19 April Friday

ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ച് നടന്‍ ജോയ്‌മാത്യു

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2016

തിരുവനന്തപുരം > കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പ്രശംസിച്ച് നടന്‍ ജോയ് മാത്യു. വോട്ട് ബാങ്കുകള്‍ ലക്ഷ്യംവെച്ചല്ല മനുഷ്യനെ പരിഗണിക്കേണ്ടതിനതിന് ഉത്തമ ഉദാഹരണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും ജോയ് മാത്യു പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

നമ്മളോ പണിയെടുക്കുന്നില്ല എന്നാല്‍പണിയെടുക്കുന്നവനെ പരിഗണിക്കയെങ്കിലും ചെയ്യാന്‍ മനസ്സുകാണിക്കുന്ന കേരള മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട്

പത്രപ്രവര്‍ത്തകനായി ഗള്‍ഫില്‍ അലഞ്ഞിരുന്ന കാലത്ത് മറ്റുരാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ അതും കേരളത്തില്‍ നിന്നും തൊഴില്‍ത്തേടിയെത്തിയിരുന്ന തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിരുന്നു . വൃത്തിഹീനമായ ലേബര്‍ ക്യാബുകള്‍ ,മോശമായ ഭക്ഷണം,ജീവന് യാതൊരു സുരക്ഷിത്വവുമില്ലാത്ത ജോലികള്‍. ഇതിനൊക്കെ പുറമെ മാസങ്ങളോളം ശബളം കൊടുക്കാതിരിക്കല്‍. തൊഴിലാളികളെ ഏറ്റവുമധികം ചൂഷണം ചെയ്തിരുന്നവരും മലയാളികളായ കങ്കാണികളായിരുന്നു എന്നതാണ് തമാശ (ലേബര്‍ കോണ്‍ട്രാക്ടര്‍ എന്നൊക്കെയുള്ള അവരുടെ വിസിറ്റിംഗ് കാര്‍ഡുകളില്‍ തൊഴിലാളികളുടെ ചോര മണത്തിരുന്നു)ഇവര്‍ക്ക് പലര്‍ക്കും പത്മ പോലുള്ള പുരസ്കാരങ്ങള്‍ കിട്ടുകയോ വാങ്ങുകയോ തരപ്പെടുത്തുകയോ ഒരു ഹോബി മാത്രം.

കേരളത്തില്‍ തൊഴിലന്വേഷിച്ചു വരുന്നവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള താമസ സൌകര്യങ്ങളും അവരുടെ ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്ന നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിന്ദനാര്‍ഹം തന്നെ. വോട്ട് ബാങ്കുകള്‍ മാത്രം ലക്ഷ്യം വെച്ചല്ല മനുഷ്യനെ പരിഗണിക്കേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണിത്. അതോടൊപ്പം അവര്‍ക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് കൂടി ഉറപ്പു വരുത്തുന്ന സംവിധാനവും നടപ്പിലാക്കേണ്ടതാണ് . ഇനി ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികള്‍ പ്രകാരം സഹായം ലഭിച്ചില്ലെങ്കില്‍പ്പോലും ഇത് കേരളം സര്‍ക്കാരിന്റെ മുന്‍ കയ്യില്‍ നടപ്പാക്കേണ്ടതാണ് എന്ന് കൂടി അഭ്യര്‍ത്ഥിക്കട്ടെ
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പരസ്യപ്പലകയില്‍എഴുതിയാല്‍ മാത്രം പോരല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top