20 April Saturday

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും അക്കാദമിക മികവും; പ്രതീഷ്‌ പ്രകാശ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 21, 2022

ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായതു കൊണ്ടോ അല്ലെങ്കിൽ ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതപങ്കാളി ആയതു കൊണ്ടോ ഒരാളുടെ അക്കാദമിക മികവുകൾ റദ്ദ് ചെയ്യപ്പെടുമോ? അങ്ങനെയെങ്കിൽ അതൊരു UGC norm ആയി കൊണ്ടുവരേണ്ടതാണ്. അങ്ങനെയല്ലെങ്കിൽ, എന്തുകൊണ്ടാണ് അദ്ധ്യാപനശേഷിയിലും ഭാഷാപാടവത്തിലും, അന്തർവിഷയ, പ്രയോഗമേഖലാ ജ്ഞാനത്തിലും ഡോ. പ്രിയാ വർഗീസ് പിന്നാക്കം നിൽക്കുന്നു എന്ന് നിങ്ങൾ വസ്‌തുനിഷ്ഠമായി സ്ഥാപിക്കണം. പ്രതീഷ്‌ പ്രകാശ്‌ എഴുതുന്നു.

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള നിയമനം സംബന്ധിച്ച വാദപ്രതിവാദങ്ങൾ ശ്രദ്ധിച്ചു വരികയായിരുന്നു. ആദ്യമേ പറയട്ടെ, ഡോ. ജോസഫ് സ്‌കറിയ എന്നല്ല, ആ ഇന്റർവ്യൂവിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആരും മണ്ടരാണെന്നോ കഴിവില്ലാത്തവരാണെന്നോ ഉള്ള വാദഗതി എനിക്കില്ല. എനിക്ക് യാതൊരുവിധ അറിവോ അഭിരുചിയോ ഇല്ലാത്ത മേഖലകളിൽ ഉപരിപഠനവും ഗവേഷണവും നടത്തുകയും, പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തവരെ മണ്ടരെന്നോ കഴിവുള്ളവരെന്നോ വിലയിരുത്താനോ മുൻവിധികൾ സൃഷ്ടിക്കുവാനോ മാത്രം ബുദ്ധിശൂന്യതയും അവധാനതക്കുറവും ധാർഷ്ട്യവും എനിക്കില്ല [അല്‌പസ്വല്പം ധാർഷ്ട്യവും ബുദ്ധിശൂന്യതയും ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ല].

ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്‌തു വിലയിരുത്തിയ സെലക്ഷൻ കമ്മിറ്റിക്ക് ആ കഴിവുകൾ ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന വാദങ്ങൾ ഒന്നും തന്നെ, ഇതുവരെയും, ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തെ എതിർക്കുന്നവർ അവതരിപ്പിച്ചിട്ടില്ല എന്നതും ഈ അവസരത്തിൽ പറഞ്ഞു വയ്ക്കട്ടെ. എന്നാൽ, ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തെ എതിർക്കുന്നവരുടെ വാദങ്ങളെല്ലാം തന്നെ "ഡോ. പ്രിയാ വർഗീസിന് യാതൊരു കഴിവുമില്ല" എന്നൊരു നിലപാടിലധിഷ്ഠിതമാണ്. അത് എത്രമാത്രം വസ്‌തുനിഷ്ഠമാണെന്നും വ്യക്തിപരമായ മുൻവിധികൾക്കതീതമാണെന്നും ആ വാദങ്ങളുയർത്തുന്നവർ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും.

UGC Regulations, 2018 പ്രകാരം സർവകലാശാലകളിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർമാരുടെ ഡയറക്റ്റ് സെലക്ഷനു വേണ്ടിയിട്ടുള്ള സെലക്ഷൻ കമ്മിറ്റിയെ കുറിച്ചുള്ള മാനദണ്ഡങ്ങൾ (UGC Regulations 2018, page 21) ചുവടെ കൊടുക്കുന്നു.

1. സെലക്ഷൻ കമ്മിറ്റിയുടെ ഉള്ളടക്കം ഇപ്രകാരമായിരിക്കും.
ക) സെലക്ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ സർവകലാശാലാ വൈസ് ചാൻസലർ ആയിരിക്കും.
ഖ) സർവകലാശാലയുടെ ചാൻസലർ നാമനിർദേശം നൽകപ്പെട്ട വ്യക്തി.
ഗ) വൈസ് ചാൻസലർ നാമനിർദേശം നൽകപ്പെട്ട, സർവകലാശാലാ സ്റ്റാറ്റ്യൂട്ടറി ബോഡി അംഗീകരിച്ച മൂന്ന് വിഷയവിദഗ്ദ്ധർ.
ഘ) പ്രസ്തുതവിഭാഗത്തിന് ഡീൻ ഉണ്ടെങ്കിൽ അദ്ദേഹം.
ങ്ങ) പ്രസ്തുതവിഭാഗത്തിന്റെ തലവർ
ച) SC/ST/OBC/Minority/Women/differently-abled വിഭാഗത്തിൽ പെടുന്ന ആരും കമ്മിറ്റിയിൽ ഇല്ലെങ്കിൽ, ഉദ്യോഗാർത്ഥികളിൽ ആരെങ്കിലും ഈ വിഭാഗത്തിൽ പെടുന്നുവെങ്കിൽ, ആ വിഭാഗത്തിൽ നിന്നും വൈസ് ചാൻസലർ നാമനിർദേശം ചെയ്യപ്പെടുന്ന അക്കാദമിൿ വിദഗ്ദ്ധ(ൻ).

2. കുറഞ്ഞത് നാല് പേർ, അതിൽ വിഷയവിദഗ്ദ്ധരല്ലാത്ത രണ്ട് പേർ ആയിരിക്കും സെലക്ഷൻ കമ്മിറ്റിയുടെ ക്വോറം.
ഈ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന വാദം ഉണ്ടാകാതിരിക്കുന്നിടത്തോളം, ഈ സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തലുകളെ വിഷയവിദഗ്ധരല്ലാത്തവർ അംഗീകരിക്കാതെ നിർവാഹമില്ല.
ഇനി UGC ചട്ടങ്ങൾ പ്രകാരം അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള യോഗ്യതകൾ താഴെ പറയുന്നത് പ്രകാരമാണ് (UGC Regulations 2018, page 6).
ക) PhD ഉണ്ടായിരിക്കണം.
ഖ) ബിരുദാനന്തര ബിരുദം 55% മാർക്കോട് കൂടി പാസ്സാകണം.
ഗ) കുറഞ്ഞത് എട്ടു വർഷത്തെ അദ്ധ്യാപനപരിചയം.
ഘ) അംഗീകൃത ജേണലുകളിൽ കുറഞ്ഞത് 7 എണ്ണത്തിൽ എങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം, മാത്രവുമല്ല UGC Regulations Appendix III, Table 2 (page 74) പ്രകാരം കുറഞ്ഞത് 75 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം.

എന്റെ മനസ്സിലാക്കൽ പ്രകാരം, ഈ യോഗ്യതകൾ ഉള്ളവരെ മാത്രമാണ് ഇന്റർവ്യൂവിൽ ഷോർട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇനി ഇന്റർവ്യൂവിലെ മാർക്ക് വിതരണം, കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള വിവരാവകാശരേഖ പ്രകാരം താഴെ കൊടുക്കുന്നത് പോലെയാണ് (അനുബന്ധമായി വായിക്കേണ്ടത് UGC Regulations 2018, section 6; UGC Regulations 2018, Appendix III, Table 1, page 73ൽ ഉള്ള സൂചനകൾ).

1. ഗവേഷണം (പരമാവധി 10 മാർക്ക്)
2. പ്രസിദ്ധീകരണം (പരമാവധി 10 മാർക്ക്)
3. അദ്ധ്യാപനശേഷി (പരമാവധി 10 മാർക്ക്)
4. ഭാഷാപാടവം (പരമാവധി 10 മാർക്ക്)
5. അന്തർവിഷയ, പ്രയോഗമേഖലാ ജ്ഞാനം (പരമാവധി 10 മാർക്ക്)
(പരമാവധി 50 മാർക്ക്)

ഈ ഇന്റർവ്യൂവിൽ ഡോ. പ്രിയാ വർഗീസിന് 32 മാർക്കും ഡോ. ജോസഫ് സ്കറിയയ്ക്ക് 30 മാർക്കുമാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനും കൂടെ പരമാവധി 20 മാർക്കാണ് ലഭിക്കുക. ഇനി ഡോ. ജോസഫ് സ്കറിയയ്ക്ക് പരമാവധി മാർക്കായ 20 ലഭിച്ചുവെന്നും, റിലേറ്റീവ് സ്കോറിങ്ങുമാണ് സെലക്ഷൻ കമ്മിറ്റി ഉപയോഗിച്ചതെന്നുമിരിക്കട്ടെ, എങ്കിൽ പോലും ഡോ. പ്രിയാ വർഗീസിനുൾപ്പടെയുള്ള മറ്റ് ഉദ്യോഗാർത്ഥികൾക്ക് 30 മാർക്കോളം കിട്ടുവാനും ഡോ. സ്കറിയാ തോമസിനെ മറികടക്കാനും ഗണിതശാസ്ത്രപരമായി സാധ്യമായ കാര്യമാണ്. മാത്രവുമല്ല, ഗവേഷണഘടത്തിന്റെ മാർക്കും പ്രസിദ്ധീകരണങ്ങളുടെ എണ്ണവും തമ്മിൽ ഒരു ബന്ധവുമില്ല.

ഉദ്യോഗാർത്ഥി ക്ലെയിം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ UGC അംഗീകൃതമോ, അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ചതോ ആയ ജേണലുകളിൽ വന്നതായിരിക്കണമെന്നതാണ് മാനദണ്ഡം. എന്നാൽ, ഡോ. ജോസഫ് സ്കറിയയുടെ മിക്കവാറും പ്രസിദ്ധീകരണങ്ങളും യുജിസി അംഗീകരിക്കാത്ത, കണ്ണൂർ സർവകലാശാല അംഗീകരിക്കാത്ത ജേണലുകളിലാണ് വന്നിട്ടുള്ളത്. ചിലതൊക്കെ, പച്ചക്കുതിര, സമകാലിക മലയാളം തുടങ്ങിയ വാരികകളിലും, AKPCTAയുടെ പ്രസിദ്ധീകരണത്തിലും.

മറ്റു ചിലത് predatory journalsലും. ഡോ. പ്രിയാ വർഗീസ് ഇതു പോലെ തന്റെ ലേഖനങ്ങളും മറ്റും ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ കൂടുതൽ സ്കോർ ക്ലെയിം ചെയ്യാമായിരുന്നു എന്നത് മറ്റൊരു കാര്യം. ഉദ്യോഗാർത്ഥി തന്റെ പ്രസിദ്ധീകരണങ്ങൾ ഏത് ജേണലിൽ പ്രസിദ്ധീകരിച്ചു, അത് peer reviewed ആയിരുന്നോ, ആ ജേണലിന്റെ impact factor എത്രയാണ്, ഉദ്യോഗാർത്ഥിക്ക് ഗവേഷണത്തിലും ഗവേഷണവിധേയമായ വിഷയത്തിലുമുള്ള അവഗാഹമെത്രയാണ്, ഗവേഷണത്തിൽ പ്രയോഗിച്ചിട്ടുള്ള രീതിശാസ്ത്രം, ഉദ്യോഗാർത്ഥിയുടെ ഗവേഷണം വിഷയമേഖലയിൽ മൗലികമായ എന്ത് സംഭാവനയാണ് നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് ഗവേഷണഘടകത്തിൽ മാർക്കിടാൻ ഉപയോഗിക്കുന്നത്.

അതുപോലെ തന്നെ, ഗവേഷണപരിചയവും പ്രസിദ്ധീകരണങ്ങളുമുണ്ടെങ്കിലും അദ്ധ്യാപനശേഷിയും ഭാഷാപാടവത്തിലും അന്തർവിഷയ, പ്രയോഗമേഖലാ ജ്ഞാനത്തിലും ഒരാൾ പിന്നിൽ പോകാം. എല്ലാത്തിലുമുപരി, ഇതെല്ലാമുണ്ടെങ്കിലും മറ്റ് ഇന്റർവ്യൂകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും, ഇന്റർവ്യൂ ദിവസം നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഒരാൾ പിന്നിൽ പോകാം. നമ്മളൊക്കെ ഇന്റർവ്യൂകൾ അറ്റെൻഡ് ചെയ്യുകയും എടുക്കുകയും ചെയ്‌തിട്ടുള്ളവരല്ലേ?.

മേല്പറഞ്ഞ സാധ്യതകൾ ഉണ്ടാകാതെയിരിക്കാനും, കുറഞ്ഞത് രണ്ട് വിഷയവിദഗ്ദ്ധർ (ക്വോറത്തിന് വേണ്ട ആളുകൾ മാത്രമാണ് ഉള്ളതെങ്കിൽ) എങ്കിലും ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തലുകൾ തെറ്റാണ് എന്ന് വസ്‌തുനിഷ്ഠമായി സ്ഥാപിക്കാനും, ഇതുവരെയും, ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തിനെ എതിർക്കുന്നവർക്ക് കഴിഞ്ഞിട്ടില്ല. അവർ ഉയർത്തുന്ന വാദം "ഡോ. പ്രിയാ വർഗീസിന് കഴിവില്ല, ഡോ. ജോസഫ് സ്കറിയയ്ക്ക് കഴിവുണ്ട്" എന്നു മാത്രമാണ്. ഈ വാദത്തിന്, അതായത്, ഡോ. പ്രിയാ വർഗീസിന് കഴിവില്ലെന്നതിന് അടിസ്ഥാനപ്പെടുത്തുന്നതോ, അവർ ഇടതുപക്ഷ അനുഭാവിയാണ്, സിപിഐ(എം) നേതാവിന്റെ ഭാര്യയാണ് എന്നും. ആ വാദം എത്രത്തോളം വിശ്വാസയോഗ്യമാണ് എന്നും ദുർബലമാണ് എന്നും സ്വയം വിലയിരുത്തി നോക്കൂ. ഒരുപക്ഷേ, നിങ്ങളുടെ വ്യക്തിപരമായ മുൻവിധികളെയും വിശ്വാസങ്ങളെയും സംതൃപ്തിപ്പെടുത്താൻ അതുപകരിച്ചേക്കും. പക്ഷേ ആ മുൻവിധികളോ വിശ്വാസങ്ങളോ ഇല്ലാത്ത മറ്റൊരാളെ ബോധ്യപ്പെടുതാൻ അതുകൊണ്ടു സാധിക്കുമോ?.

ഏതെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായതു കൊണ്ടോ അല്ലെങ്കിൽ ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതപങ്കാളി ആയതു കൊണ്ടോ ഒരാളുടെ അക്കാദമിക മികവുകൾ റദ്ദ് ചെയ്യപ്പെടുമോ? അങ്ങനെയെങ്കിൽ അതൊരു UGC norm ആയി കൊണ്ടുവരേണ്ടതാണ്. അങ്ങനെയല്ലെങ്കിൽ, എന്തുകൊണ്ടാണ് അദ്ധ്യാപനശേഷിയിലും ഭാഷാപാടവത്തിലും, അന്തർവിഷയ, പ്രയോഗമേഖലാ ജ്ഞാനത്തിലും ഡോ. പ്രിയാ വർഗീസ് പിന്നാക്കം നിൽക്കുന്നു എന്ന് നിങ്ങൾ വസ്‌തുനിഷ്ഠമായി സ്ഥാപിക്കണം. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്രയും പ്രബന്ധങ്ങളും PhDയും NET യോഗ്യതയും ഒക്കെ കിട്ടിയത് എന്നും വിശദീകരിക്കണം.

സിപിഐ(എം) അംഗം പോകട്ടെ, സിപിഐ(എം) അംഗത്തിന്റെ ജീവിതപങ്കാളിയോ ബന്ധുവോ പോലുമാകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് ഉത്തരവാദിത്തങ്ങൾ അധികമായി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും എന്നതൊന്ന്. എന്നാൽ, അതുകൊണ്ട് വ്യക്തിജീവിതത്തിൽ ഒരു പ്രയോജനവും കിട്ടില്ല (ആളുകളോട് ഇടപെടുലുകൾ, വായന തുടങ്ങിയവയിൽ വരുന്ന മെച്ചപ്പെടുത്തലുകൾ ഒഴിച്ചു നിർത്തിയാൽ) എന്നത് മറ്റൊന്ന്. മാത്രവുമല്ല, നിങ്ങളുടെ കഴിവും കഠിനാദ്ധ്വാനവും പ്രയോഗിച്ചു കൊണ്ട് വ്യക്തിജീവിതത്തിൽ ഏതെങ്കിലുമൊരു സ്ഥാനത്തെത്തിയാൽ, അതിനെ പറ്റി ഒരു ധാരണയുമില്ലാത്തവരുടെ മുന്നിൽ അതു സംബന്ധിച്ച് വിശദീകരിച്ചു കൊടുക്കേണ്ടതായി വരും. സിപിഐ(എം) ഇതര രാഷ്ട്രീയക്കാർക്കാകട്ടെ, ഇങ്ങനെയൊരു ബാധ്യതയുമില്ല. കോൺഗ്രസ്സ്/ബിജെപി അംഗങ്ങളുടെ ജീവിതപങ്കാളികളെ കുറിച്ച് ഇത്തരത്തിൽ എത്ര വാർത്ത വായിച്ചിട്ടുണ്ട് നിങ്ങൾ? ഈ വിധത്തിൽ വിശദീകരണം നൽകിയിട്ടുണ്ട് അവർ? വിരലിൽ എണ്ണിയെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top