25 May Saturday

കെ സുധാകരന്റേത്‌ കമ്മ്യുണിസ്‌റ്റ്‌ വിരോധത്തിന്റെ വഷളത്തരവും അശ്ലീലവും: കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻUpdated: Wednesday May 18, 2022

കൊച്ചി> അധസ്ഥിത വിരോധത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റെയും അശ്ലീലങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി മുഖ്യമന്ത്രിക്കെതിരായി സുധാകരൻ്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും പുളിച്ചു തികട്ടി കൊണ്ടിരിക്കുന്നതെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ. ആണാധികാരത്തിൻ്റെയും  ജാതിഅധിക്ഷേപത്തിൻ്റെയും വഷളത്തരങ്ങളാണ് സുധാകരൻ്റെ ശരീരഭാഷയിലാകെ നിറഞ്ഞു നില്ക്കുന്നത്.അതങ്ങയേറ്റം ക്രൂരവും ക്ഷുദ്രവുമായ മാനങ്ങൾ കൈവരിച്ചിരിക്കുന്നുവെന്നാണ് കാണേണ്ടതെന്ന്‌ ഫേസ്‌ബുക് പോസ്‌റ്റിൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു.

തെണ്ടിയും തെമ്മാടിയും സർവോപരി കമ്യൂണിസ്റ്റുമായിട്ടാണ് ബ്രിട്ടീഷ് അധികാരത്തിന് കീഴിൽ നാടുവാണ രാജാക്കന്മാരും ദിവാന്മാരും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും കീഴാളരുടെ ആത്മാഭിമാനത്തിനും വേണ്ടി നിലകൊണ്ട കമ്യൂണിസ്റ്റുകാരെ വിശേഷിപ്പിച്ചത്.
ഐക്യകേരളം പിറവി കൊള്ളുന്നതിന് മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ബ്രിട്ടീഷ് പോലീസുകാർ കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് കള്ളക്കേസുകളിൽ പെടുത്തി കോടതികൾക്ക് മുമ്പിൽ സമർപ്പിക്കുന്ന കുറ്റപത്രങ്ങളിൽ തെണ്ടിയും തെമ്മാടിയും എല്ലാറ്റിലുപരി കമ്യൂണിസ്റ്റുമായിട്ടാണവരെ അധിക്ഷേപിച്ചിട്ടുള്ളത്.

അതെ മർദ്ദിതരുടെ വിമോചനത്തിനും മനുഷ്യരാശിയുടെ പുരോഗതിക്കും വേണ്ടി മർദ്ദകവാഴ്ചക്കെതിരെ നിലകൊണ്ടവരെന്ന നിലയിൽ കമ്യൂണിസ്റ്റുകാർ എന്നും എവിടെയും അധികാരശക്തികളാലും വലതുപക്ഷ രാഷ്ട്രീയക്കാരാലും അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്‌.
ഭാഷയിലെ ക്ഷുദ്രവികാരമുണർത്തുന്ന വാക്കുകളാലും ഉപമകളാലും ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

ചങ്ങല പൊട്ടിച്ച നായിനെ പോലെയെന്നൊക്കെ സമുന്നതനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെ, കേരളത്തിൻ്റെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതിലേക്കെത്തുന്ന സുധാകരൻ്റെ നിലവിട്ട ആക്രോശങ്ങളെ തള്ളി പറയാൻ എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് കഴിയാത്തത്? ഒരു സംശയവുമില്ല അതൊരു സംസ്കാരമാണ്.

തങ്ങൾക്കനഭിമതരായവരെ  തെറി വിളിച്ചും അധിക്ഷേപിച്ചം അവരുടെ അവരുടെ ആത്മാഭിമാനത്തെ തകർക്കുക എന്ന വരേണ്യ സംസ്കാരമാണത്. രാഷ്ട്രീയമായി തോല്പിക്കാനാവാത്ത പിണറായി വിജയനെ പട്ടിയുമായി ഉപമിച്ച് സായൂജ്യമടയുന്ന പ്രാചീനരുടെ രീതിയാണ് സുധാകരൻ്റേത്.
തൻ്റേത് അധിക്ഷേപമല്ല മലബാറിലെ ഒരു ഉപമാശൈലിയാണെന്നൊക്കെ  അപരാധപൂർണമായ ആക്ഷേപങ്ങളെ ന്യായീകരിക്കുകയാണല്ലോ ഇപ്പോഴുംസുധാകരൻ ചെയ്തു കൊണ്ടിരിക്കുന്നത് !

സുധാകരൻ്റെ വാദങ്ങൾ ഏറ്റ് പിടിക്കുന്ന കോൺഗ്രസുകാർ മനസിലാക്കേണ്ടത് ഭാഷയിലെ അധിക്ഷേപകരമായ ഉപമകൾക്കും വാക്കുകൾക്കുമൊക്കെ പിറകിൽ ഒരു ചരിത്രവും സംസ്കാരവുമുണ്ടെന്നാണ്. കീഴാളരെയും മർദ്ദിതരെയും തങ്ങൾക്കനഭിമതരായവരെയും മനുഷ്യരായി കാണാൻ കഴിയാത്ത ഫ്യൂഡൽവരേണ്യബോധമാണ് ഇത്തരം വൃത്തികെട്ട ഉപമകളിൽ അന്തർലീനമായി കിടക്കുന്നത്.
മനുഷ്യർ സംസ്കാരമുള്ള ജീവിയാണെന്ന നിർവചനങ്ങൾക്ക് അപവാദമായി ജന്മമെടുത്ത ഇത്തരം അശ്ലീലശരീരങ്ങൾ നമ്മുടെ പ്രബുദ്ധതയെയാണ് വെല്ലുവിളിക്കുന്നത് .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top