25 April Thursday

രണ്ടരമാസത്തിലേറെയായ സമരം, മരിച്ചുവീണത് ഇരുന്നൂറിലേറെ കര്‍ഷകര്‍; അന്നൊന്നും സെലിബ്രിറ്റി 'രാജ്യസ്‌നേഹികള്‍ക്ക്' നാവനങ്ങിയില്ല-കെ കെ രാഗേഷ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021

രണ്ടരമാസത്തോളമായി രാജ്യത്തെ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ ഇന്ത്യയിലെ 'സെലിബ്രിറ്റികള്‍' നിശബ്ദരായിരുന്നുവെന്ന് കെ കെ രാഗേഷ് എംപി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ലോകപ്രശസ്തരെ എതിര്‍ത്തുകൊണ്ട് ചില ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ക്യാമ്പയിന്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഗേഷിന്റെ പ്രതികരണം. ഇരുന്നൂറിലധികം കര്‍ഷകരാണ് സമരത്തിനിടയില്‍ മരിച്ചുവീണത്. തലങ്ങും വിലങ്ങും കര്‍ഷകരെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അപ്പോഴൊന്നും സെലിബ്രിറ്റികള്‍ക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവര്‍ന്നില്ല. ഒടുവില്‍ സമാനതകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ ലോകത്തിന് മുന്നില്‍ വാര്‍ത്തയായപ്പോള്‍, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള, വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ 'രാജ്യസ്നേഹം' അടക്കിനിര്‍ത്താനാവാതെ ചില 'ദൈവങ്ങള്‍' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്- രാഗേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

കെ കെ രാഗേഷിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് - പൂര്‍ണരൂപം

പാദസേവകര്‍ ക്രീസിലിറങ്ങുമ്പോള്‍

രണ്ടരമാസത്തോളമായി ഇന്ത്യയിലെ കര്‍ഷകര്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ക്കെതിരെ തെരുവില്‍ സമരത്തിലാണ്. തികച്ചും സമാധാനപൂര്‍ണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേര്‍ സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികള്‍ സമരത്തെ ആളിക്കത്തിച്ചു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്പുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. വൃദ്ധരായ കര്‍ഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കര്‍ഷകസമരത്തെ ഭരണകൂടം നേരിടുന്നത്.

അപ്പോഴൊന്നും സെലിബ്രിറ്റികള്‍ക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവര്‍ന്നില്ല. ഒടുവില്‍ സമാനതകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ ലോകത്തിന് മുന്നില്‍ വാര്‍ത്തയായപ്പോള്‍, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള, വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ 'രാജ്യസ്നേഹം' അടക്കിനിര്‍ത്താനാവാതെ ചില 'ദൈവങ്ങള്‍' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പേര്‍ ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു.

'ഗോദിമീഡിയ'യെ എങ്ങിനെയാണോ സമരത്തിലുള്ള കര്‍ഷകര്‍ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങള്‍ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.

 

പാദസേവകർ ക്രീസിലിറങ്ങുമ്പോൾ രണ്ടരമാസത്തോളമായി ഇന്ത്യയിലെ കർഷകർ ഭരണകൂടത്തിന്റെ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾക്കെതിരെ...

Posted by K K Ragesh on Thursday, 4 February 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top