26 April Friday

‘മരിച്ചവരുടെ കോണ്ടാക്ട് നമ്പർ നിങ്ങളെന്തു ചെയ്യും..?മനുഷ്യരാണ് ..!നഷ്ടങ്ങളുടെ നീക്കിയിരുപ്പിൽ മരിച്ചവരില്ല, ജീവിച്ചിരിക്കുന്നവർ മാത്രമാണുള്ളത് ‘:ജെയ്ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

കൊച്ചി>മരിക്കുന്ന ഏതു അപരിചിതിന്റെയും മുഖവും നമ്മളൊന്ന് ഓർത്തു നോക്കിയാൽ ഒരു നിമിഷമെങ്കിലും ഉള്ളൊന്നു  പിടച്ചു പോവില്ലേയെന്നും അങ്ങനെയുള്ള നൂറുകണക്കിന് മനുഷ്യരാണ് ചിതറി തെറിച്ചു കിടക്കുന്നതെന്നും ഡിവെെഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ജെയ്ക് സി തോമസ് . ഒഡീഷയിൽ 280 പേർ മരിച്ച ട്രെയിൻ അപകടത്തിന്റെ പശ്ചാലത്തിൽ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ബാക്കിയാവുന്നത് ആരാണെന്നും മരിച്ചവരുടെ കോണ്ടാക്ട് നമ്പർ നിങ്ങളെന്തുചെയ്യുമെന്നും ജെയ്ക് എഫ് ബി പോസ്റ്റിൽ ചോദിക്കുന്നു. ട്രാക്കുകളിൽ ചൂളം വിളിച്ചു പായുന്ന ഏതു തീവണ്ടിയും ജീവിതപ്രാരാബ്ധങ്ങളുടെ നിലയ്ക്കാത്ത  നിലവിളികൾ കൂടെ ഉൾചേർന്നതാണ്.ഒടുക്കമില്ലാത്ത മനുഷ്യരുടെ യാത്രകളത്രയുമാണ് ഓരോ തീവണ്ടിയിലും.അങ്ങനെയുള്ള നൂറുകണക്കിന് മനുഷ്യരാണ് ചിതറി തെറിച്ചു കിടക്കുന്നത്.നഷ്ടങ്ങളുടെ നീക്കിയിരുപ്പിൽ മരിച്ചവരില്ല, ജീവിച്ചിരിക്കുന്നവർ മാത്രമാണുള്ളതെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ചുവടെ

ഈ മരിച്ചവരുടെ കോണ്ടാക്ട് നമ്പർ നിങ്ങളെന്തു ചെയ്യും..?

മരണപ്പെട്ടവരുടെ കോണ്ടാക്ട് നമ്പറുകളില്ലേ അവയെ നിങ്ങൾ നോക്കാറില്ലേ,ഉൾകിടിലത്തോടെ.
ഒരു നിമിഷമെങ്കിലും തുണയുള്ള മനുഷ്യരുടെ പ്രതീകങ്ങളായവർ.അങ്ങനെയുള്ള നൂറുകണക്കിന് പേരാണ് മാംസ ചീളുകളായി കിടക്കുന്നത്. ചിതറി തെറിച്ചത് ഒരായിരം മനുഷ്യരുടെ ജീവതങ്ങളിലെ വെള്ളിവെളിച്ചമാണ്.

ഒഡീഷയിലെ ബാലസോറിൽ 230ലധികം മനുഷ്യരുടെ ചിതറി തെറിച്ച ശരീരങ്ങളായി വാർത്തകൾ മിന്നിമറയുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന്.



ഏറെയും ദിവസവേതനക്കാർ,നിസ്വരായ മനുഷ്യർ,ഇതര സംസ്ഥാനങ്ങളിലേക്ക് ഉപജീവനത്തിനായി പറിച്ചു നടപെട്ടവർ.
ട്രെയിൻ യാത്രകളിലധികവും പരമസാധുക്കളായ മനുഷ്യരുടെ മുഖങ്ങളാൽ സമ്പന്നമാക്കപ്പെട്ടവയായിരുന്നു.
ഇനിയും തോൽക്കാൻ അനുവദിക്കാതെ സ്വപ്നങ്ങളുടെ ശേഷിപ്പുകളെയും പെറുക്കിക്കൂട്ടി തുടരുന്ന യാത്രകൾ.
ജനറൽ മുതലുള്ള ക്ലാസുകളുടെ നിരകളിൽ നീണ്ടു നിവരുന്ന കംപാർട്മെന്റുകളിൽ നിറയുന്ന ഒരായിരം മുഖങ്ങളെ നമുക്കൊക്കെയും പരിചയമില്ലേ,രക്തബന്ധത്തിന്റെ പരിചയമല്ല ജീവിതത്തിന്റെ  അറ്റങ്ങളെ ബന്ധിപ്പിക്കുവാനുള്ള ഓട്ടപാച്ചിലുകളിൽ അങ്ങനെ പല മനുഷ്യർക്കും മുഖങ്ങൾ ഒന്നാണ്.
 വെയിലേറ്റു മഞ്ഞിച്ച പോയ മുഖങ്ങളിൽ,പാടായി പതിഞ്ഞുപോയ കലകളുടെ ദൈന്യതകൾക്കും മീതെ ഇനിയും മുന്നോട്ടെന്ന കീഴടങ്ങാത്ത നോട്ടങ്ങളെ കാണാൻ കഴിയും.

ട്രാക്കുകളിൽ ചൂളം വിളിച്ചു പായുന്ന ഏതു തീവണ്ടിയും ജീവിതപ്രാരാബ്ധങ്ങളുടെ നിലയ്ക്കാത്ത  നിലവിളികൾ കൂടെ ഉൾചേർന്നതാണ്.ഒന്നു ചേരുവാനുള്ള ഒടുങ്ങാത്ത വിങ്ങലുകളുടെ,വേർപിരിഞ്ഞു പോവുമ്പോഴുള്ള ഉള്ളു നോവുന്ന പിടച്ചിലുകളുടെ ,ജീവിതപച്ചയുടെ നിറങ്ങളുള്ള മറുകരകൾ തേടി അങ്ങനെയുള്ള
ഒടുക്കമില്ലാത്ത മനുഷ്യരുടെ യാത്രകളത്രയുമാണ് ഓരോ തീവണ്ടിയിലും.
സ്വപ്നങ്ങൾക്ക് ഒരു വാഹനമുണ്ടോ..?
കരകളിലൂടെ ഓടി,മേലെ പണിതുയർത്തിയ പാലങ്ങളിലൂടെ നദികളെയും കടന്ന്,മലകളെയും മരങ്ങളെയും തുരന്നു തുരന്നു  അത് കൂകി പായാറുണ്ടോ..?
തീവണ്ടിയാത്രകളുടെ യാഥാർഥ്യജനകമായ അനുഭവമതാണ്!!
മരിക്കുന്ന ഏതു അപരിചിതിന്റെയും മുഖം നമ്മളൊന്ന് ഓർത്തു നോക്ക്,ഒരു നിമിഷമെങ്കിലും ഉള്ളൊന്നു  പിടച്ചു പോവില്ലേ,പിടിച്ചിലുകൾക്കു തേങ്ങലുകളുടെ താളമുണ്ടെങ്കിൽ നമുക്കൊക്കെയും തേങ്ങലുകളുണ്ടാവില്ലേ..?
മനുഷ്യരാരാണ് ..!
ഗഹനസമ്പൂർണമായ ചോദ്യമൊന്നുമല്ല അത്
എല്ലാ മനുഷ്യരും പരസ്പരം വെളിച്ചങ്ങളാണ്,ആരുടെയെങ്കിലും ഒരു ജീവതത്തിൽ പ്രകാശം പരത്താത്ത മനുഷ്യർ പ്രപഞ്ചത്തിലുണ്ടാവുമോ..?
വീണുപോവുമ്പോൾ പിടിച്ചു നില്കുവാനുള്ള ഒരൂന്നുവടിയായി,ഇരുൾ പൂക്കുമ്പോൾ കെട്ടു പോവാത്ത നക്ഷത്രങ്ങളായി,ആർദ്രതയുടെ നീലവെളിച്ചം മങ്ങാത്ത തുരുത്തുകളായി നമുക്കൊക്കെയും ഏതു നിരാശയിലും ബാക്കിയാവുന്നത് ചുറ്റുമുള്ള മനുഷ്യരല്ലേ..!



അങ്ങനെയുള്ള നൂറുകണക്കിന് മനുഷ്യരാണ് ചിതറി തെറിച്ചു കിടക്കുന്നത്.നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ബാക്കിയാവുന്നത് ആരാണ്.
നഷ്ടങ്ങളുടെ നീക്കിയിരുപ്പിൽ മരിച്ചവരില്ല, ജീവിച്ചിരിക്കുന്നവർ മാത്രമാണ്.
ഊന്നുവടികൾ നഷ്ടപെട്ട അച്ഛനമ്മമാർ,പങ്കാളിയെ നഷപെട്ടവർ,പ്രണയികളെ ഇല്ലാതായവർ,ആർദ്രതയുള്ള മനുഷ്യസാനിധ്യങ്ങളായി മാറിയ വൻകരകളെ കൈമോശം വന്നവർ,
അങ്ങനെയുള്ള ഒരായിരം പേർ ഇന്ന് നമ്മുടെ മുന്നിൽ നിലവിളിക്കുകയാണ്.
ഏതു തീവണ്ടിയുടെ വേഗതയേയും ആഴങ്ങളേയും തോൽപ്പിക്കുന്നത്ര കഠോരമായ നിലവിളി.
നമ്മളൊക്കെ എത്ര നിസ്സഹായരാണ് എത്രമേൽ സാധാരണക്കാർ കൂടിയാണല്ലേ..!

വിമാനദുരന്തം ഉണ്ടായപ്പോൾ ഉത്തരവാദിത്വമേറ്റു രാജിവെച്ചവരുണ്ട്,ട്രെയിൻ ദുരന്തമുണ്ടായപ്പോഴും അത്തരം അനുഭവങ്ങൾക്ക് ഇന്ത്യ സാക്ഷിയായിട്ടുണ്ട്.എങ്ങനെയാണു ദുരന്തം നടന്നു കഴിഞ്ഞിട്ടും വീണ്ടും മറ്റൊരു ട്രെയിൻ കൂടെ വന്നു അപകടത്തിന്റെ വ്യാപ്തി കൂട്ടുംവിധം മറ്റൊരു ദുരന്തം കൂടെ സൃഷ്ടിക്കപ്പെട്ടത്.
മൗനങ്ങൾ കൂടെ തീർക്കാൻ കഴിയുന്ന ഉത്തരങ്ങളല്ല ചിന്നിത്തെറിച്ച നൂറ്കണക്കിന് മനുഷ്യരുടെ മൃതശരീരങ്ങളായി ഇന്ന് ചോദ്യങ്ങളുയർത്തുന്നത്.ഈ ചോദ്യങ്ങളോട് ആര് ഉത്തരങ്ങൾ തീർക്കും,ഏതു പ്രതികരണങ്ങളുടെ കടലാഴങ്ങൾ ഈ നഷ്ടങ്ങൾക്കു പകരമാവും..?

എപ്പോഴുമെപ്പോഴും മുറിവുകൾ വേണമെന്നില്ല നമ്മുക്കൊക്കെയും നീറ്റലുകളുണ്ടാവാൻ..!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top