27 April Saturday

തൊപ്പി വെച്ചതിന് മര്‍ദനം: വിഷയത്തില്‍ ഇടപെട്ട സിപിഐ എമ്മിന് നന്ദി അറിയിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

കണ്ണൂര്‍ > കണ്ണൂരില്‍ തൊപ്പിയും താടിയും വെച്ചതിന് യുവാവിനെ ഒരു സംഘം ആക്രമിച്ച വിഷയത്തില്‍ ഇടപെട്ട സിപിഐ എം നേതൃത്വത്തിന് നന്ദി പറഞ്ഞ് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ട് ദിവസം മുമ്പാണ് ചൊക്ളി സ്വദേശിയായ ജാവാദ് മുസ്താഫാവിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ചൊക്ളി ടൌണിലെ പള്ളിയിലേക്ക് ഇഫ്താറിനു പോയ ജാവാദിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തൊപ്പിയും താടിയും വെക്കുന്നതിനെ ഇക്കൂട്ടര്‍ നിരന്തരം അപമാനിച്ചിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് സഹായമൊരുക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന പാര്‍ട്ടിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ജാവാദ് വീണ്ടും പ്രതികരിച്ചത്.

ചൊക്ളി ടൌണിലെ മുബാറക് മസ്ജിദിലേക്ക് ഇഫ്താറിന് പോയ ജാവാദിനെ ബൈക്കില്‍ എത്തിയ സംഘം വഴിതടഞ്ഞ് കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇരുമ്പുവടിയുമായി മര്‍ദിച്ച സംഘം തന്റെ തല സമീപത്തെ തെങ്ങില്‍ തുടര്‍ച്ചയായി ഇടിച്ചതായും ജാവാദ് പറഞ്ഞു.  നാട്ടുകാരും വീട്ടുകാരും ഓടി എത്തിയതോടെയാണ് താന്‍ രക്ഷപെട്ടതെന്നും ആശുപത്രിയില്‍ ചികിത്സ തേടിയതായും ജാവാദ് പറയുന്നു.

സംഭത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും പാര്‍ടി നേതാക്കളും രാത്രി വീട്ടില്‍ എത്തി വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ അക്രമം നടത്തിയവര്‍ വിഷയം പരിഹരിക്കാനോ മാപ്പ് പറയാനോ തയാറായില്ല. ഇതിനിടെ ഡിവൈഎഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗം സഹീദ് റൂമി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജര്‍ മുഹമ്മദ് തുടങ്ങി നിരവധി നേതാക്കള്‍ ജാദവിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് ജാദവിനെ പി ജയരാജന്‍ ബന്ധപ്പെട്ടു. 'എല്ലാവിധ പരിഹാര നടപടികള്‍ക്കും പാര്‍ടി മുന്നിട്ടിറങ്ങുമെന്ന് പി ജയരാജന്‍ ഉറപ്പുനല്‍കിയെന്നും സംഭവം അറിഞ്ഞതുമുതല്‍ രാത്രി പതിനൊന്ന് വരെയും അദ്ദേഹം നിരന്തരം തങ്ങളെ ബന്ധപ്പെട്ടുവെന്നും' ജാദവ് പറഞ്ഞു. പൊലീസിനോട് വിജയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുകയും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ജയരാജന്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

പശു രാഷ്ട്രീയ കാലത്ത് സിപിഐ എമ്മിലാണ് പ്രതീക്ഷയുള്ളതെന്നും പാര്‍ടി അതിന്റെ മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ശക്തമായി നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നുവെന്നും ജാവാദ് പറയുന്നു. ഈ സംഭവത്തെ ഒരു മുതലെടുപ്പിനുള്ള അവസരമായി ആരും കാണേണ്ടതില്ലെന്നും അതിന് തന്നെ ബന്ധപ്പെടേണ്ടതില്ലെന്നും ജാദവ് ആവര്‍ത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top