25 April Thursday

വിവാദപ്രസംഗം: ‘മുസ്ലീം ലീഗ്‌ ഉയർത്തുന്ന കോലാഹലങ്ങൾ സമുദായത്തെ അപകീർത്തിപ്പെടുത്താനേ ഉപകരിക്കൂ’‐ കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

ഫറൂഖ്‌ കോളേജ്‌ അധ്യാപകന്റെ അശ്ലീല പ്രസംഗത്തിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട്‌ മുസ്ലീം ലീഗും മറ്റു ചില മുസ്ലീം സംഘടനകളും ഉയർത്തുന്ന കോലാഹലങ്ങൾ സമുദായത്തെ അപകീർത്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന്‌ മന്ത്രി കെ ടി ജലീൽ. ഭരണത്തിലിരിക്കുമ്പോൾ മതേതരമാകാൻ കിണഞ്ഞ് ശ്രമിക്കുന്ന മുസ്ലിംലീഗ് പ്രതിപക്ഷത്താവുമ്പോൾ വർഗ്ഗീയമാകാൻ പെടാപ്പാടുപെടുന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ മന്ത്രി മുസ്ലീം ലീഗിന്റെ വാദങ്ങൾക്ക്‌ മറുപടി പറഞ്ഞത്‌.  

കെ ടി ജലീലിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

വത്തക്ക പിടിച്ച പുലിവാല്...

ഫാറൂഖ് കോളേജിലെ ഒരദ്ധ്യാപകൻ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങൾ കോളേജിലെ വിദ്ധ്യാർത്ഥിനികൾ എന്ന നിലയിൽ തങ്ങളെ അപമാനപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഒരു പെൺകുട്ടി നൽകിയ പരാതിയിൽ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകൾ നടത്തുന്ന കോലാഹലങ്ങൾ സമുദായത്തെ അപകീർത്തിപ്പെടുത്താനും ഇസ്ലാമിനെ കൂടുതൽ തെറ്റിദ്ധരിപ്പിക്കാനും മാത്രമേ ഉപകരിക്കൂ .
ഒരദ്ധ്യാപകൻ ഏത് വേദിയിൽ വെച്ചാണെങ്കിലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് . മിസ്റ്റർ മുനവ്വറിന്റെ സംസാരത്തിലെ വാക്കുകളും അപ്പോഴത്തെ മുഖഭാവവും ശരീരഭാഷയും ശ്രദ്ധിച്ചാൽ ആർക്കും അദ്ദേഹം പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല . പതിനൊന്ന് വർഷം ഒരു കോളേജ്‌ അധ്യാപകനായിരുന്നത് കൊണ്ട്കൂടിയാണ് ഞാനിത് പറയുന്നത്. എന്തും വിളിച്ച് പറയാനുള്ള ലൈസൻസാണ് 'മുസ്ലിം' പട്ടമെന്ന് ആരും കരുതരുത്. മുസ്ലിം സ്ത്രീകളുടെ വേഷം നന്നാക്കാൻ ഇത്തരം ജൽപനങ്ങൾ എഴുന്നള്ളിച്ച് കൂലിത്തല്ലു നടത്തുന്നവരുടെ ആവശ്യവുമില്ല.

യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസും നജീബ് കാന്തപുരവും ഈ വിഷയത്തിൽ ആദ്യമെടുത്ത നിലപാട് പ്രശംസനീയമായിരുന്നു. പരപ്രേരണയാൽ അവർക്കത് പിൻവലിക്കേണ്ടിവന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. ഇങ്ങിനെ പോയാൽ മുസ്ലിംലീഗെന്ന രാഷ്ട്രീയ പാർട്ടി കേരളീയ പൊതുബോധത്തിന്റെ നാലയലത്ത് നിന്ന് പോലും പടിയടച്ച് പിണ്ഡം വെക്കപ്പെടും. സി.എച്ചും ശിഹാബ് തങ്ങളും കൊരമ്പയിലും മതേതരവൽക്കരിച്ച ലീഗിനെ ആരാണ് മതാന്ധകരുടെ ആലയിൽ കൊണ്ട്പോയിക്കെട്ടാൻ ശ്രമിക്കുന്നത്. ലീഗ് കുറച്ച് കാലമായി ഒരു രാഷ്ടീയ പാർട്ടിയിൽ നിന്ന് അതിസങ്കുചിത മതസമുദായ പാർട്ടിയായി പരിമിതപ്പെടുകയാണെന്ന് ആരെങ്കിലും ആരോപിച്ചാൽ, അത് ശരിയല്ലെന്ന് നെഞ്ചത്ത് കൈവെച്ച് തീർത്ത് പറയാൻ ലീഗിന് കഴിയുമോ? ഭരണത്തിലിരിക്കുമ്പോൾ മതേതരമാകാൻ കിണഞ്ഞ് ശ്രമിക്കുന്ന മുസ്ലിംലീഗ് പ്രതിപക്ഷത്താവുമ്പോൾ വർഗ്ഗീയമാകാൻ പെടാപ്പാടുപെടുന്നത് രാഷ്ട്രീയ ലാഭത്തിനല്ലാതെ മറ്റെന്തിനാണ്?

ശശികല ടീച്ചർക്കും ഡോ. ഗോപാലകൃഷ്ണനും വർഗീയവിഷം ചീറ്റാമെങ്കിൽ എന്ത് കൊണ്ട് മുസ്ലിമിനും അതായിക്കൂടെന്ന ചോദ്യം എന്തുമാത്രം അപമതിപ്പാണ് ഇസ്ലാമിന് ഉണ്ടാക്കുകയെന്ന് ഇത്തരം വാദം എഴുന്നള്ളിക്കുന്നവർ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മുസൽമാന് മാതൃക ശശികലടീച്ചറോ ഗോപാലകൃഷ്ണനോ അല്ലല്ലൊ. ലോകം മുഴുവൻ ആദരിച്ച മുഹമ്മദ് നബിയുടെ പക്വവും സൗമ്യമാർന്നതുമായ ശൈലിയും ഭാഷയുമല്ലേ? പ്രവാചക ചരിത്രത്തിലോ പണ്ഡിതശ്രേഷ്ഠരുടെ വാക്കുകളിലോ ഫാറൂഖ് കോളേജിലെ അദ്ധ്യാപകൻ പ്രയോഗിച്ച പദങ്ങൾക്ക് സമാനമായ ഒരു വാചകം കണ്ടെത്തിത്തരാൻ തെരുവിൽ മുനവ്വറിനെ പിന്തുണച്ച് പ്രകടനം നടത്തിയ ലീഗിൻതോലണിഞ്ഞ ആവേശക്കമ്മിറ്റിക്കാർക്ക് കഴിയുമോ? താടിക്കും തലപ്പാവിനും സമൂഹം കൽപിക്കുന്ന പദവിക്ക് ഇടിവ് വരുത്താനേ ഇതൊക്കെ സഹായകമാകൂ.

എന്ത് മതബോധമാണ് ഈ ഹാലിളക്കക്കാരെ നയിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കേസ്, പോലീസ് എന്നൊക്കെ കേൾക്കുമ്പോഴേക്ക് എന്തിനാണീ ഉൾഭയത്തോടെയുള്ള ഉറഞ്ഞു തുള്ളൽ? ഒരു വിദ്യാർത്ഥി സമരമുണ്ടായാൽ എത്ര വിദ്യാർത്ഥി നേതാക്കൾക്കെതിരെ കേസ് വരുന്നു. ജഡ്ജിമാരെ ശുംഭൻമാർ എന്ന് വിളിച്ചതിനല്ലേ എം.വി. ജയരാജനെതിരെ കേസെടുത്ത് ജയിലിലടച്ചത്. മാപ്പ് പറഞ്ഞാൽ ജയിൽശിക്ഷ ഒഴിവാകുമായിരുന്നിട്ടും അതിന് തയ്യാറാകാതെ കാരാഗ്രഹം വരിച്ച കമ്യൂണിസ്റ്റിനെ ഓർമ്മയില്ലെ ? അന്നാരെങ്കിലും 'കേസെടുക്കുന്നേ' എന്ന് വിളിച്ച് കൂവി തെരുവിലിറങ്ങിയോ? കേസെടുത്താൽ കോടതിയിൽ അതിനെ നേരിട്ട് നിരപരാധിത്വം തെളിയിക്കാനല്ലേ ശ്രമിക്കേണ്ടത്? മുസ്ലിം പേരുള്ള ഒരാൾക്കെതിരെ പോലീസിന് പരാതി കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കുക എന്ന സ്വാഭാവിക നടപടിയിലേക്ക് കടന്നാൽ അത് ചൂണ്ടിക്കാണിച്ച് പിണറായി സർക്കാർ മുസ്ലിം വിരുദ്ധമാണെന്ന് പുരപ്പുറത്ത് കയറി ഓരിയിടുന്നവരുടെ രാഷ്ട്രീയ ദുർലാക്ക് സമുദായം ശരിയാംവിധം മനസ്സിലാക്കാതെ പോയാൽ അവർ നിപതിക്കുന്ന വാരിക്കുഴിയുടെ ആഴം ചെറുതാവില്ല.

നാട്ടിൽ വിദ്വേഷം പരത്താൻ ശ്രമിച്ച ശശികല ടീച്ചർ , ഗോപാലകൃഷ്ണൻ ഉൾപ്പടെ എല്ലാവർക്കെതിരെയും ഇടതുപക്ഷ സർക്കാർ കേസെടുത്തിട്ടുണ്ട്. മറിച്ചുള്ള പ്രചരണം 'പച്ച'ക്കള്ളമാണ്.

ഷാനി പ്രഭാകർ നിർഭയമായി ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പത്രപ്രവർത്തക യാണ്. അവർ മനോരമ ചാനലിൽ അവതരിപ്പിച്ച 'പറയാതെ വയ്യ' യുടെ ഇതോടൊപ്പം ഇമേജായി കൊടുത്തിട്ടുള്ള വീഡിയോ ക്ലിപ്പിംഗ് ഓരോരുത്തരും കാണണം കേൾക്കണം. പ്രകാശം കടന്നുചെല്ലാത്ത ഏതെങ്കിലുമറകൾ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കിൽ അവിടം പ്രഭാപൂരിതമാക്കാൻ അതിന് കഴിയുമെന്ന് എനിക്കുറപ്പാണ്. മുസ്ലിം ന്യൂനപക്ഷത്തിന് എപ്പോഴും താങ്ങും തണലുമാകാറുള്ള പത്രപ്രവർത്തകരെയും എഴുത്തുകാരെയും പ്രശ്നങ്ങളോട് വൈകാരിക സമീപനം സ്വീകരിച്ച്, മനസ്സ് കൊണ്ടെങ്കിലും ''ഇവരെന്താ ഇങ്ങനെ' എന്ന് തോന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാതെ നോക്കാൻ ഇസ്ലാമിക സമൂഹം ജാഗ്രത പുലർത്തണം. അല്ലെങ്കിൽ അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വളരെ വലിയതാകും.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top