29 March Friday

രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴാണോ 1000 കോടിയുടെ പാര്‍ലമെന്റ് മന്ദിരം-രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 13, 2020

പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന്‍. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് കമല്‍ ഹാസന്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന്‍ വിമര്‍ശനമുന്നയിച്ചത്.

'കൊറോണ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് രാജ്യത്തെ പകുതിയിലേറെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിന് വേണ്ടിയാണ് 1000 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്? ഇപ്പോള്‍ ആരെ സംരക്ഷിക്കാനാണ് ഈ ആയിരം കോടിയുടെ പാര്‍ലമെന്റ് മന്ദിരം കെട്ടിപ്പൊക്കുന്നത്? എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഒരു മറുപടി തരുമോ,' കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 10ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.4,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.

പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.

രത്തന്‍ ടാറ്റയ്‌ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാറ് മോഡി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top