25 April Thursday

''കോൺഗ്രസുകാരനായിരുന്ന രാധാകൃഷ്‌ണനെ ഓഡിറ്റ്‌ ചെയ്യാൻ ഒരു നിഷ്പക്ഷ ലിബറലുകളും മാധ്യമങ്ങളും മുതിരില്ല''

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ചുള്ള ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ എസ് രാധാകൃഷ്ണന്റെ വർഗീയ പരാമർശത്തോടെയുള്ള ഫേസ്ബുക്ക് കുറിപ്പ് വിവാദത്തില്‍. ശ്രീലങ്കയിലെ ആക്രമണത്തിനെതിരെ നമ്മുടെ സമൂഹം പ്രതികരിച്ചില്ലെന്നും നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ ഇക്കാര്യത്തിൽ എന്ത് പറയുന്നു എന്നറിയാൻ താല്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന്‍റെ ചോദ്യം. പി കെ ശ്രീകാന്തിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

സിപി സുഗതൻ ഒരു ഹിന്ദു സംഘടനയുടെ നേതാവായ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വക്താവാണ്.ശബരിമല വിഷയാനന്തര സമയത്ത് ഇടത് പക്ഷം മുൻ കൈയ്യെടുത്തു നടത്തിയ വനിതാ മതിൽ എന്ന ആശയവുമായി യോജിച്ച ആളാണ് ഇയാൾ.അഥവാ അയാളുടെ ഈ ജീവിത കാലത്തിനിടെ ഇടതുപക്ഷവുമായുള്ള ബന്ധം,അങ്ങനെയൊരു ബന്ധം എന്ന് പറയുന്നത് പോലും ബാലിശമാണെങ്കിലും ആരോപിക്കാൻ സാധ്യമായ ഒരേയൊരു ബന്ധം ഇടത് പിന്തുണയിൽ നവോത്ഥാന സംരക്ഷണ സമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ആ വനിതാ മതിലുമായി സഹകരിച്ചു എന്ന ഒരേയൊരു കാര്യമാണ്.അന്ന് മുതൽ ഈ നിമിഷം വരെ സുഗതന്റെ പേരിലും അയാളിന്ന് കൈക്കൊള്ളുന്ന പല നിലപാടുകളുടെ പേരിലും ഇടതുപക്ഷം വിമർശിക്കപ്പെടാറുണ്ട്.സുഗതൻ പാർട്ടി അംഗമാണെന്ന തരത്തിൽ ഓഡിറ്റ് ചെയ്യപ്പെടാറുണ്ട്.ആക്രമിക്കപ്പെടാറുണ്ട്.പരിഹസിക്കപ്പെടാറുണ്ട്.തെറ്റില്ല.അതങ്ങനെ നടക്കട്ടെ.

കെ എസ് രാധാകൃഷ്ണന് കോണ്ഗ്രസ് പാർട്ടിയുമായുള്ള ബന്ധം ഇത് പോലെ മുള്ളിയപ്പോൾ തെറിച്ച ബന്ധമല്ല.ഉമ്മൻചാണ്ടി യുടെ ആശ്രിത വത്സനായി അറിയപ്പെട്ടിരുന്ന ഈ മുൻ കോണ്ഗ്രസ് നേതാവ് കോണ്ഗ്രസ് പാർട്ടിക്ക് അക്കാദമിക് അടിത്തറ നിർമ്മിച്ചു നൽകി പോന്ന ബുദ്ധിജീവികളിൽ പ്രധാനിയായിരുന്നു.2004-ൽ അന്നത്തെ ഉമ്മൻചാണ്ടി ഗവണ്മെന്റ് കേരളത്തിലെ ഉന്നത സർവ്വകലാശാലകളിൽ ഒന്നായ കാലടി സംസ്കൃത സർവ്വകാലാശാലയുടെ വൈസ് ചാൻസിലർ പദവിയിലേക്ക് നിയമിച്ചത് ഈ കെ എസ് രാധാകൃഷ്ണനെയാണ്.കോണ്ഗ്രസ് മുഖ പത്രമായ വീക്ഷണത്തിൽ ദീർഘ കാലം പത്രാധിപ സമിതി അംഗവും,കോണ്ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ടിയാനെ 2012-ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ കേരള പിഎസ്‌സിയുടെ ചെയർമാനുമായും നിയമിച്ചു.2016-ൽ,വീണ്ടും കോണ്ഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ അക്കാദമിക് സ്വഭാവമുള്ള ഏതെങ്കിലും ഉന്നത സ്ഥാനത്ത് ഇരിക്കേണ്ടിയിരുന്ന വ്യക്തിയാണ് ഇയാൾ.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്നേയാണ് ഇയാൾ കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്.അദ്യോഗിക കൂട് മാറ്റം നടക്കും മുന്നേ തന്നെ ആർഎസ്എസ് വേദിയിൽ ചെന്ന് മതേതരത്വം ഇന്ത്യക്ക് യോജിക്കാത്ത ആശയമാണെന്ന് ചൊല്ലി ഭാവം പ്രദർശിപ്പിച്ചിരുന്നു.

ശ്രീലങ്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കേരളത്തിലെ മുസ്ളീം നാമധാരികളായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിലിനു വരെ എന്ത് പറയാനുണ്ടെന്നാണ് അയാളുടെ ചോദ്യം.മമ്മൂട്ടി 'മുതൽ' എന്നാണ്,ആ തീവ്രവാദ ആക്രമണത്തിന്റെ ധാർമിക ഉത്തരവാദിത്വത്തിലേക്ക് സകലമാന മുസ്ളീങ്ങളേയും ഒരുപോലെ സന്നിവേശിപ്പിക്കലാണ് രാധാകൃഷ്ണൻ ചെയ്തത്. ഒരു ബിജെപിക്കാരനിൽ നിന്ന് ഇത്തരം പ്രസ്‌താവന ഒട്ടുമേ ആശ്ചര്യകരമല്ല.എന്നാൽ ഇത്രമാത്രം വർഗ്ഗീയത തുളുമ്പുന്ന മുസ്ളീം ന്യൂനപക്ഷങ്ങളെ അപ്പാടെ അപരവൽക്കരിച്ചു പ്രതിസ്ഥാനത്ത് നിർത്തുന്ന ഈ പ്രസ്താവന നടത്തിയത് ഒന്നര മാസക്കാലം മുന്നേവരെ കോണ്ഗ്രസ് നേതാവായിരുന്ന തന്റെ ജീവിത കാലത്തിന്റെ മുഖ്യ പങ്കും കോണ്ഗ്രസുകാരനായി തുടർന്ന ഒരു മനുഷ്യനാണ്.

പക്ഷേ ഒരാൾ പോലും ഓഡിറ്റ് ചെയ്യാൻ മുതിരില്ല. ഇത് പോലെ ചാണ്ടി ബ്രിഗേഡിലെ പ്രധാനിയും കാവൽക്കാരനുമായിരുന്ന സെൻകുമാർ വാ തുറന്നാൽ ചീറ്റുന്ന വർഗ്ഗീയ വിഷങ്ങൾ ട്രോൾ ഗ്രൂപ്പുകളിലെ ലാഫിങ് സ്മൈലികൾ മാത്രമായി ഒതുങ്ങും.ഒരു കമ്യൂണിസ്റ്റുകാരനെ വഴിയിൽ കണ്ടപ്പോൾ ചിരിച്ചു എന്ന കുറ്റം ചാർത്തി ഓഡിറ്റിങ് നിരത്തി ആക്രമിക്കുന്ന സകലമാന നിഷ്പക്ഷ ലിബറലുകൾ മുതൽ മാ മാ മാധ്യമങ്ങൾ വരെ കോട്ടു വായിട്ട് കൊടുക്കുന്ന ഈ വലത് സൗജന്യങ്ങളിൽ കൂടിയാണ് യഥാർത്ഥത്തിൽ സംഘ് ഇവിടെ പച്ച പിടിച്ച് പോകുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top