28 March Thursday

മാസ്സ് ഹിസ്റ്റീരിയയുടെ കാലം കടന്നുപോകും, ആത്യന്തിക വിജയം ഇടതു സര്‍ക്കാരിനുള്ളതാണ്

ജെയ്‌ക് സി തോമസ്Updated: Friday Apr 28, 2017
വിമോചന സമരത്തിൽ ജനങ്ങൾ അണിനിരക്കുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഇ എം എസ് പറഞ്ഞ മറുപടി ലളിതമായിരുന്നു, 'നുണ പ്രചരിപ്പിക്കുന്നതു കൊണ്ട്'. ഇ എം എസ് മുതൽ വി എസ് വരെ ഇടതുപക്ഷ സർക്കാരുകൾക്ക് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത മാധ്യമ നിർമിതികളാണ് പിണറായി വിജയൻ സർക്കാരിന് രൂപീകൃതമായി 100 നാളുകൾക്കുള്ളിൽ നേരിടേണ്ടി വരുന്നത്.
 
നോം ചോംസ്‌കി മുതൽ ജോസഫ് ഗീബൽസ് വരെയുള്ളവരുടെ ചരിത്രനാമങ്ങൾ കൊണ്ട് അപനിർമ്മിക്കേണ്ട ഘട്ടമാണെങ്കിലും മലയാള മാധ്യമ രംഗം അത്തരമൊരു നിരൂപണ നിലവാരത്തെ അർഹിക്കുന്നേയില്ല എന്നതാണ് വസ്തുത. ജനപ്രിയ സിനിമകളിലൊന്നിൽ 'നീ പറിക്കുന്നതൊക്കെ ആവശ്യമില്ലാത്ത ആണികളായിരിക്കും' എന്ന ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ഡെലിവറി മാത്രമാണ് പിണറായി വിജയൻ സർക്കാരിനോടുള്ള മാധ്യമ സമീപനത്തെ സംബന്ധിച്ച് കുറിച്ചിടാൻ തോന്നുന്നത്. കേരളത്തിന്റെ ഭൂതകാല ചരിത്രം ഇതേവരെ ദർശിച്ചിട്ടില്ലാത്തെ വിധമുള്ള സംഘടിതമായ മാധ്യമ അക്രമണത്തിനാണ് പിണറായി വിജയൻ സർക്കാരിന് നേരിടേണ്ടി വരിക എന്നത് കേവലം നൂറു ദിവസം പിന്നിടുന്ന ഘട്ടത്തിൽ തന്നെ വ്യക്തമായിരുക്കുന്നു.
 
'ഹിറ്റ്‌ലർ രചിച്ച സൈന്ഥാന്തിക പദ്ധതി പിഴവുകളില്ലാതെ പുനരാവിഷ്കരിച്ചതു ലോകത്തിലെ ഏറ്റവും ശക്തമായ സെക്കുലർ ഭരണഘടനയുള്ള ഇന്ത്യയിലെ ഗുജറാത്ത് എന്ന സ്റ്റേറ്റിൽ ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന ആകസ്മികതയെവേണ്ടത് ആയിരുന്നു. എന്നാൽ അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നത് 106 പേജുകൾ നീണ്ട അന്വേഷണ റിപ്പോർട്ടിലൂടെ തെഹൽക്കയിലെ ആശിഷ് ഖേതൻ എന്ന സമർത്ഥനായ പത്രപ്രവർത്തകൻ തെളിയിച്ച വർഷമാണ് 2007 .ആറു മാസത്തിലേറെ നീണ്ടു നിന്ന ആയാസകരമായ അധ്വാനത്തിലൂടെ ആശിഷ് അഭൂതപൂർവമായ വെളിപ്പെടുത്തൽ ലോകത്തിനു മുൻപിൽ വെയ്ക്കുമ്പോൾ നമ്മളിവിടെ പിണറായി വിജയൻ, പിണറായി വിജയൻ എന്ന് മാത്രം പറഞ്ഞു കൊണ്ടയിരിക്കുകയായിരുന്നു. മാധ്യമ കേരളം 2007 എന്ന തലക്കെട്ടിനു കീഴിൽ പിണറായി വിജയനെ ചർച്ച ചെയ്തു മറ്റൊരു കൊല്ലം കൂടി സമാധാനപൂർവം കടന്നുപോയി എന്നെഴുതി അടച്ചു വെയ്ക്കാവുന്ന ഒരു ഡയറിയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകന്റെ കക്ഷത്തിരിക്കുന്നത് എന്ന സ്വയംവിമർശനത്തിനു മാത്രമേ ഇനി സാധുതയുള്ളൂ.' പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ, കമൽറാം സജീവ് എഴുതിയ മാധ്യമ നിരൂപണം 10 വർഷം പിന്നിട്ട് 2017ലും മുഖ്യമന്ത്രി പദവിയിൽ 100 ദിവസ്സം തികയും മുന്നെയും മുമ്പേതൊരു കാലത്തേക്കാളും കൂടുതൽ പ്രസക്തമാണ് എന്ന് നിസ്സംശയം പറയാനാവും വിധം തുടരുകയാണ്.
 
ഏപ്രിൽ 5 മുതൽ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 12 വരെ 'അമ്മയുടെ കണ്ണീർ' ആയിരുന്നു എല്ലാ മാധ്യമ വാർത്തകളുടെയും തലക്കെട്ടെങ്കിൽ ഇപ്പോഴത് മണിയാശാനും മൂന്നാറിനും വഴി മാറിയിരിക്കുന്നു. ഇടതുപക്ഷ ഭരണകാലയളവിൽ ഒരു അമ്മയുടെയും കണ്ണീർ പൊഴിയാണ് പാടില്ലായെന്നു തന്നെയാണ് മതം. പക്ഷെ ജിഷ്ണു പ്രണോയ് മരിച്ചു 90 ദിവസങ്ങൾ വേണ്ടി വന്നു മകൻ നഷ്ട്ടപെട്ട അമ്മയുടെ കണ്ണീർ തിരിച്ചറിഞ്ഞു മുഖ്യധാരാ മാധ്യമങ്ങൾക്കു ഒരേ പ്രാധാന്യത്തോടെ സചിത്ര വർത്തയാക്കാൻ. ഏതൊരമ്മയും ഹൃദയം നുറുങ്ങുന്ന വേദനയോടെ സ്വന്തം മകന്റെ വിയോഗത്തിൽ കരയും, പക്ഷെ അത് 90 ദിവസങ്ങൾക്കു ശേഷം മാത്രമാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കു വാർത്ത തലക്കെട്ടാവുന്നത് എന്നതാണ് അതിശയോക്തി കലർന്ന കൗതുകമാവുന്നത്.
 
അന്നൊരു ശനിയാഴ്ച ദിവസം ജിഷ്ണുവിന്റെ മരണം സംഭവിച്ച വാർത്ത മലയാള മനോരമ ദിനപത്രത്തിന് ഉൾപേജുകളിലൊന്നിൽ അപ്രധാനമായ 'പ്രമുഖ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യാ' മാത്രമായിരുന്നു. എസ്എഫ്ഐ നേതൃത്വം നൽകിയ ഉജ്വലമായ സമരത്തിനു ശേഷം പോലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ച ചെയ്തത് ജിഷ്ണു കോപ്പി അടിച്ചോ എന്നുള്ളതായിരുന്നു. അന്ന് ആ ചർച്ചയിൽ പങ്കെടുത്ത എനിക്ക് സൂര്യനെല്ലിയിലെ പെൺകുട്ടിയോട് രാത്രയിൽ എന്തിനാണ് ബസ് യാത്ര നടത്തിയത് എന്ന് തിരക്കിയവരുടെ, ഡൽഹിയിൽ നിർഭയ ആൺസുഹൃത്തിനോടൊപ്പം പോയത് എന്തിനെന്നു ചോദിച്ചവരുടെ ചികിത്സാർഹമായ മനോനില തന്നെയാണ് ഈ ചോദ്യത്തിനു പിന്നിലും എന്ന് മറുപടി പറയേണ്ടതായി വന്നിരുന്നു. അമ്മയുടെ കണ്ണീരിനോട് നീതി പുലർത്താൻ പോയിട്ട് വേട്ടക്കാരന്റെ ഇംഗിതം കാത്തുപരിപാലിക്കുന്ന നെഹ്‌റു ഗ്രൂപ്പിന്റെ ആസ്ഥാന സംരക്ഷകർ ആയിരുന്ന മാധ്യമ സിംഹങ്ങൾ പലതും പിന്നീട് നിലപാട് മാറ്റിയത് സ്വാശ്രയ കോളേജുകൾ കേന്ദ്രീകരിച്ചു എസ്എഫ്ഐ ഉയർത്തിയ പ്രോജ്ജ്വലമായ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു. മറ്റക്കര ടോംസ് കോളേജിലും ചെമ്പേരി വിമൽ ജ്യോതിയിലും കാഞ്ഞിരപ്പള്ളി അമൽ ജ്യോതിയിലും തുടങ്ങി ലോ അക്കാദമിയിലും വെള്ളാപ്പള്ളി നടേശൻ കോളേജ് വരെയുമുള്ള കേന്ദ്രങ്ങൾ ശ്രദ്ധേയമായ വിദ്യാർത്ഥി സമരങ്ങളാൽ മുഖരിതമായി. എല്ലാ വിഭാഗം മാനേജമെന്റുകളുടെയും മുന്നിലൊരേപോലെയുയർന്ന സമര പതാക എസ്എഫ്ഐയുടേത് മാത്രമായിരുന്നു.

എന്നാൽ ലോ അക്കാദമയിൽ പ്രിൻസിപ്പാളിന്റെ പിതൃസഹോദരന്റെ രാഷ്ട്രീയം സൂക്ഷമമാപിനി ഉപയോഗിച്ച് ചർച്ച നയിച്ച ഒരാളും അമ്മയുടെ കണ്ണീരിനു കാരണക്കാരനായ കേരളത്തിലെ സ്വാശ്രയ ലോബിയുടെ നേതാവ് കൃഷ്ണദാസ് മുൻ കെഎസ്‌യു ജില്ലാ പ്രസിഡന്റും കോൺഗ്രസുകാരനും ആണെന്ന് പറയാൻ മാത്രം നാവു പൊങ്ങിയില്ല. കോളേജിനു അംഗീകാരം ആശീർവദിച്ചു നൽകിയതു സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഗോഡ്ഫാദർ ആയ എ കെ ആന്റണി ആയിരുന്നുവെന്നു ഒരു കോളങ്ങളിലും സ്ക്രോൾ ന്യൂസ് പോലുമായില്ല. ജിഷ്ണുവിനെ മർദിക്കാൻ നേതൃത്വമായതും കൃഷ്ണദാസിനോടൊപ്പം തന്നെ പ്രധാന പ്രതിയായതും കൊട്ടെഷൻ സംഘത്തെ പൈലറ്റാക്കിയ മുൻ കോൺഗ്രസ് മന്ത്രി കെ പി വിശ്വനാഥിന്റെ മകൻ സഞ്ജിത് വിശ്വനാഥൻ ആണെന്നത് ഒരു മലയാള മാധ്യമങ്ങൾക്കും വാർത്താമൂല്യം ഉള്ളയൊന്നായി മാറിയില്ല. മലയാള മാധ്യമ പരിസരങ്ങളിൽ അമ്മയുടെ കണ്ണീരിനു വാർത്താമൂല്യം ഉണ്ടാവുന്നതിനു ഇടതുപക്ഷ ഭരണകാലയളവിലെ പൊലീസൊന്നിച്ചുള്ള ഒരു ചിത്രം ലഭിക്കേണ്ടി വന്നു.
 
പക്ഷെ പിന്നീടുള്ള മാധ്യമ വാർത്തകൾ പിണറായി വിജയൻ വേട്ടയുടെ രൗദ്രത കൊണ്ട് മാത്രം അടയാളപ്പെടുത്തേണ്ടതായിരുന്നു. മുൻപ് ഒരിക്കൽ സമാനമായി രജനി എസ് ആനന്ദ് മരണപ്പെട്ടപ്പോൾ പിണറായി വിജയൻ സർക്കാർ ചെയ്തത് പോലെ ഞങ്ങൾ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം എന്നായിരുന്നില്ല അന്നത്തെ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചത്. പക്ഷെ രജനിയുടെ ചെരുപ്പിന്റെ വില അധികമാണ് എന്ന് കണ്ടുപിടത്തത്തിലൂടെ മരിച്ച വീണ ശരീരത്തിലെ ചെരുപ്പിന്റെ വില വെച്ച് ആ മരണത്തെ അളക്കാൻ മടിയില്ലാത്ത കോൺഗ്രസ് മനസ്സ് പൂർവാധികം കരുത്തോടെ പ്രഖ്യാപിച്ചത് മന്ത്രി ആയിരുന്ന ആര്യാടൻ മുഹമ്മദ് ആയിരുന്നു.
 
കൃഷ്ണദാസും ഉൾപ്പടെയുള്ള പ്രതികളെ കേസ് എടുത്തു അറസ്റ്റ് ചെയ്യാനും മറ്റൊരു കേസിൽ തുറങ്കിലടയ്ക്കാനും പിണറായി വിജയൻ സർക്കാർ ആർജ്ജവത്തോടെ തയ്യാറായപ്പോൾ സർക്കാരിന്റെ സ്വന്തം കോളേജിൽ നിന്ന് കുടിയിറക്കപ്പെട്ട രജനി എസ് ആനന്ദിന്റെ മരണത്തിന്റെ പേരിൽ ഒരാളെ പോലെ അറസ്റ്റ് ചെയ്തതായി കോൺഗ്രസ് സർക്കാർ രേഖപ്പെടുത്തിയിട്ടില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറായി ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ട അഡ്വ. ഉദയഭാനുവിനെ നിയമിക്കുകയും ആരോപിതനായ അന്വേഷണ ഉദ്യോഗസ്ഥൻ ബിജു കെ സ്റ്റീഫനെ തൽസ്ഥാനത്തു നിന്ന് നീക്കി പകരം കിരൺ നാരായണൻ ഐപിഎസിനു അന്വേഷണ ചുമതല കൈമാറുകയും ചെയ്തതും പിണറായി വിജയൻ സർക്കാർ ആയിരുന്നുവെങ്കിൽ രജനി എസ് ആനന്ദിന്റെ മരണസമയത്തു മരിച്ചുവീണ വിദ്യാർത്ഥിനിയുടെ കന്യകാത്വ പരിശോധന നടത്തണം എന്ന അറപ്പുളവാക്കുന്ന പ്രഖ്യാപനമായിരുന്നു കോൺഗ്രസ് സർക്കാർ നടത്തിയത്.
 
രജനിയുടെയും ജിഷ്ണുവിന്റേയും കാലഘട്ടത്തിൽ ഭരണഭേദമില്ലാതെ സമരപതാകയേന്തിയത് എസ്എഫ്ഐ ആയിരുന്നു. എന്നാൽ രജനി എസ് ആനന്ദിന്റെ മരണത്തെ തുടർന്ന് തെരുവുകളിൽ സമരം നയിച്ച വിദ്യാർത്ഥികളെ കോൺഗ്രസ് സർക്കാർ നേരിട്ടത് ബയണറ്റും ഗ്രനേഡുകളും ഷെല്ലുകളും ആയിട്ടായിരുന്നു. അഴീക്കോട് മാഷ് ആ സമര കാലഘട്ടത്തെ സാക്ഷ്യപ്പെടുത്തിയത് അമ്മയ്ക്കു പിറന്ന കുട്ടികളുടെ സമരം എന്നായിരുന്നു. കാരണം തെരുവകളിൽ അടിയേറ്റു വാങ്ങിയ വിദ്യാർത്ഥികൾ തന്നെയായിരുന്നു കേരളത്തിന്റെ കലാലയങ്ങളിൽ നിന്ന് 4 ലക്ഷത്തിലധികം രൂപ പിരിച്ചു രജനി എസ് ആനന്ദിന്റെ കുടുംബത്തിന് ജീവിക്കുവാൻ സ്വന്തമായി ഒരു വീട് പോലും നിർമിച്ചു നൽകിയത്.
 
ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകിയ പിണറായി വിജയൻ സർക്കാരിന്റെ വിദ്യാർഥിപക്ഷ നടപടിയുടെ കരുത്തു അറിയണമെങ്കിൽ രജനി എസ് ആനന്ദിന്റെ കുടംബത്തെ ഒരു നയാപൈസ പോലും സഹായംധനം നൽകാതെ വിഷലിപ്‌തമായ നാവുകൾ കൊണ്ട് അപമാനിച്ച ഫണം വിടർത്തി നില്ക്കുന്ന ഒരു ഭൂതകാല കോൺഗ്രസ് ഭരണത്തെ കൂടി ഓർക്കേണ്ടിയിരിക്കുന്നു.
 
മൂന്നാറും കുരിശു പൊളിക്കലും മണിയാശാനും ഒരേപോലെ വിവാദ വ്യവസായത്തിന്റെ വ്യാജ നിർമിതികളാക്കി ചമയ്ക്കപ്പെടുകയായിരുന്നു. കില്ലിംഗ് ഹോപ്പ് എന്ന സിഐഎ അമേരിക്കൻ അട്ടിമറികളുടെ അപസർപ്പക കഥകൾ അനാവരണം ചെയ്യുന്ന പുസ്തകത്തിൽ ഗ്വാട്ടിമാലയിലെ അർബെൻസ്‌ ഗവണ്മെന്റിനെ അട്ടിമറിക്കുന്ന സിഐഎ തന്ത്രങ്ങൾ വില്യം ബ്ലേക്ക് വെളിപ്പെടുത്തുന്നുണ്ട്. അർബെൻസ് ഭരണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി ലാറ്റിൻ അമേരിക്കൻ പത്രങ്ങളിൽ പെയ്ഡ് ന്യൂസ് മാതൃകയിൽ അച്ചടിച്ച 200 സർക്കാർ വിരുദ്ധ ലേഖനങ്ങൾ,ഒരു ലക്ഷം പോസ്റ്ററുകൾ, 27000 കാർട്ടൂണുകൾ, റേഡിയോ വഴിയുള്ള സർക്കാർ അട്ടിമറിക്കപ്പെടുന്നു എന്നുള്ള വ്യാജ വാർത്ത പ്രേക്ഷേപണം ഇതൊക്കെ വഴി മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചായിരുന്നു അട്ടിമറി സാധ്യമാക്കിയത്. പക്ഷെ അട്ടിമറിക്കപ്പെട്ട അർബെൻസ് സർക്കാർ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയത് പോലും ആയിരുന്നില്ല. എന്നാൽ ഒരു ലക്ഷം കർഷകർക്കും കുടികിടപ്പുകാർക്കും ഭൂമി പതിച്ചു നൽകി, യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് ദേശസാൽക്കരണ ശ്രമങ്ങൾ ധീരോദാത്തം നടത്താൻ ശ്രമിച്ച സർക്കാരായിരുന്നു അർബെൻസിന്റേത്. ഇവിടെയും സർക്കാർ വിരുദ്ധത സൃഷ്ട്ടിക്കാൻ ഉപയോഗിക്കുന്നത് മാധ്യമങ്ങളുടെ സംഘടിതമായ വ്യാജ നിർമിതകളെ തന്നെയാണ്.
 
രജനി എസ് ആനന്ദ് മരണം ഉണ്ടായപ്പോൾ കന്യകാത്വ പരിശോധനയും ചെരുപ്പിന്റെ വിലയും കൊണ്ട് ഉത്തരം തേടിയവർ 'ജിഷ്ണുവിനോടപ്പം' എന്ന് പ്രഖ്യാപിച്ചു സർക്കാരിനെ വിമർശിക്കുമ്പോലെ തന്നെയാണ് കഴിഞ്ഞ 5 വർഷക്കാലവും കയ്യേറ്റങ്ങൾക്കു ചുവപ്പു പരവതാനി വിരിച്ചു കൊടുത്തതിനു ശേഷം തെരെഞ്ഞെടുപ്പിൽ പ്രകടന പത്രികയിലും അധികാരം ലഭിച്ചപ്പോൾ നിയമസഭയിലും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ഭൂരഹിതർക്ക്‌ പട്ടയം വിതരണം ചെയ്യുമെന്നും ധീരമായ പ്രഖ്യാപനം നടത്തിയ പിണറായി വിജയൻ സർക്കാരിന് നേരെ അസംബന്ധ പ്രചരണങ്ങളുടെ കെട്ടഴിച്ചു വിടുന്നത്.
 
ഇല്ലാത്തെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പൊതുബോധം കെട്ടിച്ചമച്ചുണ്ടാക്കി മണിയാശാനു നേരെ കല്ലേറാരംഭിച്ചവരൊക്കെയും ഇന്ന് നിർദ്ദയം തുറന്നുകാട്ടപ്പെടുകയാണ്. മാധ്യമ പ്രവർത്തകർക്ക് നേരെയായിരുന്നു ആ വിമർശനം എന്ന് വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിലെ ശരിതെറ്റുകളെ കുറിച്ച് നമ്മുക്ക് ചർച്ചയാവാം, ചൂണ്ടിക്കാട്ടപ്പെടാം. അതിന്റെ കൂടി വെളിച്ചത്തിലാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി പരസ്യ താക്കീത് നൽകിയതും. പക്ഷെ മുഖ്യധാര മാധ്യമങ്ങളുടെ മഴവിൽ സഖ്യമുയർത്തി വെച്ച 'സ്ത്രീവിരുദ്ധ' ബോധനിർമ്മിതി നിർലജ്ജം അഴിഞ്ഞു വീണിരിക്കുന്നു. വിവസ്ത്രമാക്കപ്പെട്ട വ്യാജനിർമ്മിതി മാത്രമായിരിക്കുന്നു.
 
തെറ്റ് സംഭവിച്ചാൽ അതേറ്റു പറയാനും തിരുത്താനും ഉള്ള ആർജ്ജവം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്കു ഉണ്ടാവുന്ന കാലം ഇനിയും വിദൂര ഭാവിയിലെ സ്വപ്നാന്തരങ്ങളുടെ പരിസരത്തിനും കാതങ്ങൾ അകലെയനാണെന്നത് തെളിയുകയാണ്. എന്നാൽ അസംബന്ധ നിർമ്മിതികളുടെ വിഹാര ഭൂമികയല്ല മലയാള മാധ്യമ ലോകമെന്നു തെളിയിച്ച പ്രത്യാശാനിർഭരമായ ഒറ്റത്തുരുത്തുകളിൽ ഒരു അഭിലാഷ് മോഹനും കമൽ റാം സജീവുമൊക്കെ ആശ്വസിക്കാനുള്ള വക കൂടി നൽകുന്നുണ്ട്.
 
വിമോചന സമര കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തുന്നത് മാസ്സ് ഹിസ്റ്റീരിയയുടെ കാലമെന്നാണ്. അത് സൃഷ്ടിച്ചത് പത്രങ്ങളും. പക്ഷെ അത്തരം സാധ്യതകളുടെ സമ്പൂർണ്ണമായ വിജയം പഴയ പോലെ സാധ്യമല്ല എന്നുതന്നെയാണ് നവമാധ്യമ കാലം തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ വർദ്ധിത വീര്യത്തോടെയുള്ള സംഘടിതമായ മാധ്യമ ആക്രമണത്തിന്റെ മുന ഏറ്റവുമധികം നേരിടേണ്ടി വരുന്ന സർക്കാരും മുഖ്യമന്ത്രിയും മറ്റാരുടേതും ആവില്ല തന്നെ. അജയ്യമായി മുൻപോട്ടു പോകുന്ന പിണറായി വിജയൻ സർക്കാരിന്റെ ചിത്രമായ 100 പിന്നിട്ട ദിവസങ്ങളുടെ നേട്ടങ്ങൾ കരുത്തോടെ പ്രതിപാദിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം പലതും പൂർണമായും ചരിത്രപരം തന്നെയാണ്.
 
കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ വേനലവധി കാലത്തു തന്നെ പാഠപുസ്തക വിതരണവും സൗജന്യ യൂണിഫോം വിതരണവും നടത്തിയത് പിണറായി വിജയൻ സർക്കാരാണ്. 100 ദിവസങ്ങൾക്കു മുൻപ് പാഠപുസ്തകത്തിനു വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളുടെ രക്തപങ്കിലമായ തെരുവുകളത്രയും ഇന്ന് ആർത്തുണരുന്നുണ്ട്.
 
നിയമന നിരോധനം നടപ്പിലാക്കിയ സർക്കാരിനെതിരെ, അഡ്വൈസ് മെമ്മോ ലഭിച്ചവർക്കെങ്കിലും നിയമനം നടത്താനായി ഇരമ്പിയാർത്ത യുവജനമുന്നേറ്റം ചൂട്പിടിപ്പിച്ച വഴികളിലൂടെ അധികാരമേറിയ പിണറായി വിജയൻ സർക്കാർ ഇന്നലെ മാത്രം 5 മെഡിക്കൽ കോളേജുകളിലേക്കു മാത്രമായി സൃഷ്ട്ടിച്ച പുതിയ തസ്തികകളുടെ എണ്ണം 1291 ആണ്.
 
ക്ഷേമ പെൻഷനുകൾ ലഭിക്കാതെ കുഴഞ്ഞു വീണു മരിച്ചവരുടെ വാർത്തകൾ അച്ചടിച്ച വന്ന നാളുകളിൽ നിന്ന് 100 ദിവസങ്ങൾക്കിപ്പുറം മുഴുവൻ പെൻഷനുകളും വീട്ടിൽ കൊണ്ടെത്തിച്ച സർക്കാരിന്റെ പേര് പിണറായി വിജയൻ സർക്കാർ എന്ന് തന്നെയാണ്. ഇന്നലെ മാത്രം വർധിപ്പിച്ച അങ്കണവാഡിയിലെ ഹെൽപ്പറുടെയും, വർകരുടെയും പെൻഷൻ തുക യഥാക്രമം 600ഉം, 1000ഉം ആണ്. അധികാരപ്പിറവിയുടെ 101 ആം നാളിൽ ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളിൽ 13 ഉം ലാഭാരത്തിലാക്കിയ സർക്കാർ പിണറായി വിജയന്റേതു തന്നെയാണ്.
 
പൂട്ടിയ ബാറുകൾ തുറക്കുമെന്നായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തുറന്നു പ്രവർത്തിപ്പിച്ചു പക്ഷെ ബാറുകൾ ആയിരുന്നില്ല മറിച്ചു നഷ്ട്ട കണക്കിൽ നിങ്ങൾ അടച്ചുപൂട്ടിയ മലാപ്പറമ്പും, കോട്ടമുറിയും ഉൾപ്പടെയുള്ള എയ്‌ഡഡ്‌ സ്‌കൂളുകൾ ആയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും 1000 സ്‌കൂളുകളെ ഹൈടെക് ആക്കികൊണ്ടുള്ള പ്രവർത്തനങ്ങൾ പിണറായി വിജയൻ സർക്കാരിലൂടെ മുന്നേറുകയാണ്.
 
സ്വാശ്രയ കോളേജിന് അടിത്തറ പാകിയും, സ്വയം ഭരണ കോളേജുകൾ സാധ്യമാക്കിയും ജിഷ്ണു പ്രണോയ് മുതൽ സുമി സുന്ദരവും, രജനി എസ്. ആനന്ദും വരെയുള്ളവരെ സൃഷ്ട്ടിച്ചത് കോൺഗ്രസ് ആയിരുന്നു. പക്ഷെ ഇനിയൊരു സ്വാശ്രയ കോളേജിലും കേരളത്തിൽ ഉണ്ടാവില്ലെന്ന സമുജ്ജ്വലമായ പ്രഖ്യാപനം നടത്തിയതും പിണറായി വിജയൻ സർക്കാർ ആയിരുന്നു.
 
കുമരകം മെത്രാൻ കായലും, ആറൻമുളയും തീറെഴുതിയ ഭരണത്തിൽ നിന്ന് 100 ദിവസം പിന്നിടുമ്പോൾ അവയെ തിരകെ പിടിച്ചു കാർഷിക കേരളത്തിന്റെ സമൃദ്ധിയേലേക്കുള്ള മാനിഫെസ്റ്റോകളാക്കിയത് പിണറായി വിജയൻ സർക്കാർ തന്നെയാണ്. ഇന്നലെ വെച്ചൂർ റൈസ് മില്ലിൽ വെച്ച് മെത്രാൻ കായൽ നെല്ലിന്റെ 17 ചെക്കുകൾ ഏറ്റുവാങ്ങിയ കുമരകത്തെ കർഷകരുടെ കണ്ണിലെ തിളക്കം 100 ദിവസങ്ങൾ കൊണ്ട് തിരികെ പിടിച്ച രാഷ്ട്രീയനന്മയുടേത് കൂടിയാവുകയാണ്.
 
പഴയ നിയമസഭാ ഹാളിൽ,ചരിത്രം സൃഷ്ട്ടിച്ച പരിവർത്തനങ്ങളെ സാധ്യമാക്കിയ ഇ എം എസ് സർക്കാരിന്റെ അലയടിച്ചുയർന്ന സ്‌മൃതികളിൽ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനു 900 കോടി രൂപയുടെ പദ്ധതി. നിങ്ങൾ കന്യകാത്വ പരിശോധന നടത്തണം എന്ന് പുലമ്പിയ രജനി എസ് ആനന്ദിന്റെ രക്തസാക്ഷിത്വം സാർഥകമാവുന്നതു ഈ പ്രഖ്യാപനത്തിലാണ്. ആത്മഹത്യാ അഭയസ്ഥാനമാക്കാൻ തീരുമാനിച്ച പതിനായിരക്കണക്കിന് വരുന്ന വിദ്യാർത്ഥികൾ ജീവിതം ഇന്ന് പ്രത്യാശാനിർഭരമായ സാന്നിദ്യമായി അനുഭവപ്പെടുന്നത് പിണറായി വിജയൻ സർക്കാരിലൂടെ തന്നെയാണ്. വിദ്യാഭ്യാസ വായ്പയുടെ അടവിൽ മുടക്കം വന്നപ്പോൾ മകളെ നഴ്‌സാക്കിയ ജോസഫ് എന്ന് കോഴിക്കോടുകാരന് കർഷകനെ റിമാൻഡ് ചെയ്ത സർക്കാരിൽ നിന്നും ഈ നന്മയിലേക്കുള്ള ദൂരം വെറും 100 ദിവസം മാത്രമാണ്.
 
എഴുതിയാൽ അവസാനിക്കാതെ മഹത്തായ ആ ദിനങ്ങളുടെ ശോഭ കെടുത്താൻ മാധ്യമ അസംബന്ധങ്ങൾ തികയാതെ വരുമെന്ന് തന്നെയാണ് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിക്കുന്നത്. ഒരു സംശയവും വേണ്ട മാസ്സ് ഹിസ്റ്റീരിയയുടെ കാലം തന്നെയാണ് പക്ഷെ ഈ യുദ്ധത്തിൽ തിരസ്കരിക്കപ്പെട്ടവരുടെ മുന്നണിയിലാവും മാധ്യമങ്ങളുടെ സ്ഥാനം സൂര്യശോഭയോടെ ഗ്രഹണകാലത്തെ തോൽപ്പിക്കുന്ന മുന്നണിയിൽ പിണറായി വിജയൻ സർക്കാരും ഉണ്ടാവും, തീർച്ച.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top