02 October Monday

‘‘ആ കുഞ്ഞിനെ ഒരു ഡോക്ടർ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാവണമല്ലോ... എനിക്ക് ആദ്യമായി ഫോറൻസിക് മെഡിസിനോട് ഭയം തോന്നുന്നു!’’ ‐ ആസിഫയുടെ കൊലപാതകത്തെക്കുറിച്ച്‌ ഒരു ഫോറൻസിക്‌ വിദഗ്‌ധന്റെ ഹൃദയഭേദകമായ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കശ്‌മീരിൽ ഹിന്ദുത്വവാദികൾ ആസിഫ എന്ന എട്ടുവയസുകാരിയെ ബലാൽസംഘം ചെയ്‌തുകൊന്ന സംഭവത്തിൽ സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണല്ലോ. സമാനതകളില്ലാത്ത ആ ക്രൂരകൃത്യത്തെക്കുറിച്ച്‌ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക്‌ വിഭാഗം മേധാവിയായ ഡോ. കൃഷ്‌ണൻ ബാലേന്ദ്രൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌ ഏതൊരാളുടെയും മനസ്സിനെ പിടിച്ചുലക്കുന്നതാണ്‌. ഡോ. കൃഷ്‌ണൻ ബാലേന്ദ്രന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ചുവടെ...

ഒരാഴ്ച്ച ആയിക്കാണും. ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. അന്ന് എനിക്ക് മോർച്ചറിയിൽ ഡ്യൂട്ടിയായിരുന്നു. ഏകദേശം 12മണിയോടെ ഒരു കേസ് കഴിഞ്ഞ് തിരിച്ചു എന്റെ ക്യാബിനിൽ വന്ന് കമ്പ്യൂട്ടർ തുറന്ന് റിപ്പോർട്ട് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ആകസ്മികമായി ആ സംഭാഷണമുണ്ടായത്. എന്റെ മൂഡ് അല്പം ഓഫായിരുന്നുവെന്ന് വർത്തമാനത്തിൽ നിന്നും മനസ്സിലാക്കിയ സുഹൃത്തിനോട് കാര്യം പറഞ്ഞു.
രണ്ടു വയസ്സുള്ള ഒരു കൊച്ചു കുഞ്ഞ് അവളുടെ അച്ഛന്റെ കൈകളില്‍ നിന്നും വഴുതി വീണത് ഹൌസ് ബോട്ടിൽ നിന്നും കായലിലേക്ക്. പത്ത് മിനിറ്റെടുത്തു വെള്ളത്തിനടിയിൽ നിന്നും അവളുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുവാൻ. ആ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന യായിരുന്നു ഞാനിപ്പോൾ ചെയ്തിട്ട് വന്നത്.
-----------------------------------------------------------
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെന്നത് ഒരു നിയമനടപടിയാണ്. ക്രിമിനൽ നടപടിക്രമം CrPC section 174 പ്രകാരം ഒരു "qualified medical man" നടത്തുന്ന പരിശോധന.
അതിന്റെ പ്രാഥമികമായ ലക്ഷ്യം ക്രിമിനൽ കേസ്സന്വേഷണത്തിന് വേണ്ടി തെളിവ് ശേഖരിക്കാനും, പിന്നീട് കോടതികൾക്ക് നീതി നിർവ്വഹണത്തിന് സഹായകരമാകും വിധം സത്യം കണ്ടെത്തി അറിയിക്കുകയെന്നതും.

ഈ ലക്ഷ്യം കൈവരിക്കുന്നത് ചില Objectives കൈവരിച്ചുകൊണ്ടാണ്.
അതിൽ പ്രധാനം,

*മരണകാരണം നിര്‍ണയിക്കുക (determining the cause of death)

* മരിച്ചിട്ട് എത്ര സമയമായി എന്ന് കണക്കാക്കുക (estimating the time since death)

*മരിച്ച വ്യക്തിയുടെ സ്വത്വം തീർച്ചപ്പെടുത്തുക (establish the identity of the deceased)

*എപ്രകാരമുള്ള മരണമാണെന്ന് നിശ്ചയിക്കുക-? അപകടം/? സ്വയഹത്യ /?നരഹത്യ /? സ്വാഭാവിക മരണം? (determine the manner of death)

*തെളിവുകൾ കണ്ടെത്തുക, അവ സംരക്ഷിക്കുക (identify and preserve evidence).

.... എന്നിങ്ങനെ പോകുമവ.

എന്നിരുന്നാലും ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ചുരുക്കി പറഞ്ഞാലിതാണ്.

ഒരു മരണം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ ഞാൻ ചെയ്യേണ്ടത് ആ മരണം ഉയർത്തുന്ന ചില ചോദ്യങ്ങൾ, വിശിഷ്യാ വൈദ്യപരിശോധനകളിലൂടെ ഉത്തരം നൽകാൻ പറ്റുന്ന ചൊദ്യങ്ങൾ കണ്ടെത്തി മനസ്സിലാക്കി, അവയ്ക്ക് ഉത്തരം നൽകുക എന്നതാണ്.
അങ്ങനെ ചെയ്താൽ, ഞാൻ ആ മരണം ഉയർത്തുന്ന reasonable questions - ന്യായമായ ചോദ്യങ്ങള്‍-ക്കു ന്യായ ത്തിന്റെയും, തെളിവുകളുടെയും, യുക്തിയുടെയും അടിസ്ഥാനത്തിലുള്ള മറുപടി എന്റെ പരിശോധനയിലൂടെ നൽകിയാൽ, എന്റെ പരിശോധന ഒരു കംപ്ലീറ്റ് ഓട്ടോപ്സി-complete autopsy - ആയെന്ന് പറയാം.

അങ്ങനെയെങ്കിൽ ആ ചോദ്യങ്ങൾ എന്താണെന്ന് ഞാൻ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണല്ലോ.
എല്ലാ പരിശോധനകളും തുടങ്ങുന്നതിന് മുമ്പ് പോലീസ് തരുന്ന ഒരു postmortem requisition form ഉണ്ട്. അതിൽ കേസ്സിന്റെ ചുരുക്കം, പ്രാഥമിക പോലീസന്വേഷണത്തിൽ പ്രത്യക്ഷമായും മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞിരിക്കും- brief history & apparent cause and manner of death.

എനിക്കറിയാവുന്ന ഭൂരിപക്ഷം ഡോക്ടർമാരും, ഫോറൻസിക്ക് വിദഗ്ധരുൾപ്പടെ, ഈ പ്രാഥമിക റിപ്പോർട്ട് വായിച്ചിട്ട് ബോഡി കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥനോട് കുറച്ചു ചോദ്യങ്ങൾ ചോദിച്ചിട്ട് നേരെ പൊയി പരിശോധന ആരംഭിക്കും.

ഞാൻ പക്ഷേ മരിച്ചയാളിന്റെ ബന്ധുക്കളോടും കൂടി സംസാരിച്ചിട്ടാണ്, അവർക്ക് പറയാനുള്ളതും കൂടി കേട്ടിട്ട്, പ്രത്യേകിച്ചും അവരുടെ മനസ്സിൽ പോലീസ് പറഞ്ഞതിന് വിപരീതമായോ അധികമായോ എന്തെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചറിഞ്ഞിട്ടാണ് പരിശോധന തുടങ്ങാറ്.

അതിന്റെ കാരണം പലതാണെങ്കിലും എന്നേ സംബന്ധിച്ചിടത്തോളം ഒരു പോസ്റ്റുമോർട്ടമെന്നാൽ സംശയ ദൂരീകരണം കൂടിയാണ്. നമ്മൾക്ക് സില്ലിയായി തോന്നാവുന്ന ഒരു സംശയം, പക്ഷേ അത് കൊണ്ട് നടക്കുന്നയാൾക്ക് വലുതായിരിക്കും. അയാളെ സംബന്ധിച്ചിടത്തോളം ആ സംശയങ്ങൾക്കുള്ള മറുപടിയാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടാവേണ്ടത്.

അത് കണ്ട്, ആസ്ഫാറാസ് ഐയാം കൺസേൺഡ് ഈ ഘട്ടം - ബന്ധുക്കളുമായുളള മുഖാമുഖം-സംശയങ്ങൾ ചോദിച്ചറിയൽ - പോസ്റ്റ്‌മോര്‍ട്ടം പരിശോധനയോളം തന്നെ, പ്രധാന്യം അർഹിക്കുന്നു.
..................................................….....

Professionalism- തൊഴിൽ പരമായ കഴിവുകൾ ഒത്തൊരുമിപ്പിച്ച് ഒരു പ്രവർത്തി ആ മേഖലയില്‍ ശിക്ഷണം ലഭിച്ച ഒരു വ്യക്തിക്ക് സമര്‍ത്ഥമായി ചെയ്യുവാനുള്ള ശേഷി.

മറ്റേത് വിദഗ്ധ മേഖല പോലേയും Professionalism നന്നായി വേണ്ടിവരുന്ന ഒരു
പ്രവര്‍ത്തി മണ്ഡലമാണ് forensics.

തൊഴിലിന്റെ ഭാഗമായി തകർന്ന ശരീരങ്ങള്‍ ദിവസവും കാണേണ്ടി വരുന്നത് തന്നെ ഒരു ഭീകര അവസ്ഥയാണ്.
ആത്മാർത്ഥമായി ജോലി ചെയ്താൽ, എന്തൊക്കെ പറഞ്ഞാലും, അത് നമ്മളേ ബാധിക്കുന്ന പണിയാണ്. പക്ഷേ forensic medicineൽ ഞാൻ കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം ആളുകളും ഒരു തൊഴിൽ എന്നതിനപ്പുറം ഈ വിഷയത്തെ പ്രണയിക്കുന്നതായി കണ്ടിട്ടില്ല. ഒന്നു രണ്ട് പേരോഴികെ.
അത് ഒരു അതിജീവന മാർഗ്ഗമായിരിക്കാം. അല്ലെങ്കിൽ നിർവ്വികാരതയോടെയുള്ള താത്പര്യമില്ലായ്മയോ... എനിക്കറിയില്ല.

എന്തായാലും നിയമം അവരിൽ നിന്നും ആവശ്യപ്പെടുന്ന കാര്യങ്ങൾ കാര്യക്ഷമമായും ഫലവത്തായും, ഒരു കോൾഡ് ഡീഹ്യൂമനൈസഡ് രീതിയിലൂടെ ചറപറാന്ന് ഒരു പാട് കേസുകൾ ചെയ്ത് അവസാനിപ്പിക്കുന്നത് ഞാൻ അദ്ഭുതത്തോടെ നോക്കി കാണാറുണ്ട്.

ഇതിൽ അദ്ഭുതം എന്തിനാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്ക് ഇത്ര ലാഘവത്തോടെ ജോലി ചെയ്യാനുള്ള cool professionalism എന്ന കഴിവില്ല എന്നത് തന്നെയാണ് കാരണം.

ഞാൻ മിക്കപ്പോഴും തകർന്ന് തരിപ്പണമായിപ്പോകും ഒരു പരിശോധന കഴിഞ്ഞാൽ. അറ്റ്ലീസ്റ്റ് ചില കേസ്സുകളിലെങ്കിലും. ചിലതിൽ പക്ഷേ അത്രയും കുഴപ്പം വരാറില്ലതാനും.

വ്യക്തമാക്കാം.

സാധാരണക്കാർക്ക് കണ്ടുനിൽക്കാൻ വല്യ ബുദ്ധിമുട്ടാണ് ട്രെയിൻ തട്ടി മരണപ്പെടുന്നവരുടെ ചിന്നിച്ചിതറിയ ശരീരങ്ങൾ. എനിക്കത് അത്രയും വല്യ പാടുള്ള കാര്യമല്ല. അതിന്റെ കാരണം ഇത്തരം കേസുകളിൽ മരണം തൽക്ഷണമാണ് എന്നതാണ് - death will be instantaneous. ഒരുപാട് മുറിവുകളും ഒടിഞ്ഞു തൂങ്ങിയതും വേർപ്പെട്ടതുമായ ശരീരഭാഗങ്ങളൊക്കെ കാണുമെങ്കിലും പരേതൻ ഒട്ടും വേദനയും കഷ്ടപ്പാടുമൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഇത് പോലെ തന്നെയാണ് വാഹന അപകടങ്ങളിൽ തലയിലൂടെ വാഹനചക്രങ്ങൾ കയറിയിറങ്ങിയുണ്ടാവുന്ന മരണങ്ങളും. കണ്ടാൽ ഭയാനകമാണ്. പക്ഷേ ക്വിക്ക് പെയിൻലെസ്സ് ഡെത്ത്, ഗാസ്റ്റലി നെവർതലെസ്.

എന്നേ സംബന്ധിച്ച് ഈ വക കേസുകൾ താരതമ്യേന സ്ട്രയിൻ കുറവുള്ളവയാണ്.

മറിച്ച്, കഷ്ടപ്പെട്ട്, വളരെയധികം സ്ട്രഗിൾ ചെയ്ത്, ശ്വാസം മുട്ടി മരണത്തോട് അവസാനം വരെ പൊരുതി തോറ്റു മുങ്ങി മരിക്കുന്ന ഒരാളുടെ ലങ്ങ്സ് കണ്ടാൽ എനിക്ക് ശ്വാസം മുട്ടും. ശരിക്കും ബ്രത്ലെസ്സാവും.
മുറിവുകൾ ധാരാളം ഏറ്റിട്ടും തലയ്ക്ക് കാര്യമായ ക്ഷതമൊന്നും ഏൽക്കാഞ്ഞത് കൊണ്ട് അവസാന നിമിഷം വരെ ബോധം ഉണ്ടായിരുന്ന ഒരാളുടെ മുറിവുകൾ എന്റേതും കൂടിയാണ്. അതി ഭീകരമായ വേദന എനിക്ക് അനുഭവപ്പെടും.
കത്തികുത്തേറ്റ് അരമുക്കൽ മണിക്കൂറെടുത്ത് ചോര വാർന്ന് മരിക്കുന്നയാളുടെ ബോധം മയങ്ങുന്നതിന് മുൻപുള്ള തൊണ്ട വരണ്ടുണങ്ങിയ ദാഹം എന്നിക്ക് അതി തീക്ഷ്‌ണതയുള്ള ആർത്തിയുണ്ടാക്കും വെള്ളത്തിനോട്. പരിശോധന പാതി വഴി നിറുത്തി ഗ്ലൗസ് ഊരി വെള്ളം കുടിച്ചിട്ടുണ്ട്, പലതവണ.

പണ്ടൊരിക്കൽ എഴുതിയിട്ടുള്ളതാണ്. പറ്റിയാൽ അതിന്റെ ലിങ്ക് commentsൽ ഇടാം. എന്നേ സംബന്ധിച്ചിടത്തോളം പോസ്റ്റുമോര്‍ട്ടം പരിശോധന മരിച്ചവരിലല്ല ചെയ്യുന്നത്. അത് ഒരിക്കൽ ജീവിച്ചിരുന്നവരിൽ ചെയ്യുന്ന ഒരല്പം വൈകിപ്പോയ വൈദ്യ പരിശോധനയാണ്.

മരണാനന്തരമാണ് പരിശോധനയെങ്കിലും നമ്മൾ പുനർജീവിപ്പിച്ചെടുക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളാണ്. ഒരു ക്ഷണനേരത്തേക്കെങ്കിലും ആ മനുഷ്യന്റെ കൂടെ ഞാൻ ജീവിച്ചു മരിക്കുകയാണ് ഓരോ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും. അന്നേരമാണ് ആ വ്യക്തിയായി നമ്മൾ സംസാരിക്കുന്നത്. സംസാരമെന്നാൽ സാധാരണ ഭാഷയിലല്ല. പക്കാ ശാസ്ത്രത്തിന്റെ Verifiable reproducible പരിശോധനകളോ അവയുടെ ലാബ് റിസൾഅടുകളൊ അല്ല ഈ അനുഭവങ്ങൾ.
അത് കൊണ്ട് തന്നെ ഇതൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിൽ എഴുതി പിടിപ്പിക്കാനാവാത്ത കാര്യങ്ങളാണ്. പക്ഷേ പരിശുദ്ധ സത്യങ്ങളും.

പറഞ്ഞ് വന്നത് നമുക്ക് മനസ്സില്ലാമനസ്സോടെയും, നിർവ്വികാരതയോടെയുള്ള ഒരു മന:സ്ഥിതിയോടെയും കൂടി വളരെ perfunctoryയായും ഒരു Professionalisത്തോടെയുള്ള പോസ്റ്റ്‌മോര്‍ട്ടം ചെയ്യാം. നിയമത്തിന് ആവശ്യമുള്ളതെല്ലാം ആ റിപ്പോർട്ടിൽ കാണും താനും.
ദാറ്റ് ഈസ് പ്രൊഫഷണലിസം.

ആ cold ruthless professionalism എനിക്ക് ഇല്ല.
---------------------------------------------------------

പറഞ്ഞ് വന്നതിതാണ്.
കായലിൽ വീണ് മരിച്ച മോളുടെ അച്ഛൻ മോർച്ചറിയിൽ വന്നിരുന്നു. എനിക്ക് പക്ഷേ ആ മനുഷ്യനുമായി മുഖാമുഖത്തിന് നിൽക്കാൻ പറ്റിയില്ല. എനിക്കതിന് കഴിയില്ല.

എനിക്ക് മരണം താങ്ങാനാവും, എത്രവേണമെങ്കിലും. പക്ഷേ അതിനോട് ചേർന്ന് നിൽക്കുന്ന മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചുവേദന എനിക്ക് പറ്റില്ല. അത് കൊണ്ട് അദ്ദേഹത്തിനോട് ഒന്നും ചോദിച്ചറിയാൻ നിന്നില്ല. പോലീസിനോട് മാത്രം സംസാരിച്ചു.
ഒരു സംശയവുമില്ലാത്ത ദൃസാക്ഷികളുള്ള ഒരു കേസ്. ആ നിലയിൽ അതങ്ങ് ചെയ്ത് കൊടുത്തു.

പതിനഞ്ചു വർഷമായി ഞാൻ ഫോറെൻസിക്കിലെത്തിയിട്ട്.
എനിക്ക് മരണം കൈകാര്യം ചെയ്യാനറിയാം. മൃതദഹങ്ങൾ എന്നോട് സംവദിക്കുന്ന ആശയവിനിമയം നടത്തുന്ന മിത്രങ്ങളും. ആദ്യമൊക്കെ നിസ്സംഗതയോടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. പിന്നെയാണ് ഈ വിഷയത്തിന്റെ അപാര ഭംഗി മനസ്സിലായത്. അതിനോടുള്ള എന്റെ പ്രണയം കൂടിക്കൂടി വരുന്നതേയുള്ളു..

എനിക്ക് പക്ഷേ ഇപ്പോഴും, ഇത്രയും വർഷങ്ങളായിട്ടും, കൈവിറച്ചുകൊണ്ടല്ലാതെ ഒരു കൊച്ചു കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
പ്രത്യേകിച്ചും കുഞ്ഞുങ്ങൾ മരണത്തോട് ദീർഘമായി പോരാടി സ്ട്രഗിൾ ചെയ്ത് മരിക്കുന്നത് എനിക്ക് താങ്ങില്ല.
മനസ്സിന്റെ താളം തെറ്റും.
അടി തെറ്റി പകച്ച് തകർന്ന് തരിപ്പണമായിപ്പോകും.
---------------------------------------------------------
Rajiv Mohanraj വീണ്ടും നാട്ടില്‍ വന്നിരുന്നു. ആലുവയിലായിരുന്നു മിനിയാന്ന്. വർത്തമാനം പറഞ്ഞ് കിടന്നപ്പോൾ രാത്രി രണ്ട്.
വെള്ളിയാഴ്ച്ച, ഇന്നലെ MBBS കുട്ടികള്‍ക്ക് ഒരു ക്ലാസ് ഉണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം 2 ടു 4.
സന്ധ്യക്കാണ് ഹിന്ദു പേപ്പർ വായിക്കുന്നത്. കത്വ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുന്നത്.
വാട്ട്സാപ്പിലും ഫേസ്ബുക്കിലും എല്ലായിടത്തും വലിയ തോതിൽ പ്രതിഷേധം,
ന്യായീകരണം.

ഞാൻ പ്രണയത്തിലാണ്.
ജീവിതത്തിനോടും ഒരാളോടും.
അത് കൊണ്ട് കരഞ്ഞതേയുള്ളു.
പോയി മരിച്ചില്ല.
കരച്ചില് കേട്ട് പാറു വന്ന് കെട്ടിപ്പിടിച്ചു.
കുറേ നേരമിരുന്ന് അവളും കൂടെ കരഞ്ഞു.

പോസ്റ്റുമോര്‍ട്ടവും മരണവുമൊക്കെ കുറേ കണ്ട ഡോക്ടറായ ഫോറൻസിക് പത്തോളജിസ്റ്റ് - പോലീസ് സർജ്ജൻ.
എന്തിന്?
എന്ത് കാര്യത്തിന്?

എനിക്ക് ആദ്യമായി ഫോറൻസിക് മെഡിസിനോട് ഭയം തോന്നുന്നു.

ആ കുഞ്ഞിനെ ഒരു ഡോക്ടർ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടാവണമല്ലോ... അദ്ദേഹത്തെ ആരെങ്കിലും കാര്യമായി ശ്രദ്ധിക്കേണ്ടി വരും.

പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോൾ മൂർച്ചയേറിയ സർജ്ജിക്കൽ സ്കാൽപ്പലാണ് കൈയ്യിൽ.
അതുംകൊണ്ട് മാരകമായ മുറിവേൽപ്പിക്കാൻ സാധിക്കും.

ഒരു നിമിഷം മതി എല്ലാറ്റിനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top