25 April Thursday

പരിചയപ്പെട്ട അന്നുമുതൽ ബ്രദർ എന്ന് വിളിച്ചിരുന്നു; പാസ്റ്റർ കെ ജെ ജോബ് വയനാട് കോടിയേരിയെ ഓർമ്മിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2022

സംസ്ഥാനത്തുള്ള എല്ലാ ജയിലുകളും സന്ദർശിക്കാനും തടവുകാരെ ഒരുമിച്ച്കൂട്ടി അവരോട് ലഹരിക്കെതിരെ ബോധവത്ക്കരണം നടത്താനും ' എനിക്ക് ലൈസസൻസ് ലഭിച്ചതും അക്കാലത്താണ്. ജയിൽ ഡിജിപിയുമായും പരിചപ്പെടാൻ കാരണമായതും ഓർക്കുന്നു. അന്ന് ലഭിച്ച ആ ലൈസൻസ് പുതുക്കി ഇന്നും ഉപയോഗിക്കുന്നു. പാസ്റ്റർ കെ ജെ ജോബ് വയനാട് എഴുതുന്നു.

ഇരുപത്തഞ്ച് വർഷം (1997) മുമ്പാണ് ഞാൻ കോടിയേരി ബാലകൃഷ്‌ണൻ സാറിനെ പരിചയപ്പെടുന്നത്. ഞാൻ വയനാട് കാട്ടിക്കുളം ശാരോൻ ഫെലോഷിപ്പ് സഭയിലെ പാസ്റ്റർ ആയി  പ്രവർത്തിക്കുന്നു. കാട്ടിക്കുളത്തെ  നേതാവായ പി വി സഹദേവൻ എന്നയാളാണ് എന്നെ അദ്ദേഹത്തിന്  പരിചയപ്പെടുത്തിയത്. അക്കാലത്ത് മാനന്തവാടി ഭാഗത്തെ പാർട്ടിയുടെ മേൽനോട്ട ചുമതല കോടിയേരിക്കായിരുന്നു.

പരിചയപ്പെട്ട അന്ന് മുതൽ ഞാനാ ബന്ധം സൂക്ഷിച്ചു. നിരന്തരം വിളിച്ച്  ശല്യപ്പെടുത്തുകയും  ദുരുപയോഗം ചെയ്യാതെയും ഇരുന്നിട്ടുള്ളതിനാലാകാം വിളിച്ചപ്പോഴൊക്കെ ഫോൺ എടുത്തിട്ടുണ്ട്. അതിന് പറ്റിയില്ലങ്കിൽ തിരിച്ച് വിളിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും തിളക്കമാർന്ന ആഭ്യന്തര മന്ത്രിയായിരുന്ന സമയം എനിക്ക് പല സമയങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. എല്ലാം തന്നെ  പാസ്റ്റർമാർ നേരിട്ട പല പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്താനും പരിഹാരം തേടിയുമാരുന്നു. പറയുന്ന കാര്യങ്ങൾ ന്യായമാണന്ന് ബോധ്യമുള്ളതിനാലാകാം എല്ലാത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു സംഭവം മാത്രം ഇവിടെ കുറിക്കട്ടെ. ഒരിക്കൽ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്ക്കരണ ഫിലിംഷോ നടത്താൻ കോട്ടയത്ത് നിന്ന് വയനാട്ടിൽ വന്ന ഒരു ടീമിൻ്റെ വാഹനവും ചില ടീം അംഗങ്ങളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അംഗങ്ങളെ ഉടനെ വിട്ടയച്ചുവെങ്കിലും വാഹനവും ഉപകരണങ്ങളും വിട്ടുകൊടുത്തില്ല.

ഒരു  കോളനിക്ക് സമീപം ഫിലിം കാണിച്ചതിനാൽ ഉയർന്നുവന്ന ഏതോ ചില പരാതികളാണ് ഈ നടപടിക്ക് കാരണമായത്. അന്ന് വയനാട്ടിലുണ്ടായിരുന്ന സജി നെടുംകണ്ടം എന്നൊരാൾ  ഈ വിവരം എൻ്റെയെടുക്കൽ വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഈ വിവരം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹത്തെ ധരിപ്പിച്ചു. പതിവ് മറുപടി തന്നെ ലഭിച്ചു. "പോയി ജില്ലാ പോലീസ് സൂപ്രണ്ടിനെ കാണുക. ഈ വിവരം എന്നോട് പറഞ്ഞിട്ടുണ്ട് എന്നും പറയുക. കാര്യം നടന്നില്ലങ്കിൽ ബ്രദർ വീണ്ടും വിളിക്കുക". എന്താണന്ന് അറിഞ്ഞു കൂടാ - പരിചയപ്പെട്ട അന്നു മുതൽ  ബ്രദർ എന്ന്  വിളിച്ചിരുന്നു.

ഇപ്രകാരം ഉള്ള നിരവധി വിഷയങ്ങൾ ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾ എല്ലാം അദ്ദേഹം സഹായിച്ചിട്ടുണ്ട്. മറക്കാനാവാത്ത ഒരു കാര്യം: സംസ്ഥാനത്തുള്ള എല്ലാ ജയിലുകളും സന്ദർശിക്കാനും തടവുകാരെ ഒരുമിച്ച്കൂട്ടി അവരോട് ലഹരിക്കെതിരെ ബോധവത്ക്കരണം നടത്താനും ' എനിക്ക് ലൈസസൻസ് ലഭിച്ചതും അക്കാലത്താണ്. ജയിൽ ഡിജിപിയുമായും പരിചപ്പെടാൻ കാരണമായതും ഓർക്കുന്നു. അന്ന് ലഭിച്ച ആ ലൈസൻസ് പുതുക്കി ഇന്നും ഉപയോഗിക്കുന്നു.

കോവിഡിന് മുമ്പാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. കുറച്ച് നേരം സംസാരിച്ചു.  എൻ്റെ ഭാര്യ ജാൻസിയോട് അദ്ദേഹത്തിൻ്റെ ഭാര്യ വിനോദിനിയും സംസാരിച്ചു. പതിവില്ലാതെ അന്ന് ഒരുമിച്ച് ഒരു ചിത്രമെടുത്താനും ഞാൻ മറന്നില്ല. അത് ഇവിടെ പോസ്റ്റ് ചെയ്യേണ്ടി വന്നു - കോടിയേരിയുടെ മടക്കമില്ലാത്ത യാത്ര കഴിഞ്ഞ ഈ സമയത്ത്. ക്യാൻസർ ബാധിതനായ സമയത്ത്  ഒരു ടി.വി ഷോയിൽ അദ്ദേഹം പറഞ്ഞത് എല്ലാവരും ഓർക്കും. "രോഗം വന്നു. കരഞ്ഞിട്ട് എന്ത് ? നേരിടുക തന്നെ". ഇതായിരുന്നു കോടിയേരിയുടെ ആത്മബലം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top