24 September Sunday

കെ റെയിലും മാടായിപ്പാറയിലെ 'വാദി ഹുദ'യും ജമാത്തെയുടെ പരിസ്ഥിതി പ്രേമ തട്ടിപ്പും.. ടിറ്റോ ആന്റണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

ടിറ്റോ ആന്റണി

ടിറ്റോ ആന്റണി

കെ റെയിലിനെതിരെ  വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത് ജമാത്തെ ഇസ്ലാമിയും  അവരുടെ പ്രസിദ്ധീകരണങ്ങളുമാണ്. ശനിയാഴ്ച ഇറങ്ങിയ മാധ്യമം ദിനപത്രത്തിന്റെ മുഖ്യചിത്രം കണ്ണൂര്‍ മാടായിപ്പാറയില്‍ പശുക്കള്‍ മേയുന്നതാണ്. കെ റെയില്‍ ഇവിടം കീറി മുറിക്കുമെന്നും പത്രം ആരോപിക്കുന്നു. എന്നാല്‍ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മാടായിപ്പാറയിലാണ് ജമാത്തെ ഇസ്ലാമി ഇസ്ലാമിക് കോംപ്ലക്സ് ഓഫ് വാദിഹുദ എന്ന സ്ഥാപനം കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലത്താണ് ഈ കെട്ടിട സമുച്ചയങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തി നിര്‍മ്മിച്ചിരിക്കുന്നത്....ജമാത്തെയുടെ വ്യാജ പരിസ്ഥിതി പ്രേമത്തെ പറ്റി ടിറ്റോ ആന്റണി ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ് താഴെ:

പരിസ്ഥിതിയുടെയും മനുഷ്യാവകാശത്തിന്റെയും മുഖംമൂടി അണിഞ്ഞ് ആദർശ ശാലികളായി നടക്കുന്ന മറ്റൊരു വലിയ തട്ടിപ്പ് സംഘമാണ് ജമാത്തെ ഇസ്ലാമി. അവരുടെ തട്ടിപ്പിന്റെയും കാപട്യത്തിന്റെയും ഏറ്റവും വലിയ തെളിവാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടവും കുന്നുകളും നിരത്തി അവർ സ്ഥാപിച്ച ഓഫീസുകളും സ്കൂളുകളും മീഡിയ വൺ ഓഫീസുമെല്ലാം.

⭕️ ഇതിൽ കണ്ണൂർ മാടായിപ്പാറ ജമാത്തെ ഇസ്ലാമിയുടെ കാപട്യത്തിന്റെ ഏറ്റവും വലിയ കപടമുഖം കാണിച്ച് തരുന്ന സ്ഥലമാണ്.   മാടായിപ്പാറയിലെ പരിസ്ഥിതി പ്രാധാന്യമുള്ള  പ്രദേശത്താണ് ജമാത്തെ ഇസ്ലാമിയുടെ  ഉടമസ്ഥതയിലുള്ള ഇസ്ലാമിക് കോംപ്ലക്സ് ഓഫ് വാദിഹുദ സ്ഥിതി ചെയ്യുന്നത്. ഏക്കർ കണക്കിന് സ്ഥലത്താണ് ഈ കെട്ടിട സമുച്ചയങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തി കെട്ടിപ്പൊക്കിയിരിക്കുന്നത്.

⭕️ അപൂര്‍വം സസ്യ-ജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണ് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ വളരുന്നു. ഇതില്‍ 24 ഇനം ഔഷധച്ചെടികളാണ്. അപൂര്‍വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും കാണപ്പെടുന്നതിന്റെ ഹൃദയഭാഗത്താണ് വലിയ കെട്ടിട സമുച്ചയങ്ങളുമായി ജമാത്തെ ഇസ്ലാമി സ്ഥാപനം സ്ഥിതി ചെയ്യുന്നത് . (താഴെ ചിത്രം കാണുക).

⭕️ ആദ്യം എട്ട് സെന്റ് സ്ഥലം വാങ്ങി ഒരു പള്ളി സ്ഥാപിച്ച ജമാത്തെ ഇസ്ലാമി പിന്നീട് സമീപ സ്ഥലങ്ങൾ കൂടി വാങ്ങിയും കയ്യേറിയുമൊക്കെയാണ് പരിസ്ഥിതി സ്നേഹമൊക്കെ വിഴുങ്ങി കെട്ടിടങ്ങൾ വികസിപ്പിച്ചത്. അങ്ങോട്ടേക്കുള്ള വഴി വരെ കയ്യേറിയതാണെന്ന് ആരോപണമുയർന്നിരുന്നു.

⭕️ വലിയ ഫീസാണ് ഈ വിദ്യാഭ്യാസ സ്ഥാപനം കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. ജമാത്തെ ഇസ്ലാമിയുടെ വലിയൊരു സാമ്പത്തിക ഉറവിടം തന്നെയാണ് വാദി ഹുദ. ജമാത്തെ ഇസ്ലാമി പത്രം തുടങ്ങുന്നതടക്കം വലിയ ആസ്തിയാണ്  അവർക്ക് വാദിഹുദ നേടിക്കൊടുത്തത്.

⭕️ പയ്യന്നൂരിൽ കെ റെയിൽ വന്നാൽ ദേശാടന പക്ഷികൾ എവിടെപ്പോകുമെന്ന് ചോദിച്ച് ജമാത്തെ ഇസ്ലാമി പത്രമായ മാധ്യമം കുറച്ച് ദിവസം മുമ്പ് ഒരു വാർത്ത നൽകിയിരുന്നു. എന്നാൽ, മാടായിപ്പാറയിലെ പരിസ്ഥിതിക്ക് നാശം വിതയ്ക്കുന്ന സ്വന്തം കെട്ടിട സമുച്ചയങ്ങൾ പൊളിച്ച് കളഞ്ഞിട്ട് പോരേ ദേശാടന പക്ഷികൾക്ക് വേണ്ടി കണ്ണീർ ഒഴുക്കുന്നത് എന്നാണ് മാടായിപ്പാറക്കാരുടെ ചോദ്യം.

⭕️ ഇതേ മാടായിപ്പാറയിൽ തന്നെ കോൺഗ്രസിനും ഒരു കോളേജുണ്ട്. മാടായി കോ ഓപറേറ്റീവ് കോളേജ്‌.  അതും ആ സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം നശിപ്പിച്ചാണ് സ്ഥാപിച്ചിരിക്കുന്നത് .

⭕️ ഈ ജമാത്തെ ഇസ്ലമിയും കോൺഗ്രസുമാണ് മാടായിപ്പാറയുടെ ഏതോ ഒരു ഭാഗത്ത് കെ റെയിൽ കടന്നു പോകുമെന്ന് പറഞ്ഞ് ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നത്. മാടായിപ്പാറക്ക് മുകളിൽ ബിനാമി പേരിൽ ഏക്കർ കണക്കിന് കയ്യേറ്റ ഭൂമിയുള്ള ചില വ്യക്തികളാണ് കെ റെയിൽ സംരക്ഷണ സമിതി എന്ന പേരിൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത് . അവിടെ ഭൂമിയുള്ള ഒരു മുൻ ലീഗ് നേതാവ് മുൻപന്തിയിലുണ്ട്'. പോക്സോ കേസിൽ ജാമ്യത്തിലുള്ള ഇയാളാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നത്. സാമ്പത്തികമായി തീരെ മെച്ചമല്ലാത്ത സ്ഥിതിയിൽ ഉണ്ടായിരുന്ന ഇയാൾ ലക്ഷങ്ങളും കോടികളുമാണ് മാടായിപ്പാറയിലെ ഭൂമി കയ്യേറ്റത്തിലൂടെയും റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെയും ഉണ്ടാക്കിയത്.

⭕️ ഭൂമി കയ്യേറ്റത്തിന് കോടതി കേസെടുത്ത ഒരു വ്യക്തിയാണ് ഇവിടെ ജനങ്ങളെ ഇളക്കി വിടാൻ ശ്രമിക്കുന്ന മറ്റൊരാൾ. മാടായിപ്പാറ സംരക്ഷണ സമിതി നേതാവും ഭൂമി കയേറ്റങ്ങൾക്കെതിരെ സമരം നടത്തുന്നയാളുമായ കെ പി ചന്ദ്രാംഗദനാണ് ഈ മഹാൻ. എരിപുരം കവലയിൽ  ഭൂമി കയ്യേറിയതിന് പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ കേസെടുത്തിരുന്നു.  കോടിക്കണക്കിന് വില വരുന്ന സർക്കാർ ഭൂമി ഇയാൾ വ്യാജ രേഖ ചമച്ച് കൈക്കലാക്കി അവിടെ കെട്ടിടം നിർമ്മിക്കുകയായിരുന്നു എന്നായിരുന്നു കേസ്.

⭕️ അതായത് മാടായിപ്പാറയെ ആവുന്നത്ര വിധത്തിലെല്ലാം നശിപ്പിച്ചവരും വലിയ കെട്ടിടങ്ങൾ അവിടെ കെട്ടിപ്പൊക്കിയവരും മുറിച്ച് വിറ്റവരുമായ ഇത്തരം കയ്യേറ്റക്കാരും  ജമാത്തെ ഇസ്ലാമിയും കോൺഗ്രസും ചില ലീഗ് നേതാക്കളുമാണ് ഇപ്പോൾ താഴെ ഭാഗത്ത്‌ കൂടി കെ റെയിൽ വന്നാൽ പാറ നശിക്കുമെന്ന് പറഞ്ഞ് സമരസമിതി ഉണ്ടാക്കിയിരിക്കുന്നത്. മാടായിപ്പാറയിലൂടെ ഇപ്പോൾ തന്നെ റോഡ് പോകുന്നുണ്ട്. സ്വന്തം താൽപര്യങ്ങൾ നടക്കില്ലെന്ന് കണ്ടപ്പോൾ അതിന് പരിസ്ഥിതി വേഷം കെട്ടിയിറങ്ങിയിരിക്കുകയാണ് ചില സംഘങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top