ഡോ. കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ നിന്ന്:
ഇന്നൊരു ചരിത്രദിനമാണ്. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൻ്റെ ഭാഗമായി മാത്രമേ ഏകസിവിൽകോഡ് നീക്കത്തെ കാണാനാകൂ. അതു മനസ്സിലാക്കി പ്രതിരോധിക്കാൻ ഇന്ത്യയിൽ ആദ്യം മുന്നോട്ടുവന്ന നിയമസഭ കേരളത്തിൻ്റേതായതിൽ അഭിമാനമുണ്ട്. തമിഴ്നാട് ഐടി മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വി.ഐ.പി സന്ദർശന ഗ്യാലറിയിൽ ഇരിക്കവെയാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജൻ പ്രമേയമവതരിപ്പിച്ചത്.
സഭ സൂചിവീണാൽ കേൾക്കുന്ന നിശബ്ദതയിലാണ് മുഖ്യമന്ത്രിയുടെ പ്രമേയവതരണത്തെയും തുടർന്ന് നടത്തിയ പ്രസംഗത്തെയും കേട്ടത്. ഏകസിവിൽകോഡ് വാദികളുടെ നെഞ്ചിൽ തറക്കുന്ന ചോദ്യശരങ്ങൾ എറിഞ്ഞാണ് പിണറായി വിജയൻ സഭയെ അഭിസംബോധന ചെയ്തത്. മനുസ്മൃതിയെ ആധാരമാക്കിയ വ്യക്തി നിയമമാകും ഏകീകൃത സിവിൽകോഡെന്ന വ്യാജേന ബി.ജെ.പി നടപ്പിലാക്കാൻ ശ്രമിക്കുകയെന്ന് ആർ.എസ്.എസ് ആചാര്യന്മാരുടെ വേദവാക്യങ്ങളെ ആധാരമാക്കി മുഖ്യമന്ത്രി പ്രസ്താവിച്ചു. വിവിധ ഗോത്രവർഗ്ഗങ്ങളുടെ വ്യക്തിനിയമങ്ങളും ഈ ചതച്ചരക്കലിൽ പെടുമെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കി.
ഏകസിവിൽ കോഡിന് ഇന്ത്യയെ കൂടുതൽ ഭിന്നിപ്പിക്കാനല്ലാതെ യോജിപ്പിക്കാനാവില്ലെന്ന് ഉദാഹരണ സഹിതം മുഖ്യമന്ത്രി അടിവരയിട്ടു. ഏകീകരണത്തെ കുറിച്ച് വാചാലമാകുന്ന സംഘ്പരിവാരങ്ങൾ കാശ്മീരിൻ്റെ മുസ്ലിം ഭൂരിപക്ഷം തകർക്കാൻ കാശ്മീരിനെ വെട്ടിമുറിച്ചതും, വിവാഹമോചന കാര്യത്തിൽ മുസ്ലിം പുരുഷൻമാർക്ക് മാത്രം ശിക്ഷ ഏർപ്പെടുത്തിയതും, പൗരത്വഭേദഗതിയിൽ മുസ്ലിങ്ങളെ ഒറ്റതിരിച്ച് മാറ്റിനിർത്തിയതും എന്തിനെന്ന് പിണറായി ചോദിച്ചു. ഉത്തരമില്ലാതെ ആ കൂർത്ത ചോദ്യങ്ങൾ സഭാതലത്തെ പ്രകമ്പനം കൊള്ളിച്ചു.
കൃത്രിമമായി രാജ്യത്തുണ്ടാക്കുന്ന ഐക്യം ആത്യന്തികമായി നാടിനെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. വ്യത്യസ്ത വ്യക്തിനിയമങ്ങൾ പാലിക്കപ്പെടുന്നതല്ല വർത്തമാന ഇന്ത്യയുടെ പ്രതിസന്ധികളുടെ അടിസ്ഥാനം. ഗുജറാത്തും മണിപ്പൂരും കത്തിയത് ഏകസിവിൽകോഡ് നടപ്പിലാക്കാത്തത് കൊണ്ടായിരുന്നില്ല. രാജ്യത്ത് നടന്ന വംശഹത്യകളും കലാപങ്ങളും വ്യക്തി നിയമങ്ങൾ ഏകീകരിക്കാത്തത് കൊണ്ട് നടന്നതല്ല. സംഘ് പരിഹരങ്ങൾ നേരത്തേ പ്രഖ്യാപിച്ച കാര്യങ്ങളാണ് ഇവിടെ ഇപ്പേൾ അരങ്ങേറുന്നത്. അങ്ങിനെ പോയി പിണറായിയുടെ നിരീക്ഷണങ്ങൾ. മുഖ്യമന്ത്രിയുടെ സഭയിലെ ഇന്നത്തെ പ്രസംഗം എല്ലാ അർത്ഥത്തിലും സാരഗർഭമായിരുന്നു.
പ്രതിപക്ഷനേതാവ് ശ്രീ വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഉൾപ്പടെ പ്രതിപക്ഷ നിരയിൽ നിന്ന് ഉന്നയിയിച്ച അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ചാണ് അന്തിമ പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകക്കും രാജസ്ഥാനും കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം പ്രചോദനമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ബി.ജെ.പി ഇതര സർക്കാരുകൾക്ക് മാതൃക കാട്ടിയ കേരളത്തിൻ്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീണ്ടും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ മുന്നണിപ്പോരാളിയായി മാറി. അഭിനന്ദനങ്ങൾ സഖാവെ.... ശബ്ദമില്ലാത്ത മർദ്ദിത ന്യൂനപക്ഷങ്ങളുടെയും പതിതരായ ഗോത്ര വർഗ്ഗങ്ങളുടെയും ശബ്ദമായതിന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..