29 November Wednesday

ഇടതാകുമ്പോൾ "മുതലാളി', വലതാകുമ്പോൾ "തൊഴിലാളി', ആ വേല കയ്യിലിരിക്കട്ടെ, കാര്യങ്ങളിത്തിരി ഞങ്ങൾക്കും തിരിയും... കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കെ ടി ജലീൽ എഴുതുന്നു...

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്കും കോൺഗ്രസ്സിലെയും ലീഗിലെയും ഫേസ്ബുക്ക് ജീവികൾക്കും രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ധനാഢ്യനായ പ്രാഞ്ചിയേട്ടനും കയ്യേറ്റക്കാരനായ മുതലാളിയുമൊക്കെ ആകുന്നതിലെ "ഗുട്ടൻസ്' ഒരു കാലിക്കവറൊട്ടിക്കാനുള്ള ചോറ് തലയിലുള്ളവർക്ക് മനസ്സിലാക്കാനാകും. മഞ്ഞളാംകുഴി അലി ഇടതു ചേർന്നു നിൽക്കുമ്പോൾ മുതലാളി, വലതു ചാടി മന്ത്രിയായാൽ തൊഴിലാളി ! പി വി അബ്ദുൽ വഹാബ് കൈരളിയുടെ ഡയറക്ടറായാൽ പൈസക്കാരൻ, ലീഗിന്റെ രാജ്യസഭാംഗമായാൽ വെറുമൊരു ഫക്കീർ. ജോയ്സ് ജോർജ്ജ് കോൺഗ്രസ്സിലാണെങ്കിൽ ലക്ഷണമൊത്ത കർഷകൻ, ഇടതു സ്വതന്ത്രനായി മതസരിച്ചാൽ തട്ടിപ്പുകാരനായ ഭൂപ്രമാണി. ആ വേല കയ്യിൽ വെച്ചാൽ മതി. കാര്യങ്ങൾ ഇത്തിരിയൊക്കെ ഞങ്ങൾക്കും തിരിയും.

1962 ൽ പണ്ഡിറ്റ് നെഹ്റു എന്ന അതികായനായ ഇന്ത്യൻ പ്രധാനമന്ത്രി മലമ്പുഴ ഡാം സന്ദർശിക്കാൻ വന്ന വേളയിൽ എടവണ്ണക്കടുത്ത ഒതായി എന്ന കുഗ്രാമത്തിലെ പി വി ഷൗക്കത്തലിയുടെ വീട്ടിലും പോയിരുന്നു. ഒരുപക്ഷെ ജവഹർലാൽ ഒരു കുടുംബനാഥന്റെ ക്ഷണം സ്വീകരിച്ച് പോയിട്ടുള്ള അത്യപൂർവം വീടുകളിലൊന്നാകും അത്. നെഹ്റുവിന്റെ   അക്കാലത്തെ പ്രസംഗ പരിഭാഷകനും നെഹ്റുവിയൻ യുഗത്തിലെ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി അംഗവുമായിരുന്ന ഷൗക്കലത്തലി സാഹിബിന്റെ പന്ത്രണ്ടു മക്കളിൽ പതിനൊന്നാമനാണ് പി വി അൻവർ. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെ മഞ്ചേരി പാർലമെന്റ‌് മണ്ഡലത്തിൽ നേരിടാൻ ഉശിരും കെൽപ്പും കരുത്തുമുള്ള ഒരാളെ സ്ഥാനാർത്ഥിയായി അരിച്ചു പെറുക്കി നോക്കിയിട്ട് അവസാനം എഐസിസി കണ്ടെത്തിയത് പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥി അൻവറിന്റെ പിതാവ് ഷൗക്കത്തലിയെയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പാദസ്പർശമേറ്റ് പുളകിതമായ മണ്ണിൽ കളിച്ച് വളർന്ന അൻവർ അടിമുടി ഒരു തികഞ്ഞ മതേതരവാദിയായ പൊതുപ്രവർത്തകനായത്, കോൺഗ്രസ്സുകാരും സംഘികളും "ഞമ്മന്റെ" ആളെന്ന് ഒരേ സമയം അവകാശപ്പെടുന്ന കോംപ്ലാൻ പിള്ളേർക്കും രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്ന് തട്ടിവിട്ട ചരിത്രപടുക്കളുടെ കുഞ്ഞാടുകൾക്കും അറിയാതെ പോയെങ്കിൽ അതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.

കെഎസ് യു വിന്റെ മലപ്പുറം ജില്ലാ ഉപാധ്യക്ഷനും യൂത്ത് കോൺഗ്രസ്സിന്റെ ജില്ലാ വൈസ് പ്രസിഡന്റും കെ കരുണാകരന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഡിഐസിയുടെ മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്ന അൻവർ ഒരേയൊരു തെറ്റേ ചെയ്തിട്ടുള്ളൂ. ഡിഐസി കോൺഗ്രസ്സിൽ ലയിച്ചപ്പോൾ ആ മുങ്ങലിൽ പാങ്കാളിയാകാതെ ഇടതുചേരിയിൽ ഉറച്ചു നിന്നു. അതിന്റെ പേരിലാണ് അൻവർ ഒരുപാട് പഴികളുടെ ഭാണ്ഡം ചുമക്കേണ്ടിവന്നത്. 1985 ൽ മമ്പാട് എം ഇ എസ് കോളേജിൽ കെഎസ് യു ബാനറിൽ മത്സരിച്ച് വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായ അൻവർ 1988 ൽ അതേ കോളേജിൽ സ്റ്റുഡൻസ് യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിച്ച് ചരിത്ര വിജയം നേടി നിയമസഭാംഗമായി.

എംഎൽഎ ആയിരിക്കെ കേരളത്തിൽ കോൺഗ്രസ്സുകാരാൽ വെടിവെച്ച് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയുടെ കർമ്മഭൂമിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് തീർത്താണ് അൻവർ  പൊന്നാനിയിൽ പുതിയ വിപ്ലവത്തിന് പങ്കായമേന്താൻ എത്തിയിരിക്കുന്നത്. തികഞ്ഞ മതവിശ്വാസിയും കറകളഞ്ഞ മതനിരപേക്ഷ വാദിയുമായ അൻവർ ജീവിതത്തിൽ കഴിയുന്നത്ര ധാർമ്മിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്ന കരുണാർദ്രനായ മനുഷ്യ സ്നേഹി കൂടിയാണ്. ശൂരനായിരുന്ന കുഞ്ഞാലിയുടെ നാട്ടിൽ നിന്ന് വിപ്ലവത്തിന്റെ പുതുഗാഥ തീർക്കാൻ വീരനായിരുന്ന ഇമ്പിച്ചിബാവയുടെ മണ്ണിലെത്തിയിരിക്കുന്ന പി വി അൻവറിനെ വിജയത്തേരിലേറ്റാൻ നമുക്കൊന്നിച്ചൊന്നായ് അണിചേരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top