01 October Sunday

കിഫ്‌ബി പഠിക്കാൻ ഈഡിയെ ഇനി നിർമലജി പറഞ്ഞുവിട്ടതാണോ?...കെ ജെ ജേക്കബ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കെ ജെ ജേക്കബ്ബ്‌

കെ ജെ ജേക്കബ്ബ്‌

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു...

'ഇഡി'ക്കൂട്ടിൽ കിഫ്‌ബി എന്ന കലാപരിപാടിയെക്കുറിച്ചും കൊട്ടേഷൻ സംഘം പത്രക്കാർക്ക് കൊടുത്തതിനുശേഷം  ഡോ തോമസ് ഐസക്കിനു അയച്ച സമൻസിനെക്കുറിച്ചും ഒന്നും എഴുതാതിരുന്നത് അതിനൊരു ഹാസ്യനാടകത്തിന്റെ ഗൗരവം പോലും ഇല്ലാതിരുന്നതിനാലാണ്.

മസാല ബോണ്ട് ഏതു പോലീസുകാരനും മനസിലാകുന്ന സാധനമാണ്;  ഒരു പരാതി പോലും ഉണ്ടാകാൻ പാടില്ലാത്ത കേസാണ് അത്. അതിൽ ഈഡി എന്ത് തലകുത്തിമറിഞ്ഞിട്ടും കാര്യമൊന്നും ഇല്ല.

മസാലബോണ്ടിൽ നിക്ഷേപിച്ചവർക്കുനേരെ അന്വേഷണം നീളും എന്നൊക്കെ ചില പ്രവർത്തകന്മാർ അടിച്ചുവിടുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നിട്ടുണ്ട്.  

കേന്ദ്ര സർക്കാരിന്റെ ഒരു സ്കീമനുസരിച്ച് റിസർവ് ബാങ്കിന്റെ അനുമതിയോടെ നിയമപ്രകാരം സ്‌ഥാപിക്കപ്പെട്ട കിഫ്‌ബി എന്ന കമ്പനി നാട്ടിലേക്ക് പണം കൊണ്ടുവന്നതിൽ അപാകതയുണ്ടെങ്കിൽ അതാദ്യം പറയേണ്ടത് റിസർവ് ബാങ്കാണ്.

ഇനി റിസർവ് ബാങ്കിന്റെ കണ്ണുവെട്ടിച്ചാണ് പണം കൊണ്ടുവന്നതെങ്കിൽ പോലും അതിന്റെ ഉത്തരം പറയണ്ടത് അതിന്റെ ഉദ്യോഗസ്‌ഥരാണ്‌. ഒരു സ്‌ഥാപനം നിയമങ്ങൾ അനുസരിക്കുന്നുണ്ടോയെന്നു ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഉദ്യോഗസ്‌ഥരുണ്ട്. അതിൽ പൊളിറ്റിക്കൽ നിയമനങ്ങൾ വരാനുള്ള ഒരു സാധ്യതയുമില്ല.

ഡോക്ടർ ഐസക്ക് അതുവഴി പണം സമ്പാദിച്ചു എന്ന ആരോപണം കൊട്ടേഷൻസംഘത്തിനുപോലും ഇല്ലാതിരിക്കുമ്പോഴും മുഴുവൻ വ്യക്തിഗത വിവരങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ടത് ഉപദ്രവിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്.

അതുകൊണ്ടുതന്നെ നിയമത്തിന്റെ അശ്ലീലമായ, ഒരുവേള ക്രിമിനലായ ദുരുപയോഗമാണ് ഡോ ഐസക്കിനുള്ള നോട്ടീസ്.

***   
എനിക്കൊരു സംശയം പക്ഷെ കുടുങ്ങിക്കിടപ്പുണ്ട്.

മസാല ബോണ്ട് വെറും ലളിതമായ സംഗതിയാണെങ്കിലും കിഫ്‌ബി അങ്ങനെയല്ല. കിഫ്‌ബി സീ ഈ ഓ ഡോ. കെ എം ഏബ്രഹാമും ഡോ. ഐസക്കുമൊക്കെ അതിനെപ്പറ്റി വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും ചില സംശയങ്ങൾ പോലെ എന്തൊക്കെയോ ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ട്.

എന്റെ സംശയം എന്താണ് ഈ കിഫ്‌ബി എന്ന് മനസിലാക്കിവരാൻ നിർമലജി സീതാരാമൻ ജി പറഞ്ഞുവിട്ടതായിരിക്കും ഈഡി യെ.

ഡോ. ഏബ്രഹാമിനെ ഈഡി ഇതിനുമുൻപും വിളിപ്പിച്ചിട്ടുണ്ട് .

എൻജിനീയറിങ് കോളേജിൽ പഠിപ്പിച്ച പരിചയം മാത്രമേ ഡോ ഏബ്രഹാമിനുള്ളൂ. പിന്നെ പണി സിവിൽ സർവീസിലും. പറഞ്ഞുകൊടുക്കാനൊക്കെ ഒരു പരിമിതി കാണും.

ഡോ. ഐസക്ക്  അങ്ങിനെയല്ല. കർഷകത്തൊഴിലാളിയോടും ശാസ്ത്ര ഗവേഷകനോടും അവരവർക്കു മനസിലാകുന്ന വിധത്തിൽ കാര്യം പറയാൻ ഡോ ഐസക്കിന് പറ്റും.

അതുകൊണ്ടു ഡോ ഐസക്ക് ഈഡിയ്ക്ക് മുന്നിൽ ഹാജരായി ആ പാവത്തുങ്ങൾക്കു മനസിലാകുന്ന വിധത്തിൽ അത് പറഞ്ഞുകൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top