28 March Thursday

കേന്ദ്രം നിഷ്‌ക്രിയം: വെടിയൊച്ച നിലയ്ക്കാതെ കശ്മീർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

ന്യൂഡൽഹി > ജമ്മു കശ്മീരിലെ സംഘർഷങ്ങൾക്ക് അറുതിവരുത്തുമെന്ന കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെ അവകാശവാദങ്ങൾ വിഫലം. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിജെപി സർക്കാരിന് സംഘർഷങ്ങളും പാകിസ്ഥാന്റെ കടന്നാക്രമണവും തടയാൻ കഴിയുന്നില്ല. മുൻ സർക്കാരുകളുടെ കാലത്തേക്കാൾ ഉയർന്ന മരണസംഖ്യയും വെടിനിർത്തൽ കരാർ ലംഘനവുമാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഉണ്ടായത്. പാക് അതിർത്തി കടന്ന് നടത്തിയ സർജിക്കൽ സ്‌ട്രൈക്കോടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ടെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത്. 2016ലുണ്ടായ 288 വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ 60 ശതമാനവും സർജിക്കൽ സ്‌ട്രൈക്കിനുശേഷമാണ് ഉണ്ടായത്. അഞ്ചുദിവസത്തിനിടെമാത്രം അതിർത്തിയിൽ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയത് എട്ടു തവണ. ഈ വർഷം 21 ദിവസത്തിനിടെ 134 തവണ ആക്രമണമുണ്ടായി.

നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള മൂന്നുവർഷം മുൻ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മരണത്തിൽ 42 ശതമാനം വർധനയാണ് ജമ്മു കശ്മീരിൽ ഉണ്ടായത്. ഭീകരാക്രമണങ്ങളിൽ സേനാംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 72 ശതമാനം വർധനയുണ്ടായി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതോടെ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സ് നഷ്ടപ്പെട്ടെന്നും ആക്രമണങ്ങൾ അവസാനിച്ചെന്നും കേന്ദ്രസർക്കാരും ബിജെപിയും പ്രചരിപ്പിച്ചു. എന്നാൽ, സർജിക്കൽ സ്‌ട്രൈക്കിനും നോട്ടു നിരോധനത്തിനും ശേഷം ആക്രമണങ്ങൾ നിർബാധം തുടർന്നു. ഭീകരപ്രവർത്തനങ്ങളെ ഫലപ്രദമായി എതിർത്തുവെന്ന പ്രചാരണങ്ങൾ അസ്ഥാനത്തായി. മുൻവർഷത്തേക്കാൾ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ 2017ൽ ഉണ്ടായെന്ന് സർജിക്കൽ സ്‌ട്രെക്കിന് ഒരുവർഷം പൂർത്തിയാകവെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സമ്മതിച്ചു. നാനൂറിലേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് 2017 സെപ്തംബർവരെ ഉണ്ടായത്.

കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും വ്യാപിച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങളെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങളും നടന്നു. പെല്ലറ്റ് ആക്രമണങ്ങളിൽ നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. വീടിനുള്ളിലിരുന്ന പെൺകുട്ടി പെല്ലറ്റ് ആക്രമണത്തിനിരയായത് വലിയ പ്രതിഷേധങ്ങളുയർത്തി. പെല്ലറ്റ് ആക്രമണത്തിൽ നിരവധി പേരുടെ കാഴ്ച നഷ്ടപ്പെട്ടതായും പരാതികളുണ്ടായി. സ്‌കൂൾ വിദ്യാർഥിനികളടക്കം സൈന്യത്തിനെതിരെ കല്ലെറിയാൻ തെരുവുകളിൽ എത്തുന്ന സംഭവങ്ങളും ഉണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top