20 April Saturday

""മഴയത്ത് പോസ്റ്റിൽ കയറാൻ കെഎസ്‌ഇബി ജീവനക്കാർക്ക് വിലക്കുണ്ട്; ആൾക്ക് വേണമെങ്കിൽ അതെന്നെ ബോധിപ്പിച്ചു കയറാതെയുമിരിക്കാം''

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കോരിച്ചൊരിയുന്ന മഴയില്‍ മരണത്തെ പോലും ഭയക്കാതെ  ജോലി ചെയ്ത  കെ എസ് ഇ ബി ജീവനക്കാരന്‍റെ ആത്മാര്‍ത്ഥയെക്കുറിച്ച് അധ്യാപിക എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഗസ്റ്റ് ലക്ചററായ  സ്വാതി കാര്‍ത്തികാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പേരറിയാത്ത കെ എസ് ഇ ബി ജീവനക്കാരൻ ആരാണെന്ന്‌ കണ്ടെത്തിയതായാണ്‌ സ്വാതി മറ്റൊരു ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ അറിയിച്ചിരിക്കുന്നത്‌.

സ്വാതി കാര്‍ത്തികിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഇന്നലെ രാത്രിയോടടുത്തു നല്ല മഴയായിരുന്നു ഇവിടെ. മഴ തുടങ്ങി കുറച്ചു കഴിഞ്ഞയുടനെ സ്വാഭാവികമായും കറന്റ് പോയി. 2 മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളുടെ ലൈനിൽ മാത്രം കറന്റ് ഇല്ല. ചുറ്റും വേറെ ലൈനിൽ ഉള്ളവർക്ക് ഒക്കെ കറന്റ് വന്നപ്പോ റോഡിലേക്ക് ഇറങ്ങി നോക്കി. അവിടെയൊരു വീട്ടിലും ഞങ്ങളുടെ വീട്ടിലും വേറെ ലൈനാണ്. നോക്കിയപ്പോ അവിടെ കറന്റ് ഉണ്ട്. വീട്ടിൽ വന്നു മെയിൻ സ്വിച് നോക്കി, അവിടെ പ്രശ്നമില്ല. പോയി മീറ്റർ നോക്കി, മീറ്ററിൽ കറന്റ് വന്നിട്ടില്ല. പോസ്റ്റ്ന് മുകളിലേക്ക് വളർന്ന മാവിന്റെ കൊമ്പൊക്കെ മഴക്കാലം ആവും മുൻപേ വന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുറിച്ചു കളഞ്ഞതാണ്. പക്ഷെ മാവ്ന്റെ ചില്ല പോസ്റ്റ്ൽ ഉടക്കി നിക്കുവാണ്.

വീട്ടിൽ ഞാനും അമ്മയും ഒറ്റയ്ക്കായിരുന്നു. ഈയിടയായി അമ്മയ്ക്ക് തീരെ വയ്യ. എണീറ്റ് ഇരിക്കാനൊ നടക്കാനോ വയ്യ, മഴയും തണുപ്പും ആകുമ്പോൾ അമ്മയുടെ അസുഖം മൂർച്ചിക്കും. കറന്റ് വന്നില്ല എങ്കിൽ അമ്മയ്ക്ക് ടോയ്‌ലറ്റിൽ പോകാനും, വേറെ എന്തേലും അത്യാവശ്യം ഉണ്ടായാലും വല്യ പാടായിരിക്കും. KSEB ലു വിളിച്ചു പറയാൻ കോൾ കണക്റ്റ് ആവുന്നുമില്ല. ഇരുട്ടും തോറും പേടിയുമുണ്ട്. ഈ മഴയത്ത് ആരും വരാൻ പോണില്ല എന്നു അമ്മ പറഞ്ഞോണ്ടിരിന്നു. അവസാനം കോൾ കണക്ട്ടായി. ഞാൻ കാര്യം പറഞ്ഞു. "പോസ്റ്റ് ന്റെ പ്രശ്നം ആണെങ്കിൽ രാവിലെയെ നോക്കാൻ പറ്റൂ. മഴയുള്ളത് കൊണ്ടു ഒത്തിരി കേസ് വന്നോണ്ടിരിക്കുകയാണ്" അവർ നിസ്സഹായത അറിയിച്ചു. അമ്മയുടെ കാര്യം സൂചിപ്പിച്ചു. തീരെ വയ്യാത്തത് കൊണ്ട് കൂടിയാണ്. എന്തേലും ചെയ്യണം എന്ന് പറഞ്ഞപ്പോ ശ്രമിക്കാം എന്നു മറുപടി പറഞ്ഞു, അവർ ഫോണ് വച്ചു. എന്തായാലും ഒന്നും നടക്കില്ലന്ന് കരുതി ഉള്ള വെട്ടത്തിൽ അമ്മയ്ക്ക് കഞ്ഞി കൊടുക്കാൻ തുടങ്ങിയപ്പോ ഫോണിൽ ആരോ വിളിച്ചു. "KSEB ൽ നിന്നാണ്. വഴി പറഞ്ഞു തരൂ, പോസ്റ്റ് ന്റെ പ്രശ്നം ആണെങ്കിൽ ഇന്ന് നോക്കാൻ പറ്റില്ല കേട്ടോ" എന്നും ചേർത്തു. അപ്പോഴേക്കും കറന്റ് പോയി 3 മണിക്കൂർ കഴിഞ്ഞിരുന്നു. മഴ നന്നായി പെയ്യുന്നുമുണ്ട്.

അര മണിക്കൂർ കഴിഞ്ഞ് ഒരു KSEB ഉദ്യോഗസ്ഥൻ എത്തി. തനിച്ചാണ്. മഴ ആയത് കൊണ്ട് ഒത്തിരി പേര് പല സ്ഥലത്തേക്ക് പോയിരിക്കുവാണ് എന്നു പറഞ്ഞു. എനിക്ക് ആകുന്ന രീതിയിൽ ടോർച്ച് അടിച്ചും, ഏണിയും തോട്ടിയുമൊക്കെ എത്തിച്ചു കൊടുത്തും കൂടെ നിന്നു. മഴ നല്ലരീതിയിൽ പെയ്യുന്നുണ്ട്. വഴുക്കൽ ഉള്ള മതിലിൽ കയറി പോസ്റ്റിൽ പിടിച്ചു നിന്നു ചെടികളുടെ ഒക്കെ കൊമ്പ് ആൾ വെട്ടി മാറ്റി. പിന്നെ താഴെ ഇറങ്ങി. പോസ്റ്റിൽ കയറാൻ ഉള്ള സാധനങ്ങൾ ബാഗിൽ നിന്നു എടുത്തു തുടങ്ങി. മഴയത്ത് പോസ്റ്റിൽ കയറാൻ, അതും രാത്രിയിൽ KSEB ജീവനക്കാർക്ക് വിലക്കുണ്ട്. ആൾക്ക് വേണമെങ്കിൽ അതെന്നെ ബോധിപ്പിച്ചു കയറാതെയുമിരിക്കാം. മഴ കനക്കുന്നത് കൊണ്ടു ഞാൻ നിർബന്ധിച്ചതുമില്ല. ഇതിനിടയിൽ ഉള്ള സംസാരത്തിൽ ആൾ അമ്മയ്ക്ക് എന്താണ് പറ്റിയത് എന്നൊക്കെ ചോദിച്ചിരുന്നു. വേറെ നിവർത്തി ഞങ്ങൾക്കുമില്ല എന്നു മനസിലാക്കിയത് കൊണ്ടാവും ആൾ സ്റ്റെപ് ചേർത്തു കെട്ടി പോസ്റ്റിൽ കയറി സ്വന്തം ശരീരം പോസ്റ്റിനോട് ചേർത്തു കെട്ടി. ലൈൻ ഓഫാക്കിയിട്ടുമില്ല. 10-15 മിനിറ്റ് ഞാൻ ശ്വാസം അടക്കിപ്പിടിച്ചു താഴെ നിന്നു. മീറ്ററിലേക്ക് ഉള്ള വയർ പതുക്കെ മാവിന്റെ ചില്ലയിൽ നിന്നു അനക്കി വേർപെടുത്തി. ആൾ താഴെ ഇറങ്ങി. പിന്നെ ഒരു 5 മിനിറ്റ് കൊണ്ട് മീറ്ററിലേക്ക് ഉള്ള വയറിൽ ഉണ്ടായ പ്രശ്നം പരിഹരിച്ചു. വീട്ടിൽ കറന്റ് വന്നു.

ഇന്നലത്തെ ആ 10-15 മിനിറ്റ് കൊണ്ട് ആ മനുഷ്യനോടും അയാൾ ചെയുന്ന ജോലിയോടും ആ സ്ഥാപനത്തോടും ബഹുമാനമാണ് തോന്നിയത്. ഇന്നലത്തെ മഴയിൽ നിരവധി പ്രശ്നങ്ങൾ പലയിടങ്ങളിൽ നടക്കുമ്പോ ഒരു വീട്ടിലെ കറന്റ് പോയ കാര്യത്തിനാണ് മഴയത്ത് ആ മനുഷ്യൻ ഓടി വന്നത്. ആ സാഹചര്യത്തിൽ ഏറ്റവും റിസ്‌ക്ക് ഉള്ള കാര്യം രണ്ടു വട്ടം ചിന്തിക്കാതെ ചെയ്തു തന്നത്. ധൃതിക്കിയടയിൽ ആളുടെ പേര് പോലും ചോദിക്കാൻ പറ്റിയില്ല. KSEB യെ ട്രോൾ കൊണ്ടു മൂടുന്ന, കറന്റ് പോയാൽ ഉടനെ അവരെ വിളിച്ചു ബഹളം ഉണ്ടാക്കുന്ന, സാധാരണക്കാരുടെയിടയിൽ ഇത്രയും പ്രശ്നം പിടിച്ചൊരു ജോലി ആത്മാർത്ഥതയോടെ ചെയുന്ന അവർ കിടു മനുഷ്യന്മാർ ആണ്. കൃത്യ സമയത്ത് വേണ്ടത് ചെയ്തു തന്ന പാതിരപ്പള്ളി ഇലക്ട്രിക്കൽ സ്റ്റേഷന്, പേരറിയാത്ത ചേട്ടന് നന്ദി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top