16 May Monday

‘ടേബിള്‍ ടോപ്പും വിമാനം തെന്നലും പിന്നെ മാപ്പിള ഖലാസികളും’.. കരിപ്പൂരിൽ ആദ്യ വിമാനം തെന്നിയതിന്റെ ഓർമകളിൽ അനസ്‌ യാസിൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


അനസ്‌ യാസിൻ

അനസ്‌ യാസിൻ

  കരിപ്പൂരില്‍ 1994ലാണ്‌  ആദ്യമായി വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പോയത്. മുംബൈയില്‍ നിന്നും വന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈസാണ് റണ്‍വേയില്‍ നിര്‍ത്താതെ ചെളിയില്‍ പൂണ്ടുപോവുകയായിരുന്നു. അപകട കാരണം റണ്‍വേ ടേബിള്‍ ടോപ്പായതിനാലാണെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ ആദ്യനിഗമനം. യാത്രക്കാർക്കാർക്കും അപകടമൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ചെളിയിൽ പൂണ്ട വിമാനം വലിച്ചുകയറ്റാൻ ക്രെയിനുകൾ പരാജയപ്പെട്ടപ്പോൾ രക്ഷയായത്‌ മാപ്പിള ഖലാസിമാരുടെ സ്വന്ത്വം  കരുത്താണ്‌. ഡിഗ്രി വിദ്യർത്ഥിയായിരിക്കെ അവിടെ  കറങ്ങി വാർത്തയെടുത്ത ഓർമകളുമായി അനസ്‌ യാസിൻ

പോസ്‌റ്റ്‌ ചുവടെ >

ഇന്നലത്തെ അപകടത്തെക്കുറിച്ചുള്ള പല ചാനല്‍ റിപ്പോര്‍ട്ടിംങും കാണുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വല്ലാതെ ഊഹവും സൂചനയും കടന്നുകൂടുന്നുവോ എന്ന് സംശയിച്ച് പോകുന്നു. അങ്ങിനെ തോന്നാല്‍ കാരണം, എന്റെ അനുഭവം തന്നെയാണ്.

കരിപ്പൂരില്‍ ആദ്യമായി വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പോയത് 1994ല്‍ ആണെന്നാണ് ഓര്‍മ്മ. മുംബൈയില്‍ നിന്നും വന്ന ഈസ്റ്റ് വെസ്റ്റ് എയര്‍ലൈസാണ് റണ്‍വേയില്‍ നിര്‍ത്താതെ ചെളിയില്‍ പൂണ്ടത്. അന്ന് ഞാന്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ഒഴിവ് ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാന താവളത്തിലെ ചില സ്ഥാപനങ്ങള്‍ക്ക് അല്ലറ ചില്ലറ ക്ലറിക്കല്‍ ജോലികള്‍ ചെയ്തിരുന്നു. അതിനാല്‍ അവിടെ സാമാന്യം നല്ല ബന്ധം. അവിടെ എത്തിയപ്പോഴാണ് അപകട വിവരമറിഞ്ഞത്.

ഉദ്യോഗസ്ഥരെ അറിയുന്നതിനാല്‍ താവളത്തിനകത്ത് കയറി. സുഹൃത്ത ജയപ്രകാശ് മരുത (മലബാര്‍ കാറ്ററേഴ്‌സ്)യുമൊത്താണ് റണ്‍വേയിലൂടെ നടന്ന് അപകട സ്ഥലത്തെത്തിയത്. പഴയ റണ്‍വേയുടെ കിഴക്കേ ഭാഗത്തായിരുന്നു വിമാനം കിടന്നിരുന്നത്. ഇപ്പോഴത്തെ അപകട സ്ഥലത്തിന് അടുത്തായി വരും.
ഉദ്ദേശം 10 മീറ്ററോളം റണ്‍വേ വിട്ടു തെന്നി നീങ്ങിയാണ് ബോയിങ് 737 വിമാനം നിന്നത്. അന്നത്തെ തറയിട്ടാല്‍ ടൗണിന്റെ തൊട്ടടുത്ത ഭാഗമായി വരും. ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്നു പതിച്ച സ്ഥലം അന്ന് റോഡിനപ്പുറത്ത് റണ്‍വേയേക്കാള്‍ ഉയരമുള്ള കുന്നായിരുന്നു. അപകടം അറിഞ്ഞ് ആ കുന്നിന്‍ മുകളില്‍ നിറയെ ആളുകള്‍. ആ കുന്നും ഇടിച്ച് നിരത്തി അതിന്റെ താഴ്‌വരയിലും മണ്ണ് നിറച്ചാണ് ഇപ്പോള്‍ കാണുന്ന ദൂരത്തേക്ക് റണ്‍വേ നീട്ടിയത്.


ആ വിമാനത്തിലും 200ഓളം യാത്രക്കാര്‍. എല്ലാവരും സുരക്ഷിതര്‍. വൈകീട്ട് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനത്തില്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍ നിന്നും വ്യോമയാന ഉദ്യോഗസ്ഥരും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തി. അവരുടെ നിഗമനം അപകട കാരണം റണ്‍വേ ടേബിള്‍ ടോപ്പായതിനാലാണെന്നായിരുന്നു. ഞാന്‍ ആദ്യമായാണ് ഈ വാക്ക് കേട്ടത്. അന്ന് അത് ചെക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. മലബാര്‍ കാറ്ററേസ് ഉടമ സൈദ് മുഹമ്മദ് ജിഫ്രിക്കയാണ് അതിനര്‍ഥം പറഞ്ഞു തന്നത്, അത് മലമുകളിലെ റണ്‍വേയാണെന്ന് (ഇതൊക്കെ എന്തിന് ഞാന്‍ അന്വേഷിക്കുന്നു എന്ന് അന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു, എന്നാലും ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി നന്നായി തന്നെ അന്വേഷിച്ചു). ഈസ്റ്റ്‌വെസ്റ്റിലെ ഒട്ടു മിക്ക് ഉദ്യോഗസ്ഥരും തമ്മില്‍ അന്ന് നല്ല പരിചയം. അതും വാര്‍ത്താ ശേഖരണത്തിന് മുതല്‍ കൂട്ടായി.  ഒരു പറ്റം സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും ഓഫീസായിരുന്നു അന്ന് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.

വിമാനം തെന്നിമാറിയ സംഭവം അന്ന് പത്രങ്ങള്‍ക്ക് അത്ര വലിയ വാര്‍ത്തയാണോ എന്നൊന്നും എനിക്കറിഞ്ഞൂടാ. വിമാനതാവളത്തില്‍ ഇടക്കിടെ വരുന്ന ചില പത്രക്കാരെ -കോഴിക്കോട്ടെയും കൊണ്ടോട്ടിയിലേയും- അറിയാമായിരുന്നു. സ്വര്‍ണം പിടിക്കുന്ന വാര്‍ത്തകള്‍ കസ്റ്റംസിലെ റഷീദ് സാറില്‍ നിന്നറിഞ്ഞ് പലപ്പോഴും ഇവര്‍ക്ക് നല്‍കും. അതാണ് ബന്ധത്തിന്റെ കാതല്‍. അങ്ങിനെ ആ പത്ര സുഹൃത്തുക്കളില്‍ ചിലരെ വിളിച്ചു. 'അനസിന് അറിയുന്ന വിവരങ്ങള്‍ എഴുതി ഫാക്‌സ് ചെയ്യാമോ' എന്ന സ്‌നേഹത്തോടെയുള്ള അഭ്യര്‍ഥനയാണ് മറുതലയ്ക്കലില്‍നിന്നെല്ലാം കേട്ടത്. അങ്ങിനെ ആവേശകരമായ ആ അഭ്യര്‍ഥനകള്‍ റെയ്‌നോള്‍ഡ് പെന്നിലേക്ക് ആവാഹിച്ച് കടലാസിലേക്ക് പകര്‍ത്തി ആദ്യമായ വാര്‍ത്ത എഴുത്ത്. വെട്ടലോ തിരുത്തലോ ഇല്ല. ഇന്‍ട്രോയും ഇന്‍വേര്‍ട്ട് പിരിമിഡും ഒന്നും പരിഗണനയല്ലാത്തതിനാല്‍ കിട്ടിയ വിവരങ്ങള്‍ എല്ലാം, വായിച്ചറിഞ്ഞ വാര്‍ത്തകള്‍ മനസില്‍കണ്ട്, മൂന്നു ഷീറ്റുകളില്‍ നിറച്ചു. ആവേശത്തോടെ വിളിച്ചു പറഞ്ഞുകൊടുത്തു. പിറ്റേദിവസം വാര്‍ത്ത നന്നായി വന്നിട്ടുണ്ട്. വലിയ എഡിറ്റിങ് ഒന്നും കൂടാതെ തന്നെ. നമ്മള്‍ എഴുതിയത് പ്രസിദ്ധീകരിച്ചുവരുന്നതിലെ ആവേശം അന്നാണ് ആദ്യമായി അനുഭവിച്ചത്.

അന്ന് വിദേശത്ത് നിന്ന് ഒരു പത്ര പ്രവര്‍ത്തകനും വിളിച്ചു. എന്നെയായിരുന്നില്ല. അദ്ദേഹത്തിന്റെ വിമാനതാവളത്തിലെ സഹൃത്തിനെ(അയാള്‍ പാലക്കാട് സ്വദേശിയായ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു). അയാള്‍ പിന്നീട് വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ന്യൂസ് കൊടുത്തിട്ടുണ്ടെന്ന് പ്രകാശന്‍ മുഖേനെ എങ്ങിനെയോ അറിഞ്ഞ് എഴുതിയ കുറിപ്പുകള്‍ അദ്ദേഹം ചോദിച്ചു. 'ജോര്‍ദ്ദാന്‍ ടൈംസി'ല്‍ നിന്ന് പിവി വിവേകാനന്ദ് സാര്‍ ആണ് വിളിച്ചത് എന്നും പറഞ്ഞു. എന്റെ മുന്നില്‍ വെച്ചാണ് അദ്ദേഹം ഞാന്‍ എഴുതിയ കുറിപ്പ് പിവി വിവേകാനന്ദ് സാറിന് വായിച്ചു കൊടുത്തത്. എന്റെ പേരും പറയുന്നത് കേട്ടു. അല്‍പ്പം കഴിഞ്ഞ് ഫോണ്‍ എനിക്ക് തന്നു. 'ഞാന്‍ വിവേകാനന്ദ്, വാര്‍ത്ത നന്നയിട്ടുണ്ട്, കണ്ടിന്യൂ...' കനത്ത ശബ്ദത്തിലെ അനുമോദനം.

വിമാനം ചെളിയില്‍ നിന്നും വലിച്ച് കയറ്റിയത് അതിലേറെ രസകരമായ സ്‌റ്റോറിയാണ്. ക്രെയിന്‍ ഒക്കെ കൊണ്ടുവന്നു. എന്നാല്‍, വിമാനം തിരിച്ച് റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായി. ഒടുവില്‍ ബേപ്പൂരിലെ മാപ്പിള ഖലാസിമാരുടെ സഹായം തേടി. കപ്പിയും കയറും ഇരുമ്പു വടികളുമായി ഇവര്‍ എന്ത് ചെയ്യാനെന്നായിരുന്നു ഉത്തരേന്ത്യയില്‍ നിന്ന് വന്ന ഉദ്യേഗസ്ഥര്‍ ചോദിച്ചത്. കയര്‍ കെട്ടാന്‍ റണ്‍വേയില്‍ ഇരുമ്പ് പൈപ്പ് അടിച്ചിറക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. അവസാനം ഖലാസിമാര്‍ റണ്‍വേയുടെ അരികില്‍ പൈപ്പുറപ്പിച്ച് വിമാനം വലിച്ചു കയറ്റാന്‍ തുടങ്ങി. മെയ്ക്കരുത്തിനും സംഘ ശക്തിക്കും പിന്‍തുണയായി ഈണത്തിലുള്ള ഇരടികളും. അല്‍പ്പ സമയം കൊണ്ട് വിമാനം റണ്‍വേയില്‍ തിരിച്ചെത്തിച്ചു. (ഖലാസിമാരെ കുറിച്ച് പിന്നീട് ഫീച്ചര്‍ എഴുതാന്‍ പ്രേരകമായത് അന്നത്തെ വിമാനം വലിച്ച് കയറ്റലാണ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top