21 June Friday

"മോർഫ്‌ ചെയ്‌ത്‌ അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കളെ സംരക്ഷിക്കുന്നത്‌ ഷാഫി പറമ്പിലും നേതൃത്വവും'; കെഎസ്‌‌യു പ്രവർത്തകയുടെ തുറന്നകത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Apr 18, 2020

കൊച്ചി > മോർഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ സംഘടനാ നടപടി ഇതുവരെ എടുക്കാത്തതിൽ പരാതിയുമായി കെഎസ്‌യു പ്രവർത്തക. കെഎസ്‌യു  സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സെയ്ദാലി, ജില്ലാ സെക്രട്ടറി സജന ബി നായർ എന്നിവർക്കെതിരെ കെഎസ് യു പ്രവർത്തകയായ പെൺകുട്ടി പരാതി ഉന്നയിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ തൊടുപുഴ മുട്ടം പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നേവരെ ഈ നേതാക്കൾക്കെതിരെ സംഘടനാ നടപടി എടുത്തിട്ടില്ല. എഐസിസി നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകിയിട്ടും ഇരയായ തന്നെ കേൾക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് പെൺകുട്ടി പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും അയച്ച തുറന്ന കത്തിലാണ് പെൺകുട്ടിയുടെ ആരോപണം.

തന്നെ അപമാനിച്ചവർ കെഎസ്‌യുവിന്റെ ഉന്നതസ്ഥാനങ്ങളിലായതിനാലാവും തന്റെ ശബ്ദം അവഗണിക്കപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. 'നമുക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിയുന്ന വിഷയങ്ങളിൽ മാത്രം എടുത്തണിയേണ്ട ഒരു മുഖം മൂടിയാണോ സ്ത്രീ സംരക്ഷണത്തിന്റേത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ ഭാരവാഹിയും പിന്നെ സംഘടനയുടെ നേതാക്കളായ മറ്റുചിലരും ചേർന്ന് ഒരു സാധാരണ കെഎസ്‌യു പ്രവർത്തകയായ എന്റെ ചിത്രം മോർഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു, ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും ഹീനമായ നിലയിൽ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ എന്നെ ഏറ്റവും അധികം വേദനിപ്പിച്ചത് അതിന് നേതൃത്വം കൊടുത്തത് എന്റെ പ്രസ്ഥാനത്തിന്റെ ഉന്നത നേതാക്കളാണ് എന്നതാണ്'-പെൺകുട്ടി പരാതിയിൽ പറയുന്നു.


'അപമാനിക്കപ്പെട്ട സമയത്ത് ഞാൻ ഉറച്ചമനസോടെയാണ് വിശ്വാസത്തോടെയാണ് എന്റെ പ്രസ്ഥാനത്തിന് പരാതി കൊടുത്തത്, നീലക്കൊടി പിടിച്ച് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഒരു പ്രവർത്തക എന്ന നിലയിൽ എന്റെ വേദന എന്റെ സംഘടന മനസിലാക്കും, എന്റെ സ്ത്രീത്വത്തെ അപമാനിച്ച മനോവൈകൃതം ബാധിച്ച നേതാക്കന്മാരെ എന്റെ സംഘടന പുറത്താക്കും, സ്ത്രീകകളെ കേവലം അവയവങ്ങൾ മാത്രമായികാണുന്ന കാമകണ്ണുകൾക്ക് എന്റെ സംഘടനയിൽ ഇടമുണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ല ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പക്ഷെ എന്റെ പരാതിക്ക് ചെവിതരാൻ പോലും ഒരു നേതാവും ഇതുവരെ തയ്യാറായിട്ടില്ല ചെവിതന്നവർ പരാതികൊടുക്കരുത്, വിഷയം രമ്യമായി പരിഹരിക്കാം, അവർ വലിയ നേതാക്കളാണ്, അതുകൊണ്ട് ഞാൻ പിന്മാറണം എന്ന ഉപദേശമാണ് നൽകിയത്, തുറന്നുപറയേണ്ടിവരുന്നതിൽ വിഷമമുണ്ട് സർ, സംഘടനയിൽ ഉയർന്ന സ്ഥാനങ്ങൾ വരെ നൽകാമെന്ന് പറഞ്ഞ ഉന്നത നേതാക്കൾ ഉണ്ട്. സ്ത്രീത്വത്തെക്കാൾ ആത്മാഭിമാനത്തേക്കാൾ വലുതായി എന്താണ് എന്നെപ്പോലൊരു പെൺകുട്ടിക്ക് ഉള്ളത്. അതിനു മുറിവേറ്റതിനു സ്ത്രീത്വത്തെ മനുഷ്യത്വരഹിതമായി അപമാനിച്ചിട്ട് ഉന്നത സ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നത് എത്ര അപമാനകരമാണ്.

പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാവപെട്ട പൺകുട്ടികളുടെ നഗ്‌ന ചിത്രം വ്യാജമായി ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത് ആത്മരതി അണയുന്നവരെ പുറത്താക്കാൻ എന്താണ് സർ നമ്മുടെ സംഘടനക്ക് കഴിയാത്തത്. എല്ലാ തെളിവുകളും ഞാൻ പരാതികളോടൊപ്പം സമർപ്പിച്ചല്ലോ അവർതന്നെ ചെയ്തു എന്ന് സമ്മതിക്കുന്ന ഓഡിയോ ഉൾപ്പടെ . ഇപ്പോഴും സംസ്ഥാനത്തെ കെഎസ്‌യുവിന് നേതൃത്വം കൊടുക്കുന്നത് ഇവർ തന്നെയല്ലേ. ദുഷ്ട്ടകാമത്തിന്റെ ദംഷ്ട്രകളുമായി ഖദറണിഞ്ഞു നടക്കുന്നവരെ ആദ്യം പുറത്താക്കണം, ഇത്തരക്കാർക്കെതിരെ പരാതിപറയാൻ സംഘടനക്ക് മുന്നിൽ വന്ന വലിയ ഭാരവാഹിത്വത്തിന്റെ ഭാരങ്ങളില്ലാത്ത സാധാരണ കെഎസ്‌യു പ്രവർത്തകയായ എനിക്ക് സംഘടന പിന്തുണ തരണം. സ്ത്രീകളെ അപനിക്കുന്നവർക്ക് ഈ കൊടിക്കീഴിൽ സ്ഥാനമില്ലായെന്ന് ലെറ്റർ പാഡിൽ എഴുതി അവരെ പുറത്താക്കുകയെങ്കിലും വേണം. ഇത്രയുമാണ് എനിക്കെന്റെ പ്രിയപ്പെട്ട കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെടാനുള്ളത്.'- പെൺകുട്ടി പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top