22 September Friday

''എനിക്ക് വാക്കുകള്‍ കൊണ്ട് നിന്നെ നിര്‍വചിക്കാന്‍ അറിയില്ല മോനെ''; അഭിമന്യുവിന്റെ അധ്യാപിക ജൂലിയുടെ കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

 എസ്ഡിപിഐ  - ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ അധ്യാപിക ജൂലി ബിനു അഭിമന്യുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്തെഴുതിയ കുറിപ്പ് വായിക്കാം. 
 
അഭിമന്യു എനിക്ക് ആരായിരുന്നു ....അറിയില്ല ....ഓരോ ദിവസവും കഴിയും തോറും നെഞ്ചിലെ ഭാരം കൂടുന്നതല്ലാതെ ...
അവന്റെ അച്ഛനും അമ്മയ്ക്കും നഷ്ടപെട്ടത് പോലെ ആവില്ല ആര്‍ക്കും, അവരുടെ ദുഖത്തിന്റെ ഏഴയലത്തു വരില്ല നമ്മുടെ ദുഃഖം എന്നൊക്കെ കുട്ടികളോട് പറഞ്ഞെങ്കിലും ... അറിയില്ല എനിക്ക് അവന്‍ എന്റെ ആരൊക്കെ ആയിരുന്നോ ...ഭാരം കുറയുന്നില്ലല്ലോ...ഈശ്വരാ.......
ഡിഗ്രി ഒന്നാം വര്‍ഷക്കാരന്‍ അതായത് പതിനെട്ടു വയസില്‍ മുടി നരച്ചൊരു പയ്യന്‍ അങ്ങനെ ആണ് ആദ്യം ഞാന്‍ അവനെ ശ്രദ്ധിക്കുന്നത്...
എസ് എഫ് ഐ യുടെ കൊടിയുമായി ഏറ്റവും മുന്‍പില്‍ വളരെ ആത്മാര്‍ഥമായി മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പോയപ്പോഴാണ് പിന്നെ കാണുന്നത്...
ഫ്രഷേഴ്സ് ഡേയില്‍ ഒരു സ്റ്റേജ് ഫിയറും ഇല്ലാതെ ഡാന്‍സ് കളിക്കുമ്പോഴാണ് ഇവന്‍ ആള് കൊള്ളാലോ എന്ന് തോന്നിയത്...
എന്‍എസ്എസ് ആപ്പ്‌ലിക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഇവനെ എടുക്കണോ മിസ്സ് എന്ന് ആരോ ചോദിച്ചത് ഞാനോര്‍ക്കുന്നു...പിന്നോക്ക സമുദായത്തിന്നായതു കൊണ്ട് അവനെ ഉള്‍പ്പെടുത്തണമെന്ന് എന്റെ മനസ് പറഞ്ഞു. ആദ്യമൊന്നും റെഗുലര്‍ ആയി എന്‍ എസ് എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ലാരുന്നു...ഇനി വന്നില്ലെങ്കില്‍ ഒഴിവാക്കി താല്പര്യത്തോടെ നില്‍ക്കുന്ന മറ്റു കുട്ടികളെ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ അവനോട് പറഞ്ഞു...
എന്‍ എസ് എസ്സില്‍ ചേര്‍ന്നാല്‍ അറ്റന്റന്‍സും മാര്‍ക്കും കിട്ടുമെന്നാണ് അവനോടു ആരൊക്കെയോ പറഞ്ഞു കൊടുത്തിരുന്നത്...എന്‍ എസ് എസ് എന്താണെന്ന് മിസ് ഇപ്പൊ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ഇനി മുതല്‍ ഞാന്‍ ഉണ്ടാവും മിസ് എന്നെ വിളിച്ചാല്‍ മതിയെന്നൊക്കെ പറയുമ്പോള്‍ അത് വെറും വാക്കല്ലായെന്നും അവന്റെ ആത്മാര്‍ഥതയും സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയായിരുന്നു...
പിന്നെ എന്തിനും ഞാന്‍ അവനെ വിളിക്കുമാരുന്നു ...ഫോണില്‍ വിളിച്ചുടനെ കാര്യം എന്താണ് എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ മിസ് എവിടുണ്ട് ഞാന്‍ വരാമെന്നു പറഞ്ഞു എന്നെ കാണാനെത്തുമായിരുന്നു .....പറയുന്ന കാര്യങ്ങള്‍ തികച്ചും ആത്മാര്‍ഥതയോടെ ചെയ്തു തരും...
എന്നെ കാണുമ്പോള്‍ ആദ്യം ഒളിക്കുന്ന കുട്ടികളുണ്ട് എന്തെങ്കിലും പണി ഏല്‍പ്പിച്ചാലോ എന്ന് കരുതിയിട്ടു...

അവിടെ അഭിമന്യു വ്യത്യസ്തനായിരുന്നു ...

എവിടെ വച്ച് കണ്ടാലും മുന്‍പിലേക്ക് വരും എന്തെങ്കിലും വിശേഷം ചോദിക്കും...നമുക്ക് കോളേജില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയും...ഹോസ്റ്റല്‍ ബുദ്ധിമുട്ടുകളായിരുന്നു എപ്പോഴും പറഞ്ഞിരുന്നത്..മിസ്സിന് എന്തെങ്കിലും ഈ വിഷയത്തില്‍ ചെയ്യാന്‍ പറ്റുവോ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു ...

മറ്റുള്ളവരെ നന്നായി കെയര്‍ ചെയ്യുന്നവനായിരുന്നു...പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെ വീക്ഷിച്ചിരുന്നു...കൂടെയുള്ള പെണ്‍കുട്ടികളെ കുറിച്ച് എപ്പോഴും ഒരു കരുതല്‍ ആയിരുന്നു....

ഈ മെയ് മാസത്തില്‍ ഒരു ദിവസം ഏകദേശം ഒന്ന് രണ്ടു മണിക്കൂര്‍ എന്റെടത്തു നിന്ന് കുറെ സംസാരിച്ചു...മൊബൈലില്‍ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ കാണിച്ചു തന്നു അതൊക്കെ ഫ്രണ്ട്‌സിന്റെ ആരുന്നു...
മിസ് ഇനി എന്താ പരിപാടി എന്ന് ചോദിച്ചപ്പോ കൂടെയുള്ള ടീച്ചേഴ്സ് ഒത്തു കൊടൈക്കനാലില്‍ പോകുന്ന കാര്യം പറഞ്ഞപ്പോ അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു ...മിസിനു റിലാക്‌സ് ചെയ്യലോ,ടൂര്‍ അടിപൊളി ഫോട്ടോസ് ഒക്കെ ആയിട്ട് മിസ് ഓ.ജി. ആക്കും...
(ഓ.ജി. അവന്റെ മാത്രം ഭാഷ ആയിരുന്നു..എന്താ അതിന്റെ അര്‍ഥം എന്ന് പലവെട്ടും ചോദിച്ചിട്ടും പറഞ്ഞിട്ടില്ല ...അടിപൊളി എന്നോ മറ്റോ ആണ് അതിന്റെ അര്‍ഥം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ) ...
വെക്കേഷന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്ലംബിംഗ് വര്‍ക്കിന് പോകാന്‍ ഇരുന്നവനോടാണ് ഞാന്‍ ടൂര്‍ പോകുന്ന കഥയൊക്കെ പറഞ്ഞത്...കഷ്ടം ...പക്ഷെ ഇപ്പൊ ഓര്‍ക്കുമ്പോ.... ഞാനതു പറയുമ്പോ അവന്റെയ് മുഖത്തു നിരാശയോ വിഷമമോ ഒന്നും കണ്ടില്ല നിറഞ്ഞ സന്തോഷമാരുന്നു ... മറ്റുള്ളവരുടെ സന്തോഷം അവന്റെ സന്തോഷമായിരുന്നു...

ഈ മലമുകളിലെ കാടിനുള്ളിലെ ഒറ്റമുറി വീട്ടില്‍ നിന്ന് നിറയെ സ്വപ്നങ്ങളുമായി മഹാരാജാസ് കോളേജില്‍ വന്നത് നിറയെ സൗഹൃദങ്ങളും സ്‌നേഹവും നേടാനും അത് വഴി അവന്റെ നാടിനു തണലേകാനും...

ഞാന്‍ ഓര്‍ക്കുന്നു ജാതി മത രാഷ്ട്രീയ ഭേദമെന്യേ സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു...നമ്മുടെ ' വട്ടവട 'എന്ന് പറയുമ്പോള്‍ സുഹൃത്തുക്കളുടെ മുഖത്തു ചിരിയും സന്തോഷവും... അഭിമന്യുനെ എന്‍ എസ് എസ് വോളന്റീര്‍ സെക്രട്ടറി ആയി നോമിനേറ്റ് ചെയ്തപ്പോ എല്ലാരും വട്ടവട എന്നും ഓ.ജി.എന്നും പറഞ്ഞു ചിരിച്ചു കൈകൊട്ടിയതു ഞാന്‍ ഓര്‍ക്കുന്നു ....എല്ലാര്‍ക്കും സമ്മതനായിരുന്നു.. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ നിനക്ക് സാധിച്ചു അഭിമന്യു ... നീ ഒരു സംഭവം തന്നെ ആരുന്നു.. നിന്നെ മനസ്സില്‍ കണ്ടുകൊണ്ടു വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ആലോചിച്ചുകൂട്ടുകയായിരുന്നു...കഴുകന്മാര്‍ നിന്നെ കൊത്തിക്കൊണ്ടു പോകുമെന്ന് അറിഞ്ഞിരുന്നില്ലല്ലോ ... അറിഞ്ഞിരുന്നില്ലല്ലോ മോനെ....

ഫോണില്‍ അഭിമന്യുന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇപ്പൊ വായിച്ചു നോക്കുമ്പോ എത്ര സത്യസന്ധനും എത്ര നല്ല മനസിന്റെ ഉടമയുമായിരുന്നു അവന്‍ ....

ഇത്രയും നന്മയുള്ള മകനെ പെറ്റ അമ്മേ നിങ്ങള്‍ക്കു പ്രണാമം.
കോഴിക്കോട് നിന്ന് ഒരമ്മ അവര്‍ക്കു പിറക്കാതെ പോയ മകനെ ഓര്‍ത്തു വിലപിക്കുന്നു...അഭിമന്യുവിനോട് അടുത്ത് പെരുമാറിയ ടീച്ചര്‍ എന്ന നിലയില്‍ അവര്‍ എന്നെ കാണാന്‍ വരുന്നു..

അഭി നീ ഒരു മഹാന്‍ ആയിരുന്നു...എനിക്ക് വാക്കുകള്‍ കൊണ്ട് നിന്നെ നിര്‍വചിക്കാന്‍ അറിയില്ല മോനെ...ഒന്നുറപ്പാ എനിക്കും നീ ആരൊക്കെയോ ആയിരുന്നു....
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top