08 December Friday

ഫാസിസത്തിന്റെ പതിപ്പായ സംഘിസത്തെ ഇന്ത്യൻമണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം... കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഗോത്രവർഗ്ഗങ്ങളും പിന്നോക്ക വിഭാഗങ്ങളും കടുത്ത നിരാശയിലും ഭയപ്പാടിലുമാണ്. ലോകത്തൊരിടത്തും കാണാത്ത ക്രൂരതകളാണ് മോദി കാലത്ത് തിമർത്താടുന്നത്. സ്ത്രീത്വം ഇത്രമേൽ അപമാനിതമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടേയില്ല. ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പായ സംഘിസത്തെ എന്നന്നേക്കുമായി ഇന്ത്യൻമണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം... കെ ടി ജലീൽ എഴുതുന്നു


സ്വാതന്ത്ര്യമാണ് ജീവിതം!

സ്വാതന്ത്ര്യാനന്തരമുള്ള രാഷ്ട്രത്തിന്റെ പേര് ഹിന്ദുസ്ഥാനും ഹിന്ദും ആർഷഭാരതവും വേണ്ട, "ഇന്ത്യ" മതി എന്ന് തീരുമാനിച്ചതിലൂടെ രൂപപ്പെട്ട സമ്പൂർണ്ണ സ്വതന്ത്ര ബഹുസ്വര നാടാണ് നമ്മളുടേത്. "ദൈവനാമത്തിൽ" എന്ന വാക്കോടെയാണ് ഇന്ത്യൻ ഭരണഘടന ആരംഭിക്കേണ്ടത് എന്ന നിർദ്ദേശം വോട്ടിനിട്ട് തള്ളിയ ചരിത്ര പശ്ചാതലത്തിൽ പാകപ്പെട്ട മതേതര അടിത്തറയാണ് ഇന്ത്യയുടേത്. ഭൂരിപക്ഷ-ന്യൂനപക്ഷ പരിഗണനകളില്ലാതെ യൂണിയൻ പ്രസിഡണ്ട്- പ്രധാനമന്ത്രി പദവികളിൽ സഹോദര മതസ്ഥരെ സ്വീകരിച്ചിരുത്തിയ ഇന്നലെകൾ സമ്മാനിച്ച ഖ്യാതിയിൽ രൂപംകൊണ്ട ജനാധിപത്യത്തിൻ്റെ മനോഹാര്യതയുടെ ആകെത്തുകയാണ് ഇന്ത്യ.

ഒരു രാജ്യത്തിൻ്റെ പുരോഗതി കുടികൊള്ളുന്നത് തദ്ദേശീയരുടെ സമാധാനത്തിലും സംതൃപ്തിയിലുമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ഗോത്രവർഗ്ഗങ്ങളും പിന്നോക്ക വിഭാഗങ്ങളും കടുത്ത നിരാശയിലും ഭയപ്പാടിലുമാണ്. ലോകത്തൊരിടത്തും കാണാത്ത ക്രൂരതകളാണ് മോദി കാലത്ത് തിമർത്താടുന്നത്. സ്ത്രീത്വം ഇത്രമേൽ അപമാനിതമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടേയില്ല. ഭൂമിയിലെവിടെയും സംഘ്പരിവാർ ഇന്ത്യയിലെപ്പോലെ മനുഷ്യജീവന് വിലയിടിഞ്ഞത് ചൂണ്ടിക്കാണിക്കാൻ ആർക്കുമാവില്ല. പശുക്കടത്ത് ആരോപിച്ച് പച്ചമനുഷ്യരെ ചുട്ടുകൊല്ലുന്ന ഭീകരത മറ്റെവിടെനിന്നാണ് കേൾക്കാനാവുക?

നിയമപാലകൻ തന്നെ ട്രൈനിലിട്ട് നാലു പാവം മനുഷ്യരെ അവരുടെ മതം നോക്കി വെടിവെച്ച് കൊന്ന സംഭവം രാജ്യത്തുണ്ടാക്കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വിശ്വാസത്തിൻ്റെ പേരിലുള്ള വിവേചനവും മാറ്റി നിർത്തലും ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ മുഖത്തേൽപ്പിച്ച കരുവാളിപ്പ് സമീപകാലത്തൊന്നും മായാനിടയില്ല. ക്രൂരതകളും കൊടിയ അനീതിയും ആവർത്തിക്കാതിരിക്കാനുള്ള ലക്ഷണമൊന്നും ഇന്ത്യൻ ഫാഷിസ്റ്റുകളിൽ പ്രകടമല്ല. സമാനതകളില്ലാത്ത പൈശാചികതകൾ മനുഷ്യ മനസ്സുകളിലുണ്ടാക്കുന്ന ഭീതി വിവരാണാതീതമാണ്.

121 രാജ്യങ്ങൾ മാത്രം ഉൾപെട്ട ആഗോള പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. 180 രാജ്യങ്ങൾ ഉൾപെട്ട ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. മുൻ വർഷത്തെ 150-ൽ നിന്നാണ് പന്ത്രണ്ട് മാസം കൊണ്ട് 161-ലേക്കുള്ള ഈ കൂപ്പുകുത്തൽ. 191 രാജ്യങ്ങൾ ഉൾപ്പെട്ട മാനവവിഭവശേഷി വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യ 108-ാം സ്ഥാനത്താണ്.

അന്താരാഷ്‌ട്ര സന്തോഷ സൂചികയിൽ 126-ാം സ്ഥാനമാണ് നമ്മളുടേത്. ആഗോള സമാധാന സൂചികയിൽ 136-ാം പടിയിലാണ് ഇന്ത്യ. ലിംഗ അസമത്വ സൂചികയിൽ 127-ാം സ്ഥാനത്താണ് ഇന്ത്യയുടെ നിൽപ്പ്. ശതകോടീശ്വരൻമാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയായ 169-ൽ എത്തിയ കാലത്തുതന്നെയാണ് പട്ടിണി സൂചികയിലെ നമ്മുടെ രാജ്യത്തിൻ്റെ വൻ "കുതിച്ചുചാട്ടം" എന്നോർക്കുക.

മഹാത്മാഗാന്ധിയുടെ ഇന്ത്യയെ നമുക്ക് തിരിച്ചു പിടിക്കണം. ജവഹർലാലിൻ്റെ നാടിനെ നമുക്ക് പുനസൃഷ്ടിക്കണം. മൗലാനാ ആസാദിൻ്റെ രാജ്യത്തെ നമുക്ക് പുനരാവിഷ്കരിക്കണം. ഫാസിസത്തിൻ്റെ ഇന്ത്യൻ പതിപ്പായ സംഘിസത്തെ എന്നന്നേക്കുമായി ഇന്ത്യൻമണ്ണിൽ നിന്ന് കെട്ടുകെട്ടിക്കണം.

എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്യദിനാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top