29 March Friday

‘‘അഭിമന്യു മറ്റൊരാളല്ല, അത് ഞങ്ങൾ തന്നെയാണ്‌’’ ‐ പ്രവാസികളും അഭിമന്യുവുമായുള്ള ബന്ധം ചികയുന്ന അരാഷ്‌ട്രീയവാദികൾക്ക്‌ മറുപടിയുമായി പ്രവാസി

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

ജോജി വർഗീസ്‌

ജോജി വർഗീസ്‌

അഭിമന്യുവിന്റെ കൊലപാതകത്തിൽ ഫേസ്‌ബുക്കിൽ പ്രതിഷേധമുയർത്തുന്നവരിൽ വലിയ ഒരു വിഭാഗം പ്രവാസികളാണ്‌. പ്രവാസികളുടെ ഇത്തരം ഫേസ്‌ബുക്ക്‌ കുറിപ്പുകളെ പ്രതിരോധിക്കാൻ സേഫ് സോണിലിരുന്ന് എഴുതുന്നവരാണ്‌ പ്രവാസികൾ എന്ന്‌ ആക്ഷേപിക്കുന്ന അരാഷ്‌ട്രീയവാദികൾക്ക്‌ ഒരു മറുകുറിപ്പാണ്‌ ജോജി വർഗീസ്‌ എന്ന പ്രവാസിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. ഇടതുപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്ന പ്രവാസികളും അഭിമന്യുവും തമ്മിലുള്ള ബന്ധം ജോജി വർഗീസ്‌ തന്റെ കുറിപ്പിലൂടെ വിശദീകരിക്കുന്നു.

ജോജി വർഗീസിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

‘‘സേഫ് സോണിലിരുന്ന് എഴുതുന്ന പ്രവാസികൾക്ക് അഭിമന്യുവുമായി എന്താ ബന്ധം’’ എന്നല്ലേ നിഷ്പക്ഷാ നിന്റെ ഒടുവിലത്തെ കൗണ്ടർ?

എന്താ ബന്ധമെന്ന് പറഞ്ഞു തരാം.

ജിഹാദികൾ അഭിമന്യുവിനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ എന്ന് നീ വെറുതെയൊന്ന് സങ്കല്പിച്ചു നോക്കൂ.

അവൻ മരിക്കില്ലായിരുന്നു. അവനൊരു വാർത്ത ആകിലായിരുന്നു. അവനെയോ അവൻ വളർന്ന വറുതിയുടെ സാഹചര്യത്തെയോ നീ അറിയില്ലായിരുന്നു.അവന്റെ തെളിമയാർന്ന നിലപാടുകളെ നീ വായിക്കില്ലായിരുന്നു.

അവൻ പഠിച്ചു പരീക്ഷയെഴുതിയേനെ. 'നിഷ്പക്ഷരായ' അധ്യാപകരുടെ ഇന്റേണൽ മാർക്ക് പീഡനങ്ങളെയും മറികടന്ന് അവൻ ജയിച്ചേനെ. ഒന്നുകിൽ അവൻ സജീവ രാഷ്ട്രീയം തുടർന്നേനെ, അല്ലെങ്കിൽ വയസായ അമ്മയെ ഇനിയും പണിക്കു വിടാനുള്ള വിഷമം കൊണ്ട് ഒരു ജോലിക്ക് വഴി തേടിയേനെ.
ഗൾഫിലോ അമേരിക്കയിലോ യുറോപ്പിലോ എത്തിയേനെ.

പക്ഷെ അഭിമന്യു മാറുമെന്ന് നീ കരുതുന്നുണ്ടോ നിഷ്പക്ഷാ? അവൻ നടക്കുന്ന വഴിയിൽ ഇരിക്കുന്ന സ്ഥാനങ്ങളിൽ എല്ലാം തന്റെ രാഷ്ട്രീയ അസ്തിത്വം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. അവന്റെ ഔദ്യോഗിക ജീവിതത്തിൽ അത് നഷ്ടങ്ങൾ ഉണ്ടാക്കും. അത് കാര്യമാക്കാതെ സാധ്യമായ എല്ലാ മാധ്യമത്തിലും മനുഷ്യരാശിക്ക് വേണ്ടിയുള്ള തന്റെ നിലപാടുകളെ അവൻ പരസ്യപ്പെടുത്തും . ഈ ഫേസ്‌ബുക്കിലും അവന്റെ ചിന്തകളും ആകുലതകളും നിറയും.

നിഷ്പക്ഷാ,

അന്ന് നീ അവന്റെ അക്ഷരങ്ങൾക്ക് താഴെ വന്ന് ഇങ്ങനെ എഴുതും , ''യൂറോപ്പിലും അമേരിക്കയിലും വിസ്കി കുടിച്ചിരുന്നു നേരമ്പോക്കെഴുതുന്നവർക്ക് അതാകാം, ജീവൻ പോകുന്നത് നാട്ടിലെ പാവപ്പെട്ട പിള്ളേരുടെതാ, പോയാൽ ആർക്ക് പോയി' എന്ന്.

അതായത് നിഷ്പക്ഷാ, അഭിമന്യു മറ്റൊരാളല്ല. അത് ഞങ്ങൾ തന്നെയാണെന്ന്.

വലിയ ഇരകൾ ഒരുപാടുള്ളത് കൊണ്ടും ഊഴമെത്താൻ കാലമെടുക്കുന്നത് കൊണ്ടും കൊല്ലാതെയും മരിക്കാം എന്നത് കൊണ്ടും വലതുഗുണ്ടകളുടെയും മതഭ്രാന്തന്മാരുടെയും കത്തിമുനയിൽ പൊലിഞ്ഞു പോകാത്ത ജീവനാണ് ഈ ശരീരങ്ങളിൽ. ആ അമ്മയെ ഞങ്ങൾക്കറിയാം നിഷ്പക്ഷാ. 'ആഴ്ചയ്ക്ക് ഒരു രണ്ടു പണിയെങ്കിലും കിട്ടിയിരുന്നെങ്കിൽ പിള്ളേർക്ക് വണ്ടിക്കൂലി ആയേനെ' എന്ന് കരഞ്ഞു പതം പറഞ്ഞിരുന്ന ഞങ്ങളുടെ അമ്മയാണത്. കൂര നിറയുന്ന ആധിയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ. 'വീട്' എന്ന് പറയാൻ മാത്രമില്ലത്. ആ അമ്മയുടെ കൈകളിലാണ് സ്വപ്നങ്ങൾ കണ്ടുപോയ കൗമാരത്തിന്റെ ശിക്ഷയായി ഞങ്ങളുടെ വെട്ടിപ്പിളർന്ന വിറങ്ങലിച്ച ശരീരം ഏറ്റുവാങ്ങേണ്ടിയിരുന്നത്.

വീട്ടിലെ പുകപ്പുരയിൽ നിന്ന് റബർഷീറ്റുകൾ മോഷ്ടിച്ചു കൊണ്ട് വന്നും, കടയിൽ വിൽക്കാൻ ഏല്പിച്ച കശുവണ്ടിയുടെ തൂക്കം കുറച്ചു പറഞ്ഞും, ബൈക്കുകളിലും പുത്തൻ കുപ്പായങ്ങളിലും കോളേജിൽ വിലസിയിരുന്ന നിനക്ക് ഞങ്ങളിലെ അഭിമന്യുവിനെ പരിചയം ഉണ്ടാകില്ല.

നിനക്കോർമ്മയുണ്ടാകില്ല, നീ അത്യാവശ്യം പഞ്ചാരയടീം കഴിഞ്ഞു വീട്ടിൽ പോയ ശേഷം ഒരു പാട് ദിവസങ്ങൾ ഞങ്ങൾ വീട്ടിൽ പോകാതാരിന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാതെ രാത്രി ഉറക്കമൊഴിച്ചിട്ടുണ്ട്. അത് ചുമരുകളിലും റോഡുകളിലും 'എസ്എഫ്ഐ' എന്നെഴുതാൻ വേണ്ടിയായിരുന്നു . നീ രാവിലെ ബൈക്കിൽ വരുമ്പോൾ കാണുന്ന വലിയ കുമ്മായ എഴുത്ത് ഞങ്ങളുടെ ഒരു രാത്രിയുടെ അധ്വാനം ആയിരുന്നു.

തർക്കങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. പുറത്തെ 'സംരക്ഷകർ' അകത്തു കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പുറത്തു നിന്ന് പിടിച്ചിട്ടുണ്ട്. പച്ചിരുമ്പ് കണ്ടിട്ടുണ്ട്. ഞങ്ങളിൽ ചിലരുടെ കഴുത്തിന് വെച്ചിട്ടുമുണ്ട്. പക്ഷെ എന്തോ, ആരുമത് ദേഹത്തേക്കാഴ്ത്തിയില്ല.

അപ്പോൾ എന്തുകൊണ്ട് നിന്റെ സ്ട്രീമിൽ നിറയെ 'അഭിമന്യു' എന്ന് നിനക്ക് മനസിലായിക്കാണുമെന്ന് കരുതുന്നു. ഇവിടെ നിനക്ക് സ്വാഭാവികമായി ഒരു സംശയം ഉണ്ടാവും, എന്തിനു വേണ്ടി ഇതൊക്കെ എന്ന്.

അതിനുത്തരം ഒന്നേയുള്ളു,

'അതിനുത്തരം അറിയാതെ തന്നെ പ്രാകിനേർന്നു ജന്മമൊടുക്കി നീ തലമുറയ്ക്ക് വഴിമാറ്‍ മരപ്പാഴേ'


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top