്യകക്ഷിയായ ലീഗ് അവിടെ ഒവൈസിക്കൊപ്പവുമായിരുന്നല്ലാ.

പാക്കിസ്ഥാന്‍ ഒരു മുസ്ലിം രാഷ്ട്രമായത് കൊണ്ടു് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവുന്നതില്‍ തെറ്റില്ലെന്ന് കരുതിയിരുന്ന വലിയ വിഭാഗം നേതാക്കള്‍ ഗാന്ധിയും നെഹറുവും ജീവിച്ചിരുന്ന കാലത്ത് തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു. അവരുടെ ആത്മാവിന്റെ ശബ്ദമാണ് ജയ്പൂര്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയിലൂടെ രാജ്യത്തിന് കേള്‍ക്കേണ്ടി വന്നത്. ഇന്ത്യ ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയുമടക്കം എല്ലാ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വാസമില്ലാത്തവരുടെയും രാജ്യമാണെന്ന് ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരക്കാത്തെയും വിശകലനം ചെയ്ത് പഠിപ്പിച്ച നെഹറുവില്‍ നിന്നും മദന്‍മോഹന്‍ മാളവ്യയുടെ ഹിന്ദു രാജ്യദര്‍ശനങ്ങളിലേക്ക് കോണ്‍ഗ്രസ് അധ:പതിച്ചു പോകുന്നതെന്തുകൊണ്ടാണെന്നാണ് പരിശോധിക്കേണ്ടത്.നെഹറുവിന്റെ കമാന്റ് സോഷ്യലിസത്തില്‍ നിന്നും റാവുവിന്റെ കമ്പോളനയങ്ങളിലേക്ക് കോണ്‍ഗ്രസ് എങ്ങിനെ വഴുതി വീണെന്നാണ് വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത്. അതിനൊന്നുമുള്ള ധൈര്യമില്ലാത്തവരാണ് ലളിതോക്തികളിലൂടെ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് ന്യായം ചമച്ച് സ്വയം ആശ്വാസം കൊള്ളുന്നത്. അവരുടെയൊക്കെ വഴി റീത്താബഹുഗുണമാരുടേതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top