24 September Sunday

ഒരു നിർമിത വിവാദം... കെൽട്രോൺ മുൻ എം ഡി സതീഷ്കുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 10, 2023

കെൽട്രോൺ ഒരു 100 ശതമാനം പൊതുമേഖലാ സ്ഥാപനമാണ് എന്നിരിക്കെ, സർക്കാരിന്റെ പ്രോജക്‌ടുകൾ നടപ്പാക്കുന്നതിൽ ഈ സ്ഥാപനത്തിന് ആവശ്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് കണ്ടാൽ, അതിന്റെ സാങ്കേതികവും സാമ്പത്തികവും ആയ ഫീസിബിലിറ്റി ആസ്ഥാപനത്തിന് ശരിയായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ ആ പ്രോജക്‌ട് ആ കമ്പനിക്ക് നൽകാൻ അതിന്റെ ഉടമസ്ഥൻ  തീരുമാനിച്ചാൽ അതിലെന്താണ് തെറ്റ്- കെൽട്രോൺ മുൻ എം ഡി സതീഷ്‌കുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ്


ഒരു കാമറാ വിവാദത്തിൽപ്പെട്ട് കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനം തലങ്ങും വിലങ്ങും മർദനമേൽക്കുന്ന കാഴ്‌ച. സർക്കാരിൻ്റെ പ്രതിനിധികളായ മന്ത്രിമാരുൾപ്പെടെ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ, സാങ്കേതിക/ മാനേജ്മെൻ്റ് പ്രൊഫഷണലുകൾ തുടങ്ങിയവരെല്ലാം ഒന്നിച്ച് മത്സരിച്ച് സ്ഥാപനത്തിനു നേരെ തിരിയുന്ന കാഴ്‌ചയാണ് ദിവസവും. സ്ഥാപനത്തിൻ്റെ സാങ്കേതിക പരിജ്ഞാനത്തിൻ്റെ അടിത്തറ, പ്രോജക്‌ട് മാനേജ്മെൻ്റിന്റെ കഴിവ്, വലിയ പ്രോജക്‌ടുകൾ കൈകാര്യം ചെയ്യുന്ന രീതി, തുടങ്ങി എല്ലാ മേഖലകളും ചോദ്യം ചെയ്യപ്പെടുകയാണ്. ചിലരാകട്ടെ സ്ഥാപനം അടച്ചുപൂട്ടണം എന്ന വരെ പറഞ്ഞു വെച്ചു. ഈ സ്ഥാപനത്തിൻ്റെ തുടക്കം മുതൽ ഏതാണ്ട് 25 വർഷത്തോളം അവിടെ പ്രവർത്തിച്ച്, മൂന്നു വർഷം അതിൻ്റെ തലവനായി തന്നെ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ പറയാതെ വയ്യ എന്നു തോന്നിയതുകൊണ്ടാണ്  ഈ കുറിപ്പ്.

വിവാദ വിഷയമായ കാമറാ പദ്ധതിയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാനാ ഗ്രഹിക്കുന്നുമില്ല. വിഷയം മറ്റൊന്നാണ്. കെൽട്രോൺ ഒരു സിസ്‌റ്റം ഇന്റ ഗ്രേറ്റർ എന്ന നിലയിലുള്ള ബിസിനസ്സ് മോഡൽ നടപ്പാക്കി തുടങ്ങിയത് ഇന്നലെയൊന്നുമല്ല. 1980കളിൽ മുതൽ തന്നെ വിവിധങ്ങളായ എത്രയോ പ്രോജക്‌ടുകൾ വളരെ നല്ല രീതിയിൽ പ്രാവർത്തികമാക്കി അവ ഏല്‌പിച്ചു തന്ന സ്ഥാപനങ്ങളുടെ പ്രശംസ നേടിയിട്ടുണ്ട് എന്ന വസ്‌തുത ഈ സന്ദർഭത്തിൽ അടിവരയിട്ട് പറയേണ്ടതു തന്നെയാണ്.

CCTV കാമറ പ്രോജക്ടുകളുടെ കാര്യം പറഞ്ഞാൽ, ആ കാലയളവിലാണ് ഏതാണ്ട് 100 ഓളം കാമറകളും മറ്റു അനുബന്ധ ഉപകരണങ്ങളും കൂട്ടിയിണക്കി ഇന്ത്യയുടെ പാർലമെൻ്റ് മന്ദിരവും അതിൻ്റെ അനക്‌സ് കെട്ടിടവും അടങ്ങിയ വലിയ സമുച്ചയം ഉൾപ്പെട്ട മേഖലയിൽ ബ്രഹത്തായ ഒരു സെക്യുരിട്ടി സർവയലൻസ് സിസ്‌റ്റം സ്ഥാപിച്ചത്. തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയുടെ വിട് വീട് അടക്കമുള്ള തന്ത്രപ്രധാനമായ പല മേഖലകളിലെ സെക്യൂരിട്ടി സിസ്‌റ്റം സ് ഏറ്റെടുത്ത് നടപ്പാക്കുകയും അവയുടെ മെയിൻസ്‌റ്റൻസ് കൈകാര്യം ചെയ്‌ത്, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ടെക്‌നീഷ്യൻമാരെ സജ്ജമാക്കി അവ കൈമാറ്റം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള താപ വൈദ്യുതി നിലയങ്ങളിലെ ബ്രഹത്തായ കൺട്രോൾ ഇൻസ്‌ട്രമെൻ ടേഷൻ സിസ്റ്റംസ് നിർമ്മിച്ച് ടേൺ കീ അടിസ്ഥാനത്തിൽ പ്രവർത്തിപ്പച്ച സാങ്കേതിക വൈദഗ്ദ്ധ്യം ആ സ്ഥാപനത്തിൻ്റെ വളർച്ചയിലെ ഒരു നിർണായക ഘടകമായിരുന്നു.  ആകാശവാണി FM ട്രാൻസ്‌മിഷൻ തുടങ്ങിയ കാലത്ത് അവരുടെ സ്റ്റുഡിയോയ്ക്കും ട്രാൻസ്‌മിഷനും ആവശ്യമായ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച് നിർമ്മിച്ച് നൽകിയ സാങ്കേതിക വിദ്യ സ്വന്തമാക്കിയ ചുരുക്കം കമ്പനികളിൽ ഒന്നാണ് കെൽട്രോൺ. ഇന്ത്യയിലെ എത്രയൊ നഗരങ്ങളിലെ ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്‌റ്റംസ് നടപ്പാക്കിയ പ്രധാന കമ്പനികളിൽ ഒന്നാണ് കെൽട്രോൺ .

ഇന്ത്യയിലെ ആദ്യത്തെ മെട്രോ ലൈൻ ആയ കൽക്കത്താ മെട്രോയുടെ ഓട്ടോമാറ്റിക് പാസഞ്ചർ മാനേജ്മെൽറ്റ് സിസ്റ്റം ആദ്യപടിയായി നടപ്പാക്കിയ കമ്പനിയും കെൽട്രോൺ ആയിരുന്നു എന്ന വസ്‌തുത പലർക്കും അറിയില്ല. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ പ്രാവർത്തികമാക്കിയ C - D0 T ടെലഫോൺ എക്സ്ചേഞ്ചുകൾ നിർമ്മിച്ച് സമയബന്ധിതമായി നൽകി ആ  മാറ്റങ്ങൾക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഒരു പ്രധാന കമ്പനിയും കെൽട്രോൺ തന്നെ. ഇന്ത്യയുടെ പ്രതിരോധ മേഖലക്കാവശ്യമായ എത്ര എത്ര പ്രോജക്ടുകൾ കെൽട്രോൺ കൈകാര്യം ചെയ്‌തു നൽകിയിട്ടുണ്ട്. അതും തന്ത്രപ്രധാനമായ യുദ്ധ കപ്പലുകളുടെ ഓട്ടോ പൈലറ്റും നിയന്ത്രണ സംവിധാനങ്ങളും അടങ്ങിയ പാക്കേജുകൾ വരെ.

ഇനിയും എത്ര എത്ര പ്രോജക്ടുകൾ വേണമെങ്കിലും പറയുവാൻ കഴിയും കമ്പനിയുടെ ഉയർന്ന സാങ്കേതിക മികവിൻ്റെയും പ്രോജക്‌ട്‌ മാനേജ്മെൻ്റിൻ്റെയും സാക്ഷ്യപത്രമായി. ഇവയൊക്കെ തന്നെ നടപ്പാക്കമാൻ മറ്റു കമ്പനികളുമായി മത്സരിച്ച് (പബ്ളിക് സെക്‌ടറും പ്രൈവറ്റ് സെക്ടറും ഉൾപ്പെട്ട) ടെൻഡറുകളിൽ പങ്കെടുത്ത് , അവരുടെയൊക്കെ സങ്കീർണമായ സാങ്കേതികവും പ്രോജക്‌ട് മാനേജ്മെൻ്റ് കേപ്പബിലിറ്റി അസസ്മെൻ്റ് കൾക്ക് വിധേയമായി ഓർഡുകൾ സ്വന്തമാക്കി സമയബന്ധിതമായി നടപ്പാക്കിയവയാണ്. ഇത്രയൊക്കെ പറഞ്ഞു വെച്ചത് കെൽട്രോണിൻ്റെ സാങ്കേതിക വൈദഗ്ദ്ധ്യത്തേയും പ്രോജക്‌ട് നടപ്പാക്കൽ വൈദഗ്‌ദ്ധ്യത്തെയും ഒക്കെ വളരെ ഇകഴ്‌ത്തി പറഞ്ഞ് മോശമാക്കുന്ന കുറിപ്പുകൾ കണ്ടതുകൊണ്ടാണ്. കാലാകാലങ്ങളിൽ സാങ്കേതിക വിദ്യയുടെ വികാസത്തി ന് ആവശ്യമായ സ്വന്തം അടിത്തറ വികസിപ്പിച്ച് രൂപപ്പെടുത്തുന്നതിനും പ്രത്യേകം സംവിധാനങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്.

പുതുതലമുറ സാങ്കേതിക വിദഗ്‌ദ്ധരെ നിയമിക്കുവാനുള്ള താമസം ചില കാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും സാങ്കേതിക കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതായിട്ടുണ്ട് . കെൽട്രോൺ ഒരു  100 % പൊതുമേഖലാ സ്ഥാപനമാണ് എന്നിരിക്കെ , അതായത് മുഴുവൻ ഓഹരികളും സർക്കാരിൻ്റെ ആണെന്നിരിക്കെ, സർക്കാർ തന്നെ അതിൻ്റെ ഏക സ്റ്റേക് ഹോൾഡർ ആയിരിക്കെ , സർക്കാരിൻ്റെ പ്രോജക്ടുകൾ നടപ്പാക്കുന്നതിൽ ഈ സ്ഥാപനത്തിന് ആവശ്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് കണ്ടാൽ , അതിൻ്റെ സാങ്കേതികവും സാമ്പത്തികവും ആയ ഫീസിബിലിറ്റി  ആസ്ഥാപനത്തിന് ശരിയായി ബോധിപ്പിക്കാൻ കഴിഞ്ഞാൽ ആ പ്രോജക്ട് ആ കമ്പനിക്ക് നൽകാൻ അതിൻ്റെ ഉടമസ്ഥൻ  തീരുമാനിച്ചാൽ അതിലെന്താണ് തെറ്റ്.

സിസ്‌റ്റം ഇൻ ടഗ്രേഷൻ പ്രോജക്ടുകൾ നടപ്പാക്കുന്നതിന് ആവശ്യമായ വെൺഡർ ഡെവലപ്മെൻ്റ് , അവരുടെ സാങ്കേതിക അസസ്മെൻ്റ്, സാമ്പത്തിക അടിത്തറ തുടങ്ങിയ കാര്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള സംവിധാനം നിലവിലില്ലാതെ ഇത്രയും സങ്കീർണമായ പ്രോജക്ടുകൾ വിജയകരമായി നടപ്പാക്കാൻ കഴിയുകയില്ല എന്ന വസ്‌തുത മറക്കരുത്. ഒരു പക്ഷെ കെൽട്രോൺ എന്ന കമ്പനിയെ ഇപ്പോഴും ഒരു ടെലിവിഷൻ കമ്പനി എന്ന സങ്കുചിത നിർവചനത്തിൽ കൂടി കാണുന്നതു കൊണ്ട് ആവാം ഇതുപോലുള്ള വില കുറഞ്ഞ ആക്ഷേപങ്ങൾ നേരിടേണ്ടി വരുന്നത് എന്ന തോന്നുന്നു.

മേൽ സൂചിപ്പിച്ച വിവിധ സംവിധാനങ്ങൾ മറ്റുകാരണങ്ങൾ കൊണ്ട് മറികടന്ന് ഒരു പൊതുമേഖലാ സ്ഥാപനത്തിൽ എത്രകണ്ട് നടപ്പാക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഒരു പക്ഷെ  ഇപ്പോൾ പ്രസക്തി ഉണ്ടായിരിക്കാം. അതിൻ്റെ കാര്യ കാരണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സമ്മതിച്ചാൽ പോലും അതിൻ്റെ പേരിൽ സ്ഥാപനത്തിൻ്റെ അടിത്തറ ഇളക്കുന്ന വിവാദങ്ങൾ എത്രകണ്ട് അഭിലക്ഷണീയമാണ് എന്ന മറു ചോദ്യം അവശേഷിക്കുന്നു. ഒരു പക്ഷെ നിലവിലുള്ള മാനേജ്മെൻ്റ് സംവിധാനത്തിൽ തന്നെ കാര്യങ്ങൾ കുറച്ചു കുടി സുതാര്യമാക്കാനുള്ള ഒരവസരം കൂടിയാകാം ഇപ്പോൾ ഉരുത്തിരിഞ്ഞത് എന്ന് തോന്നുന്നു.

എന്തായാലും സ്ഥാപനം അടച്ചു പൂട്ടുക തുടങ്ങിയ നിരുത്തരവാദപരമായ പ്രസ്‌താവനകളും ഉത്തരവാദപ്പെട്ടവരുടെ ഒഴിഞ്ഞു മാറൽ പ്രവണതകളും സ്ഥാപനത്തിൻ്റെ മുൻപോട്ടുള്ള പ്രവത്തനങ്ങളെ ബാധിച്ചേക്കുമെന്ന് തോന്നിയതു കൊണ്ട്  ഒരു കെൽട്രോണിയൻ എന്ന നിലയിൽ ഇത്രയും എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top