24 April Wednesday

"ശ്രീധന്യമാരെ സമ്മാനിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ, മനുഷ്യനന്മയുടെ, ജനപക്ഷ ബദൽ': ജെയ്ക്ക‌് സി തോമസ‌് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

സിവിൽസർവീസിന്റെ ഇടനാഴികളിൽ അധസ്ഥിതരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ചിരികളുടെ നിറസാന്നിധ്യം ഇല്ലാതായി പോകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം സമഗ്രമായ സംവരണത്തിന്റെ പോരായ്മകളെ കൺതുറിച്ചു നോക്കിയിരുന്നു. ഇന്ന് വയനാടിലൂടെ കേരളം സ്വാഭിമാനം ലോകത്തിനു മുമ്പിൽ ശിരസ്സ് ഉയർത്തുകയാണ്. അതെ രാഹുൽഗാന്ധി രാഷ്ട്രീയ അഭയം തേടിയെത്തിയ അതേ വയനാട്ടിലൂടെ തന്നെ. ജെയ്ക്ക‌് സി തോമസ‌് എഴുതുന്നു

ശ്രീധന്യ ഒരു ചോയിസ് തീർക്കുന്നു നമുക്ക് മുമ്പിൽ.

ഏതാണ് രാജ്യം എന്ന് ചോദിച്ചാൽ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസിലേക്കു നടന്നു കയറിയ ശ്രീധന്യ സുരേഷിൻറെ നാട്ടിൽ നിന്നാണെന്ന് കൂടെ നമുക്കിനി സ്വാഭിമാനം പറയാം.
സിവിൽസർവീസിന്റെ ഇടനാഴികളിൽ അധസ്ഥിതരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ചിരികളുടെ നിറസാന്നിധ്യം ഇല്ലാതായി പോകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം സമഗ്രമായ സംവരണത്തിന്റെ പോരായ്മകളെ കൺതുറിച്ചു നോക്കിയിരുന്നു. ഇന്ന് വയനാടിലൂടെ കേരളം സ്വാഭിമാനം ലോകത്തിനു മുമ്പിൽ ശിരസ്സ് ഉയർത്തുകയാണ്. അതെ രാഹുൽഗാന്ധി രാഷ്ട്രീയ അഭയം തേടിയെത്തിയ അതേ വയനാട്ടിലൂടെ തന്നെ.

തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീധന്യ സുരേഷ് പിന്നീട് അപ്ലൈഡ് സുവോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കുന്നത് കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ നിന്നാണ്.ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മുതൽ കാലിക്കറ്റ് സർവകലാശാല വരെ ശ്രീധന്യയിലൂടെ ധന്യമാക്കപെടുമ്പോൾ തിളങ്ങുന്നത് സ്കൂൾതലം മുതൽ സർവകലാശാല വരെയുള്ള കേരളീയ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വിഘായുസ്സുകളാണ്.

എന്തുകൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളെ ചെറുത്തു തോൽപ്പിച്ച് അധസ്ഥിത സമൂഹത്തിന്റെ അധികാര ശബ്ദത്തിനെ കേരളത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞു എന്നു ചോദിച്ചാൽ നമുക്ക് ലോകവുമായി വയനാട് തരിയോട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികളിൽ വന്നിരിക്കണം മറുപടി തീർക്കുവാൻ.

തെരഞ്ഞെടുപ്പിന്റെ ആംഗലേയ പരിഭാഷ ചോയ്സ് എന്നുള്ളതാണ്. ഏപ്രിൽ 23 കേരളത്തോടും രാജ്യത്തോടും ആവശ്യപ്പെടുന്നത് ഒരു ചോയിസ് ആണ്.
ശ്രീധന്യമാരെ സമ്മാനിക്കുന്ന പൊതുവിദ്യാഭ്യാസത്തെ ഇന്റർനാഷണൽ ആയും ഹൈടെക് ആക്കുകയും ചെയ്യുന്ന രാഷ്ട്രീയ പരിവർത്തനങ്ങളുടെ ചോയ്സ് വേണോ അതോ പതിത പക്ഷത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പരിച്ഛേദമായ സർക്കാർ സ്കൂളുകളെ
അൺ എക്കണോമിക് ആക്കി ഇടിച്ചു നിരത്തിയ ചോയിസ് വേണോ.

അവർ പോസ്റ് ഗ്രാജുവേഷൻ നിർവഹിച്ച കാലിക്കറ്റ് സർവകലാശാല നമുക്ക് മുമ്പിൽ വീണ്ടുമൊരു ചോയിസ് ഉയർത്തുന്നുണ്ട്.

സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളായി തീർക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്ത് ആയി മാത്രം പ്രത്യേക വകുപ്പ് തീർത്ത ചോയിസാണോ അതോ സ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കിയ സർവകലാശാലയെ ഭൂകച്ചവടത്തിനു ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസതെ സ്വാശ്രയത്തിനും സ്വയംഭരണത്തിനും തീറെഴുതിയ ചോയിസാണോ നമുക്ക് വേണ്ടത്.

പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്ന, ലണ്ടനിലെ വിക്കി അബിയിൽ നിന്നും അധ്യാപകരെ ആകർഷിക്കുന്ന കേരളത്തിലെ സർക്കാർ സ്കൂളിലെ ഇടതുപക്ഷ മോഡലിന്റെ ചോയ്സ് വേണോ അതോ പൊതുവിദ്യാഭ്യാസത്തെ വിറ്റുതുലച്ച സ്വാശ്രയ സ്വയംഭരണ കലാലയങ്ങളുടെ നവലിബറൽ മുഖങ്ങളായ കോൺഗ്രസ്- ബിജെപി മോഡലിന്റെ ചോയ്സ് വേണോ.

ആശ്ചര്യം കലർന്ന കൗതുകത്തോടെ ശ്രീധന്യയുടെ വയനാട് കേരളത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നത് 45% കുട്ടികൾ പോഷകാഹാരക്കുറവുമൂലം വളർച്ചാ മുരടിപ്പ് നേരിടുന്ന ആദിവാസി സമൂഹം ഉള്ള ഒരു രാജ്യത്ത് ആ വിഭാഗത്തിൽ നിന്ന് സിവിൽ സർവീസിലേക്കു ഒരു കുട്ടിയെ നയിച്ച പൊതുവിദ്യാഭ്യാസത്തിന്റെ, ബദൽ നയങ്ങളുടെ, ജനക്ഷേമകരമായ ഇടതുപക്ഷം തന്നെയാണ് ഞങ്ങൾക്ക് വേണ്ടത് എന്നാണ്.

ഇത് കേരളമാണ് എന്ന് എഴുതുമ്പോഴും പറയുമ്പോഴും അത് കാല്പനികമായ ഇടതുപക്ഷ വായാടിത്തം ആണെന്ന് വിമർശനം പലകോണുകളിൽ നിന്നും കേൾക്കാറുണ്ട്.
പക്ഷേ ആധികാരികമായ കേരളീയ പെണ്ണത്വത്തിന്റെ കരുത്തിൽ നമുക്ക് ചോയ്‌സുകളെ തീരുമാനിക്കാം.

ദാക്ഷായണി വേലായുധനെ സമ്മാനിച്ച കേരളമാണ്.
പുലയ സമുദായത്തിൽ നിന്ന് ആദ്യമായി ഇന്ത്യയിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി നിയമനിർമ്മാണ കമ്മിറ്റിയിലേക്ക് പോയ പെൺകുട്ടിയായ ദാക്ഷായണി വേലായുധന്റെ കേരളമാണ്.
ഇന്ത്യയിൽ ആദ്യമായി ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ ഇന്ത്യൻ വനിതയായി മാറിയ ജാനകിയമ്മാളിനെ സമ്മാനിച്ച കേരളം ആണിത് ഈഴവ സമുദായത്തിൽ വനിതകൾ പഠിക്കുന്നത് അത്യപൂർവമായിരുന്ന ഒരു കാലയളവിൽ ഇന്ത്യയിൽ ആദ്യമായി നിയമ ബിരുദപഠനം പൂർത്തിയാക്കിയ ഈഴവ സമുദായ അംഗമായ അഡ്വക്കേറ്റ് കെ ആർ ഗൗരിയമ്മയെ സമ്മാനിച്ച കേരളമാണ്.
ആ ഗരിമയാർന്ന കേരളീയ ബദലുകളുടെ പട്ടികയിലേക്ക് ഒരാൾ കൂടെ പ്രവേശിക്കുകയാണ്, ശ്രീധന്യ സുരേഷ്, ഇന്ത്യയിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസിലേക്ക് ഉള്ള ഇന്ത്യൻ പെണ്ണത്വത്തെ സമ്മാനിക്കുകയാണ് കേരളത്തിലെ വയനാട്.

നമുക്ക് തിരഞ്ഞെടുക്കാം ശ്രീധന്യമാരെ സമ്മാനിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ, മനുഷ്യനന്മയുടെ, ജനപക്ഷ ബദലിന്റെ രാഷ്ട്രീയ ശെരികളെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top