26 April Friday

'ഇത് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ വര്‍ഗ്ഗീയ പ്രചാരണങ്ങളുടെ കേരളാ വേര്‍ഷന്‍' :വി ടി ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് കെ റഫീഖ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 31, 2018

കൊച്ചി > സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുസ്ലീം പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപമുയർത്തിയ കോൺഗ്രസ് എംഎൽഎ വി ടി ബൽറാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ബൽറാമിന് മറുപടി നൽകിയത്. സംഘപരിവാർ ഉത്തരേന്ത്യയിൽ പ്രയോഗിക്കുന്ന വർഗ്ഗീയ തന്ത്രങ്ങളുടെ കേരളാ വേർഷനാണ് ബൽറാം നടത്തുന്നതെന്നും റഫീഖ് പോസ്റ്റിൽ പറയുന്നു.

ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജനിച്ചു വളർന്നതിനാൽ സ്കൂൾ പഠനകാലത്ത് എം.എസ്.എഫ് എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ ഞാൻ മനസ്സിലാക്കിയിരുന്നത്. പിന്നീട് പ്ലസ് ടൂ പഠന കാലത്താണ് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. ജാതിമത ചിന്തകൾക്ക് അതീതമായി വിശാലമായ മാനവിക കാഴ്ചപ്പാടുകളും ചിന്താശേഷിയും സർഗ്ഗാത്മകതയുടെ വിലങ്ങുകളില്ലാത്ത ആകാശവും സമ്മാനിച്ച എസ്.എഫ്.ഐ കാലഘട്ടം ജീവിതത്തിൽ മതനിരപേക്ഷ പുരോഗമന കാഴ്ചപ്പാടുകൾ ദൃഢമാക്കി.

എസ്.എഫ്.ഐയുടെ ഏരിയ ഭാരവാഹി ആയിരിക്കെയാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായി മാനന്തവാടി ഗവൺമെന്റ് കോളേജിൽ എത്തുന്നത്. കോളേജിൽ ഉണ്ടായ ചില സംഘർഷങ്ങളുടെ ഭാഗമായി കാമ്പസിലെ ചില സഖാക്കൾക്ക് എൻ.ഡി.എഫ് ഭീഷണിയുണ്ടായി. അവർ വീട്ടിൽ നിന്നും കുറച്ചു ദിവസം മാറി നിൽക്കാൻ തീരുമാനിച്ചു. പുൽപ്പളളിയിലുള്ള സുഹൃത്തിന്റെ വീട്ടിലേയ്ക്കാണ് അവർ പോയത്. കൂടെ ചെല്ലാൻ എന്നേയും വിളിച്ചു. മുസ്ലിം നാമധാരിയായ എന്നെ എൻ.ഡി.എഫുകാർ ഒന്നും ചെയ്യില്ലെന്നായിരുന്നു എന്റെ വിശ്വാസം. ഞാൻ അവർക്കൊപ്പം പോകാതെ നേരെ വീട്ടിലേയ്ക്ക് മടങ്ങി. അന്ന് രാത്രി ബാക്കിയുള്ള സഖാക്കളുടെ വീട്ടിലെല്ലാം തിരഞ്ഞ് ആരെയും കൈയിൽ കിട്ടാത്തതിന്റെ ദേഷ്യത്തിൽ എൻ.ഡി.എഫുകാർ എന്നെത്തേടി വീട്ടിലെത്തി. വീട്ടിൽ നിന്ന് വിളിച്ചിറക്കി അവരെന്നെ ക്രൂരമായി മർദ്ദിച്ചു. എതിരാളികളെ സംബന്ധിച്ച് മുസ്ലിം പേര്, സഖാവ് എന്ന പരിഗണനയിൽ നിന്ന് എന്നെ മാറ്റിനിർത്താനുള്ള ഒരു ഘടകമേയല്ലെന്ന് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന ഒരു കൗമാരക്കാരനെ സംബന്ധിച്ച് വലിയ തിരിച്ചറിവായിരുന്നു. കമ്യൂണിസ്റ്റുകാരൻ എല്ലാത്തരം സങ്കുചിത ജാതി മത പരിഗണകളുടെയും എതിർ പക്ഷത്താണെന്ന് ഉത്തമ ബോധ്യത്തോടെ ഞാൻ തിരിച്ചറിഞ്ഞ ദിവസം. കമ്യൂണിസ്റ്റുകാരൻ എല്ലാത്തരം സങ്കുചിത ജാതി മത പരിഗണകളുടെയും എതിർപക്ഷത്തായിരിക്കണമെന്ന് മനസ്സിനെ ഉറപ്പിച്ച് പഠിപ്പിച്ച ദിവസം.

പിന്നീട് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റിയംഗമായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഘടനയും സഖാക്കളും എന്റെ പ്രവർത്തനങ്ങളെ മാത്രമാണ് പരിഗണിച്ചത്. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എന്റെ പ്രവർത്തനങ്ങളെ മാത്രമാണ് സംഘടന പരിഗണിച്ചതെന്ന് എനിക്ക് തീർച്ചയാണ്. സംഘടനയെ സംബന്ധിച്ച് റഫീഖ് എന്നത് സഖാക്കൾക്ക് എന്നെ തിരിച്ചറിയാനുള്ള ഒരു പേര് മാത്രമാണെന്ന് എനിക്ക് ബോധ്യവുമുണ്ട്. മതത്തിന്റെ കോളത്തിലേയ്ക്ക് ചുരുക്കി ഞാനടക്കമുള്ളവരെ നാമത്തിന്റെ പേരിൽ ഞങ്ങളുടെ വിശാലമായ മാനവിക ബോധത്തെക്കൂടി അപമാനിക്കാനാണ് വി.ടി.ബലറാം എന്ന ജന പ്രതിനിധി യുക്തിരഹിതമായ കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

മാധ്യമങ്ങളിലെ ചർച്ചകളിലും പൊതുവേദിയിലും സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ വിമർശനവും നിലപാടും സ്വീകരിക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സഖാവ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് സഖാവ് എ.എൻ ഷംസീർ, കേന്ദ്ര കമ്മിറ്റിയംഗം സഖാവ് എ.എ.റഹിം തുടങ്ങിയ ഒരുപാട് സഖാക്കളെ വിശാലമായ മതനിരപേക്ഷ പൊതുബോധത്തിൽ നിന്ന് അടർത്തിയെടുത്ത് കേവലം മതജാതീയ സ്വത്വങ്ങളിലേയ്ക്ക് ചുരുക്കി അവതരിപ്പിക്കാനുള്ള ഹിഡൻ അജണ്ട കൂടിയാണ് കുശാഗ്രബുദ്ധിക്കാരനായ വി.ടി.ബൽറാം ഇപ്പോൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് സംഘപരിവാർ രാഷ്ട്രീയം ആഗ്രഹിക്കുന്ന നിലപാടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ മതസ്വത്വങ്ങളിലേയ്ക്ക് ചുരുക്കി വായിക്കാൻ സംഘപരിവാറിന് ഊർജ്ജം പകരുന്നതാണ് വാർത്തയിൽ നിൽക്കാനുള്ള ബൽറാമിന്റെ നിലവാരമില്ലാത്ത നിലപാടുകൾ.

കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ അനശ്വര രക്തസാക്ഷികളായ സഖാവ് യു കെ സലിം, സഖാവ് ഷെരീഫ്, സഖാവ് റഫീഖ്, സഖാവ് അബ്ദുൾ സത്താർ എന്നിവരെല്ലാം സഖാക്കളെന്ന നിലയിൽ ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പേരിൽ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായവരാണ്. ഏതെങ്കിലും മതത്തിന്റെ പ്രാതിനിത്യം അവരിൽ ആരോപിച്ച് ചരിത്രബോധമില്ലാത്ത സൈബർ വിപ്ലവകാരികൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചേക്കാം. സംഘപരിവാർ രാഷ്ട്രീയ മേൽക്കോയ്മയ്ക്കായി ഉത്തരേന്ത്യയിൽ തരാതരം പോലെ പ്രയോഗിച്ച വർഗ്ഗീയ തന്ത്രങ്ങളുടെ കേരള വേർഷനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി വി.ടി.ബൽറാം എന്ന ഫെയ്സ്ബുക്ക് രാഷ്ട്രീയ നേതാവ് നടത്തുന്നത്. ഇതിനെ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ മതനിരപേക്ഷതയുടെ പരിച ഉപയോഗിച്ചാണ് ചെറുക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top