26 April Friday

മാർക്സിയൻ ദാർശനിക ഉൾക്കാഴ്ചകൾ നെഹ്‌റുവിന്റെ ചരിത്രാന്വേഷണങ്ങളുടെ ഉൾപ്രേരണയായി വർത്തിച്ചിരുന്നു; കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 14, 2021

ഹിന്ദുത്വഫാസിസ്റ്റുകൾക്കും അവരുടെ സാമ്രാജ്യത്വ പ്രോക്തമായ മതദ്ദേശീയതക്കുമെതിരായ സമരങ്ങളിൽ ജനാധിപത്യവാദികൾക്ക് നെഹറുവിയൻ വിചാരങ്ങളെ കണ്ടെത്താനും പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാക്കി ഉയർത്താനും കഴിയണം. നെഹ്‌റു സ്മരണകളിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും നെഹ്‌റുവിനെ വായിക്കുകയും പോരാട്ടത്തിന്റെ ചിന്താപരമായ ഊർജ സ്രോതസുകളിലേക്ക് കടന്നുചെല്ലുകയും ചെയ്യണം.

മഹാനായ ജവഹർലാൽ നെഹറു നമ്മുടെ കുട്ടികൾക്ക് ചാച്ചാജിയാണ്. അവർക്ക് വേണ്ടി എഴുതുകയും അവരൊടൊപ്പം ഇടപെടാൻ സമയം കണ്ടെത്തുകയും ചെയ്‌ത ദേശീയ വിമോചകനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും. റോസാപൂക്കളെയും കുഞ്ഞുങ്ങളെയും സ്നേഹിച്ച, രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിയെ മനുഷ്യരാശിയുടെ സ്വാതന്ത്ര്യത്തിലും ആധുനിക ജീവിത മൂല്യങ്ങളിലുമധിഷ്‌ഠിതമായിരിക്കണമെന്നും നിർബന്ധം പിടിച്ച ധിഷണാശാലിയായ ജനാധിപത്യവാദിയായിരുന്നു നെഹ്‌റു.

സോഷ്യലിസത്തോടും അതിന്റെ ദാർശനികാടിസ്ഥാനമായ മാർക്‌സിസത്തോടും ചിന്താപരമായി അടുപ്പം പുലർത്തിയ ലിബറൽബുദ്ധിജീവിയും സെക്കുലറിസ്റ്റും. ഇന്ത്യയെ ഒരാധുനിക രാഷ്ട്രമായി രൂപപ്പെടുത്താനായി നമ്മുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മതനിരപേക്ഷ വീക്ഷണത്തിൽ പഠിക്കുകയും എഴുതുകയും ചെയ്‌ത‌ പണ്ഡിതൻ. യുറോപ്യൻ ദേശീയസങ്കല്‌പങ്ങളെയും ഭരണഘടനയോടും നിയമവാഴ്‌ചയോടും കൂറുപുലർത്തുന്ന പൗരസമൂഹത്തെയും സംബന്ധിച്ച കാഴ്‌ചപ്പാടുകളിൽ ഇന്ത്യൻ ചരിത്രത്തെയും ആത്മീയതയെയും സാംസ്‌കാരിക വൈജാത്യങ്ങളെയും മിത്തുകളെയും നിർധാരണം ചെയ്‌ത കൃതിയാണ് നെഹറുവിൻ്റെ "ഇന്ത്യയെ കണ്ടെത്തൽ’.

ആധുനിക ജനാധിപത്യ മതേതര ശാസ്ത്ര മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ട നെഹ്‌റുവിന്, അദ്ദേഹം നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൊണ്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സർക്കാറിനെ കൊണ്ടും ഈ ആദർശങ്ങളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അംഗീകരിപ്പിക്കാനോ പ്രയോഗത്തിൽ കൊണ്ടുവരാനോ കഴിഞ്ഞിരുന്നില്ല. എങ്കിലും ഭരണഘടനയും അതിനനുസൃതമായ നിരവധി (ഹിന്ദു കോഡ് ഉൾപ്പെടെ) നിയമനിർമാണങ്ങളും കോൺഗ്രസിലെ ഹിന്ദുത്വവാദികളുടെ എതിർപ്പിനെ അതിജീവിച്ച് യാഥാർത്ഥ്യമാക്കാൻ നെഹ്‌റുവിന് കഴിഞ്ഞു.

ആധുനിക പൂർവമായ ഭൂതകാലമൂല്യങ്ങളെയും മതത്തിന്റെ സംസ്‌കാരത്തിന്റെയും പ്രതിലോമപരമായ ആചാര വിശ്വാസങ്ങളെയും ചോദ്യം ചെയ്‌ത നെഹ്‌റുവിയൻ വിചാരങ്ങളും, ഇത്തരം വിശ്വാസമൂല്യങ്ങളെ മുറുകെ പിടിച്ച നെഹറു നേതൃത്വം കൊടുത്ത ബൂർഷാഭൂപ്രഭു വർഗ താൽപര്യങ്ങളെ പ്രതിനിധീകരിച്ച കോൺഗ്രസും തമ്മിലുള്ള വൈരുധ്യം നെഹറുവിന്റെയും ഇന്ത്യയുടെയും സ്വാതന്ത്ര്യാനന്തര ജീവിതത്തിലെ വിപര്യയങ്ങളായി അവശേഷിക്കുന്നു. ഈയൊരു സങ്കീർണതകളുടേതായ ദേശീയ സാഹചര്യത്തെ ഉപയോഗപ്പെടുത്തി കൊണ്ടു കൂടിയാണ് ഹിന്ദുത്വ വാദികൾ ദേശീയാധികാരം കയ്യടക്കിയത്.

അവർ ചരിത്രത്തെയും സംസ്‌കാരത്തെയും വർഗീയവൽക്കരിക്കുമ്പോൾ, ദേശീയതയെ മഹത്‌വൽക്കരിക്കുമ്പോൾ,ഇന്ത്യൻ ദേശീയത രൂപപ്പെടുത്തിയ കൊളോണിയൽ വിരുദ്ധ സമരത്തിന്റെ അഗ്നിപഥങ്ങളിലൂടെ നടന്നു വന്ന നെഹ്‌റുവിയൻ വിചാരങ്ങൾ പ്രസക്തമാവുന്നു.അഹമദ്‌നഗർ കോട്ട ജയിലിൽ തടവുകാരാനായി കഴിയുന്ന നാളുകളിലാണ് ഇന്ത്യയുടെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും കൊളോണിയൽ അധികാരം സൃഷ്‌ടി‌ച്ച ആഘാതങ്ങളെയും അപഗ്രഥനം ചെയ്യുന്ന Discovery of india എഴുതപ്പെടുന്നത്.

ഹിന്ദുത്വഫാസിസ്റ്റുകൾക്കും അവരുടെ സാമ്രാജ്യത്വ പ്രോക്തമായ മതദ്ദേശീയതക്കുമെതിരായ സമരങ്ങളിൽ ജനാധിപത്യവാദികൾക്ക് നെഹ്‌റുവിയൻ വിചാരങ്ങളെ കണ്ടെത്താനും പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാക്കി ഉയർത്താനും കഴിയണം. നെഹ്‌റു സ്‌മരണകളിൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും നെഹ്‌റുവിനെ വായിക്കുകയും പോരാട്ടത്തിന്റെ ചിന്താപരമായ ഊർജ സ്രോതസുകളിലേക്ക് കടന്നുചെല്ലുകയും ചെയ്യണം.

മനുഷ്യരാശി നേടിയ എല്ലാ നന്മകളെയും ജീവിതാ ദർശങ്ങളെയും വിധ്വംസകമായി കടന്നാക്രമിച്ചു കൊണ്ട് ചരിത്രത്തിലേക്ക് കടന്നു വന്ന നാസി ഫാസിസ്റ്റ് ഭീഷണികളെ ഉൾപ്പെടെ ലോകത്തിന്റെ ശുഭാപ്‌തി വിശ്വാസങ്ങളിൽ കരിനിഴൽ പടർത്തിയ ലോക സംഭവഗതികളുടെ സമഗ്രമായ അവലോകനമാണ് നെഹറുവിന്റെ "വിശ്വ ചരിത്രാവലോകനം" എന്ന വിഖ്യാത രചന. ലോകത്തെ പഠിക്കുന്നവർക്കേ ലോകത്തെ മാറ്റിത്തീർക്കാനാവൂമെന്ന മാർക്‌സിയൻ ദാർശനിക ഉൾക്കാഴ്‌ചകൾ നെഹ്‌റുവിന്റെ ചരിത്രാന്വേഷണങ്ങളുടെ ഉൾപ്രേരണയായി വർത്തിച്ചിരുന്നുവെന്നു പറയാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top