27 September Wednesday

കേരളത്തിന് പഴയ റെയിൽവേ ലെെനുകൾ മാത്രം മതിയോ, ഇ ശ്രീധരൻ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം; അഡ്വ കെ എസ് അരുൺകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2022

അഡ്വ കെ എസ് അരുൺകുമാർ

അഡ്വ കെ എസ് അരുൺകുമാർ

സിൽവർ ലൈൻ കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയെന്ന് മനോരമ ദിനപത്രത്തിൽ ആരോപണമുന്നയിച്ച മെട്രോമാൻ ഇ ശ്രീധരനോട് അഞ്ച് ചോദ്യങ്ങളുമായി അഡ്വ കെ എസ് അരുൺകുമാർ. നിലവിൽ 150 വർഷങ്ങൾ പഴക്കമുള്ള റെയിൽവേ ലെെനുകൾ മാത്രം കേരളത്തിൽ മതിയെന്നാണോ താങ്കൾ പറയുന്നതെന്നും പുതിയ റെയിൽ പദ്ധതികൾ ഒന്നും കേരളത്തിൽ വേണ്ടേയെന്നും അരുൺകുമാർ ചോദിക്കുന്നു.

മനോരമ ദിനപത്രത്തിൽ മെട്രോ മാൻ ഇ ശ്രീധരൻ ഉന്നയിച്ച സംശയങ്ങൾ / ആരോപണങ്ങൾ കണ്ടു. അതിന് മറുപടി പറയാൻ ഞാൻ ആളല്ല. ഒരു രാഷ്‌ടീയ വിദ്യാർത്ഥി എന്ന നിലയിൽ കുറച്ചു സംശയങ്ങൾ താഴെ കുറിക്കുന്നു.

ചോദ്യം 1- സാർ താങ്കളുടെ നേതൃത്വത്തിൽ DMRC 2012-ൽ നടത്തിയ സാധ്യത പഠനത്തിൽ 1.18 ലക്ഷം കോടി രൂപ മുടക്കി 5 വർഷം കൊണ്ട് അതിവേഗ പാത പൂർത്തികരിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചില്ലേ? ആ പഠനത്തിന്റെ അടിസ്ഥാനത്തിലല്ലേ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2013 ഏപ്രിൽ മാസത്തിൽ അതിവേഗ പാതയുടെ പണി ആരംഭിച്ച് 2018-ൽ പൂർത്തികരിക്കും എന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. അന്ന് 5 വർഷം മതി അതിവേഗ പാത നിർമ്മാണത്തിന് എന്നു പറഞ്ഞ താങ്കൾ ഇപ്പോൾ താരതമ്യേന  അതിവേഗ പാതയെക്കാൾ കുറവ് സ്ഥലം ഏറ്റെടുത്ത് നടത്തുന്ന അർദ്ധ - അതിവേഗ പാതയുടെ കാര്യത്തിൽ എന്തിനാണ് താങ്കൾക്ക് ഇത്ര സംശയം?

അതിവേഗ പാതക്ക്   താങ്കൾ കണക്കുകൂട്ടിയത് 1.18 ലക്ഷം കോടി രൂപ ആയതിനാലാണ്  64000 കോടിയുടെ അർദ്ധ അതിവേഗ പാതയുടെ കാര്യത്തിൽ നീതി ആയോഗ് ഈ  തുക കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമോ എന്ന് സംശയം ഉന്നയിച്ചത്. എന്നാൽ കൃത്യമായ വിശദീകരണം കൊടുത്തപ്പോൾ നീതി ആ യോഗ് കാര്യങ്ങൾ ബോധ്യപ്പെട്ട് സംസ്ഥാന ഗവൺമെന്റിനോട് ലോൺ കാര്യങ്ങളുമായി മുന്നോട്ടു പോകാം എന്ന് അനുവാദം കൊടുത്തതായി താങ്കൾക്ക് അറിവുള്ളതാണല്ലോ? നിർമ്മാണത്തിൽ ബഡ്‌ജറ്റിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം ആകും എന്ന സംശയം കൊണ്ട്  പദ്ധതികൾ ഉപേക്ഷിച്ചാൽ നമ്മുടെ രാജ്യത്ത് ഏതെങ്കിലും പദ്ധതികൾ ആരംഭിക്കാൻ കഴിയുമോ?

ചോദ്യം 2. സിൽവർ ലൈനിന്റെ ഇരുവശത്തും 8 അടി ഉയരത്തിൽ മതിൽ നിർമ്മിക്കും എന്ന് താങ്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് വസ്‌തുതകളെ വളച്ചൊടിക്കുകയല്ലേ? ഇരുവശത്തും മതിലുകൾ ഉണ്ടാവില്ല എന്നും സുരക്ഷ മതിൽ മാത്രമേ ഉണ്ടാകൂ എന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് താങ്കൾ മറന്നോ? 160 km - ൽ കൂടുതൽ വേഗതയുള്ള എല്ലാ പാതകൾക്കും സംരക്ഷണ വേലികൾ വേണമെന്നത് ഇന്ത്യൻ റേയിൽവേയുടെ നിയമമല്ലേ? രാജ്യത്ത് വിവിധ പാതകളിൽ ഇത്തരം സംരക്ഷണ വേലികൾ ഉണ്ട്. ഓരോ അര കിലോമീറ്ററായും നിർമ്മിക്കുന്ന അടി പാതക്കും മേൽപ്പാലത്തിനും ഉള്ള പണം പദ്ധതിയുടെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം 3. സിൽവർ ലൈൻ 88 കിലോമീറ്റർ ദൂരമാണ് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നത്. തൂണുകൾ സ്ഥാപിച്ച് മേൽപാലങ്ങളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. കൃത്യമായ പൈയിലിംഗ് നടത്തിയല്ലേ തൂണുകൾ സ്ഥാപിക്കുന്നത് എന്ന് താങ്കളെ പോലെയുള്ള ഒരു വിഗദ്ധന് അറിവുള്ളതല്ലേ? കേരളത്തിലെ ഇതേ ലൂസായ മണ്ണിലൂടെയല്ലേ നിലവിലെ റെയിൽ സർവ്വീസ് കടന്നു പോകുന്നത്? അപ്പോൾ ഇല്ലാത്ത എന്ത് പ്രശ്നമാണ് അതേ മണ്ണിൽ തന്നെ സിൽവർ ലൈൻ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്നത് .

ചോദ്യം 4. പദ്ധതിയുമായി ബന്ധപ്പെട്ട് തെക്ക്- വടക്ക് മതിൽ ഇല്ല എന്നതുകൊണ്ട് തന്നെ സിൽവർ ലൈൻ പദ്ധതി നീരോഴുക്കിനെ ബാധിക്കില്ല. നിലവിലെ റെയിൽപ്പാതയും നിരവധി എംബാങ്ക് മെന്റിലൂടെയല്ലേ കടന്നു പോകുന്നത്. റെയിൽപാത കടന്നു പോകുന്നതു കൊണ്ട് കേരളത്തിൽ ഒരിക്കലും പ്രളയം ഉണ്ടായിട്ടില്ല. നിരവധി ഓവുചാലുകളും കശവർട്ടുകളും നിർമ്മിക്കും. ഹൈഡ്രോ ഗ്രാഫിക് പഠനത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ മുൻകരുതലും ഉറപ്പുവരുത്തും.

ചോദ്യം 5. കെ-റെയിൽ പദ്ധതിക്കായി ഏറ്റെടുക്കെണ്ട സ്ഥലം തീരുമാനിച്ചിരിക്കുന്നത് ലിഡാർ സർവ്വേയുടെ അടിസ്ഥാനത്തിലാണ്. സാറ്റ്ലറ്റ് ഉപയോഗിച്ചു കൊണ്ട് ഉള്ള പഠനത്തിൽ 9400 ൽ താഴെ വീടുകളും 1383 ഹെക്ടർ സ്ഥലവും ഏറ്റെടുക്കേണ്ടി വരും എന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. സാമൂഹ്യ ആഘാത പഠനം നടത്തിയാൽ മാത്രമല്ലേ വീടുകളുടെ എണ്ണത്തിലോ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവിലോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുമോ എന്നറിയാൻ കഴിയൂ. ആയതിനാൽ താങ്കൾ സാമൂഹ്യ ആഘാതപഠനത്തെ തടസപ്പെടുത്തുന്നവരോട് പഠനങ്ങൾ നടക്കട്ടെ എന്ന് പറയാൻ തയ്യാറാവൂ.

യാഥാർഥ്യത്തിനു നിരക്കാത്ത മറ്റു പലതും സിൽവർ ലൈൻ പദ്ധതി രേഖയിലുണ്ട് എന്ന് താങ്കളെ പോലെ ഒരു വിദഗ്ധൻ പറയുന്നത് യുക്തിപരമാണോ? എന്താണ് ആ '' പലതും ". പദ്ധതി രേഖ എന്നത് പോസറ്റീവായ കാര്യങ്ങളും നെഗറ്റീവ് ആയ കാര്യങ്ങളും വിവിധ സാധ്യതകളും എല്ലാം ഉൾപ്പെടുന്നതല്ലേ? ഇത് താങ്കൾക്ക് നന്നായി അറിവുള്ളതല്ലേ? 2012-2013-ൽ താങ്കൾ തയ്യാറക്കി പദ്ധതി രേഖ (DPR) യും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ലേ? എന്താണ് താങ്കളുടെ നേതൃത്വത്തിൽ തയ്യാറാക്കുമ്പോൾ "നല്ലതും " മറ്റുള്ളവർ തയ്യാറാക്കുമ്പോൾ "യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതും " എന്നിങ്ങനെയുണ്ടോ?

നിലവിൽ 150 വർഷങ്ങൾ പഴക്കമുള്ള റെയിൽവേ ലെെനുകൾ മാത്രം കേരളത്തിൽ മതിയെന്നാണോ താങ്കൾ പറയുന്നത്...? പുതിയ റെയിൽ പദ്ധതികൾ ഒന്നും കേരളത്തിൽ വേണ്ടേ ?

അങ്ങയേപോലുള്ളവർ ഈ പദ്ധതിയെപറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്തിരിയണം.. ഈ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയല്ല, കേരളത്തിന്റെ രണ്ട് അറ്റത്തെയും അതിവേഗം കൂട്ടിയോജിപ്പിക്കുന്ന പദ്ധതിയാണ്. എന്തായാലും നാടിന്റെ വികസനത്തിന് താങ്കൾ ഇപ്പോഴത്തെ നിലപാട് തിരുത്തി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഡ്വ കെ എസ് അരുൺകുമാർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top