26 April Friday

ഇവരുടെ തല താലിബാനും ഉടൽ ലീഗുമായി മാറിയോ?...കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021

കോഴിക്കോട് കടപ്പുറത്ത് നാലാളെ കണ്ടാൽ വർഗ്ഗീയ വിഷം ചീറ്റാതെ എങ്ങിനെ അണികളോട് സംസാരിക്കാമെന്ന് ലീഗ് നേതാക്കൾ ഇനിയും പഠിക്കേണ്ടതുണ്ട് എന്നാണ് ഇന്നലെ അവർ നടത്തിയ വഖഫ് സംരക്ഷണ റാലി നിരീക്ഷിച്ച ഏതൊരാൾക്കും തോന്നുക. ചങ്ങലക്ക് ഭ്രാന്താവുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് അക്ഷരാർത്ഥത്തിൽ കണ്ടത് ലീഗിൻ്റെ വഖഫ് സംരക്ഷണ റാലിയിലാണ്.

കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്കെതിരെ ലീഗണികൾ മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിൻ്റെ അങ്ങേ അറ്റമാണ്. അദ്ദേഹത്തെ പച്ചക്ക് കത്തിക്കുമെന്നും ലീഗ് പ്രവർത്തകർ ഭ്രാന്തമായി അലറി വിളിക്കുന്നത് കേട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അത്യന്തം ആപൽക്കരമായ വർഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനയാണ് മുതിർന്ന ഒരു ലീഗ് നേതാവ് പാണക്കാട് തങ്ങൻമാരുടെയും ലീഗ് നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടത്തിയത്. റിയാസിൻ്റേത് വിവാഹമല്ല വ്യഭിചാരമാണെന്ന് പുലമ്പാൻ ഈ സ്വർണ്ണക്കച്ചവടക്കാരൻ മൗലാനക്ക് എവിടെനിന്നാണ് ധൈര്യം കിട്ടിയത്?

നോട്ടിൻ മെത്തയിൽ കിടന്നുറങ്ങുന്ന വേറൊരു നേതാവ് ആക്രോശിച്ചത് ലീഗിൽ നിന്ന് പോയാൽ ദീനിൽ നിന്ന് അഥവാ മതത്തിൽ നിന്ന് പോയി എന്നാണ്. ഒരു ബഹുസ്വര സമൂഹത്തിൽ ഇങ്ങിനെയൊക്കെ പറയാനും അത് തലയാട്ടി അംഗീകരിക്കാനും ലീഗെന്ന രാഷ്ട്രീയ പാർട്ടിക്കും അതിൻ്റെ അനുയായികൾക്കും എങ്ങിനെ കഴിയും?

തലശ്ശേരിയിൽ ആർ.എസ്.എസുകാർ വിളിച്ചുകൂവിയതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കളും പ്രവർത്തകരും അട്ടഹസിച്ചതും തമ്മിൽ എന്തു വ്യത്യാസം? ഖാഇദെ മില്ലത്തിൻ്റെയും സി.എച്ചിൻ്റെയും ശിഹാബ് തങ്ങളുടെയും പാർട്ടി പതുക്കെ പതുക്കെ തല താലിബാനും ഉടൽ ലീഗുമായി പരിണമിക്കുകയാണോ?

കോൺഗ്രസ്സ് ഉൾപ്പടെയുള്ള UDF ലെ കക്ഷികൾ ലീഗ് സംഘടിപ്പിച്ച "വർഗ്ഗീയ സംരക്ഷണ റാലി'' യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണ്. ലീഗിൻ്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കൾ വഖഫ് സംരക്ഷണ റാലിയുടെ മറവിൽ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീർത്തും അശ്ചര്യകരമാണ്. പള്ളി മിമ്പറുകൾ ഉപയോഗിക്കേണ്ടത് ഇത്തരം തോന്നിവാസങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽകരിക്കാനാണ്.

മതത്തിൻ്റെ ലേബലൊട്ടിച്ച് മുസ്ലിം ലീഗ് നേതൃത്വം കാട്ടിക്കൂട്ടാനിടയുള്ള താന്തോന്നിത്തങ്ങളെയും ചീഞ്ഞളിഞ്ഞ വർഗ്ഗീയതയേയും മുൻകൂട്ടിക്കണ്ട് നിലപാടെടുത്ത സമസ്ത നേതൃത്വവും അവരുടെ അമരക്കാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊ: ആലിക്കുട്ടി മുസ്ല്യാരും എത്ര മഹോന്നതർ, അവരെത്ര ക്രാന്തദർശികൾ!!!

കോഴിക്കോട് കടപ്പുറത്ത് കണ്ടതും കേട്ടതുമാണ് ലീഗിൻ്റെ പുതിയ രൂപവും ഭാവവുമെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉപ്പുവെച്ച കലം പോലെ ലീഗ് മാറ്റി നിർത്തപ്പെടുന്ന കാലം വിദൂരമല്ല. മുസ്ലിം ലീഗിൻ്റെ വഖഫ് സംരക്ഷണ റാലി കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സിനേൽപ്പിച്ച മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുന്ന  ലക്ഷണമില്ല. ലീഗിൻ്റെ മുഖത്ത് അത് തീർത്ത വലിയ കറുത്തപാടും പതിറ്റാണ്ടുകളോളം മായാതെ നിൽക്കും

 

(https://www.facebook.com/drktjaleelonline/ പേജിൽ നിന്ന്‌)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top